വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഇങ്ങനെയൊരു അപകടം ഉണ്ടായതു കൊണ്ട് പ്രിയയെ തിരികെ അവളുടെ വീട്ടിലേക്ക് തന്നെ..

(രചന: ആവണി)

” നിനക്ക് എന്നെ വിട്ടു പൊയ്ക്കൂടേ.. ഇനിയൊരിക്കലും ഞാൻ എഴുന്നേറ്റ് നടക്കില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതാണ്.

ഇവിടെ എന്നോടൊപ്പം നിന്ന് നിന്റെ യൗവനം നീ നഷ്ടപ്പെടുത്തി കളയുന്നതിനോട് എനിക്ക് താല്പര്യമില്ല.. ”

കട്ടിലിൽ കിടക്കുകയായിരുന്ന വിനീതിനെ തുടക്കുമ്പോൾ അവൻ പറഞ്ഞത് കേട്ട് പ്രിയ ഒരു നിമിഷം നിശ്ചലയായി.

” എനിക്ക് ഇതാണ് താൽപര്യമെങ്കിലോ.?”

ഒട്ടും ആലോചിക്കാതെ അവൾ മറുചോദ്യം ചോദിച്ചു.

” എനിക്കറിയാം നീ ഇതാണ് പറയാൻ പോകുന്നത് എന്ന്. പക്ഷേ നീ കരുതുന്നതു പോലെ അല്ല. എനിക്ക് അധികകാലം ആയുസ്സ് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

അല്ലെങ്കിൽ തന്നെ ഇങ്ങനെ ഒരേ കിടപ്പിൽ കിടക്കുന്നത് മടുപ്പ് തന്നെയാണ്. എത്രയും പെട്ടെന്ന് ഈ കിടപ്പിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടു പോകണം എന്നൊരു ആഗ്രഹം മാത്രമാണ് എനിക്ക് ഉള്ളത് . ”

അവൻ അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

സങ്കടം തോന്നിയെങ്കിലും ദേഷ്യമായിട്ടാണ് അത് അവൾ പുറത്ത് പ്രകടിപ്പിച്ചത്.

” വിനീതേട്ടന് ഇവിടെ എന്തിന്റെ കുറവാണ്..? എഴുന്നേറ്റു നടക്കാൻ കഴിയുന്നില്ല എന്നല്ലാതെ ഏട്ടന്റെ എന്തെങ്കിലും ഒരു കാര്യത്തിന് ഞാൻ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ..?

എന്നിട്ടും ഇത്രയും വേഗം ഈ ജീവിതം അവസാനിപ്പിക്കണം എന്ന് പറഞ്ഞു കേൾക്കുമ്പോൾ എനിക്ക് എത്രത്തോളം വേദനയുണ്ടാകുമെന്ന് ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ..?”

അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി അവന്റെ പക്കൽ ഉണ്ടായിരുന്നില്ല. അവളുടെ ചോദ്യങ്ങൾ അവനെ വല്ലാതെ വേദനിപ്പിക്കുക തന്നെ ചെയ്തു.

” ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ഞാൻ ഇങ്ങനെ ഇവിടെ കിടക്കുന്ന കാലത്തോളം നിനക്ക് മനസ്സമാധാനത്തോടെ ഒരു ജീവിതം ഉണ്ടാവില്ല.

ഇപ്പോൾ തന്നെ നിനക്ക് ആകെ പ്രായം 25 വയസ്സാണ്. ജീവിതത്തിന്റെ സുഖസൗകര്യങ്ങൾ അനുഭവിക്കേണ്ട പ്രായമാണ് ഈ 25 വയസ്സ്.

അങ്ങനെയുള്ള നിനക്ക് ജീവിതത്തിൽ എന്തെങ്കിലും സുഖമോ സമാധാനമോ എന്നെ വിവാഹം ചെയ്തതിനു ശേഷം ഉണ്ടായിട്ടുണ്ടോ..? വിവാഹം കഴിഞ്ഞ അന്നു മുതൽ ഞാൻ നിനക്കൊരു ബാധ്യതയായി മാറി എന്നല്ലാതെ..”

അത് പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു.

അവൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. അവരുടെ വിവാഹ ദിവസം മുതൽ അവൾ തന്നെയാണ് അവന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്.

ഗൾഫിലെ ജോലിക്കാരൻ ആയിരുന്നു വിനീത്. പല വീടുകളിലും കയറിയിറങ്ങി പെണ്ണ് കണ്ടു അവസാനം ലീവ് തീരുന്ന സമയത്താണ് ഗൾഫുകാരന് പെണ്ണ് ശരിയാകുന്നത് എന്നൊരു ചൊല്ല് പലപ്പോഴും നാട്ടിൽ കേട്ടിട്ടുണ്ട്.

അതേ അവസ്ഥ തന്നെയായിരുന്നു വിനീതിന്റേതു. അവന് 27 മത്തെ വയസ്സിൽ വിവാഹം നടക്കണം എന്നുള്ളത് ഏതോ ജ്യോൽസ്യന്റെ പ്രവചനം ആയിരുന്നു. അതിനെക്കാൾ ഉപരി അവന്റെ വീട്ടുകാരുടെ ആഗ്രഹം കൂടിയായിരുന്നു എന്ന് പറയാം.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്. വിനീതും വിനീതിന്റെ സഹോദരിയും അടങ്ങുന്ന കുടുംബം ആയിരുന്നു അവന്റേത്. വിനീത് ഒരു പ്രവാസിയുടെ വേഷം കെട്ടുമ്പോൾ സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല.

വിനീതയും സഹോദരിയുടെയും ചെറുപ്പകാലത്ത് തന്നെ അവരുടെ അച്ഛനെ അവർക്ക് നഷ്ടപ്പെട്ടതാണ്.

അതിനുശേഷം അവരുടെ അമ്മ തന്നെയാണ് പല ജോലികൾക്കും പോയി അവരെ വളർത്തി വലുതാക്കിയത്. അതിന്റെ സ്നേഹവും നന്ദിയും എല്ലായിപ്പോഴും ആ മക്കൾ അമ്മയോട് കാണിച്ചിരുന്നു.

പെങ്ങളുടെ വിവാഹം നടത്തി കൊടുക്കേണ്ടത് ഒരു ആങ്ങളയുടെ കടമയാണ് എന്ന് സ്വയം ഒരു തോന്നൽ വന്നപ്പോഴാണ് അവൻ ഒരു പ്രവാസിയുടെ വേഷം കെട്ടിയത്.

അമ്മയെ കൊണ്ട് ഒറ്റയ്ക്ക് ഒരിക്കലും അവളുടെ വിവാഹം നടത്തി കൊടുക്കാൻ കഴിയില്ല എന്ന് അവനു അറിയാമായിരുന്നു.

അവൻ ഗൾഫിലേക്ക് പോയി രണ്ടുവർഷം കഴിഞ്ഞ് ലീവിന് മടങ്ങി വന്നപ്പോൾ പെങ്ങളുടെ വിവാഹം നടത്തി. അതിനോട് അനുബന്ധിച്ച് കുറച്ച് പണം പലരിൽ നിന്നായി കടം വാങ്ങേണ്ടി വന്നിരുന്നു.

പെങ്ങളുടെ വിവാഹത്തിനൊപ്പം അവന്റെ വിവാഹവും നടത്താൻ അമ്മ വാശി പിടിച്ചപ്പോൾ, തീർക്കാനുള്ള കടങ്ങളുടെ പേര് പറഞ്ഞ് അവൻ ഒഴിഞ്ഞു മാറി.

വന്നു കയറുന്ന പെൺകുട്ടി ഒരിക്കലും ബാധ്യതകളുടെ നടുവിലേക്ക് ആവരുത് വരുന്നത് എന്ന് വിനീതിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ലീവിന് വരുമ്പോൾ വിവാഹം നടത്താമെന്ന് അവൻ അമ്മയോട് പറഞ്ഞിരുന്നു.

അതുകൊണ്ടു തന്നെ രണ്ടു വർഷങ്ങൾക്കു ശേഷം അവൻ ലീവിന് വന്നപ്പോൾ നിർബന്ധപൂർവ്വം അവന്റെ വിവാഹ കാര്യത്തിൽ അവർ തീരുമാനമെടുക്കുകയായിരുന്നു.

അതിനിടയിൽ പെങ്ങളുടെ കുഞ്ഞിന്റെ ചടങ്ങുകൾ എല്ലാം നടത്തി. അവർക്ക് മറ്റൊരു വീടുവയ്ക്കണമെന്ന് പറഞ്ഞപ്പോൾ അതിന്റെ സഹായത്തിനായും കുറച്ചു പണം വിനീത് പലരിൽ നിന്നായി കടം വാങ്ങി കൊടുത്തിരുന്നു.

അതൊന്നിനും അവൻ കണക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പോലും അമ്മയ്ക്ക് എല്ലാത്തിനും കൃത്യമായ കണക്കുകൾ ഉണ്ടായിരുന്നു.

വിവാഹം നടത്താം എന്ന് പറഞ്ഞപ്പോൾ വീണ്ടും കടങ്ങളുടെ പേര് പറഞ്ഞ് അവൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

” പല സ്ഥലങ്ങളിലും കണ്ട അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ പറയുകയാണ്. നല്ലകാലത്ത് അവനവനു വേണ്ടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കി വെച്ചാൽ അവസാനകാലത്ത് നമുക്ക് അനുഭവിക്കാൻ സാധിക്കും.

നീ ഇപ്പോൾ സമ്പാദിക്കുന്നതും കൂടുതൽ പണം പലരിൽ നിന്ന് കടം വാങ്ങിയും നിന്റെ പെങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്നുണ്ട്.അവളെ സംബന്ധിച്ച് നീ നല്ലൊരു സഹോദരൻ തന്നെയാണ്.

പുറമേ നിന്നു നോക്കുന്നവർക്ക് സഹോദരിയെ പൊന്നു പോലെ കൊണ്ടു നടക്കുന്ന ഒരു സഹോദരനെ നിന്നിൽ കാണാൻ കഴിയും. എന്നാൽ നീ നിന്റെ സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ..? നിനക്ക് സ്വന്തമായി ഒരു കുടുംബം വേണം.

അങ്ങനെയുള്ളപ്പോൾ മാത്രമേ നീ പെങ്ങൾക്ക് കൊടുക്കുന്നതിനേക്കാൾ കൂടുതൽ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കൂ. ആ സമയത്ത് മാത്രമേ സ്വന്തമായി എന്തെങ്കിലും സൂക്ഷിച്ചു വയ്ക്കണമെന്ന് നിനക്ക് തോന്നി തുടങ്ങൂ.. ”

അമ്മയുടെ നിരന്തരമായ നിർബന്ധങ്ങൾക്ക് വഴങ്ങിയാണ് അവൻ പെണ്ണുകാണൽ ചടങ്ങിലേക്ക് കടന്നത്. പലസ്ഥലങ്ങളിലും പെണ്ണുകാണാൻ പോയെങ്കിലും ആ പെൺകുട്ടികളെ ആരെയും അവന് മനസ്സിന് ബോധിച്ചിട്ടുണ്ടായിരുന്നില്ല.

ലീവ് തീരാറായ സമയത്താണ് അവന് പ്രിയയുടെ ആലോചന വരുന്നത്. കണ്ടപ്പോൾ തന്നെ അവന് അവളെ ഇഷ്ടമാവുകയും ചെയ്തു.

പക്ഷേ അവരുടെ ജാതകപ്രകാരം, ഒരു മാസത്തിനകം വിവാഹം നടക്കണം എന്ന് നിർദ്ദേശമുണ്ടായിരുന്നു. അതോടെ എന്നുപറഞ്ഞ് വിവാഹം നടത്തി.

വിവാഹം കഴിഞ്ഞ് കൃത്യം പത്താം ദിവസം വിനീതിന് തിരികെ ഗൾഫിലേക്ക് പോകണമായിരുന്നു. അത് മാത്രം ഒരു ദുഃഖമായി അവർക്കിടയിൽ അവശേഷിച്ചു.

അതിനുള്ള പ്രതിവിധിയും അമ്മയുടെ പക്കൽ ഭദ്രമായിരുന്നു.

” അവൾ പഠിപ്പും വിവരവും ഒക്കെയുള്ള പെൺകുട്ടിയല്ലേ..? നീ അവിടെ എത്തിക്കഴിഞ്ഞ് അവൾക്ക് കൂടി അവിടെ ഒരു ജോലി ശരിയാക്കണം. എന്നിട്ട് അവളെയും അവിടേക്ക് കൂട്ടിക്കൊണ്ടു പോകണം.

രണ്ടാളും ഒന്നിച്ചു നിൽക്കേണ്ട സമയമാണ് ഇത്. നിങ്ങൾ ജീവിതം തുടങ്ങുന്നതേയുള്ളൂ ജീവിതത്തിന്റെതായ എല്ലാ സുഖവും സന്തോഷവും ആസ്വദിക്കാനുള്ള സമയമാണ് ഇപ്പോഴുള്ളത്.

ഭാവിയിൽ കുഞ്ഞുങ്ങളൊക്കെ ആയിക്കഴിഞ്ഞാൽ ഒരിക്കലും ഇപ്പോൾ ഉള്ള സുഖവും സന്തോഷവും ഒന്നും നിങ്ങൾക്ക് കിട്ടില്ല. അതുകൊണ്ട് കിട്ടുന്ന സമയം നന്നായി ആസ്വദിച്ചു ജീവിക്കണം. ”

അമ്മ പറഞ്ഞപ്പോൾ അവന് ആശ്ചര്യം തോന്നി . സാധാരണ അമ്മമാർ എനിക്ക് കൂട്ടായി അവൾ ഇവിടെ നിൽക്കട്ടെ എന്നാണ് പറയാറ്. ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ എന്ന് മാത്രം.

ആ പ്രശ്നത്തിനും പരിഹാരം കിട്ടിയതോടെ വിവാഹം പെട്ടെന്ന് തന്നെ നടന്നു.

പക്ഷേ വിവാഹം കഴിഞ്ഞ് പ്രിയയും വിനീതും സഞ്ചരിച്ചിരുന്ന കാറിൽ ഒരു ലോറി വന്ന് ഇടിച്ചപ്പോൾ അവരുടെ ജീവിതത്തിന്റെ താളം മുഴുവനും തെറ്റിത്തുടങ്ങി.

അന്ന് പ്രിയയ്ക്ക് നിസ്സാര പരിക്കുകളോടെ രക്ഷപെടാൻ സാധിച്ചില്ലെങ്കിൽ, വിനീത് അരയ്ക്ക് താഴേക്ക് തളർന്ന് കിടപ്പിലായി. രണ്ടു കുടുംബങ്ങളെയും ഒരുപോലെ വേദനിപ്പിച്ച ഒരു വിധിയായിരുന്നു അത്.

പലരും അത് പ്രിയയുടെ ജാതക ദോഷം കൊണ്ടാണ് എന്ന് പറഞ്ഞെങ്കിലും, വിനീതോ അവന്റെ വീട്ടുകാരോ അങ്ങനെ ഒരു വാദത്തിന് ചെവി കൊടുത്തില്ല.

വിവാഹം കഴിഞ്ഞ് ഉടനെ തന്നെ ഇങ്ങനെയൊരു അപകടം ഉണ്ടായതു കൊണ്ട് പ്രിയയെ തിരികെ അവളുടെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടാം എന്നൊരു തീരുമാനമായിരുന്നു വിനീതിന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്നത്.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇനി തന്റെ ജീവിതം വിനീതനോടൊപ്പം ആണെന്നും, എന്തു സംഭവിച്ചാലും വിനീതിനെ വിട്ടുപിരിയില്ല എന്നും പ്രിയ ഉറപ്പിച്ചു പറഞ്ഞു.

ആദ്യമൊക്കെ വിനീതിന് അവളുടെ സമീപനം ഒരു പ്രശ്നമായി തോന്നിയെങ്കിലും, പിന്നെപ്പിന്നെ അവളില്ലാതെ ഒരു നിമിഷം പോലും കഴിയില്ല എന്നൊരു തിരിച്ചറിവിലേക്ക് അവനും എത്തിക്കഴിഞ്ഞിരുന്നു.

ഇപ്പോൾ രണ്ടു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ആദ്യമൊക്കെ തനിക്ക് എന്നെങ്കിലും എഴുന്നേറ്റ് നടക്കാനാവും എന്നൊരു പ്രതീക്ഷ വിനീതിന് ഉണ്ടായിരുന്നു.

എന്നാൽ ഈ അടുത്ത സമയത്ത് ഒരു ഡോക്ടറിനെ കണ്ടപ്പോൾ അങ്ങനെയൊരു സാധ്യത അവന്റെ ജീവിതത്തിൽ അവശേഷിക്കുന്നില്ല എന്ന് ഡോക്ടർ തുറന്നു പറഞ്ഞതോടെ

അവളെ എങ്ങനെയെങ്കിലും തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്ന് മാത്രമാണ് വിനീതിന്റെ ചിന്ത.

” ഏട്ടാ.. ഏട്ടൻ ഒരു കാര്യം മനസ്സിലാക്കണം. ഏട്ടന് എന്നെ വേണ്ട എന്നാണ് ഏട്ടന്റെ തീരുമാനമെങ്കിൽ, ഏട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിവായി തരാൻ ഞാൻ തയ്യാറാണ്.

പക്ഷേ അത് ഏട്ടൻ ജീവിതത്തിലേക്ക് മടങ്ങി വന്നതിനു ശേഷം മാത്രമായിരിക്കും.

പിന്നെ നേരത്തെ പറഞ്ഞതുപോലെ എന്റെ ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ട് എന്നെ ഒഴിവാക്കാൻ ആണ് ശ്രമിക്കുന്നതെങ്കിൽ, ഏട്ടന് എന്തെങ്കിലും വിഷം കലക്കി തന്നു ഏട്ടനെ കൊന്നിട്ട് ആ കൂടെ ഞാനും വരും.

അല്ലാതെ നിങ്ങളെ പിരിഞ്ഞ് ഒരു നിമിഷം പോലും എന്നെക്കൊണ്ട് പറ്റില്ല. ഏട്ടൻ നേരത്തെ പറഞ്ഞതുപോലെ എന്റെ യൗവനം വെറുതെ പോവുകയാണ് എന്നൊരു ചിന്തയൊന്നും എനിക്കില്ല.

എന്റെ മനസ്സുകൊണ്ട് നിങ്ങൾ എന്റെ ഭർത്താവ് തന്നെയാണ്. മരണത്തിലൂടെ അല്ലാതെ നമ്മൾ തമ്മിൽ പിരിയില്ല. ഇനി ഇങ്ങനെയുള്ള ചിന്തകൾ ഒന്നും മനസ്സിൽ വച്ച് നടക്കേണ്ട. ”

അവന്റെ കവിളിൽ തട്ടി അരുമയോടെ അവൾ അത് പറഞ്ഞപ്പോൾ, ഇങ്ങനെയൊരു പെണ്ണിനെ തനിക്ക് കിട്ടിയതിന് ദൈവത്തോട് നന്ദി പറയുകയായിരുന്നു അവൻ.