നിങ്ങക്ക് പെണ്ണ് കെട്ടാൻ എന്റെ സമ്മതം എന്തിനാ, പിന്നെ നിന്റെ സമ്മതം വേണ്ടേ ഇല്ലങ്കി ഇനി..

എന്റെ ദത്ത്പുത്രൻ
(രചന: ശിവാനി കൃഷ്ണ)

പ്രൊജക്റ്റ്‌ എന്നും പറഞ്ഞു രാവിലെ വരയ്ക്കാൻ ഇരുന്നതാണ്… തീർന്നപ്പോൾ രണ്ട് മണി ആയി… ചോറ് പോലും തിന്നാൻ തോന്നുന്നില്ല..

“അപ്പുവേ… ചോറ് തിന്നാൻ വാ..”

“എനിക്ക് വേണ്ടമ്മാ..”

“വാരി തന്നാലോ…”

“എങ്കിൽ വേണം…”

അതാവുമ്പൊ വെറുതെ വാ തുറന്ന് കൊടുത്താൽ മതീല്ലോ… അല്ലങ്കിലും അമ്മ വാരി തരുമ്പോൾ കറി ഒന്നും ഇല്ലങ്കിലും നല്ല ടേസ്റ്റ് ആണ്…

കുറച്ച് കഴിഞ്ഞപ്പോഴേക്കും അമ്മ വന്നു… ചക്കയും മീൻ കറിയും ചോറും..

“ഇതെന്നാ ഒരു മീനെ ഉള്ളു…”

“അതേ ഉള്ളു.. ഒന്ന് അവൾക്ക് കൊടുത്തു…”

“നെത്തോലിടെ അത്ര ഉള്ള ഈ ഒണക്ക ചാളയെ ഉള്ളോ… നിക്ക് കുറെ മീൻ വേണം ”

“ഫ്രിഡ്ജിൽ ഇരുപ്പോണ്ട്.. രാത്രി വെച് തരാം.. ഇപ്പോ ഉള്ളത് കഴിക്ക് നീ…”

“മ്മ്… ഹും…വല്ല കള്ള് ശാപ്പും നടത്തിയാൽ മതിയാർന്നു.. അതാവുമ്പൊ എന്തോരം മീൻ തിന്നാം..”

“എങ്കി പിന്നെ എന്റെ മോളൊരു കാര്യം ചെയ്… ഒരു മുക്കുവചെക്കനെ കെട്ട്…”

“സന്തോഷം… എങ്കി എന്റെ ആട്ടൻ എന്നും എനിക്ക് വല ഇട്ട് പള പളത്ത മീൻ കൊണ്ട് വരും… എന്നിട്ട് കറുത്തമ്മയെ പോലെ ഞാൻ മീൻ കറിയും ചോറും വെച് എന്റെ പഴനി ചേട്ടനെ കാത്തിരിക്കും…. പക്ഷേ എന്റെ കഥയിലെങ്ങും പരീക്കുട്ടി കാണില്ല…”

“ഉവ്വ ഉവ്വ…നിനക്ക് ചായ ഇടാനെങ്കിലും അറിയാമോ.. ന്നിട്ടാ അവൾടെ ഒരു പഴനീം പരീകുട്ടീം…”

“അതൊക്കെ ഞാൻ പഠിച്ചോളാം…”

“ഓക്കേ.. എന്നിട്ട്…”

“എന്നിട്ട്… രാത്രി ഞങ്ങൾ രണ്ടുടീ വള്ളത്തിൽ ഉൾക്കടലിൽ പോകും..”

“ആഹാ…”

“ഹിഹി…എന്നിട്ട് ഞങ്ങൾ അതിൽ ഇങ്ങനെ അമ്പിളിയമ്മാവനെ നോക്കി കിടക്കും..”

“എന്നിട്ട്…”

“എന്നിട്ടെന്താ… നേരം വെളുക്കുമ്പോ തിരിച്ചു പോരും…”

“കൊള്ളാം… അപ്പോ എന്റെ മോൾ സീരിയസ് ആയിട്ടാണോ..”

“മ്മ്ഹ് അല്ല… ഒരു പ്രശ്നം ഉണ്ട്‌..”

“എന്താവോ?”

“അമ്മാ… ഈ കടലിൽ മീൻ പിടിക്കാൻ പോണവരുടെ വീട്ടുകാരുടെ അവസ്ഥ ഒന്ന് ഓർത്ത് നോക്കിയേ…

എപ്പോഴും ഉള്ളിൽ പേടിയും പ്രാർത്ഥനയും മാത്രേ കാണു… പോയ പടി തിരിച്ചിങ് എത്തിച്ചേക്കണേ ന്ന്… ഇനി അങ്ങനെ അല്ലങ്കിൽ പോലും നിക്ക് അങ്ങനെ ആയിരിക്കും.. തീ തിന്ന് ജീവിക്കാൻ വയ്യ…”

“മ്മ്.. മര്യാദക്ക് പഠിച്ചു മൂന്ന് കൊല്ലത്തിനുള്ളിൽ ജോലി വാങ്ങാൻ നോക്ക്.. അപ്പോഴേക്കും നിന്നെ ഞങ്ങൾ കെട്ട് കെട്ടിക്കും… ഈ വീടും തരും..”

“ഓ അപ്പോ ഞാൻ പോണം അല്ലേ… ആ വീട് എന്റേതല്ലേ.. അപ്പോ നിങ്ങൾ കെട്ട്യോനും കെട്ട്യോളും ഇറങ്ങി തന്നേക്കണം..”

“പോടീ…നീ ചെക്കനെ ഇങ്ങോട്ട് കൊണ്ട് വന്നാൽ മതി.. ഒരു ദത്ത്പുത്രൻ മതി നിക്ക് ന്റെ മോൻ ആയിട്ട്..”

“മോനോ… മരുമോൻ..”

“നിക്ക് മോൻ തന്നെയാ..”

“ഹും.. കൂടുതൽ സ്നേഹം ഒന്നും വേണ്ട.. എന്നെ സ്നേഹിച്ചിട്ട് ബാക്കി ഉള്ളത് കൊടുത്താ മതി..”

“അതിന് നിന്നെ നിക്ക് ഇഷ്ടല്ലല്ലോ..”

“ആഹ് അത് ശരിയാ… തവിടു കൊടുത്തു വാങ്ങിയതല്ലേ..”

“അതേന്നെ..”

“ഹും.. അത് പോട്ടെ.. ഒരു ദത്ത് പുത്രൻ ഉണ്ട്‌… എടുക്കട്ടെ..”

“പയ്യെ എടുത്താ മതി.. ഇപ്പോ എന്റെ മോൾ പഠിക്കാൻ നോക്ക്..”

“അപ്പോ ടൈം ആകുമ്പോ ഞാൻ എടുക്കുമെ…”

“എടുക്ക് എടുക്ക്..”

“പക്ഷേ ഒരു പ്രശ്നം ഉണ്ടല്ലോമ്മാ…”

“എന്ത് പ്രശ്നം…”

” ആ പുത്രന് കമ്മിറ്റിമെന്റ്സിനോട് ഒന്നും താല്പര്യമില്ല ന്ന്..”

“അങ്ങനെയാണോ.. എങ്കിൽ എന്റെ മോൾ അതങ്ങ് മറന്നു കളഞ്ഞേക്ക്..”

“അമ്മ…”

“ഒരിക്കലും കിട്ടൂല ന്ന് ഉറപ്പുള്ളത് തേടി പോവാതെ അപ്പു…. നിനക്ക് ഉള്ളത് നിന്നെ തേടി വരും… അല്ലങ്കിൽ നീ കരയുന്നത് നോക്കി നിൽക്കാനേ ഞങ്ങക്ക് ആവു.. ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം…”

എന്നും പറഞ്ഞിട്ട് അമ്മ പോയി… അമ്മ അങ്ങനെ പറഞ്ഞെന്നും വെച് നമുക്ക് അങ്ങനെ അങ്ങ് ഇട്ടേച്ചു പോകാൻ പറ്റുവോ.. എങ്കിൽ എന്നേ പോയേനെ… കാലൻ വിട്ടു പോണില്ലന്നേ.. ഞാൻ എന്നാ ചെയ്യാനാ…

ഈ അമ്മ… പത്ത് ഉരുള ചോറാണ് ഒരു ഉരുള ആയിട്ട് തരുന്നത്.. കഥ പറഞ്ഞു പറഞ്ഞു കൊരോള വരെ എത്തിയത് അറിഞ്ഞില്ല…

അങ്ങനെ അങ്ങനെ രണ്ട് കൊല്ലം ദേ ന്നും പറഞ്ഞു പോയി… എന്റെ പഠിപ്പു കഴിഞ്ഞു ജോലിയും ആയി…
എല്ലാം മാറി… വായിനോക്കി തെണ്ടി നടന്നിരുന്ന ഞാനാണ്…

ഇപ്പോഴോ… വായിനോക്കാൻ പോലും നേരമില്ല.. എങ്കിലും ഓഫീസിലെ സുന്ദരന്മാരെ കണ്ട് സംതൃപ്തി അടിയുന്നുണ്ട്…എന്റെ മൊട്ടത്തലയിൽ കാർകൂന്തലോട് കാർകൂന്തൽ…

പക്ഷേ ദത്തൻ മാത്രം ഇപ്പോഴും അത് പോലെ തന്നെയുണ്ട്… മറ്റേ മാവിലൊക്കെ പിടിച്ചിരിക്കുന്ന ഇത്തിൾ ഇല്ലേ.. അത് പോലെ…. കളയണമെങ്കിൽ ആ ശിഖരം തന്നേ കളയണം…

അങ്ങനെ ഫൈനലി അങ്ങേരെ നേരിട്ട് കാണാൻ തന്നേ തീരുമാനിച്ചു…അതും ആദ്യായിട്ട്.. നിങ്ങൾ നോക്കണ്ട..

ഒരു ഓൺലൈൻ പ്രണയഗഥ ന്ന് ഒക്കെ വേണോങ്കിൽ പേരിടാം…അല്ല.. ഒരു ഓൺലൈൻ വൺ വേ പ്രണയഗഥ.. ഞാൻ മാത്രല്ലേ സ്നേഹിച്ചുള്ളൂ… ഹും..

എന്തായാലും അങ്ങേരെ കാണുമ്പോ ഒന്ന് ഞെട്ടിക്കാൻ വേണ്ടി ഒരു സാധനം ഒക്കെ റെഡി ആക്കിയിട്ടുണ്ട്…

കുഞ്ഞ് പച്ച പൂക്കൾ ഉള്ള ഒരു മഞ്ഞ സാരി ഒക്കെ ഉടുത്തങ്ങു ഇറങ്ങി… പതിവില്ലാതെ സാരി ഒക്കെ ഉടുക്കുന്നത് കണ്ട് ഷീലാമ്മ വന്നു നോക്കി നിപ്പുണ്ട്..

“എന്താ ഷീലാമ്മേ ഒരു ഒളിഞ്ഞു നോട്ടം..”

“അല്ല ന്റെ മോൾക്ക് ന്താ ഇത്ര ഒരുക്കംന്ന് നോക്കീതാ..”

“ഒരു ചിന്ന ഡിസിഷൻ മേക്കിങ്…”

“മ്മ് മ്മ്… മേക്കിങ് നന്നായാലും കുളമായാലും ഇങ്ങോട്ട് തന്നേ തിരിച്ചു എത്തിക്കോണം..”

“അത് പിന്നെ എത്തില്ലേ… നിങ്ങളെ ഇനിയും എത്ര കാലം മുടിപ്പിക്കാൻ ഉള്ളതാ..ഹിഹി..”

“ഉം ഉം… പോയിട്ട് വേഗം വാ..അച്ഛാ ചെമ്മീൻ കൊണ്ട് വന്നിട്ടുണ്ട്…”

“ഹയ്യ്.. ഞാൻ വരുമ്പോഴേക്കും ചെമ്മീൻ റോസ്സ്റ്റിൻറെ മണം ഇങ്ങനെ വായുവിൽ പറക്കണം…”

“ഉവ്വുവ്… മതി ഒരുങ്ങിയത്.. പോവാൻ നോക്ക്.. മഴക്കോള് ഉണ്ട്‌.. ”

“ഈൗ… ഓക്കേ.. ഉമ്മ..”

“മ്മ്… നിന്നേ… ദേ ഈ പൊട്ടു വെച്ചിട്ട് പൊ..”എന്ന് പറഞ്ഞു മുഖത്തിരുന്ന പൊട്ടെടുത്തു വെച്ചു തന്നു..

എപ്പോഴും ഉള്ളതാ.. അത് കൊണ്ട് ഞാനായിട്ട് ഇപ്പോ പൊട്ടു വെയ്കാറില്ല…

അങ്ങനെ ഞാനെന്റെ മഞ്ഞ യമഹയിൽ മഞ്ഞ സാരി ഉടുത്തു മഞ്ഞ ഹെൽമെറ്റും വെച് ഒരു മഞ്ഞക്കിളി ആയി യാത്ര തിരിച്ചു…

ആ മീറ്റിംഗ് പ്ലേസ് എവിടെയാണെന്ന് പറഞ്ഞില്ലല്ലോ.. തിരുവനന്തപുരം നഗരത്തിൽ പടർന്നു പന്തലിച്ചു കിടക്കുന്ന യൂണിവേഴ്സിറ്റി കോളേജ്…

അങ്ങേർക്കും ഒരു ഓർമപുതുക്കൽ… പണ്ടേ തോന്നിയിരുന്നു.. പുള്ളി പഠിച്ച കോളജിൽ വെച് തന്നേ കാണണം ന്ന്…

മുടിഞ്ഞ ബ്ലോക്ക്‌ കാരണം അങ്ങെത്തിയപ്പോ ലേറ്റ് ആയി.. എന്നാ പറയാനാ.. അര മണിക്കൂർ കണ്ണാടിടെ മുന്നിൽ നിന്ന് ഞാൻ എന്റെ മുഖത്തു കെട്ടി ഉയർത്തിയ കെട്ടിടം ഒക്കെ അഴിഞ്ഞു വീഴാറായി… ങ്ങീ…

വണ്ടി കൊണ്ട് വെച്ചിട്ട് അകത്തേക്ക് നടന്നു… അങ്ങോട്ട് തന്നേ നേരെ ചെന്നു… അവിടെ കാണും ന്ന് ഉറപ്പുണ്ടായിരുന്നു… ഒരായിരം പ്രണയകഥകൾ കേട്ട സൗഹൃദങ്ങൾ കണ്ട ചുവന്ന പരവതാനി വിരിച്ച ആ വാകമരതണലിൽ..

ചെന്നപ്പോ മുണ്ടൊക്കെ ഉടുത്തു സുന്ദരനായിട്ട് താഴോട്ടും നോക്കി എന്തൊക്കെയോ ഓർത്തിരിപ്പുണ്ട്.. പണ്ടത്തെ കാമുകിമാരെ ഓർക്കുവാകും.. തെണ്ടി..

“കൂയ്…”

“ആ വന്നോ…നേരത്തെ ആണല്ലോ..”

“ഹിഹി.. ട്രാഫിക്…ഇറങ്ങി നടന്നു വന്നാലോ ന്ന് ഓർത്തതാ..”

“ഓഹോ..”

“മ്മ് മ്മ്… എന്നാ കോലവാ ഇത്…. നിങ്ങളങ്ങു ക്ഷീണിച്ചു പോയി..”

“നീ അതിനും വേണ്ടി തടിച്ചിട്ടുണ്ടല്ലോ..”

“പിന്നല്ലാതെ… നിങ്ങളെ കണക്ക് പട്ടിണി കിടക്കാനൊന്നും എന്നേ കിട്ടുകേല…”

“ഹഹ.. മ്മ് അറിയാം..”

“എന്ത് അറിയാം.. താൻ പോടോ കൊടവയറാ…”

“നീ കുറെ നാളായി തുടങ്ങിയതാ.. ദേ നോക്ക്.. ഇതാണോ കുടവയർ… ”

“അതിപ്പോ ഷർട്ട്‌ ഇട്ടിട്ട് ചോതിച്ചാൽ എങ്ങനെ അറിയാനാ..”

“അയ്യടാ.. നീ ഇപ്പോ ഇങ്ങനെ നോക്കിയാമതി..”

“അല്ലങ്കി ആർക്ക് കാണണം.. നിങ്ങടെ ഒണക്ക തടി…”

“പോടീ പോടീ … പിന്നെ പറ.. എന്നാ ഉണ്ട്‌ വിശേഷങ്ങൾ..”

“ഓഹ് എന്നാ വിശേഷം… ഇങ്ങനെ പോണു”

പിന്നെ കുറെ നേരം ഓരോന്നൊക്കെ പറഞ്ഞിരുന്നു…എവിടെ തുടങ്ങണം ന്ന് അറിയാതെ എന്റെ കൈ ഞാൻ തന്നെ ഞെരിച്ചു കൊല്ലും ന്ന് തോന്നി…

“അതേ…”

“മ്മ്… ”

“നിങ്ങടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ…”

“ഇല്ല..”

ചങ്കിൽ കൊള്ളുന്ന പോലെ എടുത്ത വാക്കിൽ പറയും ന്ന് കരുതിയില്ലാട്ടോ…. ഇറങ്ങി ഓടാൻ തോന്നുന്നു..

“എന്നാ തിരിച്ചു പോണത്..”

“ഇനി പോണില്ല…”

“ആഹാ… നന്നായി..എങ്കിൽ പിന്നെ ഞാൻ പോയേക്കട്ടെ.. മഴക്കോള് ഉണ്ട്‌…കാണാം..”

“ശരി…”

“അതേ…”

“എന്തോ…”

“ദേ ഒരു കുഞ്ഞ് സമ്മാനം..”

“ഇതൊക്കെ എന്തിനാ…”

“വെറുതെ ഇരിക്കട്ടെ.. ഇടയ്ക്ക് ഓർക്കാൻ..”

“മ്മ്..”

“ശരി പോട്ടെ… Tc”

“മ്മ്… ”

ഒന്ന് മുഖത്തു നോക്കി ഇളിച്ചു കൊടുത്തിട്ടൊക്കെ ആണ് പോന്നതെങ്കിലും എന്റെ അവസ്ഥ നിക്കേ അറിയൂ…

നെഞ്ചോക്കെ പൊട്ടി തെറിക്കും ന്ന് തോന്നി…അപ്പോഴേക്കും മഴ പെയ്തു.. നന്നായി… മുതുക്കായിട്ട് നടുറോഡിൽ നിന്ന് മോങ്ങുന്നത് ആരും കാണില്ലല്ലോ..

പ്രാന്താവാൻ തുടങ്ങി… പാർക്കിങിലോട്ട് ഓടിയപ്പോഴേക്കും ആരോ പിറകിൽ ന്ന് ചേർത്ത് പിടിച്ചിരുന്നു…

കൈ കണ്ടപ്പോഴേ മനസിലായി അങ്ങേര് ആണെന്ന്.. ഇക്കണ്ട കാലത്തിനിടയ്ക്ക് ഒരു പക്ഷേ ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് അങ്ങേർടെ കൈ ആയിരിക്കും…

മഴ കൂടി ആയിട്ട് ഇത്രയും അടുത്ത് നിന്നപ്പോൾ ശരീരമൊക്കെ വിറയ്ക്കാൻ തുടങ്ങിയിരുന്നു…

“എ… എന്താ ഹരിയേട്ടാ….”

“എന്ത് തീരുമാനം ആണ് മാറിയത് ന്ന് നീ ചോദിച്ചില്ലല്ലോ…”

“എ… എന്താ…..”

“അതുണ്ടല്ലോ… അപ്പൂസേ…ഒറ്റയ്ക്ക് ഇങ്ങനെ വയ്യ…ഒരു പെണ്ണൊക്കെ കെട്ടാൻ തോന്നുന്നു..”

“മ്മ്..”

“എന്തെ നിനക്ക് സമ്മതമല്ലേ..”

“നിങ്ങക്ക് പെണ്ണ് കെട്ടാൻ എന്റെ സമ്മതം എന്തിനാ…”

“പിന്നെ നിന്റെ സമ്മതം വേണ്ടേ… ഇല്ലങ്കി ഇനി എന്റെ കല്യാണത്തിന് വന്നു ഞാൻ നിന്നെ പറഞ്ഞു പറ്റിച്ചു ന്ന് പറഞ്ഞാലോ ഹഹ..”

അതും പറഞ്ഞു അങ്ങേര് നിന്ന് ചിരിക്കുന്ന കണ്ടിട്ട് അത് വരെ തോന്നിയ എല്ലാ ഫീലും വെള്ളത്തിൽ പോയി…അങ്ങേർടെ കയ്യും എടുത്തു മാറ്റിയിട്ടു മുന്നോട്ട് നടന്നു..

“ശ്ശെടാ..പോവാതെ… നിക്ക്.. പറയട്ടെ..”

“നിങ്ങൾ കെട്ടുവോ… കൂടെ പൊറുപ്പിക്കുവോ ന്തോ ചെയ്.. ഞാൻ ഒന്നിനും വരുന്നില്ല…”

“നീ ഇങ്ങോട്ട് വന്നെ.. മഴ നനയാൻ വയ്യ..”എന്നും പറഞ്ഞു വരാന്തയിലോട്ട് വലിച്ചു കേറ്റി..

“എന്തുവാ നിക്ക് വീട്ടിൽ പോണം..”

“ഈ മഴയത്തോ..”

“ആ..”

“നീയല്ലേ പണ്ട് പറഞ്ഞത്… മഴയത്ത് ഇങ്ങനെ എന്റെ നെഞ്ചിൽ ചേർന്ന് നിൽക്കണംന്ന്..”

“ദേ വേണ്ടാട്ടോ ഹരിയേട്ടാ..”

“ഇവിടെ വാടി…”എന്നും പറഞ്ഞു അങ്ങേർടെ നെഞ്ചാംകൂടിൽ കൂടി കേറ്റി നിർത്തിയപ്പോ നിക്ക് ഇപ്പോ അറ്റാക്ക് വരും ന്ന് തോന്നി…

“അപ്പു…”

മഴയും തണുപ്പും കാതിന്റെ ഓരത്ത് അങ്ങേർടെ ശ്വാസം കൂടി ആയപ്പോ അടി വയറ്റിൽ ആരോ കേറി നിന്ന് ഡാൻസ് കളിക്കുന്ന പോലെ തോന്നി…

“മ്മ്..”

“എന്റെ കൂടെ കാണുവോ എപ്പോഴും… എന്റെ അപ്പൂസ് ആയിട്ട്…”

“മ്മ്…”

പെട്ടെന്ന് അങ്ങേര് കവിളിൽ ഉമ്മ വെച്ചപ്പോ ഒരു ഒറ്റ ചാട്ടം ആയിരുന്നു..ന്റെ കൃഷ്ണ…. ഇങ്ങേര് ഇന്ന് തന്നേ എന്റെ ഹൃദയം ഇടിച്ചു പൊളിച്ച് എന്നെ കൊല്ലും… ഉയ്യോ… നിക്ക് വയ്യായെ…

തിരിച്ചു നിർത്തി മൂക്കുത്തി ഊരി മാറ്റി ഒരു നീലക്കൽ മൂക്കുത്തി ഇട്ടപ്പോ ഇതൊക്കെ സ്വപ്നം കാണുവാന്ന് തോന്നി… ഇനി ശരിക്കും സ്വപ്നം തന്നെയാണോ..

അമ്മ ഇപ്പോ വന്നു വിളിച്ചു ഉണർത്തോ എന്ന് ഒക്കെ ഓർത്ത് നിന്നപ്പോ അങ്ങേര് പയ്യെ മൂക്കിന്റെ തുമ്പിൽ കടിച്ചു..ഇങ്ങേരെന്റെ കണ്ട്രോൾ കളയും.. കാലൻ…മനഃപൂർവം ഇറങ്ങി തിരിച്ചേക്കുവാ….

“ഉം.. അപ്പോ ഇതൊക്കെ സത്യാണല്ലേ..”

“എന്ത്..”

“മ്മ്ഹ്.. ഒന്നുല്ല…”

“മ്മ്.. മ്മ്.. വീട്ടിൽ പോകാൻ നോക്കെടി.. വായിനോക്കി നടക്കാതെ..”

“ഞാനിപ്പോ വായിനോക്കാർ ഒന്നുമില്ല.. ഹും..”

“ഉവ്വാ.. നിക്ക് അറിയില്ലല്ലോ…”

“നീ പോടാ…”

“ഹഹ…”

“പോട്ടെ ഞാൻ…”

“മ്മ്… ചെന്നിട്ട് വിളിക്ക്..”

“മ്മ്… അതേ..”

“എന്തോ..”

“ഒത്തിരി നേരം ഇവിടെ നിക്കണ്ട.. നിങ്ങടെ പഴേ ആരാധികമാർ വല്ലോം കണ്ടിട്ട് നിക്ക് വയ്യ ഇനി..”

“ഹഹ… ഉവ്വ് തമ്പ്രാട്ടി…”

“ഈൗ… ”

“പിന്നെ ഇതെനിക്ക് ഇഷ്ടായി ട്ടോ… ഇത്ര deep ആണെന്ന് ഞാൻ അറിഞ്ഞില്ല…”ആ സമ്മാനം പൊക്കി കാണിച്ചു അങ്ങേര് പറഞ്ഞു…

“നിങ്ങൾക്ക് അയിന് എന്തേലും അറിയോ..”

“ഇല്ല.. കെട്ട് കഴിഞ്ഞു മോളുസ്സ് പറഞ്ഞുതന്നാൽ മതി ..”

“ഡബിൾ ഓക്കേ.. ഹിഹി…”

“മ്മ്.. എന്നാ ചെല്ല്… ഏട്ടന്റെ മോൾ ഇനി കൂടുതൽ നേരം ഇവിടെ നിക്കണ്ട..”

“പോട്ടെ…”ഒരു ഫ്ലയിങ് കിസ്സ് കൂടി പറത്തി വിട്ടിട്ട് വണ്ടിയിൽ കേറി നേരെ വീട്ടിലേക്ക് വിട്ടു…

അപ്പോഴേക്കും ഷീലാമ്മയുടെ സ്പെഷ്യൽ ചെമ്മീൻ റോസ്സ്റ്റിന്റെ മണം മൂക്കിലേക്ക് ഇടിച്ചു കയറി… ഇനി മീൻചട്ടിയിലേക്ക്… ബേയ് ബേയ് ഗയ്‌സ്….

Nb: ആ സമ്മാനം ന്താ ന്ന് ചോയിക്കണ്ട… നാൻ പറയില്ല…

Leave a Reply

Your email address will not be published. Required fields are marked *