(രചന: ഞാൻ ആമി)
ഓരോ ദിവസവും ഇട്ടു മുഷിഞ്ഞ വസ്ത്രങ്ങൾ കുന്നുകൂടിയപ്പോൾ ഞാൻ അതൊക്കെ എടുത്തു പുഴയിലേക്ക് നടന്നു.
അതാകുമ്പോൾ ആവിശ്യത്തിന് വെള്ളം ഉണ്ടല്ലോ നല്ലതായി തുണി നനക്കാമല്ലോ എന്നോർത്താണ് തുണിയും വാരി കെട്ടി ഞാൻ മുറ്റത്തേക്ക് ഇറങ്ങിയത്.
“ഇതൊക്കെ വാരികെട്ടി അമ്മ ഇത് എങ്ങോട്ടാണ്? “അപ്പു ഉമ്മറത്തിരുന്നു ചോദിച്ചതും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി പിന്നെയും നടന്നു.
“പുഴയിലേക്ക് ആണേൽ അമ്മ പോകേണ്ട…. ഇവിടെ അലക്കുകല്ലിൽ അലക്കിയാൽ മതി “എന്ന് പറഞ്ഞു അവൻ എന്റെ കൈയിൽ നിന്നും തുണി പിടിച്ചു വാങ്ങി.
“എന്താ അപ്പു… ഇവിടെ കിണറ്റിൽ നിന്നും വെള്ളം കോരി അലക്കിയാൽ എനിക്ക് വയ്യാണ്ട് ആകും വെള്ളം ഒരുപാട് വറ്റി…
നിയൊക്കെ ഒരു ദിവസം എത്ര ഡ്രസ്സ് ആണ് മാറുന്നെ… അലക്കി അലക്കി എനിക്ക് വയ്യാ “എന്നും പറഞ്ഞു ഞാൻ ദേഷ്യപെട്ടു.
അവന്റെ കൈയിൽ നിന്നും തുണി വാങ്ങി പുഴയിലേക്ക് നടന്നു. ആദ്യമായാണ് ഞാൻ പുഴയിൽ അലക്കാൻ പോകുന്നെ.കടവിൽ ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്.
കുറച്ച് മാറി ആളൊഴിഞ്ഞ കടവിൽ തുണി അലക്കി തുടങ്ങിയതും അപ്പു അങ്ങോട്ട് വന്നു.
“നീ എവിടെ പോകുവാണ് അപ്പുവേ? “തുണി നനക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചതും അവന്റെ മറുപടി കേൾക്കാതെ വന്നപ്പോൾ ഞാൻ തല പൊക്കി നോക്കി.
“നീ എന്താ നോക്കുന്നെ? “
“അമ്മ… ഇങ്ങോട്ട് കയറിക്കെ… ഞാൻ ഊരി പിഴിയാം തുണി “
എന്ന് പറഞ്ഞു അവൻ കടവിൽ ഇറങ്ങി തുണി കഴുകി ബക്കറ്റിൽ ആക്കി. തിരികെ പോരുമ്പോൾ അവൻ എന്നോട് പറഞ്ഞു.
“അമ്മേ ചില ആളുകൾ ഉണ്ട് എല്ലായിടത്തും… പെണ്ണെന്നു കണ്ടാൽ അവിടെ നോക്കി നിൽക്കും…
ഈ കടവത്ത് വന്നു അമ്മ തുണി നനക്കുന്നത് എനിക്ക് ഇഷ്ടം അല്ല… ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്ന് അമ്മ എന്നെയും അവനെയും നന്നായി പഠിപ്പിച്ചിട്ടുണ്ട്…
അവിടെ കടവത്ത് ചില മോശം മനുഷ്യൻമാര് വന്നു നിൽക്കുന്നത് എന്റെ കൂട്ടുകാര് പറയാറുണ്ട്.. എന്റെ അമ്മയെ ആരും അതുപോലെ നോക്കാൻ ഞാൻ സമ്മതിക്കില്ല “
എന്ന് പറഞ്ഞു അപ്പു നടന്നപ്പോൾ എനിക്ക് അവനെ ഓർത്തു അഭിമാനം തോന്നി.
ഒരു സ്ത്രീയെ നല്ല കണ്ണിലൂടെ കാണാനും ബഹുമാനിക്കാനും പഠിപ്പിക്കുന്നതിൽ നല്ല പങ്ക് മാതാപിതാക്കൾക്ക് ഉള്ളതാണെന്ന് എനിക്ക് നിശ്ചയം ഉണ്ടായിരുന്നു.