ഒരു മഴക്കാലം
(രചന: Ammu Santhosh)
സാനിയ ഹോസ്പിറ്റലിന് ഒരു ഹോസ്പിറ്റലിന്റെ ആന്തരീക്ഷമല്ല.അതൊരു ആശ്രമം പോലെ ശാന്തവും സ്വച്ഛവും ആയിരുന്നു . മാനസികരോഗമുള്ളവർക്കു വേണ്ടി മാത്രമുള്ള ഒരു ആതുരാലയം .
ഞാൻ മാത്രമായിരുന്നു അവിടെ എം ബി ബി എസ് അല്ലാതെ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദം എടുത്തു കൗൺസിലിങ് പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നത് .മനുഷ്യമനസ്സുകളുട പഠനം പോലെ എനിക്കിഷ്ടമുള്ള മറ്റൊരു വിഷയവുമുണ്ടായിരുന്നില്ല .തികച്ചും പുതുമ തരുന്ന ഒരു ജോലിയായിരുന്നു അത് ,
എന്റെ മുന്നിൽ നിരവധിയാളുകൾ വന്നു പോയി .വിവാഹിതർ ,കമിതാക്കൾ,വിദ്യാർഥികൾ ഒക്കെ ..എന്റെ ജോലിയിൽ ഞാൻ സന്തോഷവതിയും സംതൃപ്തയുമായിരുന്നു .
ആഷിഖിനെയും റസിയയെയുംകാണും വരെ.
അവരുടെ വിവാഹം കഴിഞ്ഞു ഏറെ നാളുകളൊന്നും ആയിരുന്നില്ല .റസിയ ആണ് ഏറെ നേരം സംസാരിച്ചത് പതിവ്പോലെ പരാതികൾ.
“എപ്പോൾ എന്തോ പറഞ്ഞാലും പൊട്ടിത്തെറിക്കും ഡോക്ടറെ …എന്താ പറയേണ്ടതെന്ന് ഒരു നിശ്ചയവുമില്ല .ഒരു ജോലിയിലും ഉറച്ചു നിൽക്കില്ല .ഒന്നിൽ നിന്നും മറ്റൊന്നിലേക്കു പൊയ്ക്കൊണ്ടിരിക്കും ഒന്നും പൂർത്തിയാകില്ല “അങ്ങനെ അങ്ങനെ റസിയ പറഞ്ഞു കൊണ്ടേയിരുന്നു .
“ഞാൻ ഡോക്ടറല്ല കൗൺസിലർ എന്നെന്നും തിരുത്തിയിട്ടും അവർ ആ വിളി മാറ്റിയില്ല
റസിയയെ പുറത്തിരുത്തി ഞാൻ ആഷികിനോട് സംസാരിക്കാൻ തുടങ്ങി
“ആഷികിനെന്താണ് പറയാനുളളത് ?റസിയ നിർബന്ധിച്ചു കൂട്ടികൊണ്ടു വന്നതാണോ?”
“അല്ല ..ഞാൻ ആണ് അവളെ കൂട്ടി വന്നത് ..ഞാൻ നോർമൽ അല്ല ഡോക്ടറെ. എനിക്ക് ചികിത്സ വേണം ” സാധാരണ എന്റെ മുന്നിൽ വന്നവരാരും അങ്ങനെ പറഞ്ഞിട്ടില്ല .ഞാൻ കൗതുകത്തോടെ അയാൾ പറയുന്നത് ശ്രദ്ധിച്ചു
“എന്റെ മനസ്സ് പുകയുന്ന ഒരു അഗ്നിപർവതം കണക്കെയാണ് എപ്പോൾ ആണ് പൊട്ടുക എന്നെനിക് അറിയില്ല .ഞാൻ ഒന്നിലും സന്തോഷവാനല്ല. ചിലപ്പോൾ രാവിലെ എണീൽക്കുമ്പോൾ തന്നെ ദേഷ്യാ.
സർവവും തച്ചുടയ്ക്കാനുള്ള വെമ്പലാണ് പിന്നെ ..”അയാൾ ഒന്ന് നിർത്തി. പിന്നെ തുടർന്നു
“പത്താം ക്ലാസ് തോറ്റപ്പോൾ പഠിപ്പു നിർത്തി അമ്മാവന്റെയൊപ്പം ബോംബേക്കു പോയി ഹോട്ടലിൽ ജോലി നോക്കിയതും പിന്നീട വാപ്പയും ഉമ്മയും മരിച്ചപ്പോൾ..
നാട്ടിൽ വന്നു കുറച്ചു ഭൂമി ഒക്കെ വിറ്റ് സ്വന്തം ആയി കച്ചവടം തുടങ്ങി നഷ്ടത്തിൽ കലാശിച്ചതും പിന്നീട അമ്മാവന്റെ മകളെ തന്നെ കല്യാണം കഴിച്ചു അയാളുടെ കടകൾ നോക്കി നടത്തുന്ന ജോലി ചെയ്യുന്നതും ഒക്കെ അയാൾ പറഞ്ഞു
അന്നത്തെ സിറ്റിംഗ് അവസാനിച്ചപ്പോൾ എന്തോ ഇതെന്നെ കൊണ്ട് സാധിക്കില്ല എന്ന ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായി എനിക്ക്. ഒരു വല്ലായ്മ.
ഒരു മാസം കഴിഞ്ഞു, പിന്നീട് റസിയ തനിച്ചാണ് വന്നത്
“ഞങ്ങൾ പിരിയുകയാണ് ഡോക്ടറെ “ഞാൻ ഞെട്ടിപ്പോയി
“എന്തിന്?അയാൾക്ക് മാനസിക തകരാർ ഒന്നുമില്ല. കൗൺസിലിങ് കൊണ്ട് പരിഹരിക്കാവുന്ന ചെറിയ മാനസിക വൈകല്യമേ ഉള്ളു “
റസിയ നിറകണ്ണുകളോടെ തലയാട്ടി
“ഡോക്ടർക്കറിയാത്ത ചില കാര്യങ്ങൾ ഉണ്ട്… കല്യാണം കഴിഞ്ഞിട്ട് ഇത് വരെ ഞാൻ ഒരു ഭാര്യ ആയിട്ടില്ല ഡോക്ടർ ….അയാൾ ഒരു ഇമ്പൊട്ടന്റ് ആണ് ..ഒരു പുരുഷൻ അല്ല ഡോക്ടറെ അയാൾ “
ഞാൻ പതറി പോയി..
“ഇനി ഞാൻ വരില്ല ഡോക്ടർ “റസിയ എഴുനേറ്റു..
“റസിയ, ഇയാൾ ആഷികിനെ സ്നേഹിക്കുന്നില്ല ?” ഞാൻ അറിയാതെ ചോദിച്ചു പോയി
“സ്നേഹം” ഡോക്ടർ വിവാഹം കഴിച്ചതാണോ ?”
ഞാൻ അല്ല എന്ന് തലയാട്ടി ..
“പിന്നെ പറഞ്ഞിട്ട് കാര്യമില്ല ഡോക്ടർ “
അവൾ വാതിൽ കടന്നു പോയി. റസിയ എന്താണ് അങ്ങനെ പറഞ്ഞത് എന്നെനിക്കു മനസിലായില്ല. ഞാൻ ആയിരുന്നെങ്കിൽ അങ്ങനെ ആവില്ല എന്നു മാത്രേ എനിക്ക് അറിയുമായിരുന്നുള്ളു.
ഒരു പാട് സംസാരിച്ചിട്ടും ആഷിക് ഇതൊന്നും എന്നോട് പറഞ്ഞിരുന്നില്ല അല്ലെങ്കിൽ ഏതു പുരുഷനാണ് ഇതൊക്കെ പറയുക…
വീണ്ടുമൊരു മഴപ്പകലിലാണ് ആഷിക് വന്നത്. മുഴുവൻ നനഞ്ഞു പോയ അയാൾക്ക് ഞാൻ ഒരു ടവൽ കൊടുത്തു അൽപനേരം മൗനമായിരുന്നിട്ടു അയാൾ പതിവ് പോൽ പറഞ്ഞു തുടങ്ങി.
“ചെറുപ്പത്തിൽ വീട്ടിലിരിക്കാൻ എനിക്ക് ഇഷ്ടം അല്ല .എന്റേത് ഒരു കൂട്ടുകുടുംബം ആയിരുന്നു. മാമന്മാർ,ചിറ്റപ്പന്മാർ അങ്ങനെ.. ചിലരെന്നെ.. ആഷിക് പാതിയിൽ നിർത്തി കലങ്ങി മറിഞ്ഞ കണ്ണുകൾ തുടച്ചു തൊണ്ട ശരിയാക്കി തുടർന്നു
“പേടിപ്പിക്കുന്ന ബാല്യമായിരുന്നു ഡോക്ടറേ എന്റെ ..രാത്രിയാകുമ്പോൾ നീണ്ടു വരുന്ന കൈകൾ .ഞാൻ അനുഭവിച്ച ഭയം, അറപ്പ് ഭക്ഷണം കഴിക്കാൻ എനിക്ക് പറ്റില്ലായിരുന്നു .ഞാൻ എങ്ങനെയാ പഠിക്കുക?പത്താംക്ലാസ് തോറ്റപ്പോൾ രക്ഷപ്പെട്ടോടിയതാ അമ്മാവന്റെ അടുത്തേക്ക് .
അവിട റസിയയും ചേച്ചിമാരും ഒക്കെയുണ്ടായിരുന്നു. അന്നേ അവൾക്കെന്നെ ഇഷ്ടമല്ല ,ലൂസെർ എന്ന വിളിക്കുക .ഒരു തരത്തിൽ ശരിയാ .ലൂസെർ തന്നെയാ എല്ലാം ഞാൻ നഷ്ടപ്പെട്ടവൻ”അയാളുടെ ഒച്ച ഇടറി
ആഷിക്കിന്റെ മുന്നിലിരിക്കുമ്പോൾ അപ്പോൾ എന്റെ ശരീരം തണുത്തു മരവിച്ചു.
“ഞാൻ അനുഭവിച്ചതൊക്കെ അനുഭവിച്ചാൽ ഭ്രാന്ത് വരില്ലേ ഡോക്ടറെ?”
എന്താണയാളോട് പറയുക എന്ന് ഞാൻ ആലോചിച്ചു .ചില പ്രശനങ്ങൾക്കു എങ്ങനെയാണ് പരിഹാരം കണ്ടെത്തുക ?
“ഇനി ചിലപ്പോൾ ഞാൻ വരില്ല ഡോക്ടർ .ഞാൻ ഒരു ദീർഘദൂരയാത്ര പോകുകയാണ്” “
“അതിനൊക്കെ ഒരു പാട് പണം വേണ്ടേ ?’ഞാൻ ചോദിച്ചു പോയി
“ടൗണിൽ പണി പൂർത്തിയാക്കാതെ ഇട്ടിരിക്കുന്ന ഒരു വീടും കുറച്ചു സ്ഥലവുമുണ്ട് ..നല്ല വില കിട്ടും ഡോക്ടർക്കു വേണോ ?’ആഷിക്കിന്റെ മുഖത്തു കുസൃതി.
“എന്റെ കൈയിൽ എവിടുന്നാ കാശ് ?”ഞാൻ ചിരിച്ചു ആഷിക് എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. പിന്നെ മുറി വിട്ടു പോയി..
ആഷിക് പറഞ്ഞത് പോലെ ചെയ്തു ആ വീടും സ്ഥലവും എന്റെ പേരിൽ പ്രമാണം ചെയ്തു എന്റെ മുന്നിൽ കൊണ്ട് വെച്ചു..
“ആർ യു മാഡ്?” ഞാൻ ആദ്യമായി പൊട്ടിത്തെറിച്ചു..
“കറെക്ട ഡോക്ടർക്കിപ്പോളാണ് എന്റെ അസുഖം മനസിലായത് ” അവൻ പൊട്ടിച്ചിരിച്ചു ഞാൻ പെട്ടെന്ന് നിശബ്ദയായി
“ഡോക്ടറിപ്പോ കാശ് ഒന്നും തരണ്ട.. എങ്ങാനും ഞാൻ വന്നില്ലെങ്കിൽ അത് അർഹത ഇല്ലാത്ത ആർക്കും കിട്ടണ്ട അതാ… ഡോക്ടറെ എനിക്ക് വലിയഇഷ്ടാ.. ” ഞാൻ അമ്പരപ്പോടെ നോക്കിയിരിക്കവേ ആഷിക് മുറി വിട്ടു പോയി .
അയാൾ ശേഷിപ്പിച്ചത് വലിയ ഒരു അസ്വസ്ഥതയായിരുന്നു ആ ശബ്ദം , നിറകണ്ണുകൾ, നേർത്ത ചിരി ഒക്കെ എന്റെയുള്ളിൽ മങ്ങാതെ കിടന്നു
ഞാൻ ആഷിക്കിന്റെ പാതിയിൽ നിർത്തിയ വീട് പൂർത്തിയാക്കി ,മുറ്റത്തു ധാരാളം ചെടികൾ നട്ടു,ചില ദിവസങ്ങളിൽ ഞാൻ അവിട പോയിരിക്കും നിരാലംബനും നിസ്സഹായനും ആയ ഒരു കുട്ടി വിതുമ്പി കരയുന്നതു അപ്പോൾ എനിക്ക് കേൾക്കാനാവും .
ഞാൻ അറിയാതെ ഞാൻ അവനെ കാത്തിരിക്കുകയായിരുന്നു .ഒരിക്കലും വരുമെന്ന് ഉറപ്പില്ലാത്ത ഒരാളെ. അതെ ഞാൻ ആഷികിനെ പ്രണയിച്ചു തുടങ്ങിയിരുന്നു.
തീരെ പ്രതീക്ഷിക്കാതെ രണ്ടു വർഷത്തിന് ശേഷം അവൻ എത്തുമ്പോളും മഴ പെയ്യുന്നുണ്ടായിരുന്നു .
“ഡോക്ടർക്കു വട്ടാണ് “പണി പൂർത്തിയാക്കിയ വീട് നോക്കി ആഷിക് എന്നോട് പറഞ്ഞു.
മഴ കണ്ട് ഉമ്മറത്തു ഇരുന്നു ഒരു കടുംകാപ്പി കുടിക്കുന്നതിനിടയിൽ ആഷിക് എന്നെ വീണ്ടും നോക്കി
“ഡോക്ടറെന്തിനാ എന്നെ കാത്തിരുന്നത് ?’
“ഞാൻ കാത്തിരുന്നില്ലല്ലോ “ഞാൻ മെല്ലെ പറഞ്ഞു
“ഡോക്ടറെന്താ കല്യാണം കഴിക്കാഞ്ഞത് ?”
ഞാൻ ചിരിച്ചു…
“എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ?”
ഇടറിയ ശബ്ദത്തോടെ പെട്ടന്ന് ആഷിക് അത് ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞത് അവൻ കാണാതിരിക്കാൻ ഞാൻ മുറിക്കുള്ളിലേക്ക് പോയി
ആഷിക് എന്റെ മുന്നിൽ വന്നു നിന്ന് എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് അമർത്തി പിടിച്ചു .കണ്ണീർ തൂവുന്ന കണ്ണുകളിൽ അമർത്തി ചുംബിച്ചു
“എനിക്ക് യോഗ്യത ഇല്ല ഈ നിധിയിങ്ങനെ നെഞ്ചോട് ചേർക്കാൻ…. “അയാൾ ഇടറി പറഞ്ഞു. “പക്ഷെ കാണാതിരുന്ന ഓരോ ദിനവും ഉള്ളിൽ ഈ മുഖം മാത്രമായിരുന്നു ..എന്നെ കാത്തിരിക്കുന്നുണ്ട് എന്നെനിക്കു തോന്നി …ഇനി കണ്ടില്ലെങ്കിൽ മരിച്ചു പോകുമെന്നും “
ആഷികിന്റ കൈകൾ എന്റെ ഉടലിൽ മുറുകുന്നത് ഞാൻ അറിഞ്ഞു .തീക്കനൽ പോലെ പൊള്ളുന്ന മുഖം എന്റെ മുഖത്തോടു ചേർന്ന് അമർന്നു
റസിയ പറഞ്ഞതൊക്കെ സത്യമായിരുന്നില്ല എന്ന് ,അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്ത ഒരു സ്ത്രീത്വത്തിന്റെ മുന്നിൽ നല്ല ഒരു പുരുഷൻ പുരുഷനാകുകയില്ലന്നു ഞാൻ അറിഞ്ഞ നിമിഷം കൂടിയായിരുന്നു അത് . പ്രണയത്തിൽ പൂത്തുലയുന്ന പെണ്ണെന്ന പൂമരത്തിലേക്കു പുതുമഴ പോലെ അവൻ പെയ്യുമെന്നും ആ പകലിൽ ഞാൻ അറിഞ്ഞു .
ആഷികിനെ ഞാൻ എത്ര സ്നേഹിക്കുന്നുവോ അതിന്റെ ആയിരം മടങ്ങു അവൻ എനിക്ക് തിരികെ തന്നു പിന്നീട ഒരിക്കലും അവൻ ഒരിടത്തും തോറ്റില്ല .അവൻ തൊട്ടതെല്ലാം പൊന്നാവുകയായിരുന്നു , ഏറ്റെടുത്ത ബിസിനസുകളെല്ലാം വിജയമായി
“നമുക്കൊരു കൗൺസിലിംഗ് സെന്റർ തുടങ്ങാം ” ആഷിക് എന്നെ ചേർത്ത് പിടിച്ചു
“ബിസിനസ് കണ്ണ് അതിൽ വേണ്ടാട്ടോ “ഞാൻ മറുപടി പറഞ്ഞു
“ഇതെനിക്ക് ബിസിനസ് അല്ല ഡോക്ടറെ ..എന്റെ ഡോക്ടറിന് ഞാൻ തരുന്ന ഒരു സമ്മാനമാ അത് ….”
“ഷാജഹാൻ മുംതാസിന് കൊടുത്ത പോലെയോ ?”
ഞാൻ ചിരിച്ചു
“ഷാജഹാന് മുംതാസ് മാത്രമായിരുന്നില്ലല്ലോ… ആഷിഖിന് ഉടലിലും ഉയിരിലും ഈ ഒറ്റ പെണ്ണെ ഉള്ളു ,ഉണ്ടാവുള്ളു …”
ഞാൻ ആ കണ്ണുകളിലേക്കു നോക്കി
പ്രണയത്തിന്റെ കടൽ അലയടിക്കുന്ന നീലക്കണ്ണുകളിലേക്ക്. അതെ അവിടെ ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ …ഞാൻ മാത്രം …