സംഭവിച്ചതെല്ലാം അറിഞ്ഞതും അവൾ ആകെ തകർന്നുപോയി, ഈശ്വരാ ഒന്നുമറിയാതെ ആണല്ലോ കണ്ണേട്ടനോട്..

(രചന: അംബിക ശിവശങ്കരൻ)

ചില ദിവസങ്ങൾ അങ്ങനെയാണ് എന്ത് ചെയ്താലും തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും.

അങ്ങനെ ഒരു ദിവസം തിരക്കിട്ട് ഓഫീസിൽ എന്തൊക്കെയോ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് കണ്ണന്റെ ഫോൺകോൾ വന്നത്

“കണ്ണേട്ടാ ഞാൻ വിളിക്കാം കുറച്ച് തിരക്കുണ്ട്”

എന്ന് മാത്രം പറഞ്ഞു അവൾ ഫോൺ കട്ടാക്കി.

വന്ന പാടെ എംഡി കലിപ്പാണ്. ക്യാബിനിൽ കയറിയിരുന്ന് ആ ഫയൽ കൊണ്ടുവാ ഈ ഫയൽ കൊണ്ടുവാ അത് ചെയ്തില്ലേ ഇത് ചെയ്തില്ലേ എന്ന് ആജ്ഞാപിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.

“ഇയാൾക്ക് ഇങ്ങനെ ചില്ലും കൂട്ടിലിരുന്ന് ഓർഡർ ഇട്ടാൽ മതിയല്ലോ… അല്ലേലും അത്യാവശ്യത്തിന് തിരിയുമ്പോൾ ആ ഒരു ഫയൽ മാത്രം കാണാതിരിക്കുന്നത് എന്ത് മാജിക് ആണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല ഇങ്ങേർക്ക് ഇത് അത്യാവശ്യം ഉണ്ടായിട്ടൊന്നുമായിരിക്കില്ല ചോദിക്കുന്നത്.

സ്റ്റാഫുകളെ ഇട്ട് ഇങ്ങനെ ബുദ്ധിമുട്ടിക്കുക തന്നെ അവസരം കിട്ടിയാൽ ഞാൻ ഇങ്ങേർക്ക് വല്ല പാഷണവും കലക്കി കൊടുക്കും നോക്കിക്കോ.”

മനസ്സിൽ പിറുപുറത്തുകൊണ്ടിരുന്നപ്പോഴാണ് വീണ്ടും വിളി വന്നത്

” ദീപ ഫയൽ ഇതുവരെ കിട്ടിയില്ലേ? ”

അയാളുടെ ശബ്ദം കേട്ടതും വീണ്ടും അവൾക്ക് പരിഭ്രമം തുടങ്ങി

” വൺ മിനിറ്റ് സാർ ഇപ്പോൾ കൊണ്ടുവരാം. ”

അതു പറഞ്ഞ് വീണ്ടും ഫയൽ തിരയുന്ന നേരമാണ് ഫോണിലേക്ക് പിന്നെയും കോൾ വന്നത് അറ്റൻഡ് ചെയ്യാൻ നിൽക്കാതെ വേഗം കട്ടാക്കിയവൾ തന്റെ ജോലി തുടർന്നു.

പിന്നെയും ഒരു വട്ടം കൂടി ഫോണിന്റെ ബെൽ കേട്ടതും അയാളുടെ ശബ്ദം ഉയർന്നു.

” എന്താണ് ദീപ ജോലിചെയ്യുന്ന സമയത്താണോ ഇങ്ങനെ ഫോൺകോൾ? അത് സൈലന്റ് ആക്കി എവിടെയെങ്കിലും മാറ്റിവയ്ക്കു… ”

പിന്നെയും എന്തൊക്കെയോ തനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ അയാൾ പറയുന്നുണ്ടായിരുന്നു അവളത് കേട്ടില്ലെന്ന് നടിച്ചു.

“ഹാവൂ ഭാഗ്യം ഒടുവിൽ തേടിയ ഫയൽ കയ്യിൽ ചുറ്റി.”

അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഫയലും എടുത്ത് നേരെ എംഡിയുടെ അടുത്തേക്ക് ചെന്നപ്പോൾ അയാളുടെ മുഖത്തെ ഗൗരവം അതേപടി തന്നെ ഉണ്ടായിരുന്നു. ഫയൽ വാങ്ങി ചിക്കി ചികഞ്ഞു തൃപ്തിയാകാത്ത മട്ടിൽ അയാൾ അവളെ നോക്കി.

“സി ദീപ… ഞാൻ ഏൽപ്പിച്ച ജോലികൾ പെർഫെക്ട് ആയി ചെയ്യാൻ പറ്റുമെങ്കിൽ മാത്രമേ ദീപയ്ക്ക് ഇനി ഇവിടെ കണ്ടിന്യൂ ചെയ്തു പോകാൻ സാധിക്കുകയുള്ളൂ…

ദീപയേക്കാൾ കഴിവുള്ള ഒരുപാട് പേർ പുറത്ത് ജോലിയില്ലാതെ നട്ടംതിരിയുന്നുണ്ട്. ഈ ജോലി നിലനിർത്തുക എന്നത് ദീപയുടെ മാത്രം ഉത്തരവാദിത്വമാണ്.

ഈ ഫയൽ പകുതിയും ഇൻകംപ്ലീറ്റ് ആണ്. ആദ്യം ഇതൊക്കെ കമ്പ്ലീറ്റ് ചെയ്തു കൊണ്ടുവാ… എന്നിട്ട് ബാക്കി ജോലി ചെയ്താൽ മതി. ആ പിന്നെ… ഡ്യൂട്ടി ടൈമിൽ മേലാൽ ഫോൺ ഉപയോഗിക്കരുത്.”

ഒരു ദയവുമില്ലാതെ അയാൾ പറഞ്ഞു നിർത്തിയതും അവൾക്ക് കരച്ചിൽ വന്നു. എത്ര കഷ്ടപ്പെട്ടാണ് ഓരോ ജോലിയും പൂർത്തിയാക്കുന്നത് എന്നിട്ടും ഒന്നും ശരിയാകുന്നില്ല എന്ന് പറയുമ്പോൾ ജോലി ഉപേക്ഷിച്ചു പോകാൻ വരെ അവൾക്ക് തോന്നിപ്പോയി.

എംഡിയുടെ ക്യാബിനിൽ നിന്നിറങ്ങി സ്വന്തം സീറ്റിൽ വന്നിരിക്കുന്ന നേരം അവൾ വല്ലാതെ തകർന്നിരുന്നു. അന്നേരമാണ് ടേബിളിൽ ഇരിക്കുന്ന ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്ത് കണ്ടത്. ഫോണിന്റെ ഡിസ്പ്ലേയിൽ കണ്ണേട്ടൻ എന്ന പേര് കണ്ടതും അവൾക്ക് അരിശം കയറി.

ഫോണും എടുത്ത് നേരെ ബാത്റൂമിന്റെ സൈഡിലേക്ക് പോയി അവിടെ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ആ നമ്പറിലേക്ക് തിരികെ വിളിച്ചത്.

രണ്ട് റിങ്ങിനു ശേഷം മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തതും അവളുടെ ദേഷ്യം വർദ്ധിച്ചു. സന്തോഷമായാലും സങ്കടമായാലും അതേറ്റവും അധികം അവൾ പ്രകടിപ്പിക്കുന്നത് അവനോട് തന്നെയാണ്.

“എന്തിനാ കണ്ണേട്ടാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത്??? ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് ഓഫീസ് ടൈമിൽ ഇങ്ങനെ ഫോൺ വിളിക്കരുതെന്ന്.

കണ്ണേട്ടൻ കാരണം ഞാൻ ഇന്ന് എല്ലാവരുടെ മുന്നിലും നാണംകെട്ടു അറിയാമോ? അല്ലേലും എന്റെ പ്രശ്നങ്ങളും സങ്കടങ്ങളും ഒന്നും കണ്ണേട്ടന് അറിയേണ്ടല്ലോ? കണ്ണേട്ടൻ അവിടെ ഓട്ടോ ഓടിക്കുന്നത് പോലെയല്ല…

ഞാൻ ഇവിടെ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. എനിക്കിവിടെ ഒരുപാട് പേരോട് സമാധാനം പറയണം. അത് ഓർമ്മവേണം.

ഇങ്ങനെ എനിക്ക് സമാധാനം തരാത്ത ഏർപ്പാട് ആണെങ്കിൽ നമുക്ക് ഈ ബന്ധം ഇവിടെ വച്ച് നിർത്താം. കണ്ണേട്ടൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാൻ പറ്റുന്ന വേറെ ഏതേലും പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിച്ചോ..”

പറഞ്ഞു തീരും മുന്നേ മറുതലക്കൽ കോൾ കട്ടായി.

അപ്പോഴത്തെ ദേഷ്യത്തിലും വിഷമത്തിലും പറഞ്ഞതാണെങ്കിലും പറഞ്ഞതൊക്കെയും ഒരല്പം കൂടിപ്പോയെന്ന് അവൾക്ക് തോന്നി.

ഫോൺ എടുത്ത് വീണ്ടും അവന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

” ഇത്രയൊന്നും പറയേണ്ടിയിരുന്നില്ല പാവം കണ്ണേട്ടൻ. ”
അവളുടെ മനസ്സ് ഇടറി

ഉച്ചയ്ക്ക് ഊണ് കഴിക്കുന്ന നേരത്തും രണ്ടുവട്ടം വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു മറുപടി.അന്നത്തെ ദിവസം മുഴുവനും എങ്ങനെയൊക്കെയൊ ആണ് അവൾ സമയം തള്ളി നീക്കിയത്.

ഇറങ്ങാൻ നേരം പിന്നെയും ഒരുവട്ടം കൂടി വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് തന്നെയായിരുന്നു.

” ഈ കണ്ണേട്ടൻ എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? ” അവൾക്ക് ഒരുപോലെ സങ്കടവും പരിഭവവും തോന്നി

ബസ്സിറങ്ങി ഓട്ടോസ്റ്റാൻഡിൽ നോക്കിയെങ്കിലും അവിടെയൊന്നും അവനെ കണ്ടില്ല. വണ്ടി ഓട്ടം പോയിരിക്കുകയാവും എന്ന് കരുതി സുഹൃത്ത് ബിനീഷിനോട് കാര്യം തിരക്കിയപ്പോഴാണ് അവൾ വിവരമെല്ലാം അറിഞ്ഞത്.

“എന്ത് പണിയാ എന്റെ ദീപേ നീ കാണിച്ചത്? രാവിലെ നിന്നെ എത്രവട്ടം വിളിച്ചു. അവൻ പറഞ്ഞിട്ട് ഞാനാ നിന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നത്.”

“എന്താ ബിനീഷേട്ടാ കാര്യം കണ്ണേട്ടൻ എവിടെ?” അവൾക്ക് പരിഭ്രാന്തി കയറി

” നീ വിഷമിക്കൊന്നും വേണ്ട.. അങ്ങനെ പേടിക്കാൻ ഒന്നുമില്ല ദൈവം കാത്തു എന്ന് പറഞ്ഞാൽ മതി.

രാവിലെ അവൻ ഓട്ടം പോകാൻ വേണ്ടി വണ്ടി എടുത്തതാ സ്കൂളിൽ പോണ ഏതോ ഒരു ചെക്കൻ വട്ടം ചാടി. അവന്റെ മേൽ തട്ടാതിരിക്കാൻ വേണ്ടി കണ്ണൻ വണ്ടി ഒന്ന് വെട്ടിച്ചതാ തൊട്ടടുത്ത് ഉണ്ടായിരുന്ന പോസ്റ്റിൽ ചെന്ന് ചെറുതായൊന്ന് ഇടിച്ചു.

എന്റെ വണ്ടിയിൽ തന്നെയാ അവനെ ആശുപത്രിയിൽ കൊണ്ടുപോയത്. കൈക്കും കാലിനും ചെറിയൊരു പരുക്കുണ്ട് ഭാഗ്യത്തിന് അത്രയേ പറ്റിയുള്ളൂ…

ഒരാഴ്ച കഴിഞ്ഞ് കാണിക്കാനാ പറഞ്ഞിരിക്കുന്നത് വീട്ടിൽ ചെന്ന ഉടനെ നിന്നോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞതുകൊണ്ട് അവന്റെ ഫോൺ എടുത്തു ഞാനാ നിന്നെ വിളിച്ചത്.

പക്ഷേ നീ മറുപടി തരാതായപ്പോൾ അവൻ തന്നെ പറഞ്ഞു ഇനി ബുദ്ധിമുട്ടിക്കേണ്ട തിരക്കിലാവും എന്ന്. ”
സംഭവിച്ചതെല്ലാം അറിഞ്ഞതും അവൾ ആകെ തകർന്നുപോയി.

“ഈശ്വരാ ഒന്നുമറിയാതെ ആണല്ലോ കണ്ണേട്ടനോട് അങ്ങനെയൊക്കെ പറഞ്ഞത്. ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും.”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി

“നീ ഇങ്ങനെ കരയാതെ ദീപേ… ദേ ആൾക്കാർ ശ്രദ്ധിക്കുന്നു. അവനിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ പിന്നെ എന്താ…. നീ സമാധാനമായിരിക്ക്.”

അവനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും അവളുടെ വിഷമത്തെ ശമിപ്പിച്ചില്ല.

“ബിനീഷേട്ടാ എനിക്കിപ്പോൾ തന്നെ കണ്ണേട്ടനെ കാണണം. എന്നെ അവിടെ വരെ ഒന്ന് കൊണ്ടുപോകോ പ്ലീസ്…”

ഒരു ചെറിയ കുട്ടിയെ പോലെ അവൾ ചിണുങ്ങിയപ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ അവന് കഴിഞ്ഞില്ല.

ഓട്ടോയിൽ കുറച്ചു ദൂരം യാത്ര ചെയ്തു വീടെത്തിയതും കണ്ണന്റെ അമ്മ റോഡരികിൽ നിൽപ്പുണ്ടായിരുന്നു.

രണ്ടുമൂന്നുവട്ടം ഇതിനു മുന്നേ അവൾ അവിടെ വന്നിട്ടുള്ളത് കൊണ്ട് അവളെ അവർക്ക് നന്നായി അറിയാം. ഇത് അമ്മയുടെ മരുമകൾ ആണെന്നും അവനവരോട് പറഞ്ഞിട്ടുണ്ട്. അവരെ കണ്ടതും അവളുടെ സങ്കടത്തിന്റെ ആഴം വർദ്ധിച്ചു.

“കരയാതിരിക്ക് മോളെ… മുത്തപ്പന്റെ കടാക്ഷം കൊണ്ട് ഇത്രയല്ലേ പട്ടിയുള്ളൂ..”

അവർ അവളുടെ മുടിയിൽ തലോടികൊണ്ട് അശ്വസിപ്പിച്ചു.

“മോള് വന്നത് എന്തായാലും നന്നായി. ഞാൻ അവന് വാങ്ങാനുള്ള കുറച്ചു മരുന്നു വാങ്ങിയിട്ട് വരാം.
എങ്ങനെയാ അവനെ ഒറ്റയ്ക്ക് ആക്കി പോകുമെന്ന് കരുതിയിരിക്കുകയായിരുന്നു.അമ്മ വരുന്നതുവരെ മോൾ ഇവിടെ ഇരിക്ക്. ബിനീഷേ നീയൊന്ന് എന്റെ കൂടെ വാ.”

അവൾ തലയാട്ടി.

അവനെയും കൂട്ടി അവർ പോയതും അവൾ അവന്റെ മുറി ലക്ഷ്യമാക്കി നടന്നു കയ്യും കാലും ഒക്കെ കുഴഞ്ഞു പോകുന്നതുപോലെ…

മുറിയുടെ വാതിൽക്കൽ എത്തിയതും അവളുടെ നെഞ്ചു പിടഞ്ഞു. കയ്യിലും കാലിലും ഒക്കെ പരിക്കുണ്ട്. മുഖത്തും അവിടെ ഇവിടെയായി മുറിവുണ്ട്. അത് ബിനീഷേട്ടൻ തന്നോട് പറഞ്ഞിരുന്നില്ല. അവൾക്ക് കരച്ചിൽ വന്നു.

അവളെ കണ്ടതും എന്തിനോ അവന്റെ മിഴികൾ നിറഞ്ഞു. എങ്കിലും പുഞ്ചിരി കൈവെടിയാതെ അവൻ അവളെ അകത്തേക്ക് ക്ഷണിച്ചു.

ചാരെ ചെന്നു നിന്ന് അവന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തവൾ നെറുകയിൽ ചുംബിച്ചു ശേഷം അവന്റെ രണ്ടു കൈത്തലങ്ങളും മുറുകെപ്പിടിച്ച് തന്റെ മുഖത്തോട് ചേർത്ത് അൽപനേരം മിണ്ടാതിരുന്നു.

കൈകളിലേക്ക് നനവ് പടർന്നപ്പോഴാണ് അവൾ കരയുകയാണെന്ന് സത്യം അവൻ മനസ്സിലാക്കിയത്.

“എന്താ കുഞ്ഞാ ഇത്? എന്തിനാ നീ ഇങ്ങനെ കരയുന്നത്? നീ ഇങ്ങനെ കരഞ്ഞാൽ എനിക്കും വിഷമം ആകില്ലേ? അതിനുമാത്രം ഒന്നും സംഭവിച്ചില്ലല്ലോ മോളെ… ”

അവളുടെ മുഖമുയർത്തി അവൻ ആശ്വസിപ്പിച്ചു

“ഞാനൊന്നും അറിഞ്ഞില്ല കണ്ണേട്ടാ… ഓഫീസിൽ നിറയെ പ്രശ്നങ്ങളായിരുന്നു. എല്ലാം കൂടി ആയപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോയി. അതാ ഞാൻ കണ്ണേട്ടനോട് അങ്ങനെയൊക്കെ സംസാരിച്ചത്. എന്നോട് പൊറുക്ക് കണ്ണേട്ടാ…”

സ്വന്തം കൈ കൊണ്ട് തന്നെ തലയിൽ അടിച്ചു കരയുന്ന അവളെ കണ്ടതും അവന്റെ നെഞ്ചു പിടഞ്ഞു.

“അതിനെന്താ… നീ അറിയാതെയല്ലേ അങ്ങനെയൊക്കെ പറഞ്ഞത്. എനിക്കറിയില്ലേ എന്റെ കുഞ്ഞന് എന്നോട് എന്തോരം സ്നേഹം ഉണ്ടെന്ന്.. നിനക്ക് ഇണങ്ങാനും പിണങ്ങാനും ഞാനും, എനിക്ക് ഇണങ്ങാനും നീയും അല്ലേ ഉള്ളൂ… പിന്നെ എന്തിനാണ് ഈ സോറി പറച്ചിൽ ഒക്കെ.”

“അപ്പോ കണ്ണേട്ടന് സങ്കടം ഇല്ലല്ലോ?”

“ഇല്ലടാ..”

അവനവന്റെ കൈ അവളുടെ കൈയിൽ അമർത്തി സത്യം ചെയ്തു.

“അടുത്തയാഴ്ച ഡോക്ടറുടെ അടുത്ത് പോകുമ്പോൾ ഞാനും വരാം കൂടെ..” അതുവരെ ഫുൾ റസ്റ്റ് എടുത്തേക്കണം. ദേഹം അനക്കണ്ട കേട്ടോ.. ”

അവളോരോന്ന് പറഞ്ഞ് സങ്കടപ്പെടുമ്പോഴും എന്തോ ഓർത്തെടുത്ത മട്ടിൽ അവൻ ചോദിച്ചു.

“അല്ല കുഞ്ഞാ, നീ രാവിലെ പറഞ്ഞത് ഉള്ളതാണോ?”

“എന്ത്?”

“അല്ല.. ഏതുനേരവും സംസാരിച്ചുകൊണ്ടിരിക്കാൻ പറ്റിയ പെൺകുട്ടിയെ കിട്ടുവാണേൽ കെട്ടിക്കോളാൻ… ഇനി അഥവാ അങ്ങനെ ആരെയെങ്കിലും വന്നാൽ ഞാൻ കെട്ടിക്കോട്ടെ? നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?”

അത്രനേരം സങ്കടപ്പെട്ടിരുന്ന അവൾ ദഹിപ്പിക്കുന്ന ഒരു നോട്ടം അവനെ നോക്കി

“ആഹ് കെട്ടിക്കോ പക്ഷേ ഇപ്പോൾ പരിക്ക് പറ്റിയ ഈ കാൽ ഉണ്ടല്ലോ… അത് ഒന്നുകൂടി ഒടിയും. വേറൊന്നുമല്ല ഞാൻ അങ്ങ് തല്ലിയൊടിക്കും.”

അത് കേട്ടതും അവൻ പൊട്ടിച്ചിരിച്ചു. കണ്ണ് രണ്ടും ഉരുട്ടി തന്നെ നോക്കുന്ന അവളെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ച് കാതിൽ മന്ത്രിച്ചു.

“എനിക്ക് ഈ റൗഡിയെ തന്നെ മതി. അതാകുമ്പോൾ ഇനി ആരുടെയെങ്കിലും കാല് തല്ലിയൊടിക്കണമെങ്കിലും പുറത്തു കൊട്ടേഷൻ കൊടുക്കേണ്ടല്ലോ..”

അത് കേട്ടതും അവളും കുടുകുടെ ചിരിച്ചു.