(രചന: അച്ചു വിപിൻ)
ഓ നീ വല്യ ശീലാവതിയൊന്നും ചമയെണ്ടടി…. നിന്റെ കയ്യിലിരിപ്പ് കൊണ്ടു തന്നാ എന്റെ മോൻ വേറൊരുത്തീടെ കൂടെ പോയത്,
നിന്നെ ഇങ്ങട് കെട്ടിയെടുത്ത അന്ന് തുടങ്ങീതാ എന്റെ കുഞ്ഞിന്റെ കഷ്ടകാലം. ഒക്കെ ഒപ്പിച്ചു വച്ചിട്ട് നിന്നു മോങ്ങുന്ന കണ്ടില്ലേ, ആരെ കാണിക്കാനാടി നിന്റെയീ കള്ളക്കണ്ണീര്?
അമ്മായിഅമ്മയുടെ ഓരോ വാക്കുകളും മുള്ളുകൾ പോലെന്റെ ഹൃദയത്തിൽ തറച്ചു കയറി.
ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും നോവിക്കാത്ത എന്നെയും പത്തു വയസ്സായ മോനെയും ഒറ്റക്കാക്കിയെന്റെ ഭർത്താവിന് അയാളെക്കാൾ പ്രായം കൂടിയ ഒരു സ്ത്രീയുമായി ഒളിച്ചോടാൻ എങ്ങനെ മനസ്സ് വന്നുവെന്നോർത്തപ്പോളെനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല.
രാവിലെ മുതൽ പച്ചവെള്ളം പോലും ഇറക്കാൻ സാധിക്കാതെ ഞാൻ ഒരേയിരുപ്പായിരുന്നു. മോനാണെങ്കിൽ അന്ന് രാത്രി പതിവിലും നേരത്തെ കിടന്നുറങ്ങി എനിക്കാണെങ്കിൽ കിടന്നിട്ടുറക്കവും വരുന്നില്ല.
ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചിട്ടൊരെത്തും പിടിയുമില്ല. അമ്മായിഅമ്മയുടെ കുത്തുവാക്കുകൾ കേൾക്കുമ്പോഴും ഭർത്താവ് കൂടെയുണ്ടല്ലോ എന്നതായിരുന്നു ആകെയുള്ള സമാധാനം ഇപ്പൊ അതും പോയി.ഇനി ആരെ പ്രതീക്ഷിച്ചാണ് ജീവിക്കുക.
ഇഷ്ടപ്പെട്ട ആളുടെ കൂടെ ഇറങ്ങി പോന്ന കാരണം തിരിച്ചു വീട്ടിലേക്കു ചെല്ലാൻ വയ്യാത്ത അവസ്ഥയാണ്.ഞാനും കുഞ്ഞും ഇനി എങ്ങനെ ജീവിക്കും ദൈവമേ?
എനിക്കാണെങ്കിൽ ഒരു ജോലി പോലുമില്ല.ഒരുപാടു തവണ ഓരോന്നാലോചിച്ച ശേഷo കുഞ്ഞിനേയും കൊണ്ടാത്മഹത്യ ചെയ്യാം എന്ന തീരുമാനത്തിൽ ഞാൻ എത്തിചേർന്നു.ആർക്കും വേണ്ടാത്ത ഞങ്ങടെ ജന്മം അങ്ങു തീരട്ടെ.
അരികിൽ ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നെറ്റിയിൽ അമർത്തിയൊരുമ്മ കൊടുക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണുനീരിനു പകരം പൊടിഞ്ഞത് ചോരയായിരുന്നു.
രാവിലെ നേരത്തെ എഴുന്നേറ്റു മോനേ കുളിപ്പിച്ച് റെഡിയാക്കി ഞങ്ങളുടേതായ കുറച്ചു സാധനങ്ങൾ ബാഗിലാക്കി.
അമ്മായിഅമ്മയുടെ മുന്നിൽ ചെന്നു ബാഗ് തുറന്നതിനുള്ളിലുള്ള സാധനങ്ങൾ ഒക്കെ തുറന്നു കാണിച്ച ശേഷം ഞാൻ പറഞ്ഞു, ഇനിയീ വീട്ടിൽ എന്റെ ആവശ്യമില്ല ഞാൻ പോകുന്നു. ഇതിൽ എന്റെയും മോന്റെയും കുറച്ചു വസ്ത്രം മാത്രമേയുള്ളു വേറെയൊന്നും ഞാൻ എടുത്തിട്ടില്ല.
ഞാൻ മോന്റെ കൈ പിടിച്ചാ വീടിന്റെ പടിയിറങ്ങി. എന്നോടെവിടെ പോകുന്നെന്നോ, എന്തിനു പോകുന്നെന്നോ ആ സ്ത്രീ ചോദിച്ചില്ല.മോനെയും കൊണ്ടു ഗേറ്റു കടക്കുമ്പോളവർ പുറകിൽ നിന്നു വാതിൽ കൊട്ടിയടക്കുന്ന ശബ്ദം ഞാൻ ഞെട്ടലോടെ കേട്ടു.
ഒരുപാടു സ്വപ്‌നങ്ങൾ കണ്ടുകൊണ്ടൊരുത്തന്റെ കൈ പിടിച്ചു കയറി വന്ന വീടാണ്.
ഇങ്ങനെ ഒരവസ്ഥയിൽ ഇറങ്ങിപ്പോരേണ്ടി വരുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. അല്ലെങ്കിലും നമ്മൾ കരുതുന്ന പോലൊന്നും നടക്കണമെന്നില്ലല്ലോ…
ഞാൻ മോന്റെ കൈ പിടിച്ചു വേഗത്തിൽ നടന്നു.റോഡിന്റെ സൈഡിൽ നിന്നും ചിലയാളുകൾ എന്നെ സഹതാപത്തോടെ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു.
നമ്മൾ എങ്ങടേക്കാ അമ്മേ പോണത്? എനിക്ക് വിശക്കുന്നു.നടക്കുന്നതിനിടയിൽ മോനെന്റെ നേരെ നോക്കി പറഞ്ഞു..
അല്പം നടന്ന ശേഷം കവലയിലെ കടയിൽ നിന്നും അവനിഷ്ടപ്പെട്ട പൊറോട്ടയും ചിക്കൻകറിയും മേടിച്ചു കൊടുത്തു.മരിക്കുന്നതിന് മുന്നേ അവനിഷ്ടമുള്ളത് തിന്നട്ടെ എന്നു ഞാൻ മനസ്സിൽ കരുതി……
ഭക്ഷണം കഴിച്ച കാശ് കൊടുത്ത ശേഷം ബാക്കി കിട്ടിയ 220രൂപ ബാഗിൽ തിരുകി വച്ചു,ഇനിയാകെ അതെ ഉള്ളു കയ്യിൽ.അല്ലെങ്കിലും ചാകാൻ പോകുന്നവനെന്തിനാ അധികം പണം ഞാൻ സ്വയം പിറുപിറുത്തു.
ബസ് സ്റ്റാൻഡ് വരെ നടന്ന ശേഷം ഞാൻ മോനെയും കൊണ്ടു ബസിൽ കയറി ഭൂതത്താൻ കെട്ടു ഡാമിലേക്ക് രണ്ടു ടിക്കറ്റ് എടുത്തു.
കൊച്ചിനെയും കൊണ്ടു വിഷം കഴിച്ചു മരിക്കാമെന്നാണ് ആദ്യം കരുതിയിരുന്നത് പക്ഷെ എന്റെ കൈകൊണ്ടവന് വിഷം കൊടുക്കാൻ മനസ്സനുവദിച്ചില്ല,നൊന്തു പെറ്റു പോയില്ലേ?
തല നിറയെ മുടിയുമായി സർക്കാരാശുപത്രിയിലെ പ്രസവ മുറിയിൽ വെച്ചെന്റെ നെഞ്ചിലേക്ക് കമല ഡോക്ടർ ചേർത്ത് വെച്ച കുഞ്ഞിനു വിഷം വാരി നൽകാൻ എനിക്ക് കഴിയുമായിരുന്നില്ല.
അവനെ ഒറ്റക്കാക്കി മരിക്കാനും വയ്യ, ആരുമില്ലാതെ എന്റെ മോൻ വളരുന്നത് സഹിക്കാനും വയ്യ ഒടുക്കം മോനെയും കൊണ്ടു പുഴയിൽ ചാടി മരിക്കാം എന്ന തീരുമാനത്തിൽ ഞാൻ എത്തി ചേരുകയായിരുന്നു,എല്ലാം അതോടെ തീരട്ടെ…
അരമണിക്കൂറിനു ശേഷം ഡാമിനടുത്തുള്ള സ്റ്റോപ്പിൽ ബസ് നിറുത്തി. ഞാൻ മോനെയും കൊണ്ടിറങ്ങിയ ശേഷം ഡാമിന് സമീപത്തേക്കു നടന്നു.
അവിടെയെങ്ങുമാരുമുണ്ടായിരുന്നില്ല. കുറച്ചു മുന്നോട്ട് നടന്ന ശേഷം സന്ദർശകർക്കിരിക്കാൻ പണിതിട്ടിരിക്കുന്ന സിമന്റു ബഞ്ചിൽ ഞാൻ മോനെയും കൊണ്ടിരുന്നു.
നമ്മൾ എന്തിനാണമ്മേ ഇവിടെ വന്നിരിക്കുന്നത്?.
അച്ഛൻ എന്താണമ്മേ ഇന്നലെ വരാഞ്ഞത്? അച്ഛൻ നമ്മളെ ഇട്ടിട്ടെവിടെയാ പോയത്?
നിഷ്കളങ്കമായി ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുന്ന മോനെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു, നമ്മൾക്കിനിയാരുമില്ല മോനെ….
അച്ഛൻ നമ്മളെ ഉപേക്ഷിച്ചു സ്വന്തം സുഖം നോക്കിപ്പോയി. നമ്മളിവിടെ മരിക്കാനാണ് വന്നത്. ദേ നോക്കു ആ ഡാമിൽ ചാടി നമ്മള് മരിക്കും. മരിക്കാൻ മോനു പേടിയുണ്ടോ?ഞാനവന്റെ ചുരുണ്ട മുടിയിൽ തലോടി…
അവനെന്റെ നേരെ ഒന്നും മിണ്ടാതെ കണ്ണു മിഴിച്ചു നോക്കി.പത്തു വയസ്സേയുള്ളുവെങ്കിലും പ്രായത്തിൽ കഴിഞ്ഞ പക്വത അവനുണ്ടായിരുന്നു.
വാ എണീക്കു.. ഞാൻ കയ്യിലിരുന്ന ബാഗ് അവിടെ വെച്ചിട്ട് അതിൽ നിന്നും ഒരു ഷോളെടുത്തു കയ്യിൽ പിടിച്ചു.മോന്റെയും എന്റെയും കൈകകൾ കൂട്ടി കെട്ടി പുഴയിലേക്ക് ചാടാമെന്നാണ് ഞാൻ കരുതിയത്.മരിക്കുമ്പോഴും എന്റെ മോൻ എന്നോട് ചേർന്നിരിക്കട്ടെ….
ഞങ്ങൾ രണ്ടാളും ചാടാൻ തയ്യാറായി പാലത്തിന്റെ കൈവരിയോട് ചേർന്നു നിന്നു.ഷോളു കൊണ്ടു കൈകൾ പരസ്പരം കൂട്ടിക്കെട്ടാനായവന്റെ കൈകൾ ചേർത്ത് പിടിക്കുമ്പോളെന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കിയ ശേഷം അവനെന്റെ മുഖമുയർത്തി ചോദിച്ചു, നമ്മൾ എന്ത് തെറ്റാണമ്മേ ചെയ്തത്?
കണ്ണുനീർ തുടച്ച ശേഷം ഞാനവനോട് പറഞ്ഞു,നമ്മളൊരു തെറ്റും ചെയ്തിട്ടില്ല മോനെ…
പിന്നെ എന്തിനാണ് തെറ്റ് ചെയ്യാത്ത നമ്മൾ മരിക്കുന്നത്?
നമ്മൾക്കാരുമില്ല മോനെ.നമുക്കിനി മുന്നോട്ട് ജീവിക്കാനൊരു വഴിയുമില്ല.ഞാൻ സാരിത്തലപ്പ് കൊണ്ടു മൂക്കള തുടച്ചു..
ആരുപറഞ്ഞു നമുക്കാരുമില്ലെന്നു? അമ്മക്ക് ഞാനില്ലേ,എനിക്കമ്മയില്ലേ?
കണ്ണു കാണാത്ത കുമാരേട്ടൻ കവലയിൽ ലോട്ടറി വിറ്റു ജീവിക്കുന്നില്ലേ? ഒരു കയ്യില്ലാത്ത രമണി ചേച്ചി മീൻ വിറ്റു ജീവിക്കുന്നില്ലേ?രണ്ടു കാലുമില്ലാത്ത ദിവാകരൻ കൊച്ചച്ചൻ തട്ടുകട നടത്തി ജീവിക്കുന്നില്ലേ?
ഇവർക്കൊക്കെ ജോലിയെടുക്കാമെങ്കിൽ ഒരു വയ്യായ്കയും ഇല്ലാത്ത അമ്മക്കെന്തെങ്കിലും ജോലി ചെയ്തുകൂടെ?
അമ്മ പറയാറില്ലേ മോൻ പഠിച്ചു വല്യ ആളാവണo അമ്മയെ നല്ലോണം നോക്കണമെന്നൊക്കെ, ഞാൻ വലുതാവുമ്പോ അമ്മയെ നല്ലോണം നോക്കിക്കോളാം, അതുവരെ അമ്മക്കെന്നെ നോക്കിക്കൂടെ?
പുഴയിൽ ചാടിയ ശേഷം ഞാൻ മാത്രം മരിച്ചു പോയിട്ട് അമ്മ മാത്രം രക്ഷപ്പെട്ടാൽ അമ്മക്കത് സഹിക്കാൻ പറ്റുമോ? അതുപോലെ അമ്മ മരിച്ചിട്ടു ഞാൻ രക്ഷപെട്ടാൽ പിന്നീടെനിക്കാരുണ്ട്?
അവൻ എന്റെ കണ്ണുനീർ തുടച്ചു കൊണ്ടു പറഞ്ഞു, നമുക്ക് മരിക്കണ്ടമ്മേ ഇപ്പോളമ്മ എന്നെയും കൊണ്ടു മരിച്ചാൽ അത് നമ്മൾ തോൽക്കുന്നതിനു തുല്യമാണ്.എന്റെയമ്മ തോൽക്കുന്നതെനിക്കിഷ്ടമല്ല. അച്ഛൻ പോണെങ്കിൽ പോട്ടെ അമ്മക്ക് കൂട്ടായി ഞാനില്ലേ?
പത്തു വയസ്സായ കുഞ്ഞിന്റെ വാക്കുകൾ കേട്ടെനിക്കത്ഭുതം വന്നുപോയി. കയ്യിലിരുന്ന ഷോളാ ഡാമിലേക്ക് വലിച്ചെറിഞ്ഞ ശേഷം അവനെ കെട്ടിപ്പിടിച്ചു ഞാനുറക്കെ കരഞ്ഞു. അവന്റെ നെറ്റിയിലും കവിളിലും ഞാൻ തുരുതുരെയുമ്മ വെച്ചു.
ഞാൻ കരയുന്നത് കണ്ടിട്ടാവണം അവനെന്നെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, അമ്മേ എന്നെ മലയാളം പഠിപ്പിക്കുന്ന വാര്യരു സാറ് പറഞ്ഞിട്ടിട്ടുണ്ട് മനുഷ്യർ പരിശ്രമിക്കാതെ ഒരിക്കലും തോൽക്കരുത്, ജീവിതം വഴിമുട്ടുമ്പോൾ ആത്മഹത്യയും ചെയ്യരുതെന്ന്.ആത്മഹത്യ ഒന്നിനും പരിഹാരമല്ലമ്മേ..
നമ്മൾ മരിച്ചാൽ കരയാൻ പോലും ആരുമില്ല, പിന്നെന്തിനു നമ്മൾ മരിക്കണം? അമ്മക്കു വിഷമം ഉണ്ടെങ്കിൽ അമ്മ നല്ലോണം കരഞ്ഞോളൂ പക്ഷെ ഇനിയൊരിക്കലും എന്റെയമ്മ കരയരുത്.
ഇല്ല മോനെ നമ്മൾ മരിക്കുന്നില്ല. അമ്മയിനി കരയില്ല.മോൻ പറഞ്ഞതാണ് ശരി നമ്മളെന്തിനു മരിക്കണം?നമുക്ക് ജീവിക്കണം, എല്ലാരുടെയും മുന്നിൽ തലയുയർത്തി തന്നെ നമ്മൾ ജീവിക്കും. എനിക്ക് ധൈര്യവും ആത്മവിശ്വാസവും പകരാൻ നീയുള്ളപ്പോൾ ഈയമ്മ തോൽക്കുന്നതെങ്ങിനെ?
അവനെന്റെ കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു എന്നാലമ്മ വരൂ, ഇവിടെ നിന്നും നമുക്ക് പോകാം…….
അവനെന്റെ നേരെ നീട്ടിയ കൈകളിൽ ആത്മവിശ്വാസത്തോടെ ഞാൻ മുറുകെ പിടിക്കുമ്പോളാ കൈകൾക്കു മുൻപില്ലാത്ത വണ്ണം നല്ലുറപ്പുണ്ടായിരുന്നു…..
എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി ജീവിതം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ച ഞാൻ അതേ ജീവിതത്തിലേക്ക് തിരികെ നടക്കുമ്പോളെന്റെ ഇടം കയ്യിൽ ചേർത്ത് വെച്ച വലം കയ്യോടെ കരുത്തായി, താങ്ങായി,തണലായി ആണൊരുത്തൻ കൂടെയുണ്ടായിരുന്നു…….
NB: ജീവിതം ഒന്നേയുള്ളു,നമ്മൾ തോൽക്കണം എന്നു കരുതുന്നവരുടെ മുന്നിൽ ഒരിക്കലും തോറ്റുകൊടുക്കാതെ ജയിച്ചു കാണിക്കണം, അതാണ് വേണ്ടത്. ആ ത്മഹത്യ ഒന്നിനും പരിഹാരമല്ല.