അരികിൽ കിടന്നിരുന്ന വിഷ്ണു ഞെട്ടി ഉണർന്ന് അവളെ മുറുകെ പിടിച്ചപ്പോഴാണ് അത് സ്വപ്നമായിരുന്നു എന്ന് അവൾക്ക്..

(രചന: അംബിക ശിവശങ്കരൻ)

“ലച്ചു…. രണ്ടുദിവസത്തേക്ക് ഞാൻ ഒന്ന് ലീവ് എടുക്കുവാ…. ഓഫീസിലെ പ്രഷർ ഒക്കെ ഒന്ന് മാറ്റിവെച്ച് രണ്ട് ദിവസം ഒന്ന് റിലാക്സ് ചെയ്യണം. കുറെ നാളായില്ലേ നീ ഒരു ട്രിപ്പ് പോകണമെന്ന് ആഗ്രഹം പറയുന്നു.

വേണ്ടതൊക്കെ പാക്ക് ചെയ്തു വച്ചോ നാളെ രാവിലെ തന്നെ പുറപ്പെടാം. ബൈക്കിൽ തന്നെ ആയിക്കോട്ടെ യാത്ര. അതാണല്ലോ നിനക്കിഷ്ടവും.

ഓഫീസിൽനിന്ന് വന്ന പാടെ വിഷ്ണു പറഞ്ഞത് കേട്ട് അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എത്ര നാളായി കൊതിച്ചിരിക്കുന്നതാണ് ഒരു ട്രിപ്പ് പോകാൻ.

വിഷ്ണുവിന്റെ ജോലിത്തിരക്കുകൾ മൂലം എല്ലാം വേണ്ടെന്നു വച്ചതാണ്. പക്ഷേ ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയി അവൾക്ക് സന്തോഷം അടക്കാനായില്ല.

“ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയി വിഷ്ണു…നമ്മൾ എവിടേക്കാ പോകുന്നത്? എന്തൊക്കെയാ പാക്ക് ചെയ്യേണ്ടത? എനിക്കാണെങ്കിൽ സന്തോഷം കൊണ്ട് ഒന്നും ഓർമ്മ വരുന്നതുമില്ല.”

“ആഹ് അതൊക്കെ അവിടെ നിൽക്കട്ടെ…എന്നും ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ചായ കിട്ടാറുണ്ടായിരുന്നു. ഭവതിക്ക് വിരോധമില്ലെങ്കിൽ ഒരു ചായ തന്നിരുന്നെങ്കിൽ ഉപകാരമായേനെ..”

“അയ്യോ സോറി..സോറി..”

ചമ്മൽ പുറത്ത് കാണിക്കാതെ അവൾ ചായ എടുക്കാൻ പോയി.അത് കണ്ടവന് ചിരി വന്നു.

“എങ്ങോട്ടാ വിഷ്ണു നമ്മൾ പോകുന്നത് അത് പറഞ്ഞില്ലല്ലോ?”

നല്ല ചൂട് പറക്കുന്ന ചായ അവന് നേരെ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.

” രണ്ടുദിവസത്തെ ട്രിപ്പ് അല്ലേ..? വയനാട്ടിലേക്ക് പോകാനാ പ്ലാൻ ചെയ്തിരിക്കുന്നത്. നിനക്ക് അവിടെയൊക്കെ കാണണമെന്ന് ഇടയ്ക്കിടയ്ക്ക് പറയാറില്ലേ?

” മതി.. മതി.. വയനാട് ഒന്ന് പോകാൻ കുറച്ചു നാളായി കൊതിക്കുന്നു. നാളെ എപ്പോഴാ വിഷ്ണു നമ്മൾ പോകുന്നത്? അല്ല അവിടെ എങ്ങനെയാ സ്റ്റേയൊക്കെ? ”

അവളുടെ സംശയങ്ങളുടെ ലിസ്റ്റ് വീണ്ടും നീണ്ടു.

നാളെ വെളുപ്പിന് ഒരു അഞ്ചു മണിയോടെ നമുക്ക് പുറപ്പെടാം.അന്നേരം ആകുമ്പോൾ ഈ ട്രാഫിക് ഒക്കെ കുറവായിരിക്കും. പിന്നെ അത്ര കോസ്റ്റ്ലി അല്ലാത്ത ഒരു റിസോർട്ടിൽ ഒരു റൂം എന്റെ ഫ്രണ്ട് റെഡിയാക്കിയിട്ടുണ്ട്. വയനാട് എത്തിയിട്ട് അവനെ കോൺടാക്ട് ചെയ്താൽ മതി. ”

” ആ.. സൂപ്പർ. അപ്പോൾ ഡിന്നർ കഴിച്ചിട്ട് നമുക്ക് പാക്ക് ചെയ്യാലേ വിഷ്ണു? ”

അതിന് സമ്മതം മൂളികൊണ്ട് അവനും തലയാട്ടി.

സാധാരണ കഴിക്കുന്നതിലും വളരെ കുറച്ച് സമയമെടുത്താണ് അവൾ കഴിച്ചു തീർത്തത്. പാത്രമെല്ലാം കഴുകി വച്ച് വേഗം തന്നെ മുറിയിലേക്ക് വന്നു.

” വിഷ്ണുവിന്റെ എത്ര ഷർട്ട് എടുത്തു വയ്ക്കണം? ”

ബാഗ് ബാക്ക് ചെയ്യുന്നതിനിടെ അവൾ സംശയം ചോദിച്ചു.

” എന്റെ ലച്ചു നീ ഇത് എന്ത് ഭാവിച്ചാണ്?? രണ്ടുദിവസത്തെ ട്രിപ്പേ ഉള്ളൂ.. ഉള്ളതു മുഴുവനും കുത്തി കേറ്റി നിറച്ചിട്ട് ബൈക്കിലാണ് പോകുന്നതെന്ന് ഓർമ്മവേണം.എന്റെ ഈ രണ്ട് ഷർട്ടും ഒരു ജീൻസും മാത്രം എടുത്തു വെച്ചാൽ മതി പിന്നെ ഒരു ടീഷർട്ടും ഒരു ഷോർട്സും. ”

” ആ.. ആ.. വിഷ്ണുവിന് അതൊക്കെ പറയാം. ആറ്റുനോറ്റ് കിട്ടിയ ഒരു ട്രിപ്പാ…ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. എത്ര ഫോട്ടോസ് എടുക്കേണ്ടതാ..എല്ലാത്തിലും ഒരേ ഡ്രസ്സ് തന്നെ ഇട്ടോണ്ട് നിൽക്കാൻ പറ്റുമോ?

അവൾ ഗോഷ്ടി കാട്ടി.

” ഓഹോ
.. അപ്പോൾ ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണോ താൻ ഇത്ര ദൂരം യാത്ര പോകുന്നത്? ”

അവനവളെ കളിയാക്കി.

“ഒന്ന് പോ വിഷ്ണു. പിന്നെ ഇത്ര നല്ല സ്ഥലത്ത് പോയിട്ട് നല്ല നാല് ഫോട്ടോസ് എടുക്കാതെ തിരിച്ചു പോരാൻ ആണോ? കുറെ വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോൾ ഇതൊക്കെയല്ലേ ഒരു ഓർമ്മ..

എനിക്കെല്ലാം കാണുകയും വേണം ഫോട്ടോ എടുക്കുകയും വേണം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യമെന്നല്ലേ?”

“ഓഹോ ഇതിന് അങ്ങനെയും ഒരു അർത്ഥമുണ്ടോ?”

“ആഹാ ഇതിനങ്ങനെയും ഒരു അർത്ഥമുണ്ട്.”

“ആ ശരി ശരി. വേഗം വന്ന് കിടക്കാൻ നോക്ക്. ഉറക്കമിളച്ചാൽ നാളെ രാവിലെ നല്ല ക്ഷീണം ഉണ്ടാകും. നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ?”

ബാഗ് എല്ലാം ഒരു വിധം പാക്ക് ചെയ്തെന്ന് ഉറപ്പുവരുത്തിയശേഷം അവൾ അവന് ചാരെ വന്നു കിടന്നു. കുറെ വട്ടം അങ്ങോട്ടുമിങ്ങോട്ടും തിരഞ്ഞു കിടക്കുന്ന അവളെ കണ്ട് അവൻ കാര്യം തിരക്കി.

“എന്താ ലച്ചു നിനക്ക് ഉറക്കം വരുന്നില്ലേ? കുറെ നേരമായല്ലോ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്?”

“എന്താണെന്ന് അറിയില്ല വിഷ്ണു. നാളത്തെ കാര്യം ഓർത്ത് എനിക്ക് ഉറങ്ങാനേ കഴിയുന്നില്ല. ചിലപ്പോൾ ഒരുപാട് ആഗ്രഹിച്ചു കിട്ടിയതു കൊണ്ടായിരിക്കാം.”

“ഉറങ്ങിക്കോ ലച്ചു ഞാൻ നേരത്തെ അലാറം വച്ചിട്ടുണ്ട് ഉറങ്ങാതെ തലവേദന വരുത്തി വയ്ക്കേണ്ട.”

“ഉം”

മൗനമായി കിടന്ന് എപ്പോഴോ അവൾ ഉറങ്ങിപ്പോയി.

രാവിലെ അലാറം അടിച്ചതും ആദ്യം ഉണർന്നത് അവളാണ്. അലാറം ഓഫ് ചെയ്ത് അടുക്കളയിൽ ചെന്ന് നല്ല ചൂട് ചായയുമായി വന്നാണ് വിഷ്ണുവിനെ ഉണർത്തിയത്.

പിന്നെ സമയം കളയാതെ തന്നെ രണ്ടാളും റെഡിയാകാനും പോകേണ്ട കാര്യങ്ങൾ റെഡിയാക്കാനും തുടങ്ങി.

കൃത്യം അഞ്ചുമണിയോടുകൂടി തന്നെ അവർ പുറപ്പെടാൻ തയ്യാറായി.

“വിഷ്ണു ഹൈവേയിലേക്ക് കയറുന്നത് വരെ ഞാൻ ഡ്രൈവ് ചെയ്തോട്ടെ.. ഇപ്പോഴാണെങ്കിൽ വണ്ടികളുടെ തിരക്കും.. ഇല്ലല്ലോ പ്ലീസ്.”

അവളുടെ ആഗ്രഹത്തിന് വഴങ്ങി അവൻ വണ്ടിയുടെ ചാവി അവൾക്ക് കൈമാറി.

“ലച്ചു ദാ ഹെൽമെറ്റ് വെക്ക്.”

അവൾക്ക് നേരെ നീട്ടിയ ഹെൽമെറ്റ് വണ്ടിയുടെ സൈഡിൽ കൊളുത്തിയിട്ട് അവൾ അവനെ നോക്കി.

” ഈ സമയത്ത് ഇപ്പോൾ എന്തിനാ വിഷ്ണു ഹെൽമെറ്റ്? ഞാനീ അന്തരീക്ഷം മതിവരോളം ഒന്ന് ആസ്വദിക്കട്ടെ… പേടിക്കാൻ ഒന്നുമില്ലല്ലോ.. റോഡിൽ ആണേൽ ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല. ഹെൽമറ്റ് ഒക്കെ ഹൈവേയിലേക്ക് കേറിയിട്ട് വയ്ക്കാം. വിഷ്ണു കയറ്.!

അവൻ വണ്ടിയിൽ കയറിയതും അവൾ സ്റ്റാർട്ട് ആക്കി.

നല്ല തണുത്ത കാറ്റ് മുഖത്തും മുടിയഴകളിലും തട്ടിത്തടഞ്ഞു പോയി. ചെറിയ മഞ്ഞു കണങ്ങൾ മൂക്കിൻതുമ്പിലും കണ്ണിലും ഒക്കെ വന്നു പതിക്കുമ്പോൾ എന്തെന്നില്ലാത്ത സുഖം തോന്നി.ഈ പ്രഭാതത്തിന് ഇത്രയേറെ ഭംഗിയുണ്ടായിരുന്നോ?!”

നീണ്ട വഴിപാതകളിൽ അവിടെ ഇവിടെയായി വെച്ചു കിട്ടിയ ചെറിയ ചായക്കടകൾ. റാന്തൽ വിളക്കുകളുടെ വെട്ടത്തിൽ മാത്രം നിലനിന്നു പോരുന്ന അത്തരം ചെറിയ കടകൾ പാതകളെ ഏറെ മനോഹരമാക്കിയിരിക്കുന്നു.

പ്രഭാത സവാരിക്ക് ഇറങ്ങുന്നവരാണ് അത്തരം കടകളിലെ സ്ഥിരം സന്ദർശകർ.

ആ മനോഹര ദൃശ്യം കണ്ടപ്പോൾ അവൾക്കും ആ സ്വാദ് നുണയാൻ തോന്നി.

” വിഷ്ണു നമുക്കും ആ ചായക്കടയിൽ നിന്നും ഓരോ ചായ കുടിച്ചാലോ? ജീവിതത്തിൽ ഇന്നേവരെ ഞാൻ ഇത്തരം കടകളിൽ നിന്നും ചായ കുടിച്ചിട്ടില്ല. കാണുമ്പോൾ വല്ലാത്തൊരു ആഗ്രഹം തോന്നുന്നു. ”

“അതിനെന്താ ലച്ചു നീ വണ്ടി സൈഡ് ആക്ക്.നമുക്ക് ഒരു ചായ കുടിച്ചിട്ട് പോകാം.”

വണ്ടി ഒരു അരികത്ത് നിർത്തി ചായക്കടയുടെ ഓരോരത്ത് ചേർത്തിയിട്ടിരുന്ന ബെഞ്ചിലേക്ക് ഇരിക്കുമ്പോൾ റേഡിയോയിൽ നല്ല ഭക്തിഗാനങ്ങൾ കേൾക്കാമായിരുന്നു.

ചായ എടുക്കുന്നതിനോടൊപ്പം തന്നെ ആ ചായക്കടക്കാരൻ തന്റെ പരിചയക്കാരായ സവാരിക്കാരോട് കുശലം പറയുന്നു. അവളും അത് കുറച്ചുനേരം നോക്കിയിരുന്നു പോയി.

അല്പസമയം അവിടെ ഇരുന്നതിനുശേഷം യാത്ര തുടരുമ്പോൾ നേരം പതിയെ വെളുത്തു തുടങ്ങിയിരുന്നു. പാതയിൽ കുറേശ്ശേയായി വാഹനങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാലും മഞ്ഞു മൂടി കിടക്കുന്നതിനാൽ അന്തരീക്ഷത്തിൽ അപ്പോഴും ഒരു ഇരുട്ട് നിറഞ്ഞു നിന്നിരുന്നു.

വളരെ ശ്രദ്ധിച്ചും ആസ്വദിച്ചും ഡ്രൈവ് ചെയ്യുന്നതിനിടയ്ക്കാണ് പെട്ടെന്ന് ഒരു ചരക്ക് ലോറി നിയന്ത്രണം വിട്ട് അവർക്ക് നേരെ പാഞ്ഞു വന്നത്.

ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നെങ്കിലും ലോറിക്കടിയിൽ പെടാതിരിക്കാൻ അവൾ വണ്ടി വെട്ടിച്ചതും നേരെ ചെന്നിടത്ത് തൊട്ടരികിൽ നിന്ന പോസ്റ്റിലേക്കാണ്.

ഇടിയുടെ ശക്തിയിൽ രണ്ടുപേരും രണ്ട് ദിക്കിലേക്ക് തെറിച്ചു വീഴുമ്പോൾ ലച്ചു എന്നുള്ള അവന്റെ നിലവിളി മാത്രമാണ് അവൾ കേട്ടത്.

വിഷ്ണുവിന്റെ കരച്ചിൽ കേൾക്കുന്നുണ്ടെങ്കിലും, എഴുന്നേൽക്കാൻ വയ്യാതെ റോഡിൽ കിടക്കുമ്പോൾ തന്നിൽ നിന്നും വേർപെട്ടുപോകുന്ന തന്റെ രക്തം മാത്രമാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.

ആരെല്ലാമോ ഓടിവന്ന് താങ്ങി എടുക്കുമ്പോഴും മറഞ്ഞു പോകാറായ ബോധമനസ് തിരഞ്ഞത് വിഷ്ണുവിനെ മാത്രമാണ്. അപ്പോഴേക്കും അവൾ അബോധാവസ്ഥയിലേക്ക് തെന്നി വീണിരുന്നു.

ബോധം വരുമ്പോൾ അമ്മയും അച്ഛനും വേണ്ടപ്പെട്ടവരുടെയും അടയ്ക്കി പിടിച്ച തേങ്ങലാണ് കണ്ടത്.

“വിഷ്ണു എവിടെ?”

ബോധം വന്നതും സകല നിയന്ത്രണവും വിട്ടവൾ അലറി.

അവളുടെ അവസ്ഥ കണ്ടതും അമ്മ പൊട്ടിക്കരയാൻ തുടങ്ങി. അപ്പോഴേക്കും ഡോക്ടർ വന്ന് അവിടെ നിന്ന് എല്ലാവരെയും പറഞ്ഞുവിട്ടു.

“ഡോക്ടർ എന്റെ വിഷ്ണു എവിടെ?

അവൾ വീണ്ടും അലറി.

“ലക്ഷ്മി ഇങ്ങനെ ഇമോഷണൽ ആകാതെ… ഇന്നലത്തെ ആക്സിഡന്റിൽ വിഷ്ണുവിന്റെ തലയ്ക്ക് സാരമായി പരിക്ക് ഏറ്റിരുന്നു.ഹി ഈസ്‌ നോ മോർ.

ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാവുന്നതിനു മുന്നേ വിഷ്ണു പോയിരുന്നു. ഹെൽമറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വിഷ്ണുവിനെ സേവ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞേനെ..”

കണ്ണിൽ ഇരുട്ട് വന്ന് മൂടിയ നിമിഷം അവൾ സർവ്വശക്തിയുമെടുത്ത് അലറി

“വിഷ്ണു.. ”

” എന്താ ലച്ചു എന്താ വല്ല സ്വപ്നവും കണ്ടോ നീ? ”

അരികിൽ കിടന്നിരുന്ന വിഷ്ണു ഞെട്ടി ഉണർന്ന് അവളെ മുറുകെ പിടിച്ചപ്പോഴാണ് അത് സ്വപ്നമായിരുന്നു എന്ന് അവൾക്ക് മനസ്സിലായത്. ആ നിമിഷം സർവ്വ ദൈവങ്ങളോടും നന്ദി പറഞ്ഞവർ അവനെ മുറുകെ കെട്ടിപ്പിടിച്ചു.

ഇത് ശരിക്കും ഒരു പുനർജന്മം ആയാണ് തോന്നുന്നത്. അശ്രദ്ധമൂലം നഷ്ടമായ ഒരു ജീവിതം വീണ്ടും ദാനം കിട്ടിയത് പോലെ.

“എന്താ ലച്ചു എന്തിനാ ഇങ്ങനെ വിയർക്കുന്നത്?”

“ഏയ് ഒന്നുമില്ല വിഷ്ണു.. ഞാനൊരു സ്വപ്നം കണ്ടതാ “അത് പറയുമ്പോഴും അവൾ കിതക്കുന്നുണ്ടായിരുന്നു.

അവൾ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് ദീർഘശ്വാസം എടുത്തു. അന്നേരമാണ് അലാറം മുഴങ്ങിയത്.

” എണീക്ക് എണീക് വേഗം റെഡി ആയിക്കോ.. ഇനി കിടക്കേണ്ട. ”

അവന്റെ നിർബന്ധപ്രകാരം ബെഡിൽ നിന്ന് എണീക്കുമ്പോൾ കൈകാലുകൾ കുഴഞ്ഞു പോകുന്നത് പോലെ അവൾക്ക് തോന്നി.

അഞ്ചുമണിയോടെ റെഡിയായി ഇറങ്ങുമ്പോൾ ആദ്യം അവൾ എടുത്തത് ഹെൽമറ്റ് ആയിരുന്നു.

” ഇപ്പോൾ എന്തിനാടോ ഇത്? ഹൈവേ എത്തിയിട്ട് വെച്ചാൽ പോരെ?

പറ്റില്ല വിഷ്ണു.. ചെറിയൊരു അശ്രദ്ധ മതി ജീവിതം ഇല്ലാതാക്കാൻ. ഇത് തലയിൽ വയ്ക്കാൻ ഉള്ളത അല്ലാതെ ബൈക്കിൽ തൂക്കാൻ അല്ല.

അതും പറഞ്ഞ് രണ്ടാളും ഹെൽമറ്റ് വെച്ച് യാത്ര തുടരുമ്പോൾ നിസ്സാരം എന്ന് പറഞ്ഞ് തള്ളിക്കളയുന്ന പല കാര്യങ്ങൾക്കും ജീവന്റെ വിലയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.