എനിക്ക് ഒരു മോളെ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ ദൈവം നൽകിയത് രണ്ടും ആണ്മക്കളെയാണ്..

(രചന: അച്ചു വിപിൻ)

ഓ നിനക്ക് രണ്ടും  ആൺമക്കൾ ആണല്ലോ  കോളടിച്ചല്ലോടി?എന്നെ കണ്ടോ രണ്ടും പെണ്ണ്..ഹാ ഇനി എന്തുമാത്രം സമ്പാദിച്ച പറ്റും എന്നാലും നിന്റെ ഒക്കെ ഒരു യോഗമേ..

ആൺകൊച് ഉണ്ടാകാൻ നീ എന്താ ചെയ്തത് പതിവില്ലാത്ത  വല്ല വഴിപാടും കഴിച്ചോ?എന്നോടും കൂടി പറയെടി…

ഓരോ ആളുകൾ കാണുമ്പോൾ എന്നോട് പറയുന്ന വാക്കുകൾ ആണിത്..

അതെന്താ അങ്ങനെ പറഞ്ഞത്? എനിക്ക് ആൺമക്കൾക്കു പകരം പെണ്മക്കൾ ആയിരുന്നെങ്കിൽ മിന്നലടിക്കുമായിരുന്നോ?

അതല്ലടി നിനക്ക് കെട്ടിച്ചു വിടാൻ പെങ്കൊച്ചില്ലല്ലോ അത്കൊണ്ട് തന്നെ സ്ത്രീധനം കൊടുക്കണ്ട ഭാവിയിലേക്ക് ഒന്നും സമ്പാദിച്ചു വെക്കേണ്ട ശോ എന്ത് സുഖാല്ലേ?നിനക്കിനി വെറുതെ ഇരിക്കാലോ ഒക്കെ മക്കൾ നോക്കുമല്ലോ ഇനി…

ബലേ ഭേഷ്…

ഇത്തരം വർത്താനം എന്നോട് പറയുന്ന  മറുതകളെ  എനിക്ക് നിങ്ങളോട് പറയാൻ ഉള്ള മറുപടി ഇതാണ്..

ആണ്മക്കളെ പ്രസവിക്കുന്ന അമ്മമാർ ഹായ് എനിക്ക് ആൺകുട്ടിയാണ്, അത്കൊണ്ട് പേടിക്കാൻ ഇല്ല ഇവൻ ഇവിടെ എവിടേലും കിടന്നോട്ടെ എങ്ങനേലും വളർന്നോളും ഞാൻ പോയി വെറുതെ ഇരിക്കട്ടെ എന്ന് ചിന്തിക്കാറില്ല..
അവനെ എടുക്കണം,കുളിപ്പിക്കണം ഉറക്കണം,

പാൽ കൊടുക്കണം,വലുതാവുന്ന വരെ നോക്കണം നല്ല വസ്ത്രങ്ങൾ മേടിച്ചു കൊടുക്കണം, നല്ല വിദ്യാഭ്യാസം കൊടുക്കണം  ഇതൊക്കെ ചിലവില്ലാതെ ആണോ സുഹൃത്തേ നടക്കുന്നത്?
കടയിൽ സാധനങ്ങൾ മേടിക്കാൻ,

അസുഖം വരുമ്പോൾ ആശുപത്രിയിൽ അല്ലെങ്കിൽ സ്കൂളിൽ ചേർക്കാൻ ചെല്ലുമ്പോ ഹോ നിങ്ങക്ക് ആൺകുട്ടി അല്ലെ അത്കൊണ്ട് ഇവിടെ കാശുവേണ്ട ഫ്രീ ആണ് എന്ന് അവിടെ ഇരിക്കുന്നവർ പറയാറില്ല.. ആണായാലും പെണ്ണായാലും ഒരുപോലെ കാശു കൊടുക്കണം ശരിയല്ലേ?

പിന്നെ സമ്പാദിക്കുന്ന കാര്യം? അതെന്താ ആൺകുട്ടി ഉണ്ടായ കെട്ടിക്കണ്ട എന്ന് കരുതി ഒന്നും സമ്പാദിക്കണ്ടേ? അപ്പൊ വലുതാവുമ്പോ അവനു കേറിക്കിടക്കാൻ  വീടൊന്നും വേണ്ടേ?

അവൻ വലുതാവട്ടെ അപ്പൊ വേണോങ്കി തന്നെ പണിതോളും എന്ന് കരുതി നമ്മൾ നോക്കി ഇരിക്കണോ?മക്കൾ അതാണായാലും പെണ്ണായാലും നമ്മൾ കഷ്ടപ്പെടുന്നത് നമ്മടെ മക്കൾക്ക്‌ വേണ്ടിയാണ് എന്നത് ഈ പറയുന്നവർ ആദ്യം മനസ്സിലാക്കുക..

അയ്യോ എനിക്ക് പെൺകുട്ടി ആയിപ്പോയി എന്ന് പറഞ്ഞു വേവലാതിപ്പെടുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്..എന്തിനു വേണ്ടി നിങ്ങൾ ആകുലപ്പെടുന്നു ?

നിങ്ങൾ അവരെ നല്ലോണം വളർത്തു നല്ല വിദ്യാഭ്യാസം കൊടുക്കു,ഒരമ്മക്ക് എന്നും സഹായത്തിനു ആദ്യം ഓടി വരുന്നത് ഒരു “മകൾ” ആണെന്ന് നിങ്ങൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല..

ഈ പറയുന്ന എന്റെ “ആൺ മക്കൾ” എന്നെ വയസ്സ് കാലത്ത് നോക്കും എന്ന് എനിക്ക് യാതൊരു ഉറപ്പും പറയാൻ പറ്റില്ല.. അതൊക്കെ എന്റെ  യോഗം പോലെ ഇരിക്കും…

വേറെ ചിലർ ഉണ്ട് പെണ്മക്കൾ ഉള്ള അമ്മമാർ പാപം ചെയ്തവരത്രെ പുണ്യം ചെയ്യാത്ത കൊണ്ടാണ് പെണ്മക്കൾ ഉണ്ടാകാത്തത് എന്ന് പറയുന്ന വേറെ കുറെ ടീംസ് ഉണ്ട് അതങ്ങനെ കുറെ പാഴുകൾ..

അങ്ങനാണേൽ പെൺകുഞ്ഞിനെ പ്രസവിക്കാത്ത
ഗോവിന്ദച്ചാമിയുടെ അമ്മയൊക്കെ ഒടുക്കത്തെ പുണ്യം ചെയ്തവർ ആകണമല്ലോ അല്ലെ?നല്ല പുണ്യം അല്ലെ ആ അമ്മക്ക് മകനിലൂടെ കിട്ടിയത്..

ഫേസ് ബുക്ക്‌ തുറന്നാൽ കാണാം കുറെ അധികം വാചകങ്ങൾ വളർത്താൻ അർഹത ഉള്ളവർക്കേ പെണ്മക്കൾ ഉണ്ടാകു,അച്ഛന്റെ പുണ്യമാണ് പെണ്മക്കൾ എന്നൊക്കെ അതെന്താ അർഹത ഉള്ളവർക്കും പുണ്യമുള്ളവർക്കും ആൺമക്കൾ ഉണ്ടായാൽ ഉള്ളതൊക്കെ നശിച്ചു പോകുമോ?

ആൺമക്കൾ പുണ്യം പെണ്മക്കൾ ഐശ്വര്യം എന്നൊക്കെ പറയുന്ന ഈ രീതി മാറ്റി ആണായാലും പെണ്ണായാലും “മക്കൾ ആണ് അച്ഛനമ്മമാരുടെ പുണ്യം”എന്ന് പറയു…

എനിക്ക് ആണായിപ്പോയി അല്ലെങ്കി പെണ്ണായിപ്പോയി എന്ന് പരാതി പറയുന്നവർ മക്കളില്ലാത്ത അച്ഛനമ്മമാരെ കണ്ടിട്ടുണ്ടോ?

ഏതെങ്കിലും ഒരു കുഞ്ഞിനെ മതി എന്ന് പ്രാർഥിക്കുന്ന അവരുടെ കണ്ണിലെ വേദന നിങ്ങൾ കണ്ടിട്ടുണ്ടോ?ഒരിക്കലെങ്കിലും അവരുടെ വേദന മനസ്സിലാക്കുന്നവർ ഞങ്ങൾക്ക് വിചാരിച്ചപോലെ ഒരു  കുഞ്ഞുണ്ടായില്ലല്ലോ എന്ന് പറയില്ല..

എനിക്ക് ഒരു മോളെ വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ദൈവം നൽകിയത് രണ്ടും ആണ്മക്കളെയാണ് ഞാൻ ആഗ്രഹിച്ച പോലെ ഒരു മകളെ കിട്ടിയില്ല എന്ന് കരുതി അവരെ സ്നേഹിക്കാതിരിക്കാൻ എനിക്ക് കഴിയില്ല കാരണം ഞാൻ ഒരമ്മയല്ലേ?

സ്വന്തം മക്കടെ മുന്നിൽ വെച്ച് ഞാൻ ഉദ്ദേശിച്ച കുഞ്ഞെനിക്കുണ്ടായില്ല എന്ന് നിങ്ങൾ പറയുമ്പോൾ ആ മക്കളുടെ മനസ്സിലെ വേദന എത്രത്തോളമായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

ആണ്മക്കൾ അല്ലെങ്കി പെണ്മക്കൾ അതൊക്കെ നമ്മൾ മനസ്സിൽ ആഗ്രഹിച്ച പോലെ കിട്ടണം എന്നില്ല..

ദൈവാനുഗ്രഹം കൊണ്ട് അവനവനു കിട്ടിയ മക്കൾ അതാണവട്ടെ പെണ്ണാവട്ടെ അവരെ വേർതിരിച്ചു കാണാതെ സ്നേഹം കൊടുത്തു വളർത്തുക ഇല്ലെങ്കിൽ ഞാൻ ഇവന്റെ, ഇവളുടെ അച്ഛൻ ആണ്, അമ്മയാണ് എന്ന് പറയാൻ ഉള്ള യോഗ്യത നിങ്ങൾക്കില്ലാതാവും…

NB:ഇനി ഇമ്മാതിരി കൊനിഷ്ടുപിടിച്ച വർത്താനം എന്നോട് പറയുന്നവരെ പടക്കം കത്തിച്ചെറിയും ഞാൻ…

Leave a Reply

Your email address will not be published. Required fields are marked *