കല്യാണം കഴിഞ്ഞു നാല് വർഷത്തിനു ശേഷമാണ് ആ സന്തോഷ വാർത്ത എന്നെ തേടിയെത്തിയത്..

(രചന: അച്ചു വിപിൻ)

കല്യാണം കഴിഞ്ഞു നാല് വർഷത്തിനു ശേഷമാണ്  ആ സന്തോഷ വാർത്ത എന്നെ തേടിയെത്തിയത്… അന്നും പതിവുപോലെ വർഷോപ്പിൽ  ഒരു കാർ നന്നാക്കി  കൊണ്ടിരിക്കുവായിരുന്നു അപ്പോഴാണ് ഭാര്യയുടെ കാൾ വരുന്നത്….

അതേയ് ഇന്ന് നേരത്തെ വീട് വരെ വരണം എന്താ കാര്യം എന്ന് ചോദിക്കണ്ട അതെനിക്ക് ഏട്ടന്റെ മുഖത്ത് നോക്കി പറയണം ഇത്രേം പറഞ്ഞവൾ  ഫോൺ വെച്ചു…..

എന്തായിരിക്കും അവൾക്കു പറയാൻ ഉണ്ടാവുക… ഈ പെണ്ണിങ്ങനെ ആണ് മനുഷ്യനെ മുൾമുനയിൽ നിർത്തും…

ആർക്കറിയാം ഇന്നും അമ്മയുമായി  പിണങ്ങി കാണും ഇവർക്കിതെ ഉള്ളോ പണി..രണ്ടു പേരും ഒടുക്കത്തെ സ്നേഹമാണ്  എന്നാലോ ഇടയ്ക്കു അടിയാണ് താനും…

എന്തായാലും പണി നേരത്തെ തീർത്തു വീട്ടിലേക്കു ഓട്ടമായിരുന്നു…പോകുന്ന വഴി നായരുടെ കടയിൽ നിന്ന് പതിവ് പരിപ്പുവടയും  വാങ്ങി…വീട്ടിൽ ചെന്നപ്പോ  അമ്മ ഉമ്മറത്ത് നിന്ന് അടിച്ചു വാരുന്നു.

എന്നെ കണ്ടതും അമ്മേടെ മുഖത്ത് പതിവില്ലാത്ത നാണം…അവൾ എവിടെ അമ്മേ ഞാൻ ചോദിച്ചു…ആ അപ്പുറത്തു കാണും അമ്മ തെക്കോട്ടും  നോക്കി പറഞ്ഞു..ഇവർക്കെന്താ പറ്റിയെ എന്നോർത്ത് കൊണ്ട് ഞാൻ അകത്തേക്ക് ചെന്നു….

അവൾ എന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു ….എന്നെ കണ്ടതും കട്ടിലിൽ നിന്നും എണീറ്റ് ജനലിന്റെ സൈഡിൽ പോയി തിരിഞ്ഞു നിന്നു…

ആഹാ ഇങ്ങനെ തിരിഞ്ഞു നിക്കാൻ ആണോ പെണ്ണേ വിളിച്ചു വരുത്തിയത്…ഞാൻ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു…. അവൾ നിന്ന് വിറക്കുകയാണ്..

ഞാൻ അവളെ എന്റെ നേരെ തിരിച്ചു നിർത്തി… അവളുടെ മുഖം ഉയർത്തി ഞാൻ പറഞ്ഞു അതേയ് എന്റെ കുട്ടന് എന്തോ എന്റെ മുഖത്ത് നോക്കി പറയാൻ ഉണ്ടെന്നു പറഞ്ഞില്ലേ  എന്താ അത്…മ്മ് വേഗം പറഞ്ഞോ….

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ….അവൾ എന്റെ കൈകൾ എടുത്തു അവളുടെ വയറിനു മേൽ വെച്ച് കൊണ്ട് അതെ എന്നർത്ഥത്തിൽ തല യാട്ടി…ആ ഒരൊറ്റ സിഗ്നലിൽ  എന്റെ മനസ്സിലെ  ബൾബുകൾ  എല്ലാം ഒരുമിച്ചു കത്തി…

പിന്നെ അവൾ ഒരറ്റ  കരച്ചിൽ ആയിരുന്നു എല്ലാരും പറയുന്ന പോലെ ഞാൻ മച്ചിയല്ല ഏട്ടാ….ഞാൻ എന്തേലും പറയുന്നതിന് മുന്നേ അവൾ എന്നെ കെട്ടിപിടിച്ചു….

പാവം ഒരോ ആളുകൾ പറയുന്ന കേട്ട് അവൾ ഇത്രേം നാൾ എന്തുമാത്രം വേദനിച്ചിരിക്കണം… അല്ലേലും നാട്ടുകാർക്ക്  ആണ് സൂക്കേട്… നമുക്കില്ലാത്ത  ദണ്ണം ആണ് അവറ്റോൾക്കു ….

ഞാൻ ഒരച്ഛനാകാൻ പോകുന്നു …..ഹോ…ഞാൻ അന്നേരം അനുഭവിച്ച സന്തോഷത്തിനു അതിരില്ലായിരുന്നു…അവൾ എത്ര നേരം എന്റെ  നെഞ്ചിൽമുഖം ചേർത്ത് അങ്ങനെ നിന്നെന്നറിയില്ല……

അപ്പോൾ അതവൾ ആഗ്രഹിച്ചിരിക്കണം..ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…അതേയ് എന്റെ മോൾക്ക് എന്താ വേണ്ടത്…ഒന്നും വേണ്ട എന്നവൾ തലയാട്ടി…

എന്തായാലും ഒരു സത്യം ഞാൻ മനസ്സിലാക്കി ഒരാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഒരച്ഛൻ അകാൻ  പോകുന്നു എന്ന് തന്റെ ഭാര്യ പറയുന്നത് കേൾക്കുമ്പോഴാണ്…ആ ഒരു ഫീൽ പറഞ്ഞറിയിക്കാൻ വയ്യ….

അവൾക്കിതു മൂന്നാം മാസം ആണ്…ആദ്യത്തെ സ്കാനിങ്ങിനു വേണ്ടി അടുത്തുള്ള ഹോസ്പിറ്റലിൽ പോയി…ബ്ലാഡർ നിറയാൻ വയർ നിറയെ വെള്ളം കുടിക്കണം….

പാവം വെള്ളം കുടിച്ചു ഒരു പരുവമായി…ദീപ്തി പ്രവീൺ….. സിസ്റ്റർ ഉറക്കെ അവളുടെ പേര് വിളിച്ചു…ഞാൻ അവളേം കൊണ്ട് അകത്തേക്ക് കയറി…

അതേയ് അൾട്രാ സൗണ്ട് സ്കാനിങ് ആണ് പാന്റ് ഊരണം സിസ്റ്റർ പറഞ്ഞു…അവൾക്കു ആകെ നാണം… പരിശോധിക്കാൻ  ഒരാണ് ഡോക്ടർ ആണിരിക്കുന്നത്…

അവൾ മടിയോടെ  എന്റെ നേരെ നോക്കി… സാരമില്ല നമ്മടെ കുഞ്ഞിന് വേണ്ടിയല്ലേ നീ ചെല്ലു…അവൾ വന്നു ബെഡിൽ കിടന്നു ….

അടുത്ത് തന്നെ ഒരു സ്ക്രീൻ വെച്ചിട്ടുണ്ട് അതിലൂടെ നമുക്ക് കുഞ്ഞിനെ കാണാം..ആദ്യമായി ഞാൻ എന്റെ കുഞ്ഞനങ്ങുന്നത് കണ്ടു….എന്റെ കണ്ണ് നിറഞ്ഞു പോയി…ശരിക്കും കാണാൻ വയ്യ എന്നാലും അവൾടെ വയറിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുന്നത് ശരിക്കും ഞാൻ കണ്ടു…

സ്കാനിംഗ് കഴിഞ്ഞു അവൾ ടോയ്‌ലെറ്റിലേക്കു ഒരോട്ടമായിരുന്നു….എനിക്ക് സങ്കടം വന്നു അന്നേരo …..പാവം ഒക്കെ ഇനി ഒറ്റയ്ക്ക് അനുഭവിക്കണം  അല്ലോ  എന്നോർത്തു…

ഗർഭിണി ആയ ഭാര്യക്ക് സ്നേഹവും കരുതലും കൊടുക്കുക എന്നതൊഴിച്ചു വേറെ ഒന്നും ഈ കാര്യത്തിൽ  ആണുങ്ങളെ കൊണ്ട് ചെയ്യാൻ പറ്റില്ല….

ഓരോ ദിവസം കഴിയുന്തോറും അവൾ കൂടുതൽ സുന്ദരിയായി വന്നു…എനിക്ക് അന്നേരം അവളെ ഒന്നൂടെ കെട്ടാൻ തോന്നി…ശരിക്കും ഗർഭിണിയാവുമ്പോഴാണ്  ഒരു പെണ്ണ് കൂടുതൽ സുന്ദരിയാവുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ് കേട്ടോ…

അവൾക്കു നാലു മാസം തുടങ്ങി..ഇടയ്ക്കിടയ്ക്ക് ശർധിലുമുണ്ട്….ഒരു ദിവസം രാത്രി കിടന്നുറങ്ങുന്ന എന്നെ അവൾ കുത്തി പൊക്കി ….ഏട്ടാ ഒന്നെണീക്കു….

എന്താ എന്ത് പറ്റി വല്ല വല്ലായ്കേം തോന്നുന്നുണ്ടോ?

ഏട്ടാ എനിക്കിപ്പോ തട്ട് ദോശ തിന്നണം….

ഇപ്പളോ  ഈ പാതിരാത്രിലോ നാളെ തിന്ന പോരെ?….

പോരാ എനിക്കിപ്പോ തിന്നണം ….അവിടെ കടയിൽ പോയി ചൂടോടെ കഴിക്കണം….

ഒടുക്കം അവളുടെ ആഗ്രഹത്തിന് മുന്നിൽ ഞാൻ മുട്ടുമടക്കി…. അവളേം കൊണ്ട് വണ്ടിയിൽ കയറി ജംക്ഷനിലേക്കു  വിട്ടു…പാതി രാത്രി 2 മണി വരെ തുറന്നിരിക്കുന്ന ഒരു കടയുണ്ടവിടെ…

ചെന്ന വഴി അവൾക്കാവശ്യം ഉള്ളതെല്ലാം  അവൾ തന്നെ ഓർഡർ ചെയ്തു…സൊമാലിയയിൽ  നിന്നും പട്ടിണി കിടന്നു വന്ന പോലെയാണ് അവൾ വാരി വലിച്ചു തിന്നുന്നത്…ഏതൊക്കെ തിന്നു എന്നതിന് ഒരു കയ്യും കണക്കുമില്ല…ഏട്ടന് വേണ്ടേ ഇടക്കവൾ  ചോദിച്ചു….

ഓ വേണ്ട എന്ന് ഞാൻ തലയാട്ടി …അവൾ തിന്നുന്നത് കണ്ടപ്പഴേ എന്റെ വയർ നിറഞ്ഞു കണ്ണും..

അവിടെ നിന്ന് ഇറങ്ങാൻ നേരം കടക്കാരൻ  എന്നോട് പറഞ്ഞു ചേട്ടാ ഈ ചേച്ചിയേം കൂട്ടി ഇനിം വരണേ എന്ന്…എങ്ങനെ പറയാതിരിക്കും അമ്മാതിരി തീറ്റയല്ലായിരുന്നോ …..

വണ്ടിയിൽ കയറി പകുതി എത്തിയില്ല അതിനു മുന്നേ എന്റെ മേത്തേക്കവൾ ശര്ധിച്ചു…വീട്ടിൽ ചെന്ന് നേരം വെളുക്കണ വരെ ശർദിൽ ആയിരുന്നു…

അവളേം കൊണ്ട് രാത്രി പുറത്തു പോയതിനു അമ്മേടെ കയ്യിന്നു കണക്കിന് കിട്ടി….പാവം ശർദ്ധിച്ചു തളർന്നു രാവിലെ എപ്പോഴോ  ആണവൾ ഉറങ്ങിയത്… ജോലിക്കു പോകാൻ നേരം അവളെ ഉണർത്തിയില്ല…നെറ്റിയിൽ ഒരുമ്മ കൊടുത്തു ഞാനിറങ്ങി…..

അവൾക്കു മാസം 6 കഴിഞ്ഞു….ഒരു ദിവസം ഉച്ചക്ക് ഫോൺ വന്നു… ഏട്ടാ കുഞ്ഞനങ്ങി…. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു….പിന്നീടുള്ള ഓരോ ദിവസവും ഓരോ യുഗങ്ങൾ. ആയിരുന്നു…

അങ്ങനെ ഏഴാം  മാസo ഏഴു കൂട്ടം പലഹാരം ഒക്കെ ആയി അവളുടെ വീട്ടിൽ നിന്നും ആളെത്തി അവളെ കൂട്ടി കൊണ്ട് പോകാൻ…അവളെ ഒരു മണവാട്ടിയെ  പോലെ അണിയിച്ചൊരുക്കി….

അവൾക്കു പോകാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല  പറഞ്ഞു വിടാൻ ഞങ്ങൾക്കും…വണ്ടിയിൽ കയറാൻ നേരം അമ്മയും അവളും കെട്ടിപ്പിടിച്ചു കരഞ്ഞു…

അന്ന് ഞാനറിഞ്ഞു അവരുടെ സ്നേഹം…
കാറിൽ കയറുന്നതിനു മുന്നേ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ നേരെ നോക്കി…ഞാൻ  അവളുടെ അടുത്തേക്ക് നീങ്ങി ചെന്നു…

വിഷമിക്കണ്ട ഞാൻ ഇടയ്ക്കു വന്നു കാണാട്ടോ… അവൾ മനസ്സില്ല മനസ്സോടെ വണ്ടിയിൽ കയറി..വീടിന്റെ അടുത്തുള്ള വളവ് കഴിയണ വരെ അവൾ തല പുറത്തേക്കിട്ടു നോക്കുന്നുണ്ടായിരുന്നു…. എന്റെ ചങ്കു തകർന്നു പോയി…..

അവൾ പോയതോടെ വീട്ടിൽ ആകെ മൂകതയായി… ഞാനും അമ്മയും തനിച്ചായ പോലെ….

ഇടയ്ക്കു ഓരോന്നു പറഞ്ഞു ഞാനും അമ്മയും അവളെ കാണാൻ ചെല്ലും..ഓരോ ദിവസം കഴിയുന്തോറും അവളുടെ വയറു വീർത്തു  വന്നു….

അവൾക്കാകെ ക്ഷീണം ആണ്…. വയർ കാരണം നടക്കാനും  ഇരിക്കാനും വയ്യാത്ത  അവസ്ഥ കാലിൽ ആണേൽ നീരും ഉണ്ട്…മാസം തികയുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു…

അവൾ ഒറ്റ  മോളാണ് അമ്മയും അച്ഛനും മാത്രേ ആ വീട്ടിൽ ഉള്ളു വേറെ സഹായത്തിനു ആരുമില്ല അത് കൊണ്ട് തന്നെ ആ കാരണം പറഞ്ഞു അവൾക്കു ഡോക്ടർ പറഞ്ഞ ഡേറ്റിനു  ഒരാഴ്ച്ച മുന്നേ ഞാനും അമ്മേം അവളുടെ വീട്ടിലേക്കു പോയി….

ആ ദിവസങ്ങളിലിൽ ഒരു ഗർഭിണിയായ പെണ്ണിന്റെ  വിഷമങ്ങൾ ഞാൻ നേരിട്ട് കണ്ടു..രാത്രി ഒന്നുറങ്ങാൻ  പോലും അവൾ ബുദ്ധിമുട്ടി…. ഇടയ്ക്കു അവളുടെ നീരുവെച്ച  കാൽ എടുത്തു എന്റെ മടിയിൽ വെച്ച് ഞാൻ തിരുമ്മി കൊടുക്കും…

അവളുടെ വയറിൽ മെല്ലെ തലോടി പോട്ടെ സാരമില്ല എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും …ഇതിനൊക്കെ കാരണക്കാരൻ ഈ ഞാനല്ലേ എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ തല്ലാൻ തോന്നും…

ഡോക്ടർ പറഞ്ഞതിന് മുന്നേ ഹോസ്പിറ്റലിൽ അഡ്മിറ്റായി…. ഇച്ചിരി സൗകര്യം കൂടിയ ഹോസ്പിറ്റൽ ആയ കൊണ്ട് ഭർത്താവിന് ഭാര്യ പ്രസവിക്കുമ്പോ കൂടെ നിക്കാം… അതെനിക്കിഷ്ടായി എന്റെ കുഞ്ഞിനെ ഉടനെ എനിക്ക് കാണാലോ…

രണ്ടു ദിവസം കഴിഞ്ഞിട്ടും അവൾക്കു വേദന വന്നില്ല …ഡോക്ടർ വന്നു വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തു…

അവളുടെ മുടി ഒക്കെ രണ്ടു വശത്തും പിന്നി കെട്ടി ലേബർ റൂമിലേക്ക് കൊണ്ട് പോയി…കൂടെ ഞാനും….പോകാൻ നേരം അവൾ പേടിച്ചു കരയുകയായിരുന്നു …..

അവൾക്കു വേദന  വന്നു തുടങ്ങി…. അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഉറക്കെ കരയാൻ തുടങ്ങി…ആ നിമിഷം എനിക്ക് അവളുടെ കൂടെ പോകണ്ടായിരുന്നു  എന്ന് തോന്നിപ്പോയി… അത്രക്കു വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ച…

ഡോക്ടർ ഇടയ്ക്കു അവളുടെ വയർ പിടിച്ചു ഞെക്കുന്നുണ്ടായിരുന്നു….അവൾ ഉറക്കെ ഉറക്കെ ഉറക്കെ കരഞ്ഞു ഏകദേശം 4 മണിക്കൂർ അവൾ വേദന തിന്നു…പെട്ടെന്നാണ് ഡോക്ടർ അത് പറഞ്ഞത്….. ദീപ്തി പുഷ് കുഞ്ഞിന്റെ തല കാണുന്നുണ്ട് പുഷ് ചെയ്യൂ….you can do it…

അവൾ ഉറക്കെ കരഞ്ഞു പിന്നീട് ഞാൻ കണ്ടത് ഡോക്ടർ എന്റെ കുഞ്ഞിനെ പിടിച്ചു വലിച്ചെടുക്കുന്നതാണ്…പിന്നെ നടന്നതൊന്നും  എനിക്ക് ഓർമയില്ല കാരണം അത് കണ്ട് എന്റെ ബോധം പോയിരുന്നു…

എന്റെ ബോധം തിരിച്ചു കിട്ടിയപ്പോ ഞാൻ അറിഞ്ഞു അവൾ എനിക്ക് ഒരു പെൺകുഞ്ഞിനെ തന്നിരിക്കുന്നു…ഈശ്വര ഞാൻ ഒരച്ഛൻ ആയിരിക്കുന്നു…അവിടെ നിന്നും കുഞ്ഞിനെ പോലും കാണാതെ എണീറ്റോരോട്ടമായിരുന്നു …

ലേബർറൂമിന്റെ ഫ്രണ്ടിൽ ചെന്നപ്പോ ബന്ധുക്കൾ എല്ലാം അവിടെ ഉണ്ട്… സിസ്റ്റർമാർ ഒക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…എന്റെ മനസ്സ് മുഴുവൻ അവളായിരുന്നു… പേടിക്കണ്ട തന്റെ ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നു അവർ പറഞ്ഞു…

എനിക്കൊന്നു അവളെ കാണണം…

മ്മ് ശരി വേഗം കണ്ടിട്ട് ഇറങ്ങണം  സിസ്റ്റർ പറഞ്ഞു… ശരി എന്ന് തലയാട്ടി ഞാൻ അകത്തേക്ക് കയറി…എന്നെ കണ്ടതും അവൾ കരച്ചിൽ തുടങ്ങി…ഞാൻ വീഴണ കണ്ടു പേടിച്ചു പോയി പാവം…

നിനക്ക് വേദനയുണ്ടോടി മോളെ…. ഇല്ല എന്നവൾ തലയാട്ടി.. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു…..അത്രയും വേദന സഹിച്ചു അവൾ കിടന്നിട്ടും ഇല്ല എന്നവൾ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി….

ശരിക്കും ആ ഒരു ദിവസം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല…ഒരു പെണ്ണ് എത്ര വേദനിച്ചാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്…എന്നിട്ടു ഈ സമൂഹം അവളോട് ചെയ്യുന്നതോ…

എല്ലാ പുരുഷന്മാരും അവരുടെ ഭാര്യ പ്രസവിക്കുന്നത് നേരിട്ടു കാണണം….  അത് കണ്ടു നിൽക്കുന്ന ഒരു പുരുഷനും അവളെയോ  സ്വന്തം അമ്മയെയോ മറ്റൊരു പെണ്ണിനെയോ ഒരിക്കലും വേദനിപ്പിക്കില്ല….

സ്നേഹത്തോടെ ഞാൻ അവളുടെ നെറുകയിൽ തലോടി…നമുക്ക് മോൾ ആണ് ഏട്ടാ…. എന്റെ കണ്ണുകൾ നിറഞ്ഞു…

മോളെ കണ്ടോ?അവൾ ചോദിച്ചു…. ഇല്ല എന്ന് ഞാൻ തലയാട്ടി… കാണണ്ടേ? അവൾ ചോദിച്ചു…
ഉം വേണം…. ഞാൻ മറുപടി പറഞ്ഞു….

എന്റെ മോളെ കാണാൻ വേണ്ടി മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ജീവിതത്തിൽ വിലമതിക്കാനാവാത്തതെന്തോ നേടിയ സന്തോഷമായിരുന്നെന്റെ മനസ്സ് നിറയെ..

Leave a Reply

Your email address will not be published. Required fields are marked *