അമ്മയ്ക്കും ആഗ്രഹമില്ലേ അവളേ കാണാൻ, അവളുടെ കുട്ടിയേ മടിയിൽ വെച്ചു ലാളിക്കാൻ എനിക്കറിയാം..

രക്തബന്ധം
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

അമ്മേ ഞാനൊരു കാര്യം പറയട്ടേ ദേഷ്യപ്പെടരുത്….

എന്താ മോനേ..

ഞാൻ മാളുവിനെയും ഭർത്താവിനെയും കുട്ടിയേയും ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാൻ പോകുവാണ്…

നീ എന്താ മോനേ ഒരു തിരിച്ചറിവ് ഇല്ലാത്ത പോലേ സംസാരിയ്ക്കുന്നത്…

ഒരിയ്ക്കലും അങ്ങനെയല്ല അമ്മേ എനിക്ക് എല്ലാ കാര്യത്തിലും നല്ല ബോധ്യമുണ്ട്…..

എന്നാലും മോനേ അവൾ നമ്മളെയെല്ലാം ഉപേക്ഷിച്ചു പോയതല്ലേ……

അവൾ ഉപേക്ഷിച്ചു പോയതല്ലല്ലോ അമ്മേ നമ്മളല്ലേ അവളേ ഇങ്ങോട്ട് കയറ്റാതിരുന്നത്… അതും ബന്ധുക്കൾ എന്ത് പറയുമെന്ന് കരുതി അല്ലേ അമ്മ അങ്ങനെ തീരുമാനം എടുത്തത്..

ശരിയാണ് നീ പറഞ്ഞത് പക്ഷേ ഇനി നമ്മൾ വിളിച്ചാൽ അവൾ വരുമോ…

ഞാൻ വിളിച്ചാൽ എൻ്റെ പെങ്ങൾ വരും ഇവിടേ.. അവൾ വേണം അമ്മേ കല്യാണത്തിന് എൻ്റെ പെണ്ണിന്റെ പുറകിൽ നിന്നും താലി ചരട് മുറുക്കാൻ അവൾക്കേ അവകാശമുള്ളൂ…

അമ്മയ്ക്കും ആഗ്രഹമില്ലേ അവളേ കാണാൻ അവളുടെ കുട്ടിയേ മടിയിൽ വെച്ചു ലാളിക്കാൻ.. എനിക്കറിയാം ആ മനസ്സ്….

ശരിയാണ് നീ പറഞ്ഞത്… എൻ്റെ കുട്ടി പോയപ്പോൾ ഈ വീടുറങ്ങി പോയി.. ഇനിയും മറ്റുള്ളവർക്ക്‌ വേണ്ടി അവളേ സങ്കടപ്പെടുത്താൻ എനിയ്ക്ക് കഴിയില്ല.. നീ വേഗം അവളേ വിളിച്ചോണ്ട് വാ മോനേ..

അതേ അമ്മേ ഇനി ഒട്ടും താമസിയ്ക്കില്ല നമുക്ക് സ്വന്തം എന്ന് പറയാൻ അവൾ മാത്രമല്ലേയുള്ളൂ… അമ്മയോട് യാത്ര പറഞ്ഞു. അവളുടെ വീട്ടിലേയ്ക്ക് തിരിയ്ക്കുമ്പോൾ എൻ്റെ മനസ്സിൽ മുഴുവനും മാളൂട്ടി ആയിരുന്നു..

എന്ത് തെറ്റാണ് അവൾ എന്നോട് ചെയ്തത്.. അവൾ പലതവണ രാഹുലിനോടുള്ള ഇഷ്ട്ടം എന്നോട് തുറന്നു പറയാൻ നോക്കിയതാണ്. അന്നൊന്നും ഞാൻ അതിനു ചെവി കൊടുത്തില്ല ….

ഒരർത്ഥത്തിൽ അവൾക്ക് ഏറ്റവും ചേരുന്നവൻ തന്നെയാണ് രാഹുൽ.. അവന് നല്ല ജോലിയുണ്ട്, വീടുണ്ട്.. എന്റെ പെങ്ങളെയും കുഞ്ഞിനേയും നന്നായി സംരക്ഷിയ്ക്കുന്നുണ്ട്..

എന്നിട്ടും എന്നേ ധിക്കരിച്ചു എന്നൊരു അനാവശ്യ പിടിവാശിയുടെ പുറത്ത് അവളേ ഞാൻ വീട്ടിൽ നിന്നും അകത്തി നിർത്തി…

എൻ്റെ വാശിയ്ക്കു എരിവ് പകരാൻ ബന്ധുക്കൾ മത്സരിച്ചു.. .. മാപ്പ് മാളൂട്ടി നീ
ഈ ചേട്ടനോട് ക്ഷമിയ്ക്കൂ മോളെ..

എന്തായാലും അവളേ ഒന്ന് വിളിച്ചു നോക്കാം.. എത്ര നാളായി അവളുടേ സംസാരം കേട്ടിട്ട്…

ഞാൻ വണ്ടി ഒതുക്കി നിർത്തി മൊബൈൽ എടുത്തു അവളുടെ നമ്പറിലേയ്ക്ക് വിളിച്ചു…

അങ്ങേത്തലയ്ക്കൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച ശബ്ദം..

മാളൂട്ടി.. ഞാനാടാ ഏട്ടൻ..

ഏട്ടാ.. എത്ര നാളായി ഏട്ടന്റെ ശബ്ദമൊന്നു കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഇപ്പോഴെങ്കിലും എന്നേ ഒന്ന് വിളിക്കാൻ തോന്നിയല്ലോ…. ഏട്ടൻ എന്നോട് ക്ഷമിയ്ക്കണം   വല്യ തെറ്റാണ് ഞാൻ ചെയ്തതു..

ഏയ്യ് മാളൂട്ടി നീ അങ്ങനെയൊന്നും ചിന്തിയ്ക്കേണ്ടാ ഞങ്ങളാണ് നിന്നോട് തെറ്റ് ചെയ്തത്.. നിന്റെ ഇഷ്ടം നടത്തി തരാൻ തയ്യാറായില്ല..

സാരമില്ല ഏട്ടാ ഇപ്പോഴെങ്കിലും എന്നേ
ഒന്ന് വിളിച്ചല്ലോ അത് മതി..

ഇല്ല മോളെ നിന്നേയും രാഹുലിനെയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടു പോകാൻ ഞാൻ അങ്ങോട്ട്‌ വരുവാണ്.. എനിക്ക് ഇനി നീ ഇല്ലാതെ പറ്റില്ല. നിനക്കുള്ള വീടാണ് ഇത് നമ്മുടെ അമ്മ നിന്നേ കാത്തിരിക്കുന്നു ഇവിടെ…..

എന്തായാലും ഏട്ടൻ ഉടനേ അവിടെയെത്തും നിങ്ങൾ റെഡി ആയി ഇരുന്നോളൂ..

മാളൂ.. ഇന്നെന്താ നിനക്കിത്ര സന്തോഷം…

അതേ രാഹുലേട്ടാ കുറച്ചു മുൻപ് ഏട്ടൻ വിളിച്ചിരുന്നു.. എന്നോട് സംസാരിച്ചു.  ഇങ്ങോട്ട് ഉടനേ വരുമെന്ന് നമ്മളെ കൂട്ടിക്കൊണ്ടു പോകാൻ റെഡിയായി ഇരിയ്ക്കണമെന്നു പറഞ്ഞു..

ഞാൻ നിന്നോട് പറയാറില്ലേ മാളൂ ഹരിയ്ക്ക് നിന്നോട് അധികം നാൾ വെറുപ്പ് കാണിക്കാൻ കഴിയില്ല എന്ന് കാരണം അവൻ നിന്നേ അത്രയ്ക്ക് സ്നേഹിയ്ക്കുന്നുണ്ട്…

എന്നാൽ നീ വേഗം റെഡിയാകൂ അവൻ ഇപ്പോൾ എത്തില്ലേ…. നിങ്ങൾ പൊയ്ക്കോളൂ

അപ്പോൾ നിങ്ങൾ വരുന്നില്ലേ.

ഏയ്യ് ഞാൻ വരണോ.. അത് ശരിയാകില്ല അവരുടെ ബന്ധുക്കൾക്ക് ഇഷ്ടമാകില്ല.

അതൊന്നുമില്ല വിളിച്ചത് ഹരിയേട്ടനാണ് വന്നിലെങ്കിൽ ഏട്ടന് വിഷമമാകും.. എന്നാൽ ശരി അങ്ങനെയാകട്ടേ..  അവൾ മുറിയിലേയ്ക്ക് പോയി കഴിഞ്ഞു മൊബൈലിൽ ഒരു കാൾ വന്നു..

ഹലോ ഇത് മാളവിക അല്ലേ…

അല്ലല്ലോ ഭർത്താവ് ആണ് .. ആരാണ്…

ഇത് സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് ഹരിയുടെ റിലേറ്റീവ് ആണോ..

അതേ.. ഹരിയുടെ പെങ്ങളുടെ ഭർത്താവാണ്..

അതേയോ അവസാനം വിളിച്ച നമ്പർ നോക്കി വിളിച്ചതാണ്.. ഹരിയ്ക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…. കുറച്ചു പേർ ചേർന്നു ഇവിടെ എത്തിച്ചു..

അയ്യോ… എവിടെ വെച്ച് എന്നിട്ട്………….?

നിങ്ങൾ പേടിയ്ക്കേണ്ടാ ആവശ്യമില്ല
കാലിനു ഒരു പരിക്ക് ഉണ്ട്.. ആളിപ്പോൾ ഒബ്സർവേഷൻ ൽ.. ആണ്….. ആരെങ്കിലും ഉടനെ ഇവിടെ വരേ വരണം..

ഞങ്ങൾ ഉടനെ വരാം…

ആരാ രാഹുൽ ഏട്ടാ വിളിച്ചത്..

അത് ഹോസ്പിറ്റലിൽ നിന്നാണ്..

ഹോസ്പിറ്റലിൽ നിന്നോ.. അവിടെ ആരാണ് ഉള്ളത്..

അതൊക്കെ അവിടേ ചെന്നിട്ട് പറയാം നീ വേഗം കുട്ടിയേ എടുത്തു പോന്നോളൂ..  ഹോസ്പിറ്റലിൽ എത്തി കഴിഞ്ഞപ്പോൾ മാളുവിനോട് ഒന്നും ഒളിച്ചു വെയ്ക്കാൻ കഴിഞ്ഞില്ല.. എല്ലാം അവളോട് തുറന്നു പറഞ്ഞു…

അവളുടെ പൊട്ടിക്കരച്ചിൽ അടക്കാൻ
നന്നേ പാട് പെടേണ്ടി വന്നു..

“എന്നാലും എന്നെക്കാണാൻ വരുന്ന വഴിയാണല്ലോ ഏട്ടന് ഇങ്ങനെ സംഭവിച്ചത്. ഞാൻ ഒരു ഭാഗ്യം കെട്ടവളാണ് അല്ലേ..

എൻ്റെ മാളൂ നിന്റെ ഏട്ടന് കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ.. നാളെ രാവിലെ വാർഡിലേക്ക് മാറ്റും.. നീ ഇങ്ങനെ ഓരോന്നു അനാവശ്യമായി ചിന്തിച്ചു കൂട്ടണ്ടാ..

രാഹുലേട്ടനു അറിയില്ല എൻ്റെ ഏട്ടൻ എന്നേ എത്ര സ്നേഹിച്ചിരുന്നു എന്ന്. ആ ശരീരത്തിൽ നിന്നും ചോര പൊടിഞ്ഞാൽ നോവുന്നതു എൻ്റെ നെഞ്ചാണ്. അതിനാണ് രക്തബന്ധം എന്ന് പറയുന്നത്…

അന്ന് രാത്രിയിൽ ഞാൻ അറിഞ്ഞു അവൾക്കു ഹരിയോടുള്ള സ്നേഹം…അല്ലെങ്കിലും മുറിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ലല്ലോ രക്ത ബന്ധം..

മാളൂ അവൾ..?

ഹരിയുടെ റൂമിന്റെ പുറത്തു ഇടനാഴിയിലൂടെ അവന്റെ റൂമിലേയ്ക്ക് നോക്കി ക്ഷമയോടെ അവൾ ഇരിപ്പുണ്ടായിരുന്നു… പുതിയ സ്വപ്നങ്ങളിലേക്ക് അവൻ ഉണരുന്നതും കാത്തു…

Leave a Reply

Your email address will not be published. Required fields are marked *