ചങ്ങായി
(രചന: ഷെർബിൻ ആന്റണി)
എയർപ്പോർട്ടിൽ ജീവനുവേണ്ടി വെയ്റ്റ് ചെയ്യുമ്പോൾ ശ്യാമും ആനിയും മ്ലാനതയിലായിരുന്നു.
ആറ് മാസത്തിനു മുമ്പ് ഇതേപോലൊരു സന്ധ്യയ്ക്കായിരുന്നു അവർ രണ്ട് പേരും ജീവനെ യാത്ര അയയ്ക്കാൻ വന്നത്.
പക്ഷേ അന്ന് ആനി ജീവനെ വേർപിരിയുന്ന സങ്കടത്തിലായിരുന്നെങ്കിലും ശ്യാമിന് പ്രതീക്ഷയുണ്ടായിരുന്നു ജീവൻ്റെ ലൈഫ് സെറ്റിലാവുമെന്ന്.
ശ്യാമും ജീവനും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു. സ്കൂൾ തലം മുതൽ ക്യാമ്പസ് വരെ ഒരുമ്മിച്ചായിരുന്നു എന്തിനും ഏതിനും.
ശ്യാം കുറച്ച് പരുക്കനായിരുന്നെങ്കിലും ജീവൻ നേരെ വിപരീതമായിരുന്നു. പക്ഷേ ശ്യാമിന് ജീവനെ ജീവനായിരുന്നു. ജീവനും അങ്ങനെ തന്നായിരുന്നു.
കോളേജിലെ എല്ലാ അടിപിടി കേസ്സിലും ശ്യാമുണ്ടാകും. അതിൽ നിന്നൊക്കെ ജീവനായിരുന്നു പലപ്പോഴും ഊരി കൊണ്ട് പോയിരുന്നത്.
ആരേയും കൂസാത്തവനായിരുന്നു ശ്യാമെങ്കിൽ ജീവൻ നേരേ മറിച്ചും എല്ലാവരോടും നല്ല കമ്പനി. തല്ലാൻ വരുന്നവർ പോലും ജീവൻ്റെ ചിരിയിലും സംസാരത്തിലും വീണ് പോകും അത്ര നല്ല ക്യാരക്ടറായിരുന്നു.
ഫൈനൽ ഈയർ ആയപ്പോഴായിരുന്നു അവർക്കിടയിലേക്ക് ആനി കടന്ന് വരുന്നത്. റാഗിങ്ങിൽ നിന്ന് രക്ഷിച്ചെന്ന പേരിലായിരുന്നു ആനി ശ്യാമിനോട് അടുത്തത്.
മുന്നേയുള്ള നഷ്ട്ട പ്രണയത്തിനു ശേഷം പെൺ വർഗ്ഗത്തിനോട് തന്നെ ശ്യാമിന് വെറുപ്പായിരുന്നു. ആനി കമ്പനി കൂടാൻ വരുമ്പോഴൊക്കെ ശ്യാം അവഗണിക്കാറുണ്ടെങ്കിലും ജീവൻ അവളോട് സംസാരിച്ചിരുന്നു.
പതിയെപ്പതിയെ ജീവനും ആനിയും തമ്മിൽ പ്രണയത്തിലുമായി.ആ ഒറ്റ കാരണം കൊണ്ട് തന്നെ ശ്യാമിനും ആനിയെ വല്യ കാര്യമായിരുന്നു.
ജീവനും ആനിയും തമ്മിൽ ചെറിയ കാരണങ്ങൾക്ക് വഴക്കിടുമ്പോഴും ശ്യാമായിരുന്നു അതെല്ലാം ഒത്ത് തീർപ്പാക്കിയിരുന്നത്.
ശ്യാമിൻ്റേയും ജീവൻ്റേയും വീടുകൾ തമ്മിൽ ദൂരമുണ്ടെങ്കിലും വീടിനുള്ളിൽ സർവ്വസ്വാതന്ത്ര്യമായിരുന്നു ഇരുവർക്കും.
ആനി അപ്പനും അമ്മയ്ക്കും ഒറ്റ മകളായിരുന്നു. ഇവരുടെ സൗഹൃദം മൂന്ന് വീട്ടുകാരേയും തമ്മിൽ കൂട്ടിയിണക്കി.
ആനിയുടെ അപ്പനും അമ്മയ്ക്കും ശ്യാമിനേയും ജീവനേയും ഒത്തിരി ഇഷ്ട്ടമായിരുന്നു.
അതു കൊണ്ട് തന്നെ ഇരു വീട്ടുകാരെ കൊണ്ടും സമ്മതിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തെതും വിജയിപ്പിച്ചതും ശ്യാം തന്നെയായിരുന്നു.
കല്ല്യാണം നീട്ടി വെയ്ക്കണമെന്ന് ജീവനായിരുന്നു പിടി വാശി. സ്വന്തമായൊരു ജോലി നിലനില്പ് എന്നിട്ടാവാം എന്നതിൽ ആനിയുടെ വീട്ടുകാരും മറുത്തൊന്നും പറഞ്ഞില്ല.
നാട്ടിലൊരു കമ്പനിയിൽ ജോലിക്ക് പോയി കൊണ്ടിരിക്കുന്നതിനിടയിലാണ് വിദേശത്ത് നിന്ന് ഒരോഫർ വന്നത്.
ആനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ലെങ്കിലും രണ്ട് വർഷം കഷ്ട്ടപ്പെട്ടാലും തിരിച്ച് വന്നയുടൻ സെറ്റിലാമെന്ന ലക്ഷ്യമായിരുന്നു ജീവനെ പ്രലോഭിപ്പിച്ചത്.
ആദ്യം ശ്യാമും എതിർത്തെങ്കിലും ഉദ്ദേശശുദ്ധി കൊണ്ട് മാത്രം സമ്മതിച്ചു കൊടുത്തു. മാത്രവുമല്ല ആനിയെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ടിയും വന്നു.
വിദേശത്തുള്ള നല്ല ഒരു കമ്പനിയിൽ സൂപ്പർവൈസിംഗ് പോസ്റ്റായിരുന്നു. ഉയർന്ന ശമ്പളവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ എല്ലാം നല്ല രീതിയിലായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. പതിവായിട്ടുള്ള കോളുകളും മെസ്സേജുകളും കാണാതായപ്പോൾ ആനി പരിഭ്രാന്തിയിലായി.
ശ്യാമിനെ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. ജീവനെ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് ശ്യാം അവിടുത്തെ ഓഫീസുമായി ബന്ധപ്പെടുന്നത്.
നടുക്കുന്ന വിവരങ്ങളായിരുന്നു അവിടെ നിന്ന് അറിയാൻ കഴിഞ്ഞത്.
ഒരാക്സിഡൻ്റിൽ ജീവൻ പെട്ടിരിക്കുന്നു, കൂടെ ഉണ്ടായിരുന്ന രണ്ട് പേർ തത്ക്ഷണം തന്നെ മരണപ്പെട്ടിരുന്നു. ജീവനിത് വരെ ബോധം തെളിഞ്ഞിട്ടില്ല, തീവ്രപരിചരണ വിഭാഗത്തിലാണ്.
വിവരങ്ങളറിഞ്ഞ ശ്യാമിൻ്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി കുറച്ച് നേരം സ്ഥലകാല ബോധമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ വിങ്ങുകയായിരുന്നു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് ശ്യാം നീയന്ത്രണത്തിലായത്.
ചെറിയൊരു ആക്സിഡൻ്റ് കുഴപ്പമില്ല ഉടനെ റിക്കവറാകുമെന്നാണ് ആനിയേയും വീട്ടുകാരേയും ധരിപ്പിച്ചത്.
നീണ്ട നാളത്തെ പ്രാർത്ഥനകൾക്കും പരിചരണങ്ങൾക്കും ഒടുവിൽ ജീവന് ബോധം വീണു. പക്ഷേ ജീവൻ്റെ പാതി ശരീരം ചലനമറ്റതായിരുന്നു. അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയിരുന്നു…
അവിടെ തന്നെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിലായിരുന്നു ശേഷിച്ച മൂന്ന് മാസവും. എല്ലാ ട്രീറ്റ്മെൻ്റിനും ഒടുവിലാണ് ജീവൻ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നത്.
എയർപ്പോർട്ടിൽ എത്തിയതിനു ശേഷമാണ് ശ്യാം മറ്റ് വിവരങ്ങൾ ആനിയോട് ധരിപ്പിക്കുന്നത്. എല്ലാം കേട്ട് കണ്ണീരൊഴുക്കുവാനേ ആ പാവത്തിനും ആയുള്ളൂ. ജീവൻ്റെ വരവിനായ് അവർ കണ്ണും നട്ടിരുന്നു.
യാത്രക്കാരെല്ലാവരും പോയതിന് ശേഷവും ജീവനെ കാണാതായപ്പോൾ ആനിയും ശ്യാമും പരസ്പരം നോക്കി.
ഏറേനേരത്തിനു ശേഷമാണ് ജീവൻ വന്നത്. വീൽചെയറിൽ തള്ളി കൊണ്ട് വരുന്ന ആ രംഗം കണ്ടു നിന്ന ആനി നിയന്ത്രണം വിട്ട് അങ്ങോട്ട് ഓടി ചെന്നു.
വീൽചെയറിനു മുന്നിലിരുന്ന് ജീവൻ്റെ മടിയിലേക്ക് മുഖം കുമ്പിട്ടിരുന്ന് കരയുകയായിരുന്ന ആനിയെ ജീവൻ തന്നെയാണ് ആശ്വസിപ്പിച്ചത്. ഇതെല്ലാം കണ്ട് തൂണിന് മറയിലിരുന്ന് കരയുവാനേ ശ്യാമിനായുള്ളൂ.
വീട്ടിലേക്കുള്ള വഴിയിൽ ജീവൻ്റെ വാക്കുകൾ അവരെ വീണ്ടും വേദനിപ്പിച്ചു.
നിങ്ങളെ വിട്ട് ഞാൻ പോകരുതായിരുന്നു നിങ്ങളെ വിഷമിപ്പിച്ചതിന് ദൈവം തന്ന ശിക്ഷയാണിത്…
നാട്ടിലുള്ള പല പ്രമുഖ ആശുപത്രികളിലും ശ്യാമും ആനിയും കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവും ഉണ്ടായിരുന്നില്ല
മാത്രവുമല്ല അധികനാൾ ജീവൻ്റെ ആയുസ്സിനെ പിടിച്ച് നിർത്താൻ സാധ്യമാവില്ലെന്നുള്ള തിരിച്ചറിവിൽ അവർ നിസ്സഹായരായിരുന്നു. ദിവസങ്ങൾ ചെല്ലുന്തോറും ജീവൻ്റെ ശരീരം ശോഷിച്ചു കൊണ്ടേയിരുന്നു.
ആനി ജീവൻ്റെ വീട്ടിൽ തന്നെയായിരുന്നു ജീവനോടൊപ്പം തന്നെയായിരുന്നു പിന്നീടങ്ങോട്ട്.
ആനി നിഴലുപോലേ കൂടെ ഉണ്ടായിരുന്നത് ജീവൻ്റെ വീട്ടുകാർക്ക് വലിയ ആശ്വാസം തന്നെയായിരുന്നു.
കട്ടിലിനു കീഴേ ജീവൻ്റെ കൈകൾ മുറുകെ പിടിച്ചോണ്ട് ആ കൈകൾക്കുള്ളിൽ മുഖം ചരിച്ച് ഉറങ്ങാനായിരുന്നു ആനിക്കിഷ്ട്ടം.
ജീവൻ്റെ ജീവനെ പിടിച്ച് നിർത്താൻ ഒടുവിൽ ആ കൈകൾക്കുമായില്ല….
ജീവൻ പോയതിനു ശേഷവും ആനി അവിടെത്തന്നെയായിരുന്നു തങ്ങിയിരുന്നത്.
തിരികെ വീട്ടിലേക്ക് കൊണ്ട് പോകുവാൻ അവളുടെ പപ്പയും മമ്മിയും വന്നപ്പോഴും ആനി വഴങ്ങിയില്ല. അവസാനം ആനിയുടെ വീട്ടുകാർ ശ്യാമിനോട് വിളിച്ചപേക്ഷിക്കുകയാണ് ഉണ്ടായത്.
ആനിയെ അനുനയിപ്പിക്കാനായ് ശ്യാം അവിടേയ്ക്കെത്തി. പുതിയൊരു ജീവിതത്തിലേക്ക് കടക്കെണമെന്നും മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കണമെന്നുമൊക്കെ പറഞ്ഞു നോക്കി.
എല്ലാം കേട്ടതിനു ശേഷം ആനി അകത്തേയ്ക്ക് പോയി. തിരിച്ച് വന്നത് ജീവൻ്റെ ഡയറിയുമായിട്ടായിരുന്നു. ശ്യാമിൻ്റെ കൈകളിലേക്കത് കൊടുത്തിട്ട് വീണ്ടും ആനി അകത്തേക്ക് തന്നെ പോയി.
ഡയറിയുടെ അവസാന പേജുകൾ വായിച്ച ശ്യാമിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
എൻ്റെ മനോഹരമായ നാളുകളായിരുന്നു ശ്യാമേ നിന്നോടോപ്പം ഉണ്ടായിരുന്നത്. ആ അപകടത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ എൻ്റെ അരികിൽ നീ ഉണ്ടാകണമെന്ന് ഞാൻ ഏറേ ആഗ്രഹിച്ചിരുന്നു.
എനിക്കറിയാം ഇനിയും അധികനാൾ മുന്നോട്ട് പോവാൻ സാധിക്കില്ലെന്ന്.
പക്ഷേ നിങ്ങൾ രണ്ട് പേരും ഒരുമിക്കുമ്പോഴൊക്കെ അദൃശ്യനായ് ഞാനും അവിടെ ഉണ്ടാകും.
എൻ്റെ ആനിയെ എന്നും നിന്നോടൊപ്പം ചേർത്ത് നിർത്താൻ നിനക്കാകുമെങ്കിൽ കൂട്ടുകാരാ…. അതില്പരം ഞാനൊന്നും ആഗ്രഹിക്കുന്നില്ല.
സാധിക്കുമെങ്കിൽ….??? ആ വരികൾ പൂർണ്ണമാക്കാതെ എന്ന് നിൻ്റെ ജീവൻ എന്നെഴുതി അവസാനിപ്പിച്ചിരിക്കുന്നു.
കണ്ണുകടച്ച് അല്പനേരം കൂടി ഇരുന്നിട്ട് ശ്യാം ജീവൻ്റെ മുറിയിലേക്ക് ചെന്നു. ആനിക്ക് ഒന്നും സംസാരിക്കാൻ ഇട നല്കാതെ ശ്യാം ആ കൈകൾ പിടിച്ച് അവരൊരുമിച്ച് അവിടെ നിന്നിറങ്ങി.