എൻ്റെ പാതി
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
കണ്ണേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…..?
ചോദിച്ചോ പാറു…
ഏട്ടൻ എന്തിനാണ് എന്നേ ഇത്രയധികം സ്നേഹിയ്ക്കുന്നത്.. കല്യാണം കഴിഞ്ഞ നാൾ മുതൽ എന്നെക്കുറിച്ച് കുറ്റങ്ങൾ മാത്രമല്ലേ കേൾക്കുന്നുള്ളൂ….
അത് പറയുന്നവർ പറയട്ടേ.. നീ അതിനൊന്നും ചെവി കൊടുക്കേണ്ട..
അവർ പറയുന്നതിലും കാര്യമില്ലേ ഏട്ടാ…
ഒരുപാട് കുറവുകൾ ഇല്ലേ എനിയ്ക്ക് സൗന്ദര്യമുണ്ടോ. ഏട്ടന് എന്നെക്കൊണ്ട് ബുദ്ധിമുട്ട് ഏറെയല്ലേ..
എന്ത് ബുദ്ധിമുട്ട്..?
ഏട്ടന്റെ സഹായമില്ലാതെ ഒരു പണിയും ചെയ്യാൻ
കഴിയുന്നില്ലല്ലോ. ഈ നടു വേദന കാരണം എല്ലാ പണികളും ഏട്ടൻ ചെയ്യുന്നത് കണ്ടു നിൽക്കേണ്ടി വരുന്നത് എനിക്ക് വല്യ സങ്കടമാണ്..
എന്തിന്..
ഏട്ടാ കുട്ടിയേ പ്പോലും നേരാംവണ്ണം
എടുത്തു നടക്കുവാൻ എനിക്ക് കഴിയുന്നില്ലല്ലോ..
ഈ നടു വേദനയുടെ ഉത്തരവാദി ഈ നിൽക്കുന്ന ഞാൻ അല്ലേ പ്രസവത്തിനു ശേഷം തനിയ്ക്ക് കിട്ടിയ അവാർഡ് അല്ലേ ഈ വേദന… .
മ്മ്മ് അത് ശരിയാണ്.
എന്നിട്ടും ഈ വേദന വെച്ചും എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കി തരുന്നുണ്ടല്ലോ താൻ.. അതിൽ കൂടുതൽ എന്ത് വേണം..
അടുക്കള പണി മാത്രമാണോ ഭാര്യയുടെ ഉത്തരവാദിത്വം പിന്നെ അതെങ്കിലും ഞാൻ ചെയ്തു തരേണ്ടേ പക്ഷേ അതിനും
ഏട്ടന്റെ സഹായം വേണ്ടേ എനിയ്ക്ക്..
എന്റേയും കുട്ടിയുടെയും ഡ്രസ്സ് വരേ
ഏട്ടൻ തന്നെയല്ലേ നനയ്ക്കുന്നത്.. ദേ ഇനിയും താൻ ഇങ്ങനെ സങ്കടം പറഞ്ഞിരുന്നാൽ എനിയ്ക്ക് ദേഷ്യം വരും
വീട്ടു ജോലി ചെയ്യുന്നതിൽ എനിയ്ക്ക് ഒരു വിഷമവുമില്ല ഭാര്യയേ സഹായിക്കുന്നതിൽ എന്താണ് തെറ്റ് അതൊരു ഭർത്താവിന്റെ കടമയല്ലേ..
ഭാര്യയുടെ സാഹചര്യം അറിഞ്ഞു സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ അയാൾക്ക് എങ്ങനെ
ഒരു ഉത്തമ പങ്കാളിയാകാൻ കഴിയും.
പിന്നേ സൗന്ദര്യമില്ലെന്നു താൻ പറഞ്ഞതും എനിക്ക് തീരേ ഇഷ്ടം ആയില്ല ആരാണ് പറഞ്ഞത് നിന്റെയീ മനസ്സിൽ മുഴുവനും എന്നോടുള്ള സ്നേഹവും കരുതലുമല്ലേ അതിൽ കൂടുതൽ എന്ത് സൗന്ദര്യമാണ് വേണ്ടത്…..
എല്ലാം ശരിയാകും വൈദ്യർ കുറിച്ച കഷായം
മുടങ്ങാതെ കഴിച്ചാൽ മതി… തനിയ്ക്കു കുളിക്കാൻ വെള്ളം ചൂടാക്കി കുളിമുറിയിൽ എടുത്തു വെച്ചിട്ടുണ്ട്..
കുഴമ്പു തേച്ചു കുളിച്ചിട്ട് ഒന്ന് ചെറുതായിട്ട് നടന്നു നോക്കൂ…എനിക്ക് കുറച്ചു പണിയുണ്ട് അടുക്കളയിൽ…
എന്നാലും ഏട്ടന്റെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളും എന്ന സമാധാനത്തിൽ അല്ലേ അമ്മ ചേച്ചിയുടെ അടുത്തേയ്ക്ക് പോയത് ഇവിടുത്തെ സ്ഥിതി അമ്മയ്ക്കറിയില്ലല്ലോ..
അതിനെന്താ കുഴപ്പം പാറൂ…?
ഞാൻ പലതവണ പറഞ്ഞതല്ലേ അമ്മയേ ഇതൊക്കെ അറിയിക്കാൻ അമ്മ വന്നാൽ ഏട്ടന്റെ ഈ കഷ്ടപ്പാട് കുറയില്ലേ..
എന്തിനാണ് അമ്മയേ ഇങ്ങോട്ട് വിളിക്കുന്നത് ഒന്നാമത് ചേച്ചിയും കുട്ടികളും അവിടേ ഒറ്റയ്ക്കാണ് അതും രണ്ടു പെൺകുട്ടികൾ. ഇപ്പോൾ അമ്മയുടെ ആവശ്യം അവിടെയല്ലേ ഇത്രയും നാൾ എൻ്റെ കൂടേ അല്ലേ അമ്മ നിന്നത്….
അമ്മ സമാധാനത്തോടെ അവിടേ നിൽക്കട്ടെ താൻ വിളിച്ചു ഒന്നും പറയാൻ
നിൽക്കേണ്ടാ..
എന്നാലും എനിയ്ക്ക് ഇത് വലിയ സങ്കടമാണ്.. കണ്ടില്ലേ മുഖത്തെല്ലാം നല്ല ക്ഷീണമുണ്ട് വീട്ടിലെ ജോലി എല്ലാം തീർത്തിട്ട് വേണ്ടേ ഓഫീസിൽ പോകാൻ….
സാരമില്ലടോ… എൻ്റെ ഈ ജീവിതത്തിൽ ഞാൻ സന്തുഷ്ടനാണു..
എന്നേ മനസ്സിലാക്കുന്ന പെണ്ണ് പിന്നേ എൻ്റെ മോളൂട്ടിയും ഇത്രയൊക്കെയേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.. ഈ കൊച്ചു കുടുംബത്തിൽ കിട്ടുന്ന സന്തോഷത്തിൽ കൂടുതലായി എനിക്ക് ഒന്നും വേണ്ടാ…
ദേ ഒരുപാട് സംസാരിച്ചു നിൽക്കാൻ സമയമില്ലട്ടോ.. താൻ വേഗം കുളിച്ചിട്ട് അടുക്കളയിലേയ്ക്ക് വാ. എനിയ്ക്കീ കറികളുടെ കൂട്ടൊന്നും അത്രയും വശമില്ല. വേഗം വന്നില്ലെങ്കിൽ സാമ്പാർ രസമാകും..
ദാ ഇപ്പോൾ വന്നേക്കാം..
ഒരുമിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരിയ്ക്കുമ്പോൾ അവൾ എൻ്റെ മുഖത്തേയ്ക്ക് തന്നേ നോക്കിയിരിയ്ക്കുന്നത് കണ്ടു ഞാൻ ചോദിച്ചു …
നിനക്കിത് എന്ത് പറ്റി പാറൂ എന്നേ
ആദ്യമായി കാണുവാണോ താൻ
ഏയ്യ് അല്ല ഏട്ടാ ഞാൻ ആലോചിയ്ക്കുവായിരുന്നു ആ പെൺകുട്ടി എത്ര ഭാഗ്യമില്ലാത്ത കുട്ടിയാണെന്ന്…
ഏത് കുട്ടി..
ഏട്ടൻ ആദ്യം സ്നേഹിച്ച കുട്ടി.
മറന്നോ അവളേ..?
ഏയ്യ്…
അവൾക്ക് ഏട്ടനേ കിട്ടിയില്ലല്ലോ. പക്ഷേ എനിയ്ക്ക് അവളോട് ഒരുപാട് നന്ദിയുണ്ട്.അവൾ കാരണമല്ലേ . ഇത്രയും നല്ലൊരു ഭർത്താവിനെ എനിയ്ക്ക് കിട്ടിയത്.
അത് നീ പറഞ്ഞത് ശരിയാണ് അവൾ കാരണമാണ് എനിയ്ക്കും ഇത്രയും നല്ലൊരു പെണ്ണിനേയും കിട്ടിയത്…
അവളോടുള്ള വാശി അല്ലേ..?
വാശി ആയിരുന്നോ അത് .. അവളെക്കാൾ സ്നേഹം തരുന്ന ഒരു പെണ്ണ് അത് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ…. അതിനൊരു വാശിയുടെയോ മറ്റും ഭാവം കൊടുക്കേണ്ട..
എനിയ്ക്ക് ഈശ്വരൻ ഒരു പക്ഷേ തന്നേ നേടാൻ വേണ്ടിയാകും എന്റെ ജീവിതത്തിൽ അങ്ങനെയൊക്കെ സംഭവിച്ചത്… ഈശ്വരൻ എനിയ്ക്ക് വിധിച്ച പെണ്ണാണ് താൻ എന്നും എൻ്റെ അരികിലുണ്ടാകണം തണലായി.. എൻ്റെ പെണ്ണായി….
അതേ ഞാനും അങ്ങനെ തന്നെയാണ് വിശ്വസിയ്ക്കുന്നത്… ഈശ്വരൻ എനിയ്ക്കായി തന്ന നിധി തന്നെയാണ് എൻ്റെ ഏട്ടൻ
കൂടേയുണ്ടാവും എന്നും ഈ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങാൻ പാറു കൂടേ തന്നെയുണ്ടാവും.. മെല്ലേ എൻ്റെ തോളിലേയ്ക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു..