(രചന: ഞാൻ ആമി)
പുതിയതായി വാങ്ങിയ സൈക്കിൾ മുറ്റത്തു വെച്ചു നല്ല വൃത്തിയായി കഴുകിയ ശേഷം കിച്ചൻ ഉറക്കെ വിളിച്ചു പറഞ്ഞു.
“അമ്മേ…. ഒന്നിങ്ങോട്ട് വന്നേ “അവന്റെ ശബ്ദം കേട്ട് ഞാൻ ഉമ്മറത്തേക്ക് ചെന്നു.
മുറ്റത്ത് കണ്ണേട്ടൻ വാങ്ങി കൊടുത്ത പുതിയ സൈക്കിളിന്റെ അടുത്തു നിന്നു എന്റെ കിച്ചൻ ചിരിക്കുന്നു.
“ആഹാ… സൂപ്പർ ആയാലോ കിച്ചാ “ഞാൻ അത് പറഞ്ഞതും അവൻ ഓടി വന്നു എന്നെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.
“അമ്മേ… എനിക്കൊരു തുളസി മാല കെട്ടി തരാമോ? എന്റെ സൈക്കിൾ തൂക്കി ഇടനാണ്. പിന്നെ അമ്പലത്തിൽ കൊണ്ടുപോയി പൂജിക്കണം “
അവനത് പറഞ്ഞു എന്റെ മുഖത്തേക്ക് നോക്കി. ഞാൻ എന്റെ കിച്ചന്റെ മുടിയിൽ തലോടി പറഞ്ഞു.
“ഇത് സൈക്കിൾ അല്ലേ മോനെ… ഇത് പൂജിക്കണോ? “എന്റെ ചോദ്യം കേട്ട് അവൻ അവൻ പറഞ്ഞു.
“അച്ഛൻ ഓട്ടോ പൂജിക്കാൻ അമ്പലത്തിൽ കൊണ്ടുപോകുമല്ലോ അത് അച്ഛന്റെ വാഹനം അല്ലേ… ഇത് കിച്ചന്റെ വാഹനം..
ഇത് ഓടിക്കുമ്പോൾ ഭഗവാൻ കൂടെ ഉണ്ടാകണം അച്ഛനെ കാക്കും പോലെ എന്നെയും ആപത്തിൽ നിന്നും കാത്തുകൊള്ളാൻ “
എന്ന് മോൻ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി അവനും കണ്ണേട്ടനെ പോലെ തന്നെയാണ്.
സ്വന്തമെന്നു പറഞ്ഞു കൂടെ കൂട്ടുന്ന ഒരു വാഹനം അതിന് ജീവൻ ഇല്ലേൽ പോലും അതിനോടുള്ള ആത്മാർത്ഥത ചിലപ്പോൾ ഏറ്റവും വലുതാണ്.
മോനെയും കൂട്ടി ഞങ്ങൾ അമ്പലത്തിൽ ചെന്നു സൈക്കിൾ പൂജിക്കാൻ തിരുമേനിയെ വിളിച്ചതും അവിടെ തൊഴാൻ എത്തിയവർ പരസ്പരം നോക്കി ചിരിച്ചു. എന്റെ കിച്ചൻ കണ്ണടച്ചു ഭക്തിയോടെ നിൽക്കുന്നത് കണ്ടു കണ്ണേട്ടൻ പറഞ്ഞു.
“നമ്മുടെ സ്വന്തം എന്ന് പറയുന്നതിന് എന്നും വല്ലാത്ത ആത്മബന്ധം ആണ് ആമിയേ… അത് എന്ത് തന്നെയാണേലും “
കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ എന്റെ മോനെ ഓർത്തു അഭിമാനിച്ചു. അവൻ നല്ല കുട്ടിയായി വളരുമെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.