(രചന: ഹേര)
“എങ്ങോട്ടെങ്കിലും ഇറങ്ങി പോടീ ശവമേ. നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തതോടെ എന്റെ കണ്ടക ശനി തുടങ്ങി.” കയ്യിലിരുന്ന കാലിയായ മദ്യ കുപ്പി തറയിലെറിഞ്ഞു പൊട്ടിച്ചിട്ട് അയാൾ ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി.
കരച്ചിൽ ശബ്ദം പുറത്ത് വരാതിരിക്കാനായി സീമ സാരി തുമ്പ് വായിൽ അമർത്തി അനങ്ങാതെ നിന്നു.
“നീയൊന്ന് ഒഴിഞ്ഞു പോയിരുന്നെങ്കിൽ കാണാൻ കൊള്ളാവുന്ന നല്ലൊരുത്തിയെ നല്ല സ്ത്രീധനം വാങ്ങി കെട്ടി കൊണ്ട് വരായിരുന്നു. അതെങ്ങനെയാ, നാശം ഒഴിഞ്ഞു പോവില്ലല്ലോ. സ്വന്തം വീട്ടുകാർക്ക് പോലും വേണ്ടാത്ത ജന്മം. ത്ഫൂ..” സുരേഷ് മുറ്റത്തേക്ക് നീട്ടി തുപ്പി.
സീമ ചുമരിലേക്ക് ചാരി കണ്ണീർ തുടച്ചു തറയിലേക്ക് ഇരുന്നു. കാൽ മുട്ടിൽ മുഖം അമർത്തി ശബ്ദം പുറത്ത് വരാതെ കരഞ്ഞു.
“എന്റെ മോന്റെ ജീവിതം തുലയ്ക്കാതെ എങ്ങോട്ടെങ്കിലും ഇറങ്ങി പോടി നാശമേ. അങ്ങനെ എങ്കിലും എന്റെ മോനൊന്ന് നന്നായി കാണട്ടെ ഞാൻ.”
സുരേഷിന്റെ കള്ള് കുടിയും ചീത്ത വിളിയും കേട്ട് സഹികെട്ടു അയാളുടെ അമ്മ മുറിക്ക് പുറത്ത് വന്ന് ഒച്ച ഉയർത്തി.
“എന്റെ അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിയ മൂന്ന് ലക്ഷം രൂപ സ്ത്രീധന തുക തന്നേക്ക്. ഞാൻ പോയ്കോളാം. നിങ്ങളെ അടിയും വഴക്കും കൊണ്ട് ഞാൻ മടുത്തു.” സഹികെട്ടാണ് അവൾ അത് പറഞ്ഞത്. കേട്ടതും സുരേഷ് പാഞ്ഞു വന്ന് അവളുടെ മുടിക്കുത്തിൽ പിടിച്ചു ചുമരിൽ ഒരിടി ഇടിച്ചു.
“ഈ രണ്ട് വർഷം ഇവിടെ ഓസിനു ഉണ്ടും ഉറങ്ങിയും കഴിഞ്ഞതല്ലേ. അതിന് ബദലായി ആ പൈസ ഞാൻ വസൂലാക്കി എന്ന് വിചാരിച്ചോ. അവള് കണക്ക് പറയാൻ വന്നേക്കുന്നു.
“നിന്റെ പൈസയൊന്നും ഇവിടെ ആരും എടുത്തു വച്ചിട്ടില്ല. എല്ലാം നിനക്ക് വായ്ക്കിരി ഇടാൻ വേണ്ടി തന്നെയാ ചിലവാക്കിയിട്ടുള്ളത്. അവന്റെ അടി കൊണ്ട് ചത്ത എനിക്ക് സമാധാനം പറയാൻ പറ്റൂല. നേരെ ചൊവ്വേ രണ്ടെണ്ണത്തിനും ഇവിടെ മര്യാദക്ക് ജീവിക്കാൻ പറ്റൂലങ്കി ഇവിടുന്ന് ഇറങ്ങി പോകുന്നതാ നിനക്ക് നല്ലത്.” മരുമോളെ നോക്കി പുച്ഛിച്ച ശേഷം സുരേഷിന്റെ അമ്മ മുറിയിലേക്ക് പോയി.
സുരേഷ് എന്തൊക്കെയോ പുലമ്പി കൊണ്ട് പുറത്തേക്കും പോയി.
തന്റെ ജീവിതം ഇങ്ങനെ ആയിപോയല്ലോ എന്നോർത്ത് സീമ തേങ്ങി.
കൂലിപ്പണിക്കാരനായ വാസുവിന്റെ മകളാണ് സീമ. അമ്മ വീട്ടമ്മയാണ്. അവൾക്ക് മൂത്തത് ഒരു ചേട്ടനുണ്ട്. സീമയുടെയും സഹോദരൻ സാജുവിന്റെയും വിവാഹം ഒരേ ദിവസം തന്നെ ആയിരുന്നു. . രണ്ട് വർഷം മുൻപാണ് സീമയെ സുരേഷിന് വിവാഹം ചെയ്ത് കൊടുക്കുന്നത്. സുരേഷിന് സ്റ്റേഷനറി കടയാണ്.
ഉള്ളതൊക്കെ നുള്ളിപ്പെറുക്കി ചോദിച്ച സ്ത്രീധനം കൊടുത്തു വാസു മകളെ കെട്ടിച്ചു വിട്ട് ഭാരം ഒഴിഞ്ഞു. വാർദ്ധക്യ സഹജമായ അവശത കൊണ്ട് മക്കളെ കല്യാണ ശേഷം വാസു ജോലിക്ക് പോയിട്ടില്ല. മകന്റ ചിലവിൽ അവനും ഭാര്യയും പറയുന്നത് കേട്ട് വാസുവും ഭാര്യയും ജീവിച്ചു പോവുകയാണ്. സാജുവിന് അമ്മായി അച്ഛന്റെ കോൺട്രാക്റ്റ് ഏറ്റെടുത്തു നല്ല രീതിയിൽ നടത്തി വരുകയാണ്.
കല്യാണം കഴിഞ്ഞു ആഴ്ച ഒന്ന് കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് സുരേഷിന്റെ കുടിച്ചിട്ടുള്ള ബഹളം. വയസ്സ് മുപ്പത്തി അഞ്ചു കഴിഞ്ഞിട്ടും പെണ്ണ് കിട്ടാതെ വന്നപ്പോൾ സീമയുടെ ആലോചനയ്ക്ക് അയാൾ സമ്മതം മൂളിയതാണ്. കറുത്ത് പൊക്കം കുറഞ്ഞ കാണാൻ അത്ര ഭംഗി ഇല്ലാത്ത സീമയോട് അവന് അത്ര താല്പര്യം തോന്നിയിരുന്നില്ല. ഒട്ടും സ്നേഹവും ഇല്ലായിരുന്നു.
പക്ഷേ രാത്രിയായാൽ കറുത്ത് കരിക്കട്ട പോലെ ഇരിക്കുന്ന ഭാര്യയെ കാമം തീർക്കാൻ അവന് വേണം. അവളുടെ താല്പര്യമോ ഇഷ്ടമോ ചോദിക്കാതെ ബലമായി കീഴ്പ്പെടുത്തും. എതിർത്താൽ സിഗരറ്റ് കൊണ്ട് മാറിടം പൊള്ളിക്കും.
വർഷമൊന്ന് കഴിഞ്ഞപ്പോൾ അവളെ അവന് മൊത്തത്തിൽ മടുത്തു. പിന്നെ അവളെ ഇറക്കി വിടാനായിരുന്നു സുരേഷിന്റെ ശ്രമം. സീമയെ ഉപേക്ഷിച്ചു വെളുത്ത പെണ്ണിനെ കെട്ടാൻ ആയിരുന്നു അവന്റെ മനസ്സിൽ. ഇപ്പോൾ രണ്ടാം കെട്ടിലും നല്ല സുന്ദരിയായ പെണ്ണിങ്ങളെ കിട്ടുമല്ലോ എന്നാണ് അവൻ ചിന്തിച്ചത്.
സീമയ്ക്ക് അവനെയും അവന്റെ വീട്ടുക്കാരെയും പോരുകൾ സഹിക്കാതെ നിവർത്തി ഇല്ലായിരുന്നു. കാരണം സ്വന്തം വീടെന്ന് പറഞ്ഞ് ചേട്ടൻ കുടുംബമായി താമസിക്കുന്നിടത്തേക്ക് കേറിചെല്ലാൻ അവൾക്ക് അവകാശമില്ല. എത്ര ബുദ്ധിമുട്ടും കഷ്ടപ്പാടും ആണെങ്കിലും അവിടെ തന്നെ പിടിച്ചു നിക്കണമെന്നും ബന്ധം ഉപേക്ഷിച്ചു വന്നാൽ ചേട്ടനും ഭാര്യയും വീട്ടിൽ കയറ്റില്ലെന്നിം അവരെ ചിലവിൽ കഴിയുന്ന തങ്ങൾക്കും നിന്നെ സഹായിക്കാൻ പറ്റില്ലെന്ന് സീമയോട് അവളുടെ അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്.
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ചേട്ടന്റെ വരുമാനത്തിൽ കഴിയുമ്പോ അവൻ പറയുന്നത് അല്ലെ അവർക്ക് അനുസരിക്കാൻ പറ്റു. കെട്ടിച്ചു വിട്ട പെങ്ങൾ ബന്ധം ഉപേക്ഷിച്ചു ചെന്നാൽ ചേട്ടനും ചേട്ടത്തിക്കും താൻ ഒരു അധികപറ്റായി തോന്നും. ഒരുപാട് നാൾ അവരെ ആശ്രയിച്ചു നിക്കാനും കഴിയില്ല. പത്താം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ളത് ജോലി കിട്ടാനും ബുദ്ധിമുട്ട് ആയിരിക്കും.
ഏതെങ്കിലും ഹോസ്റ്റലോ വാടക വീട്ടിലോ മാറി നിന്ന് കൂലിപ്പണി എടുത്തെങ്കിലും ജീവിക്കാമെന്ന് വച്ചാലും കരുതലിനായി എന്തെങ്കിലും ഒരു ചെറിയ തുക കൈയിൽ വേണം. അതോർത്താണ് അച്ഛൻ കൊടുത്ത സ്ത്രീധന തുക മടക്കി ചോദിച്ചത്. അത് ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. കേറിചെല്ലാൻ ഒരിടം ഇല്ലാത്തത് കൊണ്ട് തത്കാലം ഭർത്താവിന്റേം അമ്മേടേം ആട്ടും തുപ്പും സഹിച്ചു അവിടെ തന്നെ തുടരണമെന്ന് അവൾ തീരുമാനിച്ചു. എന്നെങ്കിലും നല്ല ബുദ്ധി തോന്നി സുരേഷ് മാറിയാലോ എന്നും സീമ ആഗ്രഹിച്ചു. പക്ഷേ അവളുടെ ആ പ്രതീക്ഷ ഒരിക്കലും നടക്കില്ലെന്ന് അന്ന് രാത്രി അവൾ തിരിച്ചറിയുകയായിരുന്നു.
പുറത്തേക്ക് പോയ സുരേഷ് രാത്രി ഒരുപാട് വൈകിയ ശേഷം കുടിച്ചു ബോധം മറഞ്ഞു കിടക്കയിലെത്തുമ്പോൾ സീമ ഉറങ്ങാതെ കിടപ്പുണ്ടായിരുന്നു.
സുരേഷ് ഒന്നുമറിയാതെ ഉറങ്ങുമ്പോ തന്റെ ജീവിതം വഴി മുട്ടിയത് ഓർത്ത് സങ്കടത്തിൽ കിടക്കയാണ് സീമ. അപ്പോഴാണ് അയാളെ ഫോണിൽ തുരുതുരെ മെസ്സേജ് നോട്ടിഫിക്കേഷൻ ഇടയ്ക്കിടെ വന്ന് കൊണ്ടിരുന്ന ശബ്ദം അവൾ ശ്രദ്ധിച്ചത്. സീമ അയാളെ മൊബൈൽ എടുത്തു നോക്കി.
ഫേസ്ബുക് വഴി പരിചയപ്പെട്ട ഏതോ ഒരു പെണ്ണിന്റെ മെസ്സേജ് ആയിരുന്നു അത്. കല്യാണം കഴിഞ്ഞു ഭർത്താവുള്ള ഒരുവളാണ് അതെന്ന് ചാറ്റ് വായിച്ചപ്പോ മനസിലായി. ജാനകി യെന്നാണ് പേര്. രണ്ടാളും ബന്ധം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു.
ഇടയ്ക്കിടെ ഹോട്ടൽ മുറിയിൽ ഒത്തു കൂടുകയും സെക്സ് ചാറ്റ് ചെയ്യുകയും അവളുടെ നഗ്നത വെളിവാക്കുന്ന ചിത്രങ്ങൾ അയച്ചിരിക്കുന്നതൊക്കെ കണ്ട് സീമയ്ക്ക് വിഷമം തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
തനിക്കിനി സ്നേഹമില്ലാത്ത തന്റെ ഭർത്താവിനൊപ്പം ജീവിക്കാൻ കഴിയില്ലെന്നും സുരേഷേട്ടന്റെ കൂടെ ജീവിക്കണമെന്നും എത്രേം പെട്ടെന്ന് എന്നെ വന്ന് കൊണ്ട് പോ എന്നൊക്കെ പറഞ്ഞുള്ള ജാനകിയുടെ മെസ്സേജും. അതിന് മറുപടിയായി സുരേഷ് ഏത് വിധേനയും ഭാര്യയെ ഒഴുവാക്കി നിന്നെ കൊണ്ട് പോകുമെന്നും കുറച്ചു സാവകാശം വേണമെന്നും പറഞ്ഞുള്ള ഭർത്താവിന്റെ മറുപടി കണ്ടപ്പോൾ സീമയ്ക്ക് ഉറപ്പായി അയാൾക്ക് തന്നെ ഒരു തരത്തിലും ഇനി വേണ്ടെന്ന്.
ഉറച്ച ഒരു തീരുമാനത്തോടെ തന്റെ ബാഗ് എടുത്തു ഡ്രസ്സ് എല്ലാം എടുത്തു വച്ച ശേഷം സുരേഷിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പൈസയും അയാളുടെ ശരീരത്തിൽ കിടന്ന മൂന്ന് പവന്റ മാലയും ഒരു പവന്റെ രണ്ട് മോതിരവും കൈ ചെയ്നും അവൾ ഊരി എടുത്തു. തന്റെ അച്ഛൻ സ്ത്രീധനമായി കൊടുത്ത പൈസയ്ക്ക് പകരമായി ആണ് അവൾ അതെടുത്തത്. അവിടുന്ന് ഇറങ്ങുമ്പോ ഒരു ജോലിയും താമസവും ശരിയാകുന്ന വരെ അത് വിറ്റ് എങ്കിലും ജീവിക്കാലോ എന്നാണ് അവൾ ചിന്തിച്ചത്.
ആരോടും ഒന്നും പറയാതെ ഞാൻ പോകുന്നു ഇനി തിരിച്ചു വരില്ല എന്ന് മാത്രം എഴുതി വച്ച ശേഷം സീമ പുതിയൊരു ജീവിതം തേടി ആ രാത്രി തന്നെ സുരേഷിന്റ വീട് വീട്ടിറങ്ങി. അവിടെ ഇനിയും കടിച്ചു തൂങ്ങി കിടന്നിട്ട് കാര്യമില്ലെന്ന് വൈകിയാണെങ്കിലും അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.