വിളിച്ചത് കല്യാണം ആലോചിച്ചു വരാനല്ലേ, എന്റെ പൊന്നിഷ്ടാ നമ്മൾ തമ്മിൽ പ്രേമമൊന്നുമല്ലലോ..

പറയേണ്ടത്
(രചന: Ammu Santhosh)

“ഹലോ അപർണ..”തന്റെ പിന്നാലെ ഓടി വരുന്ന അർജുനെ കണ്ടു അപർണ നിന്നു.

“എന്താടാ കാൾ എടുക്കാത്തത്? എത്ര തവണ വിളിച്ചു?”

“വിളിച്ചത് കല്യാണം ആലോചിച്ചു വരാനല്ലേ? എന്റെ പൊന്നിഷ്ടാ നമ്മൾ തമ്മിൽ പ്രേമമൊന്നുമല്ലലോ.. ഞാനാണെങ്കിൽ വാക്ക് തന്നിട്ടുമില്ല. എനിക്കിപ്പോ കല്യാണത്തിന് ഒരു താല്പര്യോം ഇല്ല”

“അങ്ങനെ അങ്ങ് പറഞ്ഞു ഒഴിവാക്കല്ലേ? തനിക്കിപ്പോ ഇരുപത്തിയഞ്ചു വയസ്സായില്ലേ? എന്റെ അനിയത്തിക്ക് ഈ പ്രായത്തിൽ രണ്ടു പിള്ളേരായി..ഇനിയെന്നാ കല്യാണം മൂത്തു നരച്ചിട്ടോ?”

“അത് തന്റെ അനിയത്തിക്ക് വേറെ ജോലിയില്ലാഞ്ഞിട്ട്. ഇരുപത്തിയഞ്ചു വയസ്സിനകം കല്യാണം കഴിച്ചില്ലെങ്കിലെന്താ? അല്ല ഇനി കല്യാണമേ കഴിച്ചില്ലെങ്കിലെന്താ ആകാശം ഇടിഞ്ഞു വീഴുമോ?”

“ഒറ്റയ്ക്കായിപ്പോകും അത്ര തന്നെ.. കൊച്ചേ ഞാൻ തർക്കിക്കാനില്ല. എനിക്ക് തന്നെ ഇഷ്ടമാ.. കെട്ടിയാൽ കൊള്ളാം.. വീട്ടുകാരൊന്നു വന്നു കാണട്ടെ..”

“ഞാൻ അമ്മയോട് ചോദിച്ചു പറയാം..”

അവൾ ആക്ടിവ സ്റ്റാർട്ടാക്കി ഓടിച്ചു പോയി.

“അവരൊന്നു വന്നു കാണട്ടെ മോളെ.. നമുക്ക് ചേർന്നതാണെങ്കിൽ നടത്താം “

“വേണോ?”അവൾ നെറ്റി ചുളിച്ചു.

“വേണം “അമ്മ ആവർത്തിച്ചു.

“എന്നാ പിന്നെ പോന്നോട്ടെ..”അവൾ ചിരിച്ചു കൊണ്ട് അമ്മ കൊടുത്ത  കാപ്പി മൊത്തി..

അർജുൻ, അച്ഛൻ, അമ്മ, അങ്ങനെ എല്ലാവരും കൂടിയാണ് ഞായറാഴ്ച അപർണയുടെ വീട്ടിലേക്ക് വന്നത്.

“ഇവിടെ സ്വന്തം സ്ഥലമാണോ?”അമ്മ അപർണയെ അടിമുടി നോക്കി ചോദിച്ചു

” അച്ഛന്റെ ജോലി ഇവിടെയായിരുന്നു. നാട് തൃശൂർ ആണ് “

“ഓ… വാടകവീടാണോ?”, അവരുടെ മുഖത്ത് ഒരു മങ്ങൽ ഉണ്ടായി.

“അതേ.. അച്ഛൻ മരിച്ചത് ഈ വീട്ടിൽ വെച്ചാ.. അറ്റാക്ക് ആയിരുന്നു. ഉറക്കത്തിൽ.. അമ്മക്ക് ഇവിടെ വിട്ട് പോകാൻ അത് കൊണ്ട് ഇഷ്ടമല്ല.. അതേ കുറിച്ച് അമ്മയുള്ളപ്പോ സംസാരിക്കേണ്ട.” അവൾ അടുക്കളയിൽ നിന്നു അമ്മ വരുന്നുണ്ടോന്നു നോക്കി പറഞ്ഞു..

“നാട്ടിൽ വീടൊക്കെ കാണുമായിരിക്കും ല്ലേ?”
അതും അമ്മയുടെ വകയായിരുന്നു. പെൺകുട്ടിക്ക് എന്തൊക്കെയുണ്ട് എന്ന് അറിയാനുള്ള ചോദ്യമാണതെന്നവൾക്ക് മനസിലായി.

“നാട്ടിൽ കുറച്ചു സ്ഥലം ഉണ്ട്..”അപർണയുടെ അമ്മചായയുമായി അങ്ങോട്ടേക്ക് വന്നു..”വീട് വെയ്ക്കണം,പോയി അവിടെ സ്ഥിരമാക്കണം എന്നൊക്കെ ആയിരുന്നു അദേഹത്തിന്റെ ആഗ്രഹം. ഒന്നും നടന്നില്ല.”

അമ്മയുടെ കണ്ണ് നിറഞ്ഞു.. അപർണ തെല്ല് ശാസനയോടെ അർജുനെ നോക്കി.

അർജുൻ ഞാനെന്തു ചെയ്യാനാ എന്ന ഭാവത്തിൽ ചുണ്ട് കോട്ടി.

“ഇപ്പോഴത്തെ കാലത്ത് കുട്ടികളുടെ ഇഷ്ടമാണ് നോക്കേണ്ടതെന്നാ എല്ലാരും പറയുന്നത്. ഇവന് അപർണ മാത്രം മതി. എന്റെ ആങ്ങളയുടെ മോളോരാളുണ്ട്. യുഎസിൽ.. ഇവനെന്നു വെച്ചാ ജീവനാ. പക്ഷെ ഇവന് തോന്നണ്ടേ? ഇവനിതാ വിധി എങ്കിൽ അങ്ങനെയാകട്ടെ “

അമ്മ ചായ കുടിച്ചു കൊണ്ട് പറഞ്ഞു

“അയ്യോ ആന്റി ഞങ്ങൾ തമ്മിൽ പ്രേമം ഒന്നുല്ല. ജസ്റ്റ്‌ ഒരു ക്യാമ്പിൽ കണ്ട പരിചയം മാത്രം. എനിക്കാണെങ്കിൽ ഇപ്പൊ കല്യാണം ഒട്ടും താല്പര്യമില്ല.. അച്ഛനെനിക്കായി എടുത്ത എഡ്യൂക്കേഷൻ ലോൺ ഒക്കെ അടച്ചു തീർക്കാനുണ്ട്..”

അവരുടെ മുഖം വിളറി..

“അമ്മ ഒന്ന് മിണ്ടാതിരിക്കാമോ. അച്ഛൻ പറയട്ടെ ”
ഗത്യന്തരമില്ലാതെ അർജുൻ പറഞ്ഞു.

അച്ഛൻ അത് വരെ സംസാരിച്ചിട്ടില്ലല്ലോ എന്ന് അപ്പോഴാണ് അവളും ഓർത്തത്.അച്ഛൻ തൊണ്ട ഒന്ന് ശരിയാക്കി.

“ഞങ്ങൾക്ക് ഡിമാൻടുകൾ ഒന്നുമില്ല.. നിങ്ങളുടെ കുട്ടിക്ക് നിങ്ങൾ കൊടുക്കാതിരിക്കില്ലല്ലോ. തൃശൂർ ടൗണിൽ ആണോ സ്ഥലം?”

“അതേ.. അതിവൾക്ക്. എനിക്കിവള് മാത്രല്ലേ ഉള്ളു?”അമ്മ വിനയത്തോടെ പറഞ്ഞു.

“ഗുഡ്.. പിന്നെ ഗോൾഡ് ഒക്കെ പറയണ്ടല്ലോ. അതും ഞങ്ങൾ പറയില്ല ട്ടോ. ഇഷ്ടം പോലെ അറിഞ്ഞു ചെയ്യുക അത്ര തന്നെ “

അവൾ എന്തൊ പറയാൻ ഭാവിച്ചപ്പോൾ അമ്മ അവളുടെ കയ്യിൽ അമർത്തിപ്പിടിച്ചു

“എൻഗേജ്മെന്റ് ഗ്രാന്റ് ആക്കണം.. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കല്യാണമാ “

“എൻഗേജ്മെന്റ് ഒക്കെ വേണോ അങ്കിളേ.. എന്തിനാ വെറുതെ..?”

“അതൊക്കെ വേണം.. ഞങ്ങളുടെ വശത്ത് നിന്നു ഒരു അഞ്ഞൂറ് പേരുണ്ടാകും കേട്ടോ.. ജാതകം ഒക്കെ അർജുൻ നോക്കിയ സ്ഥിതിക്ക് വേറെ എന്തെങ്കിലും ഉണ്ടൊ?”

“പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ട് അങ്കിളേ. കല്യാണം കഴിഞ്ഞാലും ഞാൻ ഇവിടെ താമസിക്കും. അയ്യോ ഞാൻ അല്ല ഞങ്ങൾ.. അമ്മ തനിച്ചല്ലെ? അര്ജുന് ഇവിടെ നിന്നു ഓഫീസിൽ പോകാൻ ഈസിയാ..

പിന്നെ ഈ വീട്.. അതിന്റ ഒരു സെന്റിമെന്റൽ അറ്റാച്മെന്റ്.. പിന്നെ ഞാൻ പറഞ്ഞില്ലേ ലോൺ ഉണ്ട്, വാടക കൊടുക്കണം.. കുറച്ചു ചിട്ടി ഒക്കെയുണ്ട്.

പറയുമ്പോൾ എല്ലാം പറയണമല്ലോ എന്റെ സാലറി ഇതൊക്കെ അടച്ചു കഴിഞ്ഞാൽ.. പിന്നെ.. കുറച്ചെ ഉണ്ടാവുള്ളു… അതിന് അതിന്റെതായ ചിലവുകൾ ഉണ്ട് താനും. കല്യാണം കഴിഞ്ഞു ഒരു പ്രശ്നം ഉണ്ടാകരുതല്ലോ?”

അവരുടെ മുഖം ഇരുണ്ടു

“ഇതെവിടുത്തെ നാട്ടുനടപ്പാ? കല്യാണം കഴിഞ്ഞാൽ പെണ്ണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കണം.അല്ലാത് എന്റെ മോൻ ഇവിടെ വന്നു താമസിക്കുകയൊന്നുമില്ല. അല്ലെങ്കിൽ തന്നെ ഞങ്ങളുടെ സ്റ്റാറ്റസ് ന് ചേരുന്ന ബന്ധമൊന്നുമല്ല ഇത് ഇവന്റെ നിർബന്ധം… അതാണ്… വാടാ..”

അത് വരെ പാവം പോലെയിരുന്ന അച്ഛൻ പുലിയെ കണക്ക് ചീറി..അർജുൻ യാത്ര പോലും പറയാതെ അവർക്ക് പിന്നാലെ നടന്നു പോകുന്നത് കണ്ട് അവൾ ചിരിയടക്കാൻ പണിപ്പെട്ടു

അവർ പൊയ്ക്കഴിഞ്ഞപ്പോ അപർണ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.
അമ്മ അവളുടെ കൈക്ക് ഒരു അടി വെച്ചു കൊടുത്തു.

“എഡ്യൂക്കേഷൻ ലോണോ? അച്ഛൻ എപ്പോ എടുത്തു? മെറിറ്റിൽ അഡ്മിഷൻ കിട്ടിയ നിനക്ക് എന്ത് ലോൺ? ഈശ്വര എന്തൊരു കള്ളിയാ ഇവൾ?നിനക്ക് എവിടെയാടി ചിട്ടി?”

‘അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ അമ്മേ അവരുടെ തനിനിറം പുറത്ത് വന്നത്? പക്ഷെ ഒന്ന് സത്യമാ.. കല്യാണം കഴിഞ്ഞാലും ഞാനിവിടെ തന്നെ താമസിക്കും പ്രായമായ അച്ഛനെയും അമ്മയെയും മരുമകൾ നോക്കണം എന്നല്ലേ സമൂഹം പറയുന്നേ?

ഭാര്യയുടെ അച്ഛനും അമ്മയ്ക്കും വയ്യാതെയായാൽ ഈ നിയമം ബാധകമല്ലേ? അതോ ആൺമക്കളില്ലാത്തവർ വെള്ളം കിട്ടാതെ മരിച്ചോട്ടെന്നോ?

ഞാൻ പറയുന്നത് എന്നെപ്പോലെ ഒറ്റമകളാണെങ്കിൽ ഭർത്താവ് പെണ്ണിന്റെ വീട്ടിൽ താമസിക്കണം… പെണ്ണ് പോയി താമസിക്കുന്നുണ്ടല്ലോ ഈ ആണുങ്ങൾക്കെന്താ അതിനിത്ര കുറച്ചിൽ?”

“എന്റെ പൊന്നേ.. ഒന്ന് നിർത്തു..ഇത് ഒക്കെ സത്യാ. പക്ഷെ ഇതൊന്നും മാറാൻ പോണില്ല.. ആര് വരും ഈ terms and conditions ഒക്കെ അനുസരിച്ച്? നീ മിക്കവാറും ഇങ്ങനെ അങ്ങ് പോവേയുള്ളു ട്ടോ “

അപർണ വീണ്ടും പൊട്ടിച്ചിരിച്ചു

“കല്യാണമല്ല ജീവിതത്തിന്റെ അവസാനവാക്ക്.
. എന്നാലും ഇങ്ങനെ നമ്മളെ മനസിലാക്കുന്ന ഒരാൾ വന്നാ അമ്മയുടെ പൊന്നുമോൾ കണ്ണും പൂട്ടി അങ്ങേരെ അങ്ങ് കെട്ടും പോരെ…”

“ഈശ്വര അത് എന്നാണാവോ?”

അപർണ അമ്മയെ ചേർത്ത് പിടിച്ചു.. പിന്നെ ആ കവിളിൽ അമർത്തി ഉമ്മ വെച്ചു.

“മോളെ അമ്മയെ നോക്കണം അച്ഛനെ നോക്കണം എന്നൊക്കെ പറഞ്ഞു ജീവിതം കളയുന്നത് വിഡ്ഢിത്തമാണ്. സ്വന്തം ജീവിതം നോക്കണം..”അമ്മ പറഞ്ഞു

“ശ്ശെടാ സ്വന്തം ജീവിതം എന്ന് പറയുമ്പോൾ ഞാൻ പൊട്ടിമുളച്ചുണ്ടായതാണോ? നിങ്ങൾ അല്ലെ എന്നെ ഈ ഭൂമിയിലേക്ക് ലാൻഡ് ചെയ്യിപ്പിച്ചത്‌? ഞാൻ കുഞ്ഞായിരുന്നപ്പോ അമ്മക്ക് ജോലി ഉണ്ടായിരുന്നുല്ലേ?

ദൂരേയ്ക്ക് ട്രാൻസ്ഫർ ആയപ്പോൾ അമ്മ എന്തിനാ അത് വേണ്ട എന്ന് വെച്ചത്?അത്രയും ത്യാഗം ഒന്നും പറ്റിയില്ലെങ്കിലും എന്നെ കൊണ്ട് കഴിയും പോലെ ഞാൻ അമ്മയെ നോക്കും.. അല്ലെങ്കിൽ അച്ഛൻ വേദനിക്കും..”അവളുടെ ശബ്ദം ഇടറി..

“എന്റെ അമ്മക്കിളി ഒന്നുമോർത്തു വിഷമിക്കണ്ട ട്ടോ.. എല്ലാം നടക്കും..”

അവൾ അമ്മയുടെ മടിയിലേക്ക് തലയണച്ച്‌ വെച്ചു… ജീവിതം അങ്ങനെയാണ്.. ചിലപ്പോഴെങ്കിലും നമ്മെ സന്തോഷിപ്പിക്കുന്നത്… ഒറ്റയ്ക്കാക്കാത്തത്..

Leave a Reply

Your email address will not be published. Required fields are marked *