പിന്നീട് സ്വന്തം വീട്ടിലേക്ക് വരാനും ജന്മം നൽകിയവരെ കാണാനും അവൾ എത്ര പേരോട് അനുവാദം വാങ്ങണം, തിരിച്ചുവരേണ്ട..

(രചന: അംബിക ശിവശങ്കരൻ)

“ഈ ട്രാഫിക് ബ്ലോക്കും കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും അവൻ പോയിട്ടുണ്ടാകാതിരുന്നാൽ മതിയായിരുന്നു…”

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകൊണ്ട് വരുൺ വേവലാതി പ്രകടിപ്പിച്ചു.

” അല്ലെങ്കിലും നിനക്ക് റെഡിയാകാൻ തന്നെ ഒരു മണിക്കൂർ അല്ലേ? ”

എവിടെ പോകാൻ നേരം വൈകിയാലും കേൾക്കേണ്ടിവരുന്ന സ്ഥിരം ഡയലോഗ് കേട്ടവൾ എന്നത്തേയും പോലെ അന്തം വിട്ടിരുന്നു.

ഈ ഡയലോഗ് കേൾക്കാതിരിക്കാൻ വേണ്ടി അഞ്ചു മിനിറ്റ് മാത്രം എടുത്ത് റെഡിയായി വന്നതാണ്. കൂട്ടുകാരൻ ഗൾഫിലേക്ക് പോകുന്ന സങ്കടത്തിൽ ഇരിക്കുന്ന അവനോട് തർക്കിക്കാൻ നിൽക്കാതെ തൽക്കാലം അവൾ മിണ്ടാതിരുന്നു.

ട്രാഫിക് ബ്ലോക്ക് എല്ലാം കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും സുഹൃത്തായ വിമൽ എല്ലാവരോടും യാത്ര പറയുകയായിരുന്നു. വരുണിനെ കണ്ടതും അവൻ ഓടിവന്ന് വട്ടം കെട്ടിപ്പിടിച്ചു.

ആ ചേർത്ത് പിടിക്കലിൽ അവർ രണ്ടുപേരുടെയും മാത്രമല്ല ശ്രുതി അടക്കം കണ്ടുനിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു.

വിമലിനെ യാത്ര പറഞ്ഞയക്കുമ്പോൾ വരുണിന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.

“ഞങ്ങൾ ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ ആയിരുന്നു. അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് അവൻ കരഞ്ഞാൽ ഞാനും ഞാൻ കരഞ്ഞാൽ അവനും കൂടെ കരയുമെന്ന്.

വലുതായപ്പോഴും എല്ലാത്തിനും ഞങ്ങൾ ഒരുമിച്ച് ആയിരുന്നു. എന്നെ വിളിച്ച കല്യാണത്തിന് അവനും അവനെ വിളിച്ച കല്യാണത്തിന് ഞാനും കൂടെ പോകുമായിരുന്നു.

നാട്ടിലെ ഏതു പരിപാടിയും ഞങ്ങൾ ഒരുമിച്ച് ആഘോഷമാക്കിയിരുന്നു. പിന്നീട് ഇങ്ങോട്ട് താമസം മാറിയതിനു ശേഷമാണ് ഞങ്ങൾക്കിടയിൽ ചെറിയൊരു അകലം വന്നത്. എങ്കിലും അവൻ എനിക്ക് പ്രിയപ്പെട്ടവൻ തന്നെയാണ്.

പാവം… വീട്ടിലെ കഷ്ടപ്പാടുകൾ കാരണം പോകുന്നതാണ്. ഇല്ലെങ്കിൽ ഈ നാട് വിട്ട് അവൻ ഒരിക്കലും പോകില്ലായിരുന്നു. അവന് അത്രയേറെ പ്രിയപ്പെട്ടതാണ് നമ്മുടെ നാട്.”

തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നീണ്ട നേരത്തെ മൗനത്തിനു ശേഷമാണ് വരുൺ ശ്രുതിയോട് അത് പറഞ്ഞത്.

“ഹ്മ്മ് എനിക്കും നല്ല സങ്കടമായി വരുണേട്ടാ… എന്ത് ചെയ്യാനാണ് സാഹചര്യങ്ങൾ അല്ലേ?”

“ഹ്മ്മ്”

അവൻ മൂളിക്കൊണ്ട് ഡ്രൈവിംഗ് തുടർന്നു. പിറ്റേന്ന് ശ്രുതിയുടെ ബന്ധത്തിൽ ഒരു കല്യാണം കൂടാൻ ഉണ്ടായതുകൊണ്ട് തന്നെ നേരെ അവളുടെ വീട്ടിലേക്കാണ് യാത്ര തുടർന്നത്.

കുറെ നാളുകൾക്കു ശേഷം സ്വന്തം വീട്ടിലേക്ക് ചെന്നു കയറിയപ്പോൾ ഉള്ള അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. ചെന്ന പാടെ അവൾ എല്ലാവരെയും കെട്ടിപ്പിടിച്ചു.

“നിന്റെ കഴിക്കൽ കണ്ടാൽ തോന്നും ഇതുവരെ ആഹാരം കഴിക്കാതെ കിടക്കുവാണെന്ന് ഒന്നു മെല്ലെ കഴിക്ക് ശ്രുതി”

ആഹാരം കഴിക്കുന്നതിനിടെ ആർത്തിയോടെയുള്ള അവളുടെ കഴിക്കൽകണ്ട് അവനവളുടെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു.

“വരുണേട്ടന് അതൊക്കെ പറയാം…എത്ര നാളായി അമ്മയുടെ ഫുഡ് കഴിച്ചിട്ട്? ഞാൻ അവിടെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഇതാ..”

പിന്നീട് അവൻ ഒന്നും പറയാൻ നിന്നില്ല. കല്യാണം കൂടാൻ ശ്രുതിയുടെ ചേച്ചിയും ഭർത്താവും വന്നതോടെ പിന്നെ അവിടെ ഒരു ബഹളമയമായി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര വിശേഷങ്ങളുമായി അവർ അവരുടെതായ ലോകത്തു മുഴുകി.

പിറ്റേന്ന് കല്യാണം അതിഗംഭീരമായി തന്നെ നടന്നു. വൈകുന്നേരം ആകുംതോറും ശ്രുതിയുടെ ചിരി മാഞ്ഞു കൊണ്ടിരുന്നു.

” നാളെ പോയാൽ പോരേ വരുണേട്ടാ? ചേച്ചിയും നാളെ പോകുന്നുള്ളൂ.. എനിക്കും ചേച്ചിക്കും ഇന്നൊരു ദിവസം കൂടി ഒരുമിച്ച് ഇവിടെ കൂടാമല്ലോ… എത്ര നാളായി ഞങ്ങൾ ഒരുമിച്ച് കൂടിയിട്ട്. നാളെ രാവിലെ തന്നെ നമുക്ക് പോകാം പ്ലീസ്… ”

അവൾ ഒരു കുഞ്ഞിനെ പോലെ കെഞ്ചി.

” ഇതാണ് ശ്രുതി നിന്നെയും കൂട്ടി ഇവിടെ വരാൻ എനിക്ക് മടി.അവിടെ പോയിട്ട് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തുതീർക്കാൻ എന്ന് നിനക്ക് അറിയാവുന്നതല്ലേ? പോരാത്തതിന് അമ്മയ്ക്ക് സുഖമില്ലാതിരിക്കുകയും.

ഇതെല്ലാം അറിഞ്ഞു നീ ഇവിടെ നിൽക്കണം എന്ന് നിർബന്ധം പിടിക്കുകയാണെങ്കിൽ ആയിക്കോളൂ…. പക്ഷേ ഞാൻ ഇന്ന് തന്നെ പുറപ്പെടും. ”

പിന്നീട് അവൾ ഒന്നും തന്നെ മറുത്ത് പറഞ്ഞില്ല.

അച്ഛനോടും അമ്മയോടും ചേച്ചിയോടും യാത്ര പറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ അവളുടെ മനസ്സ് വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.

കല്യാണം കഴിഞ്ഞ് പടിയിറങ്ങുന്നതിനേക്കാൾ ഇരട്ടി വേദനയാണ് ഓരോ തവണയും വീട്ടിൽ വന്നു നിന്ന് പോകുമ്പോൾ. അവർ ആരുടെയും മുഖത്ത് നോക്കാൻ ശക്തിയില്ലാതെ കാഴ്ച മറയുവോളം അവൾ തലകുനിച്ചിരുന്നു.

“ഞാൻ ചോദിക്കാൻ മറന്നു ആതിരയുടെ ചെക്കന് എന്താ ജോബ്?”

” ഗവൺമെന്റ് ജോബ് ആണ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ. ”

കൺകോണിൽ മറഞ്ഞിരുന്ന കണ്ണീർ അവൻ കാണാതെ അവൾ ഒപ്പിയെടുത്തു.

“പാവം ഇറങ്ങാൻ നേരം എന്ത് കരച്ചിലായിരുന്നു. എനിക്കും സങ്കടം വന്നു.”

അവൾ ആത്മഗതം എന്നോണം പറഞ്ഞു.

“ഇതൊക്കെ ഇന്നത്തെ ഒരു ട്രെൻഡ് അല്ലേടോ… വെറും ഷോ.. ക്യാമറമാൻ സ്റ്റാർട്ട് പറയും കല്യാണ പെണ്ണും കുടുംബവും കരച്ചിൽ തുടങ്ങും.

എന്നിട്ട് ഒരു പാട്ടും ബാഗ്രൗണ്ട് ഇട്ട് സോഷ്യൽ മീഡിയയിൽ ഇട്ടാൽ നല്ല റീച്ചല്ലേ?? അല്ലാതെ ഇപ്പോൾ ഞാൻ നോക്കിയിട്ട് ഇതിൽ കരയാൻ മാത്രം ഒന്നുമില്ല ചെക്കന് നല്ല ജോലി, സ്റ്റാറ്റസ്, വെൽ സെറ്റിൽഡ് പിന്നെന്താ പ്രശ്നം?”

അവൻ അതിനെ നിസ്സാരവൽക്കരിച്ചു.

“അപ്പോൾ ഇന്നലെ വിമൽ പോയപ്പോൾ നിങ്ങൾ കരഞ്ഞതും ഷോ ഓഫ് ആയിരുന്നോ?”

അവൾ ഭാവമാറ്റം ഒന്നുമില്ലാതെ ചോദിച്ചു.

“അതുപോലെ ആണോ ഇത്? കല്യാണം കഴിഞ്ഞാലും എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാമല്ലോ?”

“ഞാൻ എത്ര നാളുകൾക്കുശേഷമാണ് എന്റെ വീട്ടിൽ വരുന്നതെന്ന് വരുണേട്ടന് അറിയുമോ?”

അവൻ മൗനം പാലിച്ചപ്പോൾ അവൾ തന്നെ ഉത്തരം പറഞ്ഞു.

“മൂന്നുമാസം”

“ഞാൻ മനസ്സിലാക്കിയിടത്തോളം ഗൾഫിലേക്ക് പോകുന്ന ഒരാളെക്കാൾ വേദനാജനകമാണ് കല്യാണം കഴിഞ്ഞ് പോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ”

“അത്രനാൾ സർവ്വതും ആയിരുന്ന വീട്ടിൽ നിന്നും, മാതാപിതാക്കളിൽ നിന്നും, കൂടപ്പിറപ്പുകളിൽ നിന്നും അവളെ എന്നെന്നേക്കുമായി മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടുകയാണ്.

ജീവിതത്തിൽ ഏതൊരു അച്ഛനും അമ്മയും നെഞ്ച് നീറിക്കൊണ്ട് സാക്ഷ്യം വഹിക്കുന്ന ഒരു മുഹൂർത്തമാണത്.സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഭൂരിഭാഗം പെൺകുട്ടികളും ആ പടിക്കൽ ഉപേക്ഷിക്കാറാണ് പതിവ്.”

” പിന്നീട് സ്വന്തം വീട്ടിലേക്ക് വരാനും ജന്മം നൽകിയവരെ കാണാനും അവൾ എത്ര പേരോട് അനുവാദം വാങ്ങണം?

തിരിച്ചുവരേണ്ട തീയതിയടക്കം കുറച്ചുകൂട്ടി അവളെ പറഞ്ഞയക്കുമ്പോൾ അത് അവൾ ജനിച്ചു വളർന്ന വീട് ആണെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ?

കുഞ്ഞുനാൾ മുതൽ തനിക്കൊപ്പം ഉണ്ടായ കൂടപ്പിറപ്പിന്റെ കൂടെ ഒരു രാത്രി കൂടി കഴിയാൻ ഭർത്താവിനോട് കെഞ്ചിയിട്ടും സാധിക്കാതെ വരുന്ന ഒരു പെണ്ണിന്റെ മനസ്സ് ആരറിയാൻ?

എത്ര വലിയ ജീവിതം കിട്ടും എന്ന് പറഞ്ഞാലും സ്വന്തം വീട് വിട്ടിറങ്ങുമ്പോൾ ഒരു പെണ്ണിനും അത് താങ്ങാൻ കഴിയില്ല. അത് മനസ്സിലാക്കണമെങ്കിൽ ഒരു പെണ്ണായി തന്നെ പിറക്കണം. അല്ലെങ്കിൽ ഒരു പെൺകുട്ടിയുടെ പിതാവായിട്ടെങ്കിലും….. ”

അവൾ പറഞ്ഞു നിർത്തിയതും അവന്റെ ഉള്ളിൽ എന്തോ ഒരു നോവ് പടർന്നു കയറി.വണ്ടി ബ്രേക്ക് ഇട്ട് റിവേഴ്സ് ഗിയർ എടുക്കുമ്പോൾ എന്താണെന്നറിയാതെ അവളിരുന്നു

” രാവിലെ പോകാം… അമ്മയെ ഞാൻ വിളിച്ചു പറഞ്ഞോളാം. സോറി. ”

സംഭവിക്കുന്നത് വിശ്വസിക്കാനാകാതെ അവൾ സന്തോഷം കൊണ്ട് അവന്റെ കയ്യിൽ മുറിച്ചു തിരികെ അവനും..