ഏട്ടാ സ്ത്രീകളുടെ വിഷമം ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല അത് മനസ്സിലാവണം എങ്കിൽ ഏട്ടനും..

സ്പർശം
(രചന: അച്ചു വിപിൻ)

ഓ നീ മാത്രല്ലേ ലോകത്ത് പെണ്ണായിട്ടുള്ളു… എടി വേറാരൊടും ആളുകൾ ഇങ്ങനെ പെരുമാറുന്നില്ലല്ലോ?

നീ മര്യാദക്ക് നിന്നാൽ ഒരാണും നിന്നെ ഒന്നും ചെയ്യില്ല അവസരം നീയായിട്ടു ഉണ്ടാക്കി കൊടുത്തിട്ടാവും ആണുങ്ങൾ മേത്തോട്ടു കയറാൻ വരുന്നത് ഈ പെണ്ണിന് എന്നും എപ്പഴും പരാതി ഒഴിഞ്ഞിട്ട് നേരമില്ല,

അവൻ കയറി പിടിച്ചു ഇവൻ തോണ്ടി മറ്റവൻ സൈറ്റ് അടിച്ചു കാണിച്ചു എന്നൊക്കെപറഞ്ഞു എന്നും പരാതിപറച്ചിൽ ആണ് കേട്ടു കേട്ടു മടുത്തു….

എടി പെണ്ണായ അല്പസ്വല്പം അടക്കോം ഒതുക്കോം വേണം അതെങ്ങനാ അപ്പൻ മോക്കെല്ലാം വളം വെച്ചു കൊടുത്തേക്കുവല്ലേ അപ്പൊ ഇങ്ങനെ ഒക്കെ വന്നില്ലെങ്കിലേ അത്ഭുതമുള്ളു.. ഹോ എന്നും ഇതൊരു പതിവാണിപ്പോൾ അമ്മ പെങ്ങടെ  നേരെ ഉറഞ്ഞു തുള്ളുവാണ്…

അമ്മയൊന്നു മിണ്ടാതിക്ക് പ്രശ്നമെന്തെന്ന് ഞാൻ ചോദിച്ചോളാം.. ഞാൻ അവളെയും വിളിച്ചു മുകളിലേക്കു പോയി…

ഡീ അമ്മ പറയുന്നത് കേട്ടു നീ വിഷമിക്കണ്ട.. എന്നോട് പറ ശരിക്കും എന്താ ഉണ്ടായേ..

എന്റേട്ടാ ബസിൽ വെച്ച് ഒരുത്തൻ എന്നെ കയറിപ്പിടിച്ചു ഞാൻ അവനിട്ടു ഒന്ന് പൊട്ടിച്ചു അത് വടക്കേലെ ശാന്തേച്ചി അമ്മയോട് പറഞ്ഞു അത്രേയുള്ളൂ…

എടി അമ്മ നിന്റെ നല്ലതിന് വേണ്ടിയല്ലേ പറഞ്ഞെ അല്പം നീയും ശ്രദ്ധിക്കണം..

ഉവ്വ അമ്മക്ക് അങ്ങനൊക്കെ പറയാം പുറത്തിറങ്ങി നടക്കുന്നത് ഞാനാ.. എന്നെ കയറിപ്പിടിച്ചോ നിന്ന് തരാം എന്ന് ഞാൻ മേത്തു ബോർഡെഴുതി വെച്ചിട്ടൊന്നുമില്ല പിന്നെ വല്ലവനും എന്റെ അനുവാദം ഇല്ലാതെ മേത്തു തൊട്ടാൽ ഞാൻ മുഖമടച്ചു കൊടുക്കും അതിപ്പോ ഏതവനായാലും ശരി…

അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു..

എടി മോളെ നീ ചെയ്തത് ശരിയല്ല എന്നൊന്നും
ഏട്ടൻ പറയുന്നില്ല പക്ഷെ ബസിൽ കിടന്നിങ്ങനെ അടി കൂടുക എന്നൊക്കെ പറഞ്ഞാൽ അത് ശരിയാണോ അഥവാ അങ്ങനെ ഒരു പ്രശ്നമുണ്ടായാൽ നീ പോലീസിൽ അറിയിക്കുക നിയമം അതിന്റെ വഴിക്കു നടന്നോളും അല്ലാതെ ഒരുമാതിരി ചന്തപെണ്ണുങ്ങളെ പോലെ ..

ഒന്ന് പോ ഏട്ടാ.. എനിക്കറിയാം അവനെ പോലീസിൽ ഏൽപ്പിച്ചു കൊടുത്താൽ തൊട്ടടുത്ത നിമിഷം ജാമ്യമെടുത്തവൻ എന്റെ മുന്നിലൂടെ തന്നെ ചിരിച്ചോണ്ട്  ഇറങ്ങിപ്പോകും

എന്നിട്ട് ഇതുപോലെ വേറെ പെണ്ണിനേയും കയറിപ്പിടിക്കും അതറിയാവുന്ന കൊണ്ട അവനിട്ടു ഞാനൊന്ന് പൊട്ടിച്ചത്… ഇപ്പൊ അവനെ ഒന്ന് പൊട്ടിച്ചല്ലോ എന്നോർത്തു എനിക്ക് നല്ല സമാധാനം ഇണ്ട്..

ഏട്ടാ സ്ത്രീകളുടെ വിഷമം ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല അത് മനസ്സിലാവണം എങ്കിൽ ഏട്ടനും ഒരു സ്‌ത്രീ ആവണം..

ഞങ്ങൾ നിങ്ങൾക്ക് കയറിപിടിക്കാൻ ഉള്ളതാണ് പിടിച്ചോളൂ എന്ന് ഒരു സ്ത്രീയും പറയില്ല അവരുടെ അനുവാദം ഇല്ലാതെ ദേഹത്തു തൊടുമ്പോൾ ഉള്ള ബുദ്ധിമുട്ട് ആണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല

ഈ തെണ്ടികളുടെ ഒക്കെ വിചാരം ഞങ്ങടെ കഴുത്തിനു പിറകിലും വയറിലും തൊണ്ടുമ്പോ ഞങ്ങൾക്കത് എന്ജോയ്മെന്റ് ഉണ്ടാക്കുമെന്ന സത്യത്തിൽ അറപ്പാണ് തോന്നുക ഇത്തരം പ്രവൃത്തികളോട്…

ഏട്ടൻ ഒരു പെണ്ണാണെങ്കി ഞാൻ പറഞ്ഞത് മനസ്സിലാവും അല്ലെങ്കിലും എല്ലാർക്കും അനുഭവം വരണം എന്നാലല്ലേ പഠിക്കു….

ഇവിടെ എല്ലാടത്തും നല്ലോണം ആണ് പെണ്ണ് എന്നിങ്ങനെ വേർതിരിവുണ്ട്..

അതൊക്കെ നിനക്ക് തോന്നുന്നത എല്ലാരും തുല്യരാണ് മോളെ..

എന്ത് തുല്യത ഏട്ടൻ രാത്രി കൂട്ടുകാരുടെ കൂടെ സിനിമക്ക് പോകുന്നുണ്ട്  എന്നെ കൂട്ടുകാരുടെ കൂടെ ഒരു രാത്രി സിനിമക്ക് വിടുമോ?

അഥവാ ഞാൻ പോയാലും മനസ്സമാധാനത്തോടെ എനിക്കത് കണ്ടു തിരിച്ചു വരാൻ പറ്റുമോ?ഏട്ടൻ രാത്രി കവലയിൽ കൂട്ടുകാരുടെ ഒപ്പം വർത്താനം പറഞ്ഞിരിക്കാൻ പോകാറുണ്ട് ആ സ്ഥാനത്തു ഞാൻ ആണെങ്കി എന്നെ വിടുമോ?

ഏട്ടൻ തോന്നുമ്പോ വീട്ടിൽ നിന്നും പോകുന്നു തോന്നുമ്പോ വരുന്നു അതിനെ പറ്റി ആരും ചോദിക്കുന്നുമില്ല പറയുന്നുമില്ല ഞാൻ ഒന്ന് പുറത്തു പോണമെങ്കിൽ എത്രപേരോടു ഇരക്കണം..

സത്യത്തിൽ പെണ്ണായി ജനിക്കണ്ടായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്..നീ പെണ്ണല്ലേ അടങ്ങിയിരി നീ പെണ്ണല്ലേ ഒതുങ്ങിയിരി നീ പെണ്ണല്ലേ അതോണ്ട് പോകണ്ട എന്നൊക്കെ  കേട്ടു കേട്ടു മടുത്തു ഇനി ചെന്നു കയറിരുന്നിടത്ത് എന്താകുമെന്ന് കണ്ടറിയാം..

സാരോല്ല പോട്ടെടി  ഇനി ഇതും പറഞ്ഞു നീ  അമ്മയോട് വഴക്കിടക്കാൻ നിക്കണ്ട ഇനി എന്തേലും പ്രശ്നമുണ്ടായാൽ എന്നോട് പറഞ്ഞാൽ മതി ഞാൻ ഡീൽ ചെയ്‌തോളാം.. അവളെന്റെ നേരെ ഒന്ന് നോക്കിയ ശേഷം താഴേക്കിറങ്ങിപ്പോയി…

അന്നേരം അത് ചിരിച്ചു തള്ളിയെങ്കിലും എന്റെ പെങ്ങൾ അനുഭവിക്കുന്ന അല്ലെങ്കിൽ ഓരൊ സ്ത്രീയും അനുഭവിച്ചു കൊണ്ടിരിക്കുന്ന  പ്രശ്നങ്ങൾ എന്താണെന്നു അല്പം പേടിയോടെയും വേദനയുടെയും തിരിച്ചറിഞ്ഞ ദിവസം എന്റെ ജീവിതത്തിലും വന്നു….

കോളേജിൽ ആർട്സ് ഡേ ആണ് ഞങ്ങൾ എം.കോമിൽ പഠിക്കുന്ന ബോയ്‌സ് എല്ലാരും ചേർന്നു ഒരു നാടകം കളിക്കുന്നുണ്ട് അതിൽ സ്ത്രീ വേഷം ചെയ്യാൻ എനിക്കും ഒരവസരം കിട്ടി..നാടകം ഒക്കെ ഗംഭീരമായി നടന്നു സ്ത്രീയായി അഭിനയിച്ച എനിക്ക് അഭിനന്ദനങ്ങളും കിട്ടി…

ടാ ഹരി, ഈ വേഷം അങ്ങ് സ്ഥിരമാക്കിക്കോ അത്രയ്ക്ക് സുന്ദരി ആണ് നീ എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്…

എന്നാൽ പിന്നെ ഈ വേഷത്തിൽ തന്നെ വീട്ടിലേക്കു പോയേക്കാം വീട്ടുകാർക്കും ഒരു സർപ്രൈസ് കൊടുത്തേക്കാം മാത്രല്ല ആണുങ്ങൾ തന്നെ വായ്നോക്കുന്നതും സൈറ്റ് അടിക്കുന്നതുമൊക്കെ ഒന്നാസ്വദിച്ചേക്കാം എന്ന് വെറുതെ ഞാൻ മനസ്സിൽ കരുതി..

ഏകദേശം രാത്രി ഒൻപതര ആയി കാണും കൂട്ടുകാരിൽ ഒരുവൻ എന്നെ ബസ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്തു…

വീട്ടിലേക്കുള്ള അവസാന ബസ് പത്തു മണിക്കാണ് അത് വരാൻ വേണ്ടി ഞാൻ അവിടെ തന്നെ വെയിറ്റ് ചെയ്തു നിന്നു ചുറ്റുവട്ടമുള്ള കടകൾ ഒക്കെ അടച്ചിരുന്നു അവിടെ ഞാൻ മാത്രം അവശേഷിച്ചു…

വെറുതെ ഇരുന്നു ബോർ അടിച്ചപ്പോൾ പബ്ജി
കളിക്കാനായി ഞാൻ ഫോൺ കയ്യിലെടുത്തു..

അഞ്ചുമിനിറ്റ് കഴിഞ്ഞില്ല രണ്ടു പേർ ബൈക്കിൽ എന്റെ മുന്നിലൂടെ കടന്നു പോയി അതിൽ ഒരുവൻ എന്റെ നേരെ നോക്കി ചൂളമടിച്ചു എനിക്ക് സത്യത്തിൽ ചിരി വന്നു പോയെങ്കിലും ഞാൻ അത് പ്രകടിപ്പിച്ചില്ല..അവന്മാർ പോയ അതേ സ്പീഡിൽ തിരിച്ചു വന്നു..അവർ ബൈക്ക് സൈഡിൽ ഒതുക്കി എന്റെ നേരെ നടന്നു വന്നു..

അതേയ് എന്താ ഇവിടെ തനിച്ചു നിക്കുന്നെ കൂടെ ആരുമില്ലേ?ഞങ്ങള് കൊണ്ടു വിടണോ എന്നൊക്കെ അവന്മാർ എന്റെ നേരെ ചോദിച്ചു കൊണ്ടിരുന്നു..ഞാൻ വേണ്ടാ എന്ന് തലയാട്ടി..

അല്പസമയത്തിനു ശേഷം പ്രായമായ ഒരു മനുഷ്യൻ അതിലൂടെ നടന്നു വന്നു, ഞാൻ തനിയെ നിക്കുന്നത് കണ്ടിട്ടാവണം അയാൾ എന്റെ അടുത്ത് വന്നു നിന്നു അതിനു ശേഷം എന്റെ കൂടെ ഉള്ള ചെറുപ്പക്കാരെ രൂക്ഷമായൊന്നു നോക്കി അതുകണ്ടിട്ടാവണം അവര് വേഗം അവിടെ നിന്നും പോയി..

അയാൾ എന്റടുത്തേക്കു നീങ്ങി വന്നിട്ട് പറഞ്ഞു എന്റെ കൊച്ചേ നീയിതെന്തു കണ്ടിട്ടാ ഈ ഒരുങ്ങിക്കെട്ടി പാതിരാത്രി ഈ ബസ്റ്റോപ്പിൽ വന്നൊറ്റക്ക് നിൽക്കുന്നത് പത്രമൊന്നും വായിക്കാറില്ലേ

നേരത്തും കാലത്തും വീട്ടിൽ പൊയ്ക്കൂടേ ഒരു പെണ്ണാണെന്ന ബോധം കൊച്ചിനില്ലേ? ആരെങ്കിലും കയറി പിടിച്ചാൽ ഇവിടെ നിന്നു കരയെ നിർവാഹമുള്ളൂ വേഗം വീട്ടിൽ പോകാൻ നോക്കു അത്രയും പറഞ്ഞ ശേഷം അയാൾ നടന്നു പോയി…

അതിനു ശേഷം അതിലെ പോയ ഓരോരുത്തരും എന്നെ അർത്ഥം വെച്ചു നോക്കി ചിലർ സഹായ വാഗ്ദാനങ്ങളുമായി അടുത്ത് കൂടി..

ഞാൻ ഫോണെടുത്തു ബാഗിൽ വെച്ചു…പെട്ടന്ന് ബസ് വന്നു വീട്ടിൽ ചെന്നാമതിയെന്നായെനിക്ക്..

മുൻപും ആ ബസ്റ്റോപ്പിൽ പാതി രാത്രി വീട്ടിലേക്കു പോകാൻ ഒറ്റയ്ക്ക് നിന്നിട്ടുണ്ട് ഒരുത്തനും എന്നോട് വീട്ടിൽ പോകാൻ പറഞ്ഞില്ല

എന്തിന് എന്നെ മൈന്ഡ് കൂടി ചെയ്തില്ല ഇതിപ്പോ ഒരു സ്ത്രീ ആണിവിടെ നിൽക്കുന്നത് എന്ന് കരുതി എത്രപേരാണ് എന്റടുത്തേക്കു വന്നത് ഇത്രക്കും ദുസ്സഹമാണോ സ്ത്രീകളുടെ ജീവിതം എന്ന് ഞാൻ സ്വയം ആലോചിച്ചു..

മിനിറ്റുകൾക്കകം ബസ് വന്നു ഞാൻ അതിൽ കയറി ഒരൊറ്റ സ്ത്രീകൾ അതിലില്ലാ ഞാൻ ഒഴിഞ്ഞു കിടന്ന സ്ത്രീകളുടെ സീറ്റ് നോക്കി ഒന്നും കാണാഞ്ഞപ്പോൾ അവിടെ കണ്ട ഒരു പുരുഷന് സമീപം ഉള്ള സീറ്റിൽ പോയിരുന്നു

അത്  കണ്ടു ചിലർ എന്നെ വശപ്പിശകോടെ നോക്കി ഞാൻ അത് മൈന്ഡ് ചെയ്തില്ല..ഏകദേശം അരമണിക്കൂർ കഴിഞ്ഞു എനിക്കിറങ്ങേണ്ട സ്റ്റോപ്പ്‌ എത്തി ഞാൻ ഇറങ്ങാൻ എഴുന്നേറ്റു അത്യാവശ്യം അഞ്ചാറുപേര് അവിടെ ഇറങ്ങാൻ ഉണ്ടായിരുന്നു

ഞാൻ ബസിന്റെ സ്റ്റെപ്പിലേക്കു ഇറങ്ങാനായി  കാലെടുത്തു വെച്ചതും ആരോ എന്റെ ചന്തിക്കു പിടിച്ചു ഞെക്കി “അയ്യോ”എന്ന ശബ്ദം എന്റെ തൊണ്ടയിൽ കുടുങ്ങി എന്നെ പിടിച്ചയാൾ ഒന്നും സംഭവിക്കാത്തത് പോലെ എന്റെ മുന്നിലൂടെ കടന്നു പോയി സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അയാളുടെ മുഖം കണ്ടു ഞാൻ ഞെട്ടി പലചരക്കു കട നടത്തുന്ന ശേഖരേട്ടൻ..

ആളുകളെ അടുത്തറിയുമ്പോ മനസ്സിൽ ഉള്ള ചില്ല് വിഗ്രഹം ഉടഞ്ഞു വീഴും എന്ന സിനിമ ഡയലോഗെത്ര ശരിയാണ്.എന്നെ കയറിപ്പിടിച്ചിട്ടു ഒന്നും സംഭവിക്കാത്തത് പോലെ പോകുന്ന ആ നാറി ഇതുപോലെ എത്ര പെണ്ണുങ്ങളെ പിടിച്ചിട്ടുണ്ടാവുമെന്നോർത്തപ്പോൾ എന്റെ തലപെരുത്ത്‌ പോയി …

“ശരിക്കും ഒരാളുടെ അനുവാദമില്ലാതെ അവരുടെ വേണ്ടാത്തിടത്തു തൊടുമ്പോൾ ഉള്ള വികാരം അനുഭൂതിയല്ല  അറപ്പും വെറുപ്പുമാണെന്നു അന്ന് ഞാൻ ശേഖരേട്ടനിലൂടെ തിരിച്ചറിഞ്ഞു”…

“ശേഖരാ നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് ഇപ്പഴല്ല പിന്നെ”…

അതും ആലോചിച്ചു മുന്നോട്ടു നടന്ന എന്റെ പിറകിൽ വേറെ രണ്ടുപേരും കൂടി ഉണ്ടായിരുന്നു അവർ ഞാൻ കയറിയ ബസ് സ്റ്റോപ്പിൽ നിന്നും എന്റെ കൂടെ കയറിയവർ ആണ്..

ടാറിട്ട വിജനമായ വഴിയിലൂടെ അല്പം നടന്ന ശേഷം വീട്ടിലേക്കു തിരിയുന്ന പാടത്തിന്റെ വരമ്പിലേക്കു ഞാൻ കാൽ എടുത്ത് വെക്കാൻ തുടങ്ങിയതും അതിൽ ഒരുവൻ എനിക്ക് വട്ടം കയറി നിന്നു….

മിണ്ടരുത് സഹകരിച്ചാൽ നിനക്കു കൊള്ളാം ഇല്ലെങ്കിൽ ഞങ്ങള് ബലം പ്രയോഗിക്കും ഈ പാതിരാത്രി ഒറ്റക്ക് നടന്നു പോകുന്ന നീ അത്രയ്ക്ക് നല്ലവൾ ഒന്നുമല്ലെന്ന് ഞങ്ങൾക്കറിയാം..പറ എത്രയാ നിന്റെ റേറ്റ്? എത്രവേണേലും ഞങ്ങള് തരാം..

ഞാൻ അത് വക വെക്കാതെ അവന്റെ മുന്നിലൂടെ മാറിയതും അതിൽ ഒരുവൻ എന്റെ വെപ്പ്  മുടിയിൽ പിടിച്ചു വലിച്ചു..

“പിന്നീടവിടെ നടന്നത് ചരിത്രം”…

അവന്മാരെ ഒരുമാസത്തെ റെസ്റ്റിനായി കോട്ടയം  മെഡിക്കൽ കോളേജിലേക്ക് തന്നെ കൃത്യമായി ഞാൻ പറഞ്ഞു വിട്ടു….ചുരുക്കം പറഞ്ഞാൽ  അമ്മാതിരി താങ്ങു ഞാൻ താങ്ങി…

ഒരു പ്രകാരം എങ്ങനെയൊക്കെയോ ഞാൻ വീട്ടിലെത്തി…സർപ്രൈസ് കൊടുക്കാനായി  പെങ്ങടെ കീറിപ്പറിഞ്ഞ ചുരിദാറുമായി കയറി ചെന്ന എന്നെ കണ്ടെന്റെയമ്മ ആദ്യം ഞെട്ടി പുറകെ അച്ഛനും..

അവരോടു ഞാൻ ഒന്നേ പറഞ്ഞുള്ളു, “ഞാൻ ഒരാണായതു നന്നായി ഇല്ലെങ്കിൽ നാളെ നിങ്ങൾക്കെന്റെ ശവമടക്ക് നടത്തായിരുന്നു”… just miss…

മുകളിലത്തെ മുറിയിൽ ചെന്നുറങ്ങി കിടക്കുന്ന  പെങ്ങടെ കാലിൽ ഒന്ന് ഞാൻ  തലോടി… എന്റെ പൊന്നുമോളെ നിന്നെ തൊട്ടവന്റെ പരട്ട  മോന്ത ആ സ്പോട്ടിൽ തന്നെ അടിച്ചു പൊട്ടിച്ച നീയാണ് ശരി…

ഈ ഒരു ദിവസം വെറും രണ്ടു മണിക്കൂർ പെണ്ണിന്റെ വേഷം കെട്ടിയ ഏട്ടന് സഹിക്കാൻ പറ്റിയില്ല അതുപോലത്തെ അനുഭവം ആയിരുന്നെനിക്കു  കിട്ടിയത്…
ഹോ ജനിച്ച അന്ന് മുതലുള്ള പത്തൊൻപതു വർഷം എങ്ങനെ സഹിച്ചെടി മോളെ  നീ..

എത്രയോ പെണ്ണുങ്ങളെ ഞാൻ അർത്ഥം വെച്ചു നോക്കിയിട്ടുണ്ട്,അറിഞ്ഞോണ്ട് തന്നെ അവരുടെ ദേഹത്ത് പോയി തട്ടിയിട്ടുണ്ട്,രാത്രി വൈകി ജോലി കഴിഞ്ഞു ക്ഷീണിച്ചു  വരുന്ന അയലത്തെ രാധ ചേച്ചിയെ കവലയിലിരുന്നു എത്രയോ വട്ടം അവര് കേൾക്കെ “പടക്കം”എന്ന് സംബോധന ചെയ്തു വിളിച്ചിട്ടുണ്ട് ,

തീയറ്ററിൽ സിനിമ കാണാൻ പോകുമ്പോൾ മുന്നിൽ സ്ത്രീകളാണിരിക്കുന്നതെങ്കിൽ ആ സീറ്റിന്റെ പിറകിൽ എത്രയോ വട്ടം മനപ്പൂർവം കാലെടുത്തു വെച്ചിട്ടുണ്ട്

ഈ സ്ത്രീകളെല്ലാം അതൊക്കെ സഹിച്ചു ഒന്ന് പ്രതികരിക്കാൻ പോലുമാകാതെ എത്ര മാനസികപീഡനം നേരിട്ടിട്ടുണ്ടാകും എന്നോത്തപ്പോൾ എനിക്കെന്നോട് തന്നെ വെറുപ്പ്‌ തോന്നിപ്പോയി.. സ്വന്തമായി ഒരനുഭവം വരുമ്പഴേ എല്ലാരും പഠിക്കു എന്ന സത്യം അന്ന് ഞാൻ തിരിച്ചറിഞ്ഞു…

NB:ഒരു പുരുഷൻ ഒരു സ്ത്രീയെ കയറിപ്പിടിച്ചാൽ അതവളുടെ മോശം സ്വഭാവത്തെയല്ല കാണിക്കുന്നത് മറിച്ചവന്റെ കഴിവുകേടും സംസ്കാരമില്ലായ്മയുമാണ്..എല്ലാ പുരുഷമാരും ഒരുപോലെയല്ല എന്നുകൂടി എടുത്തു പറയന്നു.

Leave a Reply

Your email address will not be published. Required fields are marked *