അതിന് മാത്രം അമ്മ ചേച്ചിയേ കുറിച്ച് പറഞ്ഞിട്ടുണ്ട്, കുറ്റപെടുത്തിയിട്ടുണ്ട് പക്ഷെ..

സ്നേഹം
(രചന: Bibin S Unni)

” മോളെ.. മോളിയമ്മയോടു ക്ഷമിക്കണം… അന്നത്തെ ആ അവസ്ഥയിൽ ഞാൻ.. മറ്റുള്ളവരുടെ വാക്ക് കേട്ട്..

മോൾടെ കൈയിൽ നിന്നുമിതൂരി മേടിച്ചു.. പക്ഷെ ഇന്ന് ആ കൈ കൊണ്ട് തന്നെ ഈ മോതിരം മോളുടെ കൈയിലേക്കിട്ടു തരുവാണ്… “

” വേണ്ടമ്മേ… “

“മോളെ… “

” വേണ്ടമ്മേ ഒരിക്കൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച, ആഗ്രഹിച്ച ദിവസമായിരുന്നു കണ്ണേട്ടന്റെ പേരിലുള്ള ഈ മോതിരം എന്റെ കൈവിരലിൽ അണിഞ്ഞ ദിവസം.. പക്ഷെ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നതും ആ ദിവസമാണ്… “

” മോളെ അതു അവൻ.. നീ… വിചാരിക്കുന്നത് പോലെ.. “

” വേണ്ടമ്മേ ഒരു പക്ഷെ അന്ന് അമ്മ ഇവിടെ വന്നു എന്റെ കൈയിൽ നിന്നും ഈ മോതിരം തിരിച്ചു വാങ്ങിയതിനേക്കാളും എന്നെ ഏറ്റവും  വേദനിപ്പിച്ചത്.

ഞാൻ സ്നേഹിച്ച എന്റെതെന്നു വിശ്വസിച്ച കണ്ണേട്ടൻ ഇവിടെ വരാതെ ഇരുന്നതാണ് … എന്നെയൊന്നു ആശ്വസിപ്പിക്കനെങ്കിലും  കണ്ണേട്ടനൊന്ന് വന്നിരുന്നേലെന്നു ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്…

അപ്പോഴൊന്നും വരാതെ. എന്നെ കുറ്റപെടുത്തി പറയുകയാണ് ഏട്ടൻ ചെയ്തത്. അന്ന് ഏട്ടൻ പറഞ്ഞുന്നു പറഞ്ഞ വാക്കുകൾ എനിക്ക് ഇപ്പോഴും ഓർമയുണ്ട്..

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ ഇങ്ങനെയോരാളെയാണല്ലോ ഞാൻ ഇത്രയും നാളും സ്നേഹിച്ചതെന്നോർത്തു. കഴിഞ്ഞ ദിവസം എനിക്കുണ്ടായ അതേ അനുഭവം ഇവൾക്ക് നേരെയും വന്നപ്പോഴല്ലേ നിങ്ങൾക് തോന്നിയത്…

അന്ന് ഞാൻ ചെന്നതു കൊണ്ട് മാത്രം ഇവൾക്കൊന്നും പറ്റിയില്ല മറ്റാരും ഇതൊന്നും അറിഞ്ഞതുമില്ല… അന്ന് എനിക്കും ഇത്രയുമൊക്കെയേ സംഭവിച്ചുള്ളു.. .. പക്ഷെ നിങ്ങളോ എന്നെ.. എന്നെ ഒരു പിഴച്ചവൾ വരെയാക്കിയില്ലേ…

ഇനി ഇതെനിക്ക് ആവശ്യമില്ല. ഞാനൊരു പിഴച്ചവൾ തന്നെയാ.. എനിക്ക് കുടുംബവും കുട്ടികളുമൊന്നും പറ്റില്ല…”

ഇതും പറഞ്ഞു അമ്മു മുറിയിലേക്കോടി…

” സാവിത്രി നീ ഇതൊന്നും കാര്യമാക്കണ്ടാ.
അവളുടെ വിഷമമെല്ലാം പെട്ടന്ന് ദേഷ്യമായി പുറത്തേക്ക് വന്നതാ.. കുറെ അനുഭവിച്ചു എന്റെ കുട്ടി.. “

അമ്മുവിന്റെയമ്മ സുനിത പറഞ്ഞു…

” ഏയ്‌ അവൾ പറഞ്ഞതൊക്കയും കേൾക്കാൻ ഞാൻ അർഹയാണ്. അത്രക്കും  ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് ദ്രോഹിച്ചിട്ടുണ്ട്.. പക്ഷെ അവൾ എന്റെ മോനെ കുറിച്ച് പറഞ്ഞത്… അതാ എന്നെ. “

ഇതും പറഞ്ഞു സാവിത്രി തന്റെ കണ്ണുകൾ സാരിതലിപ്പ്  കൊണ്ട് തുടച്ചു..

” ഞാൻ.. ഞാൻ.. അമ്മുചേച്ചിയുടെ അടുത്തേക്ക് പോയിട്ട് വരാം.. “

സാവിത്രിയുടെ മകൾ അവരോടു പറഞ്ഞിട്ട് അമ്മുവിന്റെ അടുത്തേക്ക് പോയി…

അതേ സമയം അമ്മു മുകളിലെ മുറിയിൽ കട്ടിലിൽ കിടക്കുവായിരുന്നു.. അവളുടെ  ഓർമ്മകൾ കുറച്ചു കാലം പുറകിലേക്ക് പോയി..

അമ്മു എന്ന അമൃത.. അച്ഛൻ രാഘവനും അമ്മ സുനിതക്കും ഒരേയൊരു മകൾ.. അച്ഛന്റെ പെങ്ങൾ സാവിത്രിയും, സാവിത്രിയുടെ ഭർത്താവ് രമേശൻ.. അവർക്ക് രണ്ടു മക്കൾ കണ്ണനും കിച്ചുവും..

ചെറുപ്പം തൊട്ടേ അമ്മു കണ്ണനുള്ളതാണെന്നു കേട്ടാണ് അവർ വളർന്നത്..

സാവിത്രിയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടവും അമ്മുവിനെ തന്നെയായിരുന്നു അതു കൊണ്ട് കൊണ്ട് തന്നെ അമ്മു മിക്കവാറും സാവിത്രിയുടെ അടുക്കൽ ആയിരുന്നു… അതു പോലെ കിച്ചു എപ്പോഴും സുനിതയുടെയും രാഘവന്റെ അടുത്തുമായിരുന്നു…

കണ്ണനൊരു  ജോലിയായ ശേഷം കണ്ണന്റെയും അമ്മുവിന്റെയും വിവാഹം എന്നായിരുന്നു രണ്ടു വീട്ടുകാരും പറഞ്ഞു വച്ചിരുന്നത്… അതു കൊണ്ട് തന്നെ അവർ നല്ലത് പോലെ പ്രണയിച്ചാണ് വളർന്നു വന്നത് പക്ഷെ എല്ലാത്തിനും അവർ രണ്ടുപേരും ഒരു അതിരും വച്ചിരുന്നു…

കണ്ണന് ഒരു ബാങ്കിൽ ജോലിയായപ്പോൾ തന്നെ  വിവാഹം നടത്താമെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ അമ്മുവിനു കൂടെയൊരു ജോലിയായിട്ടു മതിയെന്നായിരുന്നു അമ്മുവിന്റെ തീരുമാനം.. അതിനു കണ്ണൻ കൂടെ കൂട്ട് നിന്നപ്പോൾ വീട്ടുകാരും അതു ശരി വച്ചു..

അങ്ങനെ അധികം താമസിയാതെ തന്നെ അമ്മുവിനും ജോലിയായി…അതു കഴിഞ്ഞു അടുത്ത മുഹൂർത്തത്തിൽ തന്നെ അമ്മുവിന്റെയും കണ്ണന്റെയും വിവാഹ നിച്ഛയം കഴിഞ്ഞു.

കണ്ണന്റെ പേരിൽ കൊത്തിയ മോതിരം അമ്മുവിന്റെ കൈവിരലിൽ ചാർത്തി … രണ്ടു മാസത്തിനു ശേഷം വിവാഹവും എന്ന് തീരുമാനിച്ചു…

പക്ഷെ വിധി അവിടെ വില്ലനായിവന്നത് അവർ പോലും അറിഞ്ഞില്ല..  ഒരു ദിവസം അമ്മു ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ നേരമിരുട്ടായിരുന്നു…

അതു തന്നെ കൊണ്ട് അച്ഛൻ രാഘവനോട്‌  ബസ്സ്റ്റോപ്പിൽ വന്നു നിൽക്കണമെന്നും അമ്മു വിളിച്ചു പറഞ്ഞു.. അതനുസരിച്ചു അച്ഛൻ  ബസ് സ്റ്റോപ്പിൽ വന്നു..

പക്ഷെ ബസ് വന്നു പോയിട്ടും അമ്മുനേ കണ്ടില്ല ഒരു പക്ഷെ അടുത്ത ബസിൽ കാണുമെന്നു വിചാരിച്ചു രാഘവൻ അവിടെ തന്നെ നിന്നു.. പക്ഷെ ടൗണിൽ നിന്നുള്ള അവസാന ബസും വന്നിട്ടും  അതിലും അമ്മുവില്ലായിരുന്നു…

അതു കണ്ടു അച്ഛൻ അമ്മുവിന്റെ ഫോണിൽ വിളിച്ചെങ്കിലും അതു സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്… പെട്ടന്ന് തന്നെ അമ്മുവിന്റെ ഓഫീസിലും പിന്നെ കൂടെ ജോലി ചെയുന്നവരെയും അവളുടെ കൂട്ടുകാരെയുമൊക്കെ വിളിച്ചു പക്ഷെ അവിടെയെങ്ങുനിന്നും അമ്മുവിനെ കുറിചൊരു വിവരവും കിട്ടിയില്ല…

പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ രാഘവന്റെ  ഫോണിലേക്കൊരു കാൾ വന്നു ടൗണിലെ ഹോസ്പിറ്റലിൽ നിന്നും..

അതു അറ്റന്റ് ചെയ്തു വേഗം ഹോസ്പിറ്റലിലേക്ക് ചെന്നു. പക്ഷെ അവിടെ ആ അച്ഛനെ വരവേറ്റത് പോലീസുകാരും മീഡിയക്കാരുമായിരുന്നു… ക്യാമറക്കു മുന്നിൽ നിന്നു സംസാരിക്കുന്നവർ പറയുന്നത്  കേട്ടു…

” അൽപ്പം മുൻപ് സിറ്റിയിൽ വച്ചൊരു പെൺകുട്ടി പീഡനത്തിനിരയായി… വളരെ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ  സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. “

കേട്ടവാർത്ത വിശ്വസിക്കാനാവാതെ ആ അച്ഛൻ തരിച്ചു നിന്നു ശേഷം ഹോസ്പിറ്റലിനുള്ളിലെകോടി… അവിടെ ഐ സി യു വിന്റെ മുന്നിലെക്കെത്തി.. അപ്പോഴേക്കും വിവരമറിഞ്ഞു അമ്മുവിന്റെ അമ്മ സവിതയും കണ്ണന്റെയും വീട്ടുകാരും എത്തിയിരുന്നു…

കുറച്ചു സമയത്തിന് ശേഷം ഐ സി യുവിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു അമ്മുവിനു കുഴപ്പമൊന്നുമില്ലന്ന് പറഞ്ഞു…

ശേഷം കണ്ണന്റെയും അമ്മുവിന്റെയും അച്ചന്മാരെ ഡോക്ടർ അകത്തേക്കു വിളിപ്പിച്ചു. സുനിതയോട് ഐ സി യൂ വിൽ കേറി മോളെ കാണാനും പറഞ്ഞു..

” ഡോക്ടർ അമ്മുവിനു… “

” ഏയ്‌ പേടിക്കാനൊന്നുമില്ല അവിട നടന്ന പിടിവലിയുടെ ഷോക്കിൽ ബോധം പോയതാ..  തക്ക സമയത്തു പോലീസുകാർ അവിടെ എത്തിയത് കൊണ്ട് മറ്റൊന്നും സംഭവിച്ചിട്ടില്ല.. “

ഡോക്ടർ പറഞ്ഞത് കേട്ടപ്പോഴാണ് അവർക്ക് ആശ്വാസമായത്…

പക്ഷെ അപ്പോഴേക്കും മീഡിയാക്കാർ  അതൊരു പീഡനമാക്കി മാറ്റിയിരുന്നു,  അങ്ങനെയല്ലന്നു അറിഞ്ഞിട്ടും അവർ അതു തിരുത്താൻ തയാറായില്ല..

ഹോസ്പിറ്റലിൽ നിന്നും വന്നതിന്റെ അടുത്ത ദിവസം തന്നെ സാവിത്രി വന്നു കണ്ണൻ ഇട്ട് കൊടുത്ത മോതിരം തിരിച്ചു വാങ്ങി… കൂട്ടത്തിൽ ഈ പിഴച്ചവളേ അവനു വേണ്ടന്നു പറയാനും പറഞ്ഞുന്നും പറഞ്ഞവർ പോയി …

ഹോസ്പിറ്റലിൽ വച്ചും അവിടെ നിന്നും വന്നതിന് ശേഷവും കണ്ണൻ അമ്മുവിനെ കാണാൻ വന്നില്ലന്നും അവളോർത്തു…

കുറച്ചു നാളുകൾക്ക് ശേഷം അമ്മു വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി.. അവിടെയും അമ്മുവിനു നേരെ തുറിച്ച നോട്ടങ്ങൾ ഏൽക്കേണ്ടി വന്നു… ഒന്നും സംഭവിക്കഞ്ഞിട്ടു പോലും എല്ലാരും തന്നെ അങ്ങനെ നോക്കുന്നതിൽ അവൾക് വേദന തോന്നി..

ഏറ്റവും കൂടുതൽ സ്നേഹിച്ചയാൾക്ക് പോലും ഇപ്പോൾ തന്നെ വേണ്ട പിന്നെയല്ലേ മറ്റുള്ളവർ എന്ന് വിചാരിച്ചു അമ്മു പിന്നീട് വരുന്ന തുറിച്ചു നോട്ടങ്ങളെ ഒരു പുഞ്ചിരിയോടെ നേരിട്ടു… അതിൽ പിന്നെ ആ തുറിച്ചു നോട്ടങ്ങൾ നിന്നൂ…

ദിവസങ്ങൾ പിന്നെയും മാറിമറിഞ്ഞുകൊണ്ടിരിന്നു നേരം വൈകിയിറങ്ങിയ മറ്റൊരു ദിവസം തന്റെ സ്കൂട്ടിയുമോടിച്ചു വന്ന അമ്മു കാണുന്നത് വഴിയിൽ വച്ചു ഒരു പെൺകുട്ടിയേ കടന്നു പിടിക്കുന്ന രണ്ടു ചെറുപ്പക്കാരെയാണ്,

അവർ അവളെ അടുത്തുള്ളൊരു കുറ്റിക്കാട്ടിലേക്ക് വലിച്ചോണ്ട് പോയി..

അതു കണ്ടു അമ്മു അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങി അപ്പോഴേക്കും അകലെ നിന്ന് വേറെ കുറച്ചു പേരും കൂടെ അങ്ങോട്ട്‌ വന്നു.. അവൾ പെട്ടന്ന് അവരോടു പറഞ്ഞു അവരെയും കൂട്ടി ആ കുറ്റികാട്ടിലേക്ക് ചെന്നു..

ആൾക്കാരെ കണ്ടതും അവന്മാർ ആ പെണ്ണിനേ വിട്ടു ഓടി ഒന്നു രണ്ടു പേര് അവരെ പിടിക്കാൻ അവരുടെ പുറകെയും ഓടി.. അമ്മു വേഗം ചെന്നു ആ പെൺകുട്ടിയേ അവിടെ നിന്നും വിളിച്ചു വഴിയിലേക്ക് കൊണ്ട് വന്നു വെളിച്ചം ആ പെൺകുട്ടിയുടെ മുഖത്തെക്കടിച്ചപ്പോഴാണ്  അവൾ ആ പെൺകുട്ടിയുടെ മുഖം കാണുന്നത്…

” കിച്ചു..”

അവൾ വിളിച്ചതും അമ്മുവേച്ചി ന്നു വിളിച്ചു കൊണ്ട് അവൾ അമ്മുനെ കെട്ടിപിടിച്ചു കരഞ്ഞു.. കുറച്ചു നേരം കരഞ്ഞ ശേഷം അവൾ അമ്മുവിൽ നിന്നും അടർന്നു മാറി…

” നീ എന്താ ഈ സമയത്ത് ഇവിടെ… “

” ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ താമസിച്ചു. അതോണ്ട് സ്ഥിരം വരുന്ന ബസ് കിട്ടിയില്ല.. പിന്നെയുണ്ടായിരുന്ന രണ്ടു ബസ് ഇല്ലായിരുന്ന അതു കൊണ്ട് ഇപ്പോൾ വന്ന ബസ് ആണ് കിട്ടിയതു..  അപ്പോഴാ അവർ എന്നെ… “

” എന്നാ പിന്നെ  നിനക്ക് കണ്ണേട്ടനേ വിളിക്കാൻ പാടില്ലായിരുന്നോ.. “

” അതു.. ഏട്ടൻ ഇവിടെയില്ല.. ഏട്ടനിപ്പോൾ എറണാകുളത്താ.. ഇവിടെ നിന്നും ട്രൻസ്ഫറായി.. “

” നീ  വണ്ടിയിൽ കേറൂ ഞാൻ കൊണ്ടാക്കാം.. ” അമ്മു ഇതും പറഞ്ഞു കിച്ചുവിനെയും കൂട്ടി അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി.. എന്നിട്ട് അപ്പോൾ തന്നെ തിരിച്ചു വന്നു…

” അമ്മുവേച്ചി… “

കിച്ചു വിളിച്ചപ്പോഴാണ് അവൾ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നത്…

” അമ്മുവേച്ചി..”

അവൾ വീണ്ടും വിളിച്ചു…

” എന്താ അമ്മയോട് പറഞ്ഞതിന് തിരിച്ചു പറയാൻ വന്നതാണോ.. “

അമ്മു ചോദിച്ചു… കിച്ചുവൊന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി…

” അല്ല… ചേച്ചി അമ്മയോടു പറഞ്ഞതെല്ലാം കേൾക്കാൻ അമ്മ അർഹയാണ്.. അതിന് മാത്രം അമ്മ ചേച്ചിയേ കുറിച്ച് പറഞ്ഞിട്ടുണ്ട്. കുറ്റപെടുത്തിയിട്ടുണ്ട്….  പക്ഷെ   കണ്ണേട്ടൻ.. ഏട്ടൻ പാവമാ ചേച്ചി.. ഏട്ടന്റെ മനസ്സിൽ ഇപ്പോഴും ചേച്ചി മാത്രമേയുള്ളൂ… “

” കിച്ചു നീ ആ കാര്യമിനി പറയേണ്ട.. എനിക്കത് കേൾക്കാൻ താത്പര്യമില്ല..”  അമ്മു മുഖം തിരിച്ചു കൊണ്ട് പറഞ്ഞു..

” ഇല്ല ചേച്ചി അറിയണം.. അന്ന് ചേച്ചി ഹോസ്പിറ്റലിലായ കാര്യം ഏട്ടൻ അറിഞ്ഞത് ചേച്ചി ഹോസ്പിറ്റലിൽ നിന്നും വന്നതിന് ശേഷമാണ്.. ഏട്ടൻ ഇവിടെയില്ലായിരുന്നുന്ന് ചേച്ചിക്കും അറിയാവുന്ന കാര്യമല്ലേ…

വീട്ടിൽ വന്ന ഏട്ടൻ ആദ്യം ഇങ്ങോട്ട് വരാൻ തുടങ്ങിയതാ പക്ഷെ അമ്മ,  അമ്മ പറഞ്ഞതു കൊണ്ട് മാത്രമാ  കണ്ണേട്ടൻ അമ്മു ചേച്ചിയേ കാണാൻ വരാഞ്ഞത്..

സ്വന്തം അമ്മയുടെ ജീവൻ വച്ചു വില പേശുമ്പോൾ സ്നേഹമുള്ള ഏതൊരു മകനും ചെയുന്നത് മാത്രമേ എന്റെ ഏട്ടനും ചെയ്തൊള്ളൂ.. അന്ന് ചേച്ചിയുടെ കൈയിൽ നിന്നും ആ മോതിരം മേടിച്ചു കൊണ്ട് വരണമെന്നു അമ്മ ആദ്യം പറഞ്ഞത് ഏട്ടനോടാ..

പക്ഷെ ഏട്ടൻ സമ്മതിചില്ലന്നു മാത്രമല്ല അന്ന് അമ്മയോട് ദേഷ്യപെട്ടു സംസാരിക്കുകയും ചെയ്തു അതിന്റെ ദേഷ്യത്തിലാണ് അമ്മ അന്ന് തന്നെ ഇവിടെ വന്നു ചേച്ചിയോട് അങ്ങനെയൊക്കെ പറഞ്ഞത്. അല്ലാതെ ഏട്ടൻ ചേച്ചിയേ കുറിച്ചൊന്നും മോശമായി പറഞ്ഞിട്ടില്ല..

തിരിച്ചു വീട്ടിൽ വന്ന അമ്മ ഏട്ടന്റെ കൈയിൽ ചേച്ചിയുടെ മോതിരം വച്ചു കൊടുത്തു.. അതു കണ്ടു അപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി പോയ ഏട്ടൻ  പിന്നെ ഒത്തിരി രാത്രിയായ ശേഷമാണ് വീട്ടിൽ വരുന്നത് അതും കുടിച്ചു ബോധമില്ലാതെ കൂട്ടുകാരാണ്  കൊണ്ട് വന്നത്..

പക്ഷെ അതു കണ്ടിട്ടും അമ്മയുടെ മനസ് മാറിയില്ല.. ഒരു ദിവസം ഏട്ടൻ  നേരത്തെ തന്നെ വീട്ടിൽ വന്നു അന്ന് ഞാൻ വിചാരിച്ചു ഏട്ടൻ മാറിയെന്നു  പക്ഷെ അന്ന്  എന്നോടു മാത്രം പറഞ്ഞു ഏട്ടൻ ട്രാൻസ്ഫർ ആയിന്നു..

അന്ന് പോയതാ പിന്നെ ഇത് വരെ വീട്ടിലേക് വന്നില്ല..  ഇടയ്ക് എന്നെ മാത്രം വിളിക്കും ചേച്ചിയുടെ കാര്യവും ചോദിക്കും പിന്നെ അമ്മയുടെ മനസ് മാറിയോന്നും… “

കിച്ചു ഇത്രയും പറഞ്ഞപ്പോഴും അമ്മു തിരിഞ്ഞു തന്നെ നിൽക്കുവായിരുന്നു,  അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടേയിരുന്നു…

” പിന്നെ ഇന്ന് രാവിലെ അമ്മ ഏട്ടനെ വിളിച്ചു പറഞ്ഞിരുന്നു ഇന്ന് ചേച്ചിയുടെ അടുത്തേക്ക് വരുന്ന കാര്യം…

പിന്നെ ഇതൊക്കെ ഏട്ടൻ കേൾക്കുമ്പോൾ ഏട്ടന് വിഷമമൊന്നും വരില്ല.. കാരണം ചേച്ചി ഇങ്ങനെ തന്നെയേ  പറയൂന്നു ഏട്ടൻ പറഞ്ഞിരുന്നു. ചേച്ചിക്കൊരു ആപത്തു വന്നപ്പോഴൊന്ന് ആശ്വസിപ്പിക്കാൻ പോലും വരാതെ….

ചേച്ചിയേ കുറിച്ചും ചേച്ചിയുടെ സ്വഭാവത്തെ കുറിച്ചും ഏട്ടനല്ലാതെ മറ്റാർക്കാ ഇത്രയും കൃത്യമായി അറിയുന്നത്…

എന്നാ പിന്നെ ഞാൻ പോട്ടെ ചേച്ചി…

ആ.. പിന്നെ ഏട്ടൻ ഒരു കാര്യം മാത്രം ചേച്ചിയോട് പറയാൻ പറഞ്ഞു… ചേച്ചിക്ക് എന്നേലും ഏട്ടന്റെ സഹായം ആവിശ്യമാണെന്ന് തോന്നിയാൽ ഒന്നു വിളിച്ചാൽ വിളിപുറത്തുണ്ടാകുമെന്ന്… “

ഇതും പറഞ്ഞു കിച്ചു ആ മുറിയിൽ നിന്നുമിറങ്ങി പോയി… അതു കണ്ടു ഒന്നും മിണ്ടാതെ അമ്മു അവിടെ തന്നെ ഇരുന്നു. കിച്ചുവിന്റെ മുഖത്തു പോലും നോക്കാൻ അവൾക്കു  പറ്റിയില്ല…

കുറച്ചു കഴിഞ്ഞതും സുനിത അമ്മുന്റെ മുറിയിലേക്ക് കയറി വന്നു…

” മോളെ ആരൊക്ക എന്തൊക്കെ പറഞ്ഞാലും കണ്ണനേ മാത്രം മോള് വെറുക്കല്ലേ.. ആ പാവത്തിന് അതു സഹിക്കാൻ പറ്റില്ല.. അന്ന് സാവിത്രി ഇവിടെ വന്നു അത്രയും പറഞ്ഞു പോയതിന് ശേഷം കണ്ണൻ ഇവിടെ മോളെ കാണാൻ വന്നിരുന്നു..

പക്ഷെ അപ്പോൾ സാവിത്രി പറഞ്ഞത് മനസിലുള്ളത് കൊണ്ട് അവനോട് അധികം  ഞങ്ങൾ സംസാരിചില്ല. മോളെ കാണാൻ ഞങ്ങൾ അനുവദിച്ചതുമില്ല..  അതു പോലെയല്ലേ അന്ന് അവൾ ഇവിടെ വന്നു പറഞ്ഞത്.. പക്ഷെ അന്ന് കണ്ണൻ പറഞ്ഞതു.. അവരോടുള്ള വാശിയിൽ നിന്നെ മറ്റാർക്കും കൊടുക്കരുതന്നാ…

അമ്മയുടെ തെറ്റിദ്ധാരണകൾ എല്ലാം മാറ്റി അവൻ തന്നെ അവരെ ഇവിടെ കൊണ്ട് വരുമെന്നും അതു വരെ  അവളെ നോക്കിക്കോണേന്നുമാ…

അവനെ പോലെ ഒരുത്തനേ എന്റെ മോൾക് വേറെ കിട്ടില്ല.. അത്രയും നിന്നെ സ്നേഹിക്കുന്നുണ്ടവൻ…

അന്ന് അവൻ പറഞ്ഞ പോലെ ഇന്ന് സാവിത്രി ഇവിടെ വന്നു നിന്നെ അവനു വേണ്ടി ചോദിച്ചു കൊണ്ട്… ഇനി നിന്റെ ഇഷ്ടം… “

ഇതും പറഞ്ഞു അവർ  അമ്മുവിന്റെ മുറിയിൽ നിന്നും ഇറങ്ങി.. കുറെ നേരം ഒറ്റക്കിരുന്നു കരഞ്ഞു ശേഷം.. അമ്മു തന്റെ ഫോൺ എടുത്തു… പലതവണ കണ്ണേട്ടൻ വിളിച്ചിട്ടും സാവിത്രിയമ്മ പറഞ്ഞ വാചകം മനസിലുള്ളത് കൊണ്ട് ആ കോളുകൾ നിരസിച്ചതും അവൾ ഓർത്തു…

അതിൽ കണ്ണേട്ടൻ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പരിലേക്ക് അവളുടെ കൈകൾ നീണ്ടു… ആദ്യ ബെല്ലിൽ തന്നെ അവൻ കോൾ എടുത്തു…

” അമ്മു… ” അപ്പുറത്ത് നിന്നും കണ്ണൻ വിളിച്ചു പക്ഷെ അമ്മുവിന്റെ നാവിൽ നിന്നും ഒരക്ഷരം പോലും വന്നില്ല…

” അമ്മു നീ…. നീ…. കരയുവാണോ… ”  അവനും കരഞ്ഞു കൊണ്ട് ചോദിച്ചു…

” സോ … സോറി കണ്ണേട്ടാ…. ” കരച്ചിലിനൊടുവിൽ അവൾ പറഞ്ഞു.. പരിഭവങ്ങളും പരാതികളുമെല്ലാം  പറഞ്ഞു തീർത്തവർ  പുതിയൊരു ജീവിതത്തിലേക്ക്…..

Leave a Reply

Your email address will not be published. Required fields are marked *