ചേച്ചി ചേട്ടനോട് അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ, ഇല്ല നീ തെളിച്ച് പറയൂ എനിക്ക്..

വായാടിപ്പെണ്ണ്
(രചന: ഷെർബിൻ ആന്റണി)

അതിനർത്ഥം നീ എന്നെ പ്രേമിക്കുന്നു എന്നാണോടാ….? അവളുടെ മെസ്സേജിന് ഞാനുടനെ മറുപടിയും കൊടുത്തു.

അതിലും ഭേദം വൈകിട്ടുള്ള നേത്രാവതിക്ക് തല വെയ്ക്കുന്നതാ….

രാവിലെ പറ്റില്ലേ, അതെന്താ വേറെ ട്രെയിനൊന്നും നിൻ്റെ തലേല് കേറില്ലേ….? നേത്രാവതിക്കെന്താ ഇത്ര പ്രത്യേകത…? ഒരു നൂറ് ചോദ്യവുമായവൾ വന്നു.

രാവിലെ ഞാനെണീറ്റ് വരുമ്പോൾ ട്രെയിൻ മിസ്സാകും പിന്നെ വൈകിട്ടേയുള്ളൂ. നേത്രാവദി, ആ പേരിനോട് എന്തോ പണ്ടേ വല്ലാത്തൊരിഷ്ട്ടമാണ്.

ട്രെയിനിനോടുള്ള സ്നേഹം പോലും നിനക്ക് എന്നോടില്ലല്ലേ. ദുഷ്ട്ടൻ….

എനിക്കവളോട് എഫ്ബി വഴിയുള്ള കണക്ഷൻ മാത്രമേ ഉള്ളൂ. എൻ്റെ പൊട്ടത്തരങ്ങൾ വായിച്ച് സ്ഥിരം എന്തെങ്കിലും കമൻ്റിടും അങ്ങനെയാണ് ഞങ്ങൾ തമ്മിൽ കൂട്ടാകുന്നത്.

പിന്നീടുള്ള ചാറ്റിംഗ് വഴി വളരെ അടുത്ത ചങ്കായി മാറി. എന്നും എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞങ്ങൾ തല്ല് കൂടുമായിരുന്നു.

നിൻ്റെ ഭാഷാ ശൈലി കിടുവാട്ടോ…. ഇടയ്ക്കിടയ്ക്ക് അവളെന്നെ പൊക്കി വിടും.

നൺട്രി, ശുക്രൻ, ഹബീബി ഇൻഷാ-അള്ളാ…. വായി തോന്നുന്നതൊക്കെ ഞാനും കാച്ചും.

ഭാഷ കുറേ അറിയാല്ലോ… ചെക്കന്.

ഇതൊക്കെ എന്ത്…ഫ്രഞ്ചും അറിയാം.

ഫ്രഞ്ചോ….അവൾക്കതിശയമായി.

അതേടീ… ഞാൻ നന്നായിട്ട് ഫ്രഞ്ച് കിസ്സൊക്കെ ചെയ്യും.

പോടാ തെണ്ടീ, മരപ്പട്ടീന്നൊക്കെ വിളിച്ച് ഓളും ആശ്വസിച്ചിരുന്നു.

നീയെന്താ പ്രൊഫൈലില് നിൻ്റെ ഫോട്ടോ ഇടാത്തേ…. അത്രയ്ക്ക് മോശമാണോ നിൻ്റെ കോലം….? പതിവ് പോലേ അവളെ ചൊടിപ്പിക്കാനായ് ഞാൻ ചോദിച്ചു.

എട പൊട്ടാ കാണാൻ കൊള്ളാവുന്ന പെമ്പിള്ളേരൊന്നും ഫോട്ടോ ഇടാറില്ലെടാ…

അതെന്താടീ….

നിന്നെ പോലുള്ള കോഴികളൊക്കെ ആ ഫോട്ടോസൊക്കെ എടുത്ത് മിസ്സ് യൂസ് ചെയ്യ്താലോ….?

വോ…പിന്നെ ഒരു മിസ്സ് യൂണിവേഴ്സ് വന്നിരിക്കുന്നു.

നിനക്കെന്നെ കാണണമെന്ന് നിർബന്ധമാണെങ്കിൽ ഒരു കാര്യം ചെയ്യൂ, ഒന്ന് വീഡിയോ കോൾ ചെയ്യ്താൽ മതി.

വീഡിയോ കോളോ…. എൻ്റെ മനസ്സിൽ ലഡ്ഡു കുഴച്ചതും അവളുടെ മറുപടിയിൽ ഓള് തന്നെ അത് പൊട്ടിച്ചും കളഞ്ഞു.

യേസ്സ്…നീ വിളിച്ചോടാ. ബട്ട് ഒരു കാര്യം ഒന്നും സംസാരിക്കണ്ട. കൂടെ ആളുണ്ട്….

ഞാനവളെ വിളിച്ചു…

ആദ്യം അവളോണാക്കിയത് ബാക്ക് ക്യാമറ ആയിരുന്നു. ഒരു ഹാളായിരുന്നു അവിടം ടി. വി കണ്ട് കൊണ്ടിരിക്കുന്ന അച്ഛനും അമ്മയും കൂടെ അനിയനുമുണ്ടായിരുന്നു.

ഫ്രണ്ട് ക്യാമറ ഓണാക്കി അവളെന്നെ മുഖം കാണിച്ചു. ഞാനൊന്ന് ഞെട്ടിപ്പോയി. ഒരടിപൊളി സുന്ദരിക്കൊച്ച്….

തുറന്ന വാ ഈച്ച കേറി പോകുന്നതിന് മുന്നേ അടച്ചോണ്ട്, ഇതൊക്കെ എത്ര കണ്ടിരിക്കൂന്ന് എന്ന പുച്ഛഭാവം മുഖത്ത് വരുത്തി ഞാനവളെ നോക്കി ഒന്ന് ചിരിച്ചു.

എന്തേ എന്ന ഭാവത്തിൽ അവൾ ഇടത്തേ പുരികം പൊക്കി ആക്ഷനിട്ടു.

ആ സൗന്ദര്യത്തിൽ മതി മറന്ന ഞാൻ അവൾക്ക് കൊടുത്ത വാക്ക് തെറ്റിച്ചു സംസാരിക്കാൻ തുടങ്ങിയതും അവൾ ഫോൺ കട്ട് ചെയ്യ്തു.

കൊള്ളാട്ടോ…മിടുക്കിയാ ഞാൻ മെസ്സേജയച്ചു.

താങ്ക്സ്… പക്ഷേ നീ അത്ര പോരാട്ടോ…. ഉള്ള കാര്യം അവള് മുഖത്ത് നോക്കി പറഞ്ഞു.

അല്ലേലും ഈ പെമ്പിള്ളേരൊക്കെ ജാഢത്തെണ്ടികളാ. ഒന്ന് പൊക്കി പറഞ്ഞാൽ പിന്നെ ബാക്കിയുള്ളവന്മാരെ ബോറമ്മാരാക്കും.

പക്ഷേ എനിക്കപ്പോഴൊന്നും അവളോട് പ്രേമം തോന്നിയതേയില്ല. ചാറ്റിംഗും മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം രാവിലെ എഫ്ബി നോക്കിയപ്പോൾ കാണുന്നത് അന്നവളുടെ ബർത്ത് ഡേ ആണെന്നുള്ള നോട്ടിഫിക്കേഷനായിരുന്നു.

തൃശ്ശൂരായിരുന്നു അവളുടെ വീടും, ടൗണിൽ വീടിനടുത്ത് തന്നെ ആയിരുന്നു ഓള് ജോലി ചെയ്യുന്ന ഓഫീസും.

അവൾക്കൊരു സർപ്രൈസ് ആവട്ടേ നേരിട്ട് കണ്ട് വിഷസ്സ് അറിയിക്കാമെന്ന് കരുതി അവളോട് പോലും പറയാതെ ഞാൻ വണ്ടിയെടുത്ത് നേരേ തൃശ്ശൂരേക്ക് വിട്ടു.

അവളുടെ ഓഫീസ് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. റിസപ്ഷനിസ്റ്റിനോട് പറഞ്ഞിട്ട് ഞാനവൾക്ക് വേണ്ടി വെയ്റ്റ് ചെയ്തിരുന്നു.

അല്പനേരത്തിനു ശേഷം ആ കുട്ടി വന്ന് പറഞ്ഞു സോറി സാർ…മാഡം രണ്ട് ദിവസമായിട്ട് ലീവാണെന്ന്.

നിരാശനായി പുറത്തേക്കിറങ്ങിയ ഞാൻ അവൾക്ക് Msg അയക്കാൻ ഫോണെടുത്തു.

ഇന്നവൾ ഓൺലൈനിൽ വന്നിട്ടേയില്ല.. അല്ലെങ്കിൽ വേണ്ട വീട്ടിലേക്ക് ചെല്ലാം, എന്തായാലും ഇത്രയും ദൂരം വന്നതല്ലേ.

അവൾ പറഞ്ഞ ഉദ്ദേശം വെച്ച് ചോദിച്ചും കേട്ടും ഒരു വിധത്തിൽ അവിടെ എത്തിച്ചേർന്നു.

കോളിംഗ് ബെല്ലടിച്ച് കാത്ത് നിന്നു. ഡോറ് തുറന്ന് വന്നത് ഒരു ചെക്കനായിരുന്നു. കണ്ടപ്പഴേ മനസ്സിലായി അവളുടെ അനുജനാണെന്ന്.

അവൻ വളരെ പരിചയ ഭാവത്തിൽ അടുത്ത് വന്ന് അദ്ഭുതത്തോടെ പറഞ്ഞു ചേട്ടനെ ഞങ്ങൾക്കെല്ലാവർക്കും അറിയാം, പക്ഷേ ചേട്ടനിന്ന് വരുന്ന കാര്യം മാത്രം ചേച്ചി പറഞ്ഞില്ലല്ലോ….?

അവനോട് ചുരുക്കി കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. തൻ്റെ ചേച്ചിക്കൊരു സർപ്രൈസാവട്ടേന്ന് പറഞ്ഞതും അവനത് വല്യ സന്തോഷമായി.

ചേച്ചിക്ക് ചേട്ടനേയും ചേട്ടൻ്റെ കഥകളുമൊക്കെ ഒത്തിരി ഇഷ്ട്ടമാട്ടോ. ചേച്ചി മൊബൈലും പിടിച്ച് ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത് കാണുമ്പോഴേ ഞാനും അമ്മയും കൂടി കളിയാക്കാറുണ്ട്.

അകത്ത് കയറിയി ഇരുന്നപ്പോഴാണ് മനസ്സിലായത് അവളും അച്ഛനുമമ്മയും കൂടി പറശ്ശിനിക്കടവിൽ പോയിരിക്കുന്ന വിവരം. വരാൻ വൈകുമത്രേ.

അവനോട് സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് ശ്രദ്ധിച്ചത് അവനെന്തോ വിക്കലോ കൊഞ്ഞപ്പോ ഉള്ളത് പോലേ….

അറിയാതെ ഞാൻ പെട്ടെന്ന് ചോദിച്ചും പോയി സംസാരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്ന്.

അത് പിന്നേ….ചേട്ടാ ഞങ്ങളാരും വീട്ടിൽ സംസാരിക്കില്ല.

ങേ… ഒന്നും മനസ്സിലാകാതെ ഞാനവനെ തന്നെ മിഴിച്ച് നോക്കി.

ചേച്ചി ചേട്ടനോട് അതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ലേ…?

ഇല്ല…. നീ തെളിച്ച് പറയൂ. എനിക്ക് ആകാംക്ഷ അടക്കാനായില്ല.

ചേട്ടാ… ചേച്ചിക്ക് സംസാരിക്കാനാവില്ല, ഊമയാണ്. എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു.

ഒപ്പം അവൾ എഴുതിയ വരികളും നീ എന്നെ വീഡിയോ കോൾ ചെയ്യ്തോ പക്ഷേ സംസാരിക്കരുതെന്ന്.

അവൻ തുടർന്നു, പോകാത്ത ഹോസ്പിറ്റലുകളില്ല മരുന്നും മന്ത്രവാദത്തിനൊന്നും ഒരു ഫലവുമുണ്ടായില്ല.

ഒരിക്കൽ ഒരു രാത്രിയിൽ ചേച്ചിയുടെ കരച്ചില് കണ്ട് സഹിക്കാനാവാതെ അച്ഛനുമമ്മയും കൂടി ഒരു തീരുമാനമെടുത്തു.

ഈ വീട്ടിൽ ഇനി ആരും സംസാരിക്കരുതെന്ന്….

ഈ ചെക്കൻ എന്നെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ.

വർഷങ്ങളായി ഈ വീട്ടിലിരുന്ന് ആരെങ്കിലും സംസാരിച്ചിട്ട് തന്നെ.

നെഞ്ചിലൊരു ഭാരവുമായിട്ടാണ് ഞാനവിടെ നിന്ന് മടങ്ങിയത്. യാത്രയിലുടെ നീളം അവളെപ്പറ്റി മാത്രമായിരുന്നു ചിന്ത.

വീട്ടിലെത്തിയ ഉടനെ അച്ഛനോടും അമ്മയോടും ഈ സംഭവം വിവരിച്ചു.

അമ്മയാണ് ആദ്യം പറഞ്ഞത് നമ്മുക്ക് നാളെ തന്നെ അങ്ങോട്ട് പോകാം. അച്ഛനും കൂടേ കൂടി.

നിനക്ക് ഇഷ്ട്ടമാണെങ്കിൽ അവരുടെ സമ്മതത്തോട് കൂടി അവളെ ഇങ്ങോട്ട് കൊണ്ട് പോരാമെടാന്ന് അച്ഛനും.

എൻ്റെ വായാടിപ്പെണ്ണിനെ കൂടെ കൂട്ടാൻ മനസ്സ് ഒത്തിരി കൊതിച്ചിരുന്നു.

അച്ഛനുമ്മയേയും ചേർത്ത് നിർത്തി രണ്ട് പേരുടേയും കവിളത്ത് ചുംബിക്കുമ്പോഴേക്കും എൻ്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *