ഒരു ഈഗോ അതായിരിക്കും ഒരു പക്ഷെ ഞങ്ങൾ പിരിഞ്ഞത്, അവളുടെ മാതാപിതാക്കൾ..

അടരുവാൻ വയ്യ
(രചന: Ammu Santhosh)

പിരിയാൻ തീരുമാനിച്ചു രണ്ടിടങ്ങളിലായി പാർക്കുമ്പോൾ ഞങ്ങളുടെ ഉള്ളിൽ കഴിഞ്ഞ പ്രണയകാലത്തിന്റ ഓർമ്മകൾ ഒന്നുമുണ്ടായിരുന്നില്ല. കാരണം അത്ര മേൽ വെറുത്തു പോയിരുന്നു പരസ്പരം.

കലഹിച്ചു കലഹിച്ചു മടുത്ത് അകന്ന് പോയിരുന്നു. ആ ഒരവസ്ഥയിലൂടെ കടന്നു പോയവർക്കറിയാം ഏറ്റവും അധികം സ്നേഹിച്ചവരെയാണ് ഏറ്റവും അധികം വെറുക്കാനും നമുക്ക് കഴിയുന്നത്.

നമ്മുടെ ഉള്ളിൽ നമ്മൾ സ്നേഹിച്ചതിന്റെ,  പൊരുത്തപ്പെട്ടതിന്റ ക്ഷമിച്ചതിന്റ ഓർമ്മകൾ തികട്ടി വന്നു കൊണ്ടിരിക്കും. വിട്ടുവീഴ്ചകളുടെ നീണ്ട ലിസ്റ്റ് കാട്ടി നമ്മൾ തർക്കിച്ചു കൊണ്ടേയിരിക്കും.

വൈഗ എന്റെ മെഡിക്കൽ  കോളേജ് കാലത്തെ സുഹൃത്തായിരുന്നു.പിന്നെ കത്തുന്ന പ്രണയത്തിന്റെ നാലഞ്ച് വർഷങ്ങൾ. ആർക്കും എതിർപ്പൊന്നും ഇല്ലാത്തതു കൊണ്ട് പിജി ചെയ്യുമ്പോൾ തന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു.

പൊരുത്തക്കേടുകൾ അതിന് ശേഷം ആണ് തുടങ്ങിയത്.ഏതിൽ നിന്നാണ് തുടക്കം എന്നോർമയില്ല. പക്ഷെ എന്നും വഴക്കാണ്. കുറച്ചു സമയമേ പഠനകാലത്തു  കിട്ടുകയുള്ളു പക്ഷെ..

അവൾക്ക് എന്നേക്കാൾ മുന്നേ ജോലി കിട്ടിയതാണോ, അതോ എന്നേക്കാൾ മാർക്ക്‌ ഉണ്ടായതാണോ അതോ എല്ലാവരും എപ്പോഴും പ്രശംസിക്കുന്ന അവളുടെ മിടുക്ക് ആണോ എന്നിൽ അസ്വസ്ഥത ഉണ്ടാക്കിയത് എന്നോര്മയില്ല അവളെ കുറ്റപ്പെടുത്തുമ്പോൾ,

കരയിക്കുമ്പോൾ ഞാൻ വല്ലാത്ത ഒരു ആനന്ദം അനുഭവിച്ചു പിന്നെ പിന്നെ അവൾ കരയില്ല. ഞാൻ കൊടുക്കുന്ന അതേ നാണയത്തിൽ തിരിച്ചടിക്കും.

ഒരിക്കൽ ഞാൻ അവളെ അടിച്ചു. അവളെന്നെ ആ നിമിഷം തന്നെ തിരിച്ചടിക്കുകയും ചെയ്തു അതിന്റ പിറ്റേന്ന് ഞാൻ വീട് വിട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അവൾ തനിച്ചായി.

പിന്നെ എപ്പോഴോ അവളും കൂട്ടുകാർക്കൊപ്പം ഫ്ലാറ്റിലേക്ക് മാറി.നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു.  പിന്നീട് ഞാൻ മറ്റൊരു നാട്ടിലേക്ക് മറ്റൊരു ഹോസ്പിറ്റിൽ ജോലി ചെയ്യാനായി പോയി

ഇന്ന് അവൾ ഒരു അപകടത്തിൽ പെട്ട് എന്റെ ഹോസ്പിറ്റലിൽ തന്നെ അഡ്മിറ്റ് ആയി കണ്ടപ്പോൾ എന്തായിരുന്നു എന്റെ മനസ്സിൽ എന്ന് എനിക്ക് അറിയില്ല.

ഞാൻ ഒരു ഡോക്ടർ ആണ്. സർജൻ ആണ്. എന്റെ മുന്നിൽ അവളുടെ തകർന്ന ഉടൽ, ചോരയൊഴുകുന്ന മുഖം.

എന്റെ ഹോസ്പിറ്റലിൽ അവളെന്റെ ഭാര്യ ആയിരുന്നു എന്ന്  ആർക്കും അറിയില്ല. അത് കൊണ്ട് തന്നെ ആരോടും ഉത്തരം പറയേണ്ടി വന്നില്ല. അവളുടെ മുറിവുകൾ വൃത്തിയാക്കുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

ചാരം മൂടി കിടന്ന കനൽ ആരോ ഊതിക്കത്തിച്ചത് പോലെ ആയിരുന്നു പിന്നീടങ്ങോട്ട് എന്റെ അവസ്ഥ. ഒരു സ്വസ്ഥത ഇല്ല.

അവൾക്ക് ശേഷം ഒരാളും എന്റെ ഉള്ളിലേക്ക് വന്നിരുന്നില്ല. ഒരു തമാശ പോലും ഞാൻ ഒരു പെണ്ണിനോട് കാണിച്ചിരുന്നുമില്ല. ഒരു ഈഗോ അതായിരിക്കും ഒരു പക്ഷെ ഞങ്ങൾ പിരിഞ്ഞത്.

അവളുടെ മാതാപിതാക്കൾ എന്നോട് പരിഭവം കാണിച്ചില്ല. സാധാരണ പോലെ സംസാരിച്ചു. ദിവസവും അവളെ കാണുമ്പോൾ ആ വേദന കാണുമ്പോൾ എനിക്ക് എന്നെ തന്നെ വേദനിപ്പിക്കാൻ തോന്നുമായിരുന്നു.

അവളെന്നെ ഇമ വെട്ടാതെ നോക്കി കിടക്കും ഞാൻ തൊടുമ്പോൾ, പരിശോധിക്കുമ്പോൾ ഒക്കെ ആ കണ്ണ് നിറഞ്ഞൊഴുകും.

വേർപാട് അത്ര മേൽ വേദന തരുന്നതാണ്. കത്തുന്ന ചൂളയിലൂടെ നടക്കുന്നവന്റെ അവസ്ഥ ആണത്.

അകം നീറി പിടഞ്ഞു കൊണ്ട് ഓരോ ദിവസവും കടന്ന് പോയി. ഡിസ്ചാർജ് ആകുന്നതിന്റ തലേ ദിവസമവളുടെ അച്ഛൻ എന്നെ കാണാൻ വന്നു.

“നിങ്ങളു രണ്ടു പേരും വിദ്യാഭ്യാസമുള്ളവരാണ്, അറിവുള്ളവരാണ്. നിങ്ങൾ നിങ്ങളുടെ അഭിപ്രായം അനുസരിച്ചു ജീവിക്കുന്നു പക്ഷെ മോനെ ഞങ്ങൾ അച്ഛനമ്മമാർക്കും ഒരു മനസ്സില്ലെ? അവൾക്ക് നല്ല ഒരു ആലോചന വന്നിട്ടുണ്ട്. യുഎസിൽ ആണ് ഡോക്ടർ തന്നെ.

കല്യാണം കഴിഞ്ഞ് കൊണ്ട് പോകുകയും ചെയ്യും. പക്ഷെ അവൾ സമ്മതിക്കുന്നില്ല. ഒരു കാലത്ത് നല്ല കൂട്ടുകാർ ആയിരുന്നതല്ലേ നിങ്ങൾ? ഒന്ന് പറഞ്ഞു മനസിലാക്കാമോ? “

ഞാൻ തലയാട്ടി . ഒരക്ഷരം മിണ്ടാൻ എനിക്ക് സാധിച്ചില്ല. അവൾ വേറെ ഒരാളുടെ ആകുന്നത് ഞാൻ ആലോചിച്ചു നോക്കി. ഞാൻ സ്നേഹിച്ച പെണ്ണ്… എന്റെ ഹൃദയം പൊട്ടിപ്പോകുന്ന പോലെ.

എന്നിട്ടും ഞാൻ അവളോട്‌ സംസാരിക്കാൻ തീരുമാനിച്ചു

അവളെല്ലാം കേട്ടു…

“ഞാൻആക്‌സിഡന്റ് ഉണ്ടായ ദിവസം  ഈ ടൗണിൽ വന്നത് എന്തിനായിരുന്നു എന്നറിയുമോ? “

ഞാൻ അറിയില്ല എന്ന് തലയാട്ടി

“നിങ്ങളെ കാണാൻ.. ഈ വിവരം പറയാൻ. ഞാൻ എന്ത് ചെയ്യണം എന്ന് ചോദിക്കാൻ.. അങ്ങനെ എനിക്കിപ്പോ ഈ ഭൂമിയിൽ ഏറ്റവും ഞാൻ ഇഷ്ടപ്പെടുന്ന ആളോട് വേണ്ടേ അത് ഞാൻ ചോദിക്കാൻ? “

എന്റെ ഉടൽ വിറച്ചു കൊണ്ടിരുന്നു. എന്റെ കണ്ണ് നിറഞ്ഞൊഴുകി. ഞാൻ ആ കാലിൽ തൊട്ടു.
അല്ല ആ കാലിൽ ഞാൻ മുഖം അമർത്തി..

എന്റെ കണ്ണുനീർ അവളുടെ കാലിൽ കൂടി ഒഴുകി കൊണ്ടിരുന്നു. അത്രയേറെ കരയിച്ചിട്ടും തള്ളിക്കളഞ്ഞിട്ടും അവളെന്നെ സ്നേഹിച്ചു. എന്നെ മാത്രം സ്നേഹിച്ചു. അവൾക്ക് മുന്നിൽ ഞാൻ എന്താണ് എന്ന് ചിന്തിച്ചു.

“എന്നെ വേണോ വൈഗ? “ഞാൻ കണ്ണീരോടെ അവളോട്‌ ചോദിച്ചു

“വേറെയാരെയും എനിക്കറിയില്ല. വേറെയാരെയും എനിക്കറിയണ്ട.. ഈ ജന്മത്തിൽ.. എനിക്ക് നിങ്ങളെ മാത്രം മതി “

അവൾ വിതുമ്പലോടെ പറഞ്ഞു.

വിരഹം ഞാൻ നേരെത്തെ പറഞ്ഞില്ലേ വേദനയുടെ തീ ആണത്.. ഉടൽ കത്തി പ്രാണൻ പോകുന്നവന്റെ വേദന അറിയണമെങ്കിൽ ഒരു തവണ ആ അവസ്ഥ ഉണ്ടായാൽ മതി. ഇനി എനിക്ക് വയ്യാരുന്നു അത് സഹിക്കാൻ..

വൈഗ എന്റെയാണ്.. ഞാൻ അവളുടെയും… അവളുടെ മാത്രം…

Leave a Reply

Your email address will not be published. Required fields are marked *