അവൾക്ക് ഒരിക്കലും പൂർണമായും ഒരു നല്ല ദാമ്പത്യജീവിതം എനിക്ക് സമ്മാനിക്കാൻ കഴിയില്ല. മനസ്സിൽ അടക്കിവെച്ച സ്നേഹം കൊണ്ട്..

(രചന: അംബിക ശിവശങ്കരൻ)

അന്നയോടൊപ്പം ആ വലിയ ഹോട്ടൽ മുറിക്കുള്ളിൽ കിടക്ക പങ്കിടുമ്പോൾ അയാളുടെ മനസ്സിൽ എവിടെയോ കുറ്റബോധം അലയടിച്ചിരുന്നു. പുതപ്പിനടിയിൽ തന്നോടൊപ്പം നഗ്നയായി കിടക്കുന്നത് മറ്റാരുമല്ല തന്റെ പ്രണയിനി ആയിരുന്നവൾ തന്നെയാണ്.. ആയിരുന്നവർ എന്ന് പറയുമ്പോൾ ഇപ്പോൾ അല്ല എന്നാണോ?

അയാൾ തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അന്നയുടെ മുടിയിഴകളിലൂടെ മെല്ലെ തലോടിക്കൊണ്ട് സീലിങ്ങിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു.

“എന്താ ജോൺ എന്താ ഇത്ര കാര്യമായി ആലോചിക്കുന്നത്?” തല ഉയർത്തി അയാളെ നോക്കി കൊണ്ട് അവൾ ചോദിച്ചു.

” ഹേയ്.. ഒന്നുമില്ല. ഞാൻ വെറുതെ.. ” അയാളുടെ മറുപടി കേട്ട് കുറച്ച് സമയം അവൾ മൗനമായി കിടന്നെങ്കിലും മനസ്സിനെ അലട്ടുന്ന എന്തോ ഒന്ന് ചോദിക്കാൻ എന്ന മട്ടിൽ അവൾ വീണ്ടും തല ഉയർത്തി.

“ജോൺ അലീനയെ കുറിച്ചല്ലേ ഓർക്കുന്നത്?”
അവളുടെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം അവളുടെ മുടിയിഴയിലൂടെ വെറുതെ തലോടിക്കൊണ്ടിരുന്നു.

“ചെയ്യുന്നത് തെറ്റാണെന്ന് തോന്നുന്നുണ്ടല്ലേ?” അവൾ ഇടറിയ സ്വരത്തിൽ ചോദിച്ചു.

” അങ്ങനെയല്ല അന്ന.. ഒരിക്കൽ നമ്മൾ ഒരുപാട് സ്നേഹിച്ചിരുന്നതാണ്. ഇങ്ങനെ ഒളിഞ്ഞും മറിഞ്ഞും അല്ലാതെ നമ്മുടേതായ നിമിഷങ്ങൾ ഒരുപാട് സ്വപ്നം കണ്ടതുമാണ്. പക്ഷേ വിധി നമ്മെ രണ്ടാളെയും രണ്ടിടങ്ങളിൽ കൊണ്ടെത്തിച്ചു. കട കെണിയിൽ നിന്നും രക്ഷിച്ച സുഹൃത്തിന്റെ മകൾക്ക് വേണ്ടി എന്റെ ജീവിതം കുരുതി കൊടുത്തപ്പോൾ വലിയൊരു പണച്ചാക്കിനെ കണ്ട് കണ്ണ് മഞ്ഞളിച്ചു നിന്റെ അപ്പനും അമ്മയും ആത്മഹത്യ ഭീഷണി മുഴക്കി നിന്റെ ജീവിതവും കുരുതി കൊടുത്തു. എന്നിട്ട് എന്തുണ്ടായി? വെറും ഒരു വർഷത്തെ ദാമ്പത്യത്തിനു ശേഷം അവർ നിനക്ക് വേണ്ടി കണ്ടുപിടിച്ചവൻ തന്നെ നിന്നെ വേണ്ടെന്ന് പറഞ്ഞു വലിച്ചെറിഞ്ഞു. എന്റെ ജീവിതത്തിൽ പക്ഷേ അതല്ലല്ലോ അവസ്ഥ അന്ന… കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത ഒരു അവസ്ഥ. അലീനയോട് എനിക്ക് ഇഷ്ടക്കേട് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നു പറയാൻ എനിക്കാവില്ല. അവളെന്നെ ആത്മാർത്ഥമായാണ് സ്നേഹിച്ചത്. സ്നേഹിച്ചത് എന്നല്ല സ്നേഹിക്കുന്നതും. പക്ഷേ ഒരു ദാമ്പത്യത്തിൽ സ്നേഹം പോലെ തന്നെ കാമത്തിനും പ്രാധാന്യമില്ലേ..?നമ്മുടെ വേർപാട് എന്നെ അത്ര വേഗത്തിൽ വിട്ടുമാറാത്തത് കൊണ്ട് തന്നെ ആദ്യ ദിവസങ്ങളിൽ ശാരീരിക പരമായ ഒരു അകൽച്ച ഞാൻ അവളോട് പാലിച്ചിരുന്നു.പിന്നീട് നിന്റെ വിവാഹം കഴിഞ്ഞപ്പോഴാണ് ഇനിയൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാം എന്ന് ഞാൻ തീരുമാനിച്ചത്. പാവം അവൾ എന്തു പിഴച്ചു?. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ കഴിഞ്ഞാണ് ഞാൻ ആ സത്യം അറിഞ്ഞത്. അത് കേട്ടപ്പോൾ സത്യത്തിൽ ഞാനാകെ തകർന്നുപോയി. അലീനയ്ക്ക് ആത്മീയതയിൽ മാത്രമാണ് താല്പര്യം ലൈംഗിക ബന്ധത്തിൽ താല്പര്യമില്ല എന്ന് . എങ്കിൽ പിന്നെ എന്തിന് ഈ വിവാഹത്തിന് തയ്യാറായെന്ന് ഞാൻ ചോദിച്ചു അന്നേരം അച്ഛന്റെ നിർബന്ധം കൊണ്ടാണെന്ന് അവൾ കരഞ്ഞു പറഞ്ഞപ്പോൾ പിന്നെ ആരെയും കുറ്റപ്പെടുത്താൻ എനിക്ക് തോന്നിയില്ല. അവൾ എന്നെ ഒരുപാട് സ്നേഹിച്ചു. ശരീരം ഒഴികെ ബാക്കിയെല്ലാം അവൾ എനിക്ക് പകുത്തു നൽകി. പക്ഷേ ഞാനൊരു പച്ചയായ മനുഷ്യനല്ലേ അന്ന.. തെറ്റാണെന്ന് അറിഞ്ഞിട്ടും ആരോടൊക്കെയോ ഉള്ള പക വീട്ടൽ എന്നോണം എന്നെ വീണ്ടും വീണ്ടും നിന്നിലേക്ക് അടുപ്പിച്ചതും അതാണ്. പക്ഷേ അപ്പോഴും അലീന ചെയ്ത തെറ്റ് എങ്ങനെ വ്യാഖ്യാനിക്കണം എന്ന് മാത്രം വ്യക്തമാകുന്നില്ല. ” അയാൾ ദീർഘമായി നിശ്വസിച്ചു.

അല്പസമയം അവർക്കിടയിൽ മൗനം തളം കെട്ടിനിന്നു.

” ഒരുപക്ഷേ എല്ലാം അവൾ അറിയുമ്പോൾ എങ്ങനെയാകും അലീന പ്രതികരിക്കുക എന്ന് ജോൺ ചിന്തിച്ചിട്ടുണ്ടോ? ” മൗനം ത്യജിച്ചത് അന്നയാണ്.

“അത് ഞാൻ ഇടയ്ക്കിടെ സങ്കൽപ്പിക്കാറുണ്ട്. അതുവരെ എന്നെ സ്നേഹിച്ചവൾ അന്നുമുതൽ എന്നെ വെറുത്തു തുടങ്ങും. ചിലപ്പോൾ ഒരു പൊട്ടിത്തെറി ആയിരിക്കും.ചതിയൻ എന്ന് ഉറക്കെ വിളിക്കും ആയിരിക്കും. അവളുടെ ജീവിതത്തിൽ നിന്ന് തന്നെ എന്നെ പറിച്ചെറിഞ്ഞേക്കും..”

” ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ ജോൺ? ”

“ഇല്ല.”
അയാൾ മറുത്ത് ഒന്ന് ചിന്തിക്കാതെ പറഞ്ഞു.

“വേണ്ടിയിരുന്നില്ല എന്ന് ഉറപ്പിച്ച് ഞാൻ അവൾക്കൊപ്പം ജീവിച്ചാലും ഞാൻ ഒരിക്കൽ പോലും സന്തോഷവാനായിരിക്കും എന്ന് അന്നക്ക് തോന്നുന്നുണ്ടോ? അവൾക്ക് ഒരിക്കലും പൂർണമായും ഒരു നല്ല ദാമ്പത്യജീവിതം എനിക്ക് സമ്മാനിക്കാൻ കഴിയില്ല. മനസ്സിൽ അടക്കിവെച്ച സ്നേഹം കൊണ്ട് മാത്രം ഒരു ദാമ്പത്യവും പൂർണമാകുന്നു എന്ന് ഞാൻ കരുതുന്നില്ല. ഒരു കെട്ടിപ്പുണരലിന്, ഒരു തലോടലിന്,ഒരു ചുംബനത്തിന് ഒക്കെയും ദാമ്പത്യത്തിൽ അത്രയേറെ പ്രാധാന്യമുണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് മനസ്സിലാക്കിയ വ്യക്തിയാണ് ഞാൻ. മഴ കാത്ത് കഴിഞ്ഞ വേഴാമ്പൽ ആയിരുന്ന എന്റെ ജീവിതത്തിലേക്ക് ഒരു വർഷക്കാലവും ആയി കടന്നുവന്ന നിന്റെ സാന്നിധ്യം ഞാൻ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നത്?”
അവളുടെ മിഴികൾ നിറഞ്ഞു.

പതിവുപോലെ ഉച്ചയ്ക്ക് ഒരുമിച്ച് ഊണും കഴിച്ചാണ് ഇരുവരും പിരിഞ്ഞത്. ബിസിനസ് ട്രിപ്പ് ആണെന്ന് കള്ളം പറഞ്ഞാണ് ജോൺ വീട്ടിൽ നിന്നിറങ്ങിയത് അതുകൊണ്ട് തന്നെ രണ്ടുദിവസം സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ചാണ് അയാൾ തിരികെ വീട്ടിലേക്ക് പോയത്.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി അതിനിടയിൽ പലവട്ടം ജോണും അന്നയും തമ്മിൽ കൂടിച്ചേരലുകൾ നടന്നു.അപ്പോഴൊക്കെയും അലീന പ്രാർത്ഥനയും ധ്യാനവും ഒക്കെയായി കഴിഞ്ഞുകൂടി.തന്റെ ഭർത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനുവേണ്ടി അവൾ മുട്ടിപ്പായി പ്രാർത്ഥിച്ചു.

അന്നൊരിക്കൽ അലീനയുടെ പിറന്നാൾ ദിവസം ആയിരുന്നു.ഇളം പിങ്ക് നിറത്തിൽ വെളുത്ത പൂക്കളുള്ള ഒരു കോട്ടൺ സാരി അന്ന സമ്മാനമായി അലീനയ്ക്ക് വേണ്ടി ജോണിന്റെ കയ്യിൽ ഏൽപ്പിച്ചു. ഭർത്താവ് നൽകിയ പിറന്നാൾ സമ്മാനം അവൾ സന്തോഷപൂർവ്വം ഇരുകൈയും നീട്ടി സ്വീകരിച്ചു.

” ഇച്ചായാ സമ്മാനം എനിക്കിഷ്ടപ്പെട്ടു അലീനയോട് പറഞ്ഞേക്കു.. ”

ഒരു പുഞ്ചിരിയോടെ അവളത് പറഞ്ഞതും ജോൺ നടുങ്ങി.

” എന്നാലും അലീന എങ്ങനെ….?” വലിയൊരു അപരാധം ചെയ്ത കുറ്റവാളി പിടിക്കപ്പെട്ടതുപോലെ അയാൾ അടിമുടി നിന്നു വിറച്ചു.

” ഇച്ചായൻ എന്തിനാ ഇങ്ങനെ നിന്ന് വിയർക്കുന്നത്? അലീനയെ പറ്റി എല്ലാം എനിക്കറിയാം. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നും അറിയാം. ” ഒരക്ഷരം പോലും ഉരിയാടാൻ ആകാതെ അയാൾ തലകുനിച്ചു നിന്നു.

“ദൈവമേ വലിയൊരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. ഇവൾക്ക് ഇതെങ്ങനെ ഇത്ര സൗമ്യമായി പെരുമാറാൻ കഴിയുന്നു? ഇനി തന്റെ മുന്നിൽ ഇവൾ അഭിനയിക്കുകയാണോ?”

” ഇച്ചായൻ എന്താ ചിന്തിക്കുന്നതെന്ന് എനിക്കറിയാം. ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നല്ലേ? ഇനി ആ ചോദ്യം മനസ്സിനെ അലട്ടേണ്ട ഞാൻ തന്നെ വ്യക്തമാക്കാം. ” അവൾ പറഞ്ഞു തുടങ്ങി.

” ഒരുമാസം മുന്നേ ഇച്ചായൻ തീരെ വയ്യാതെ പനിച്ചു കിടന്നത് ഓർമ്മയില്ലേ? അന്നാണ് അന്നയുടെ കോൾ എന്റെ ശ്രദ്ധയിൽപ്പെടുന്നത്. വിളിച്ചിട്ട് കിട്ടാഞ്ഞിട്ടുള്ള ആവലാതി കൊണ്ടാവണം അവൾ അന്ന് തുടരെത്തുടരെ വിളിച്ചത്. ഇച്ചായന് ബുദ്ധിമുട്ട് ആകേണ്ട എന്ന് കരുതി ഞാനാണ് അന്ന് ഫോൺ സൈലന്റ് മോഡിൽ ആക്കിയത്. തുടരെ തുടരെയുള്ള കോൾ കണ്ടപ്പോൾ എന്തോ അത്യാവശ്യ കാര്യമാണെന്ന് കരുതിയാണ് എടുത്തത്. എന്നാൽ എന്ത് പറ്റി ജോൺ എന്താ ഫോൺ വിളിച്ചിട്ട് എടുക്കാത്തെ എന്ന ഒരു സ്ത്രീശബ്ദം മറുതലക്കൽ കേട്ടത് മുതൽ നെഞ്ചിനുള്ളിൽ എന്തൊക്കെയോ വ്യാകുലതകൾ തിങ്ങിനിറഞ്ഞു. എന്റെ ശബ്ദം കേട്ടതും ആ ഫോൺകോൾ അവിടെ അവസാനിച്ചു. പക്ഷേ സത്യം അറിയേണ്ടത് എന്റെ ആവശ്യമായിരുന്നു. ഒടുക്കം എന്റെ നിർബന്ധത്തിനു വഴങ്ങി എല്ലാം അന്നയ്ക്ക് ഏറ്റു പറയേണ്ടിവന്നു. പക്ഷേ ഇച്ചായൻ ഇതൊന്നും ഇപ്പോൾ അറിയണ്ട എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. ”

അലീനയോട് എന്തു മറുപടി പറയണം എന്നറിയാതെ അയാൾ നിസ്സഹായനായി നിന്നു.

“അലീന മാപ്പ്… ഒന്നും മനപ്പൂർവമായിരുന്നില്ല.” അയാൾ തൊഴുതു പിടിച്ചു കൊണ്ട് പറഞ്ഞു.

“ഇച്ചായനെ ഞാൻ ഒരിക്കലും തെറ്റ് പറയില്ല.ഒരു കണക്കിന് പറഞ്ഞാൽ ഞാനല്ലേ ഇച്ചായന്റെ ജീവിതം നശിപ്പിച്ചത്. ഒരു നല്ല ഭാര്യയാകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഞാൻ ഇച്ചായനെ ചതിച്ചു. അത്രത്തോളം വരില്ലല്ലോ ഇച്ചായൻ എന്നോട് ചെയ്തത്. അന്നയോട് സംസാരിച്ചപ്പോൾ മനസ്സിലായി അവളും പാവമാണെന്ന് പാവം ഒരുപാട് കരഞ്ഞു. ഇവിടെ ഇപ്പോൾ ദുഷ്ടയായത് ഞാൻ മാത്രമല്ലേ?”

“അലീന പ്ലീസ്…”

“ഇല്ല ഇച്ചായാ.. ഇനിയെങ്കിലും ഞാൻ ഇച്ചായനെ മനസ്സിലാക്കിയേ പറ്റൂ. അന്ന അന്ന് എനിക്ക് വാക്ക് തന്നു നിന്റെ ഭർത്താവിനെ ഞാൻ ഒരിക്കലും തട്ടിയെടുക്കില്ലെന്ന്. എനിക്ക് അത് മതി. ഇച്ചായന്റെ ഭാര്യയായി എനിക്ക് ഇവിടെ കഴിഞ്ഞാൽ മതി. അമ്മച്ചിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇച്ചായൻ അന്നയെ ഇങ്ങോട്ട് കൊണ്ട് വരണം നമുക്ക് എല്ലാവർക്കും ഇവിടെ താമസിക്കാം. അന്നയോട് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട് ഒരാൾക്ക് രണ്ട് ഭാര്യമാർ ഉള്ളത് ലോകത്തിൽ ആദ്യത്തെ സംഭവമല്ലല്ലോ..? പതിയെ എല്ലാം എല്ലാവരും അംഗീകരിക്കും. എന്നും ഇച്ചായന്റെ മനസ്സിൽ ഒരിടം എനിക്കുണ്ടായാൽ മതി.. അത് മാത്രം മതി. എങ്കിൽ ശരി ഇച്ചായ പ്രാർത്ഥനയ്ക്ക് സമയമായി.” അവൾ അതും പറഞ്ഞ് അകത്തേക്ക് പോയി

നടന്ന സംഭവങ്ങൾ ഒന്നും തന്നെ ജോണിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.അവൾക്ക് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിഞ്ഞു എന്ന് അയാൾ അത്ഭുതപ്പെട്ടു. അവനപ്പോൾ തന്നെ ഫോൺ എടുത്ത് അന്നയെ വിളിച്ചു.

“സോറി ജോൺ. അലീന അന്ന് കെഞ്ചി ചോദിച്ചപ്പോൾ എനിക്ക് സത്യം പറയാതിരിക്കാൻ കഴിഞ്ഞില്ല. അവൾ എത്ര പാവമാണ് ജോൺ..ലോകത്ത് ഒരു പെണ്ണിനും അവളുടെ അത്ര ദയവുള്ള മനസ്സ് ഉണ്ടാകില്ല. ജോണിനോട് ആവശ്യപ്പെട്ടതൊക്കെയും അവൾ എന്നോടും പറഞ്ഞിരുന്നു.”

” ശരി അന്നാ ഞാൻ വിളിക്കാം. ”

ഫോൺ കട്ട് ചെയ്ത് അയാൾ വീണ്ടും അലീനയുടെ അടുത്ത് ചെല്ലുമ്പോൾ അവൾ കർത്താവിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുകയായിരുന്നു. ഇറുക്കി അടച്ച കൺപോളകളെ തട്ടി മാറ്റി കൊണ്ട് അന്നേരവും മിഴികൾ ഒഴുകിക്കൊണ്ടിരുന്നു..