പക്ഷേ ആവശ്യം കഴിഞ്ഞ് കയ്യിൽ ഒരു കുഞ്ഞിനെയും നൽകി അവൻ കടന്നു കഴിഞ്ഞപ്പോഴാണ് താൻ ചതിക്ക..

(രചന: അംബിക ശിവശങ്കരൻ)

“നിനക്കെന്താ സേതു ഭ്രാന്ത് ഉണ്ടോ? ഒന്ന് കെട്ടിയ പെണ്ണാണെങ്കിൽ പോട്ടെ എന്ന് വയ്ക്കാം.. ഇതിപ്പോ അഞ്ചു വയസ്സുള്ള കൊച്ചുള്ള ഒരുത്തി. ഇതിനെയൊക്കെ ഈ വീട്ടിലേക്ക് കെട്ടിയെടുത്തോണ്ട് വരാൻ നീ എന്താ ഇവിടെ പെണ്ണ് കിട്ടാതെ നിൽക്കുകയാണോ? തങ്കം പോലത്തെ എത്ര പെൺപിള്ളേരെ വേണം നിനക്ക് ഞാൻ കൊണ്ട് തരാം. അതിനൊക്കെ ഒരു അന്തസ്സുണ്ട് ഇതിപ്പോൾ നാലാളോട് പറയാൻ പോലും പറ്റുമോ? ഛെ…”

തന്റെ ഇഷ്ടം പറയുമ്പോൾ അമ്മയുടെ പ്രതികരണം ഇങ്ങനെ ആയിരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവർ സംസാരിച്ചു കഴിയുന്നതുവരെയും അവൻ മൗനം പാലിച്ചു.

” അമ്മേ നാലാളെ കാണിക്കാനോ പറയാനോ ആണോ ഞാൻ വിവാഹം കഴിക്കേണ്ടത്? അമ്മ പറഞ്ഞല്ലോ തങ്കം പോലത്തെ എത്ര പെൺപിള്ളേരെ വേണമെങ്കിലും കണ്ടെത്തി തരാമെന്ന്. അങ്ങനെ കണ്ടെത്തി തരുന്നവരുടെ കൂടെ ഞാൻ സന്തോഷത്തോടെ കഴിയുമെന്ന് അമ്മ കരുതുന്നുണ്ടോ? ചിത്രയ്ക്ക് ആരുമില്ല. അനാഥാലയത്തിലാണ് അവൾ വളർന്നത്. ഇരുപതാം വയസ്സിൽ ഇതുവരെ ആരും നൽകിയിട്ടില്ലാത്ത സ്നേഹം നടിച്ച് ഒരുത്തൻ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ അവൾ അത് വിശ്വസിച്ചു. പക്ഷേ ആവശ്യം കഴിഞ്ഞ് കയ്യിൽ ഒരു കുഞ്ഞിനെയും നൽകി അവൻ കടന്നു കഴിഞ്ഞപ്പോഴാണ് താൻ ചതിക്ക പെട്ടെന്ന് അവൾക്ക് മനസ്സിലായത്. കയ്യിൽ ഒരു കൈക്കുഞ്ഞുമായി ജീവിതത്തെ നോക്കി പകച്ചു നിൽക്കുന്ന ഒരു പെണ്ണിന്റെ അവസ്ഥ അമ്മയേക്കാൾ നന്നായി ആർക്കാണ് മനസ്സിലാകുക? അച്ഛൻ മരണപ്പെട്ടപ്പോഴും എന്നെയും ചേർത്തു നിർത്തി അമ്മ അനുഭവിച്ചത് അതേ വേദനയല്ലേ? അമ്മയെപ്പോലെ തന്നെ അവളും കുഞ്ഞിനെ കൊന്നില്ല, തെരുവിലേക്ക് വലിച്ചെറിഞ്ഞില്ല, അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കിയില്ല പകരം പൊന്നുപോലെ നോക്കി. എനിക്ക് ചിത്രയെ അത്രത്തോളം ഇഷ്ടമാണ് അമ്മേ അവൾക്കൊരു ജീവിതം കൊടുക്കാൻ കഴിയുമെങ്കിൽ അതല്ലേ അമ്മയുടെ മോൻ ഈ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ പുണ്യം? ”

അമ്മയുടെ മറുപടിക്കായി സേതു കാത്തുനിന്നെങ്കിലും അവർ മറുപടിയൊന്നും പറയാതെ അകത്തേക്ക് പോയി. അന്നേരം അവൻ ചുമരിൽ തൂക്കിയിരുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി. കണ്ണുകൾ അടച്ചു നിന്നു അച്ഛനോട് എന്തൊക്കെയോ പറയും പോലെ.

അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. കാറ്റത്ത് മൂവാണ്ടൻമാവ് ആടിയുലഞ്ഞു. കുറെ നേരം അവനത് നോക്കിയിരുന്നു. മഴ തോർന്നപ്പോൾ കാറ്റത്ത് വീണ മാങ്ങ മുണ്ടിന്റെ ഒരു തലപ്പിൽ തന്നെ പെറുക്കി കൂട്ടി.

” അമ്മേ ഇതാ രാത്രിക്ക് ഇത്തിരി മാമ്പഴ പുളിശ്ശേരി വെക്ക്.. ”

അമ്മ മറുപടിയൊന്നും പറയാതിരുന്നപ്പോൾ മനസ്സിലായി അമ്മയുടെ പിണക്കം ഇനിയും മാറിയില്ലെന്ന്. എങ്കിലും തനിക്ക് ഏറെ ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി തരാതിരിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു.

“സേതു ഇനി ഞാനായിട്ട് നിന്റെ ഇഷ്ടത്തിന് എതിരു നിൽക്കുന്നില്ല. നിനക്ക് ഇഷ്ടമുള്ള പെണ്ണിനോട് ഒപ്പം അല്ലേ നീ ജീവിക്കേണ്ടത്.. അതങ്ങനെ തന്നെ നടക്കട്ടെ. അധികം ആരോടും പറയണ്ട ചെറിയൊരു ചടങ്ങ് ആയിട്ട് അത് എത്രയും വേഗം നടത്തണം.”

രാത്രിയിൽ ഊണ് വിളമ്പുന്നതിനിടയാണ് അവർ അത് പറഞ്ഞത്. അമ്മ ഇത്രയും വേഗം തന്റെ ഇഷ്ടത്തിന് സമ്മതം മൂളുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇഷ്ട വിഭവം കൂട്ടി ഊണ് കഴിക്കുന്നതിനേക്കാൾ സ്വാദ് അമ്മയുടെ വാക്കുകൾക്കായിരുന്നു. അമ്മ സമ്മതം മൂളി എന്ന് എത്രയും വേഗം ചിത്രയോട് വിളിച്ചു പറയണം. അവൾക്കായിരുന്നു തന്നെക്കാൾ ഇക്കാര്യത്തിൽ കൂടുതൽ ടെൻഷൻ. പാത്രത്തിൽ വിളമ്പിയിരുന്ന ചോറ് ഉണ്ടിട്ടും ഉണ്ടിട്ടും കഴിയാത്തത് പോലെ.

“പക്ഷേ സേതു എനിക്കൊരു കാര്യം കൂടി പറയാനുണ്ട്.” എന്തോ മനസ്സിൽ കരുതി കൂട്ടിയത് പോലെ അവർ ഉറച്ചു പറഞ്ഞു.

“എന്താ അമ്മേ?” അവൻ ആകാംക്ഷയോടെ ചോദിച്ചു.

“അമ്മയോടൊപ്പം കുഞ്ഞിനെയും ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റില്ല.” അവന്റെ മുഖത്ത് നോക്കാതെയാണ് അവരത് പറഞ്ഞത്.

“അമ്മ എന്തൊക്കെയാണ് അമ്മേ പറയുന്നത്? അത് അവളുടെ ചോരയല്ലേ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ?” നിസ്സഹായമായ ചോദ്യം.

“അതെ.. അത് അവളുടെ മാത്രം ചോരയാണ് നിന്റെ അല്ല. ഈ മുറ്റത്ത് കളിച്ചു വളരേണ്ടത് നിന്റെ കുഞ്ഞുങ്ങളാണ് അല്ലാതെ കണ്ടവന്റെ കുഞ്ഞല്ല.എനിക്ക് ആണായിട്ടും പെണ്ണായിട്ട് നീ മാത്രമേയുള്ളൂ നിന്റെ ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ ലാളിക്കാനും താലോലിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഏറ്റെടുക്കാൻ ആരുമില്ലെങ്കിൽ വല്ല അനാഥാലയത്തിൽ കൊണ്ടുചെന്നാക്കണം,. ആരുമില്ലാത്ത കുഞ്ഞുങ്ങളൊക്കെ അവിടെയാണ് വളരുന്നത്.” അവർ യാതൊരുദയവും കൂടാതെ പറഞ്ഞു.

“അമ്മേ അമ്മയും ഒരു സ്ത്രീയല്ലേ? എങ്ങനെയാണ് ഇത്ര ക്രൂരമായി ചിന്തിക്കാൻ കഴിയുന്നത്? ആ കുഞ്ഞിന്റെ അമ്മ ജീവനോടെയുണ്ട്. ജന്മം നൽകിയില്ലെങ്കിലും ഞാൻ അവൾക്ക് അച്ഛൻ തന്നെയാണ്. ഞങ്ങളോടൊപ്പം തന്നെ അവൾ വളരും ഞങ്ങളുടെ മകളായി.” അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു എന്ന് അവർക്ക് മനസ്സിലായി. ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല.

ഇങ്ങനെയൊരു വിവാഹം ആയിരുന്നത് കൊണ്ട് തന്നെ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. കുടുംബ ക്ഷേത്രത്തിൽ ആയിരുന്നു താലികെട്ട്.

അമ്മയുടെ സാരി തലപ്പ് പിടിച്ച് ചേർന്ന് നടക്കുന്ന ആ കുഞ്ഞിനെ അവർ ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞിട്ട് നോക്കുന്നുണ്ടായിരുന്നു. ആര് കണ്ടാലും ഓമനിക്കാൻ തോന്നുന്ന മുഖം. തന്റെ മനസ്സിൽ ഒരു അമ്മൂമ്മയുടെ വാത്സല്യം തികട്ടി വരുമ്പോഴൊക്കെയും അവർ ആ കുഞ്ഞിന്റെ മുഖത്തുനിന്ന് നോട്ടം പറിച്ചെടുത്തു.

അങ്ങനെ ആളുമാരകവും ഒഴിഞ്ഞ് ആ വീട്ടിൽ അവർ നാലുപേരും തനിച്ചായി.

“അല്ല സേതു.. ഈ കൊച്ചിനെയും നിങ്ങളുടെ കൂടെയാണോ കിടത്തുന്നത്? അതിനെ അപ്പുറത്തെങ്ങാൻ മാറ്റിക്കിടത്ത്.” തന്റെ അമ്മയോടൊപ്പം മുറിയിലേക്ക് പോകാൻ ഒരുങ്ങിയ കുഞ്ഞിനെ അവർ തടഞ്ഞു.

“കൊച്ചു കുട്ടിയല്ലേ അമ്മെ.. അവൾ ഇതുവരെ ചിത്രയെ മാറി നിന്നിട്ടില്ലല്ലോ..? കുറച്ചുദിവസം ഞങ്ങളോടൊപ്പം കിടക്കട്ടെ.”
അവനത് പറയുമ്പോൾ അവർ തലയിൽ തല്ലി പിറു പിറുത്തു കൊണ്ട് പുറത്തുപോയി. അപ്പോഴും ചിത്ര സങ്കടത്തോടെ വാതിലിന്റെ മറവിൽ നിൽപ്പുണ്ടായിരുന്നു.

” ഹേയ് താൻ ഇതൊന്നും കാര്യമാക്കണ്ട എല്ലാം ശരിയാവും. ” അവൻ അവളെ സമാധാനിപ്പിച്ചു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അന്നൊരു ദിവസം കുഞ്ഞിനെ ശകാരിക്കുന്ന അമ്മയുടെ ശബ്ദം കേട്ടാണ് സേതുവും ചിത്രയും അങ്ങോട്ടേക്ക് ചെന്നത്.

“എന്താ അമ്മേ എന്തിനാ ഇങ്ങനെ ഒച്ച വയ്ക്കുന്നത്?” സേതു ഓടി ചെന്ന് കാര്യം തിരക്കി.

” നീ കേട്ടോടാ ഈ പെണ്ണ് എന്നെ വിളിച്ചത്? അച്ഛമ്മ എന്ന്.. ഞാൻ നൂറുവട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്.. ആരാടാ അവളുടെ അച്ഛമ്മ? ”

അന്നേരം കുഞ്ഞ് പേടിച്ചു വിറച്ചു ചിത്രയുടെ മറവിൽ നിന്നു.

“അതിനെന്താ അമ്മേ അച്ഛമ്മ എന്നല്ലാതെ പിന്നെ മോൾ എന്താ വിളിക്കേണ്ടത്?”

“എന്നെ അച്ഛമ്മ എന്ന് വിളിക്കേണ്ടത് നിന്റെ കുഞ്ഞുങ്ങളാണ് അല്ലാതെ…. എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്.”

കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ ചിത്ര അവളെയും കൊണ്ട് അപ്പുറത്തേക്ക് പോയി ചിത്രയുടെയും കണ്ണ് നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.

“എന്ത് ചെയ്തിട്ട അമ്മേ ആ കുഞ്ഞിനോട് അമ്മ ഇങ്ങനെയൊക്കെ പെരുമാറുന്നത്?”

” എനിക്കിങ്ങനെയേ പെരുമാറാൻ കഴിയൂ സേതു..നിന്റെ ചോരയിൽ പിറന്ന കുഞ്ഞല്ലാതെ മറ്റാരും എന്നെ അച്ഛമ്മ എന്ന് വിളിക്കേണ്ട പ്രത്യേകിച്ച് ഈ കുട്ടി. വർഷം ഒന്നാവാൻ ആയില്ലേ ഇനിയെന്നാണ് എനിക്ക് നീയൊരു കുഞ്ഞിനെ തരുന്നത് സേതു? അതെങ്ങനെയാണ് ആ അശ്രികരം പിടിച്ചത് നിങ്ങൾക്കിടയിൽ നിന്ന് മാറിയിട്ട് വേണ്ടെ? “അവൻ കുറച്ചു സമയം ഒന്നും മിണ്ടിയില്ല.

“അമ്മേ മനപ്പൂർവമല്ല.. ഞങ്ങൾക്കും ആഗ്രഹമുണ്ട് ഒരു കുഞ്ഞിക്കാല് കാണാൻ പക്ഷേ ദൈവം ആ ഭാഗ്യം എനിക്ക് തന്നില്ല.ഞങ്ങൾ ഡോക്ടറെ കണ്ടിരുന്നു കുഴപ്പം എനിക്കാണ്. എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.” സങ്കടത്തോടെ അവനത് പറഞ്ഞതും അവർ ഞെട്ടിത്തരിച്ചു നിന്നു.

“ഈശ്വരാ നീ എന്തൊക്കെയാ സേതു ഈ പറയുന്നത്? ഇതിന്.. ഇതിനൊരു പ്രതിവിധിയും ഇല്ലെന്നാണോ? ഇന്നത്തെ കാലത്ത് ഇതിനുള്ള ചികിത്സ ഇല്ലേ മോനെ?”

” ഉണ്ടായിരുന്നെങ്കിൽ എന്തും വിറ്റ് പെറുക്കി ആയാലും ഞാൻ അത് ചെയ്യുമായിരുന്നില്ലേ അമ്മേ? അത് കേട്ടതും അവർ പൊട്ടിക്കരഞ്ഞു.

” എന്റെ ദൈവമേ എന്നാലും ഞങ്ങൾക്കീ ഗതി വരുത്തിയല്ലോ നീ.. ഒരു കുഞ്ഞിക്കാല് കാണാൻ ഞാൻ എത്ര നാളായി പ്രാർത്ഥിച്ചു കാത്തിരിക്കുന്നു. ”

അമ്മയെ നോക്കാതെ അവൻ പിന്തിരിഞ്ഞു നടക്കുമ്പോൾ ചിത്ര അവിടെ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു.

“എന്തിനാ സേതുവേട്ടാ കള്ളം പറഞ്ഞ് അമ്മയെ വേദനിപ്പിച്ചത്?”

” ശ്രീക്കുട്ടിയെ അമ്മ അംഗീകരിച്ചിട്ടെ ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കു എന്ന് നമ്മൾ തീരുമാനിച്ചതല്ലേ? ഇതുവരെ അമ്മയുടെ മനോഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല ഇത് അവസാനത്തെ പ്രയോഗമാണ് നീ വിഷമിക്കേണ്ട എല്ലാം ശരിയാകും. ”

അന്ന് അവർ ആരോടും ഒന്നും മിണ്ടിയില്ല.എന്തൊക്കെയോ ആലോചിച്ചിരുന്നു തികഞ്ഞ മൗനം പാലിച്ചു.

പതിയെ പതിയെ ശ്രീക്കുട്ടിയെ അവർ സ്നേഹിച്ചു തുടങ്ങി. തനിക്കിനി ഒരു പേരക്കുട്ടിയെ ലാളിക്കാനുള്ള ഭാഗ്യം ഇല്ലെന്ന തോന്നൽ കൊണ്ടാവാം അവളെ മടിയിൽ ഇരുത്താനും ലാളിക്കാനും ഭക്ഷണം വാരി കൊടുക്കാനും കഥകൾ പറഞ്ഞു കൊടുക്കാനും എല്ലാം തുടങ്ങി.

അമ്മയുടെ ഈ മാറ്റം കണ്ട് സേതുവും ചിത്രവും വളരെയധികം സന്തോഷിച്ചു. ശ്രീക്കുട്ടിയുടെ ആറാം പിറന്നാളിന് അച്ഛമ്മ നൽകിയ വെള്ളികൊലുസിട്ട് അവൾ മുറ്റത്താകെ തുള്ളിച്ചാടി നടന്നു. അച്ഛമ്മയുടെ ചൂട് പറ്റി കഥകൾ കേട്ടാലേ അവൾ ഇപ്പോൾ ഉറങ്ങു എന്നായി. അവൾ അവരെയും അവരവളെയും അത്രമാത്രം സ്നേഹിച്ചു തുടങ്ങി. അന്ന് സ്കൂളിൽ നിന്ന് വരുമ്പോൾ ഒരു സമ്മാനം ഉണ്ടെന്ന് പറഞ്ഞ് അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത് അച്ഛമ്മ തന്നെയായിരുന്നു.

മോൾക്ക് ഒരു കുഞ്ഞുവാവ വരാൻ പോകുവാ എന്ന് പറഞ്ഞ് അവർ അവളെ കെട്ടിപ്പിടിച്ചപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് ആ കുഞ്ഞു മനസ്സ് വേദനിച്ചു. അന്ന് അവൾ അച്ഛമ്മയുടെ പുറകെ കുറുമ്പുകാട്ടി നടക്കാതെ മുറിയിൽ തന്നെ ഇരുന്നു.

“എന്താ എന്റെ കുട്ടിക്ക് ഇന്ന് ഒരു വിഷമം? ടീച്ചർ വഴക്ക് പറഞ്ഞോ?”

അവൾക്ക് ഏറ്റവും ഇഷ്ടമുള്ള പഴംപൊരി ഉണ്ടാക്കി അവർ അവളുടെ അടുത്തെത്തിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താ മോളെ ടീച്ചർ അടിച്ചോ എന്റെ കുട്ടിയെ?” അവർ വേവലാതിപ്പെട്ടു.

“ഇല്ല…. കുഞ്ഞുവാവ വന്നാൽ അച്ഛമ്മയ്ക്ക് എന്നെ വേണ്ടാതാവോ?എന്നോട് അച്ഛമ്മ എന്ന് വിളിക്കേണ്ട എന്ന് പറയുമോ?”

വാക്കുകൾ തേങ്ങലായപ്പോൾ അവരും അവളെ കെട്ടിപ്പിടിച്ചു വിതുമ്പി.

“അച്ഛമ്മയോട് ക്ഷമിക്കു മോളെ.. ആരൊക്കെ വന്നാലും നീയാണ് എന്റെ ആദ്യത്തെ പേരക്കുട്ടി. നീയാണ് എന്നെ ആദ്യം അച്ഛമ്മ എന്ന് വിളിച്ചത്. എന്റെ കുട്ടി കഴിഞ്ഞേ ഉള്ളൂ അച്ഛമ്മയ്ക്ക് ആരും.” കണ്ണുനീർ ഒഴുകുമ്പോഴും അവർ അവളെ തുരുതുരാ മുത്തം വച്ചു. അത് മറഞ്ഞുനിന്ന് നോക്കിയ ചിത്രയുടെ മിഴികളും നിറഞ്ഞൊഴുകി.

മാസങ്ങൾക്കിപ്പുറം ശ്രീക്കുട്ടിക്ക് ഒരു അനിയൻ ജനിച്ചു. ആദ്യമായി കുഞ്ഞിനെ ഏറ്റുവാങ്ങി അച്ഛമ്മ തന്റെ മടിയിൽ വയ്ക്കുമ്പോൾ അവൾ ആ കുഞ്ഞിനെ തന്നെ നോക്കിയിരുന്നു. അനിയൻകുട്ടൻ ആണ് ട്ടോ എന്റെ കുട്ടിക്ക്. അച്ഛമ്മ അത് പറഞ്ഞ നേരം അവൾ ആ നെറുകയിൽ സ്നേഹപൂർവ്വം ചുംബിച്ചു.