(രചന: Shincy Steny Varanath)
“ഹാ… കാർന്നോത്തിയെഴുന്നേറ്റോ…”
രാവിലെ പതിവില്ലാത്ത സമയത്ത് നോം എഴുന്നേറ്റ് വന്നതു കണ്ടിട്ടുള്ള മാതാവിന്റെ ആക്കലാണ്. ക്ലാസില്ലാത്ത ദിവസം 9മണി കഴിഞ്ഞേ എഴുന്നേൽക്കാറുള്ളു. അതും കതകിന് പുറത്ത് പഞ്ചാരിമേളം കൊട്ടിക്കേറിക്കഴിയുമ്പോൾ.
ഇന്നലെ കിടന്നപ്പോൾ ചൂട് കാരണം ജനൽപ്പാളി തുറന്നിട്ടിട്ടാണ് കിടന്നത്. ആ വിടവിൽക്കൂടി രാവിലെ കേറി വന്ന കൊതുകാണ് രാവിലെ ഈ ആക്കല് കേൾക്കാൻ എഴുന്നേൽപ്പിച്ച് വിട്ടത്.
ഏതു ചൂടിലും തലമുതൽ പുതച്ചുമൂടിക്കിടക്കുന്ന എനിക്ക് കാൽപാദം മൂടിക്കിടന്നാൽ ശ്വാസം കിട്ടില്ല. അതു കൊണ്ട് കാല് മൂടാതെയാണ് ഉറങ്ങുന്നത്.
രാവിലെ കൊതുക് മുത്തം തന്നോണ്ടിരുന്നതും കാലിൽ. ഉറക്കം കളയാതിരിക്കാൻ, കണ്ണുപൂട്ടി കുറേ വീശിയടിച്ചിട്ടും കൊതുകിനെ കിട്ടീല്ല. ഉമ്മം വയ്ക്കുന്നിടത്തോക്കെ ഭയങ്കര ചൊറിച്ചിലും. ഉറക്കം കളഞ്ഞേ പറ്റു. നല്ലൊരു ശനിയാഴ്ച പോയിക്കിട്ടി.
നേരത്തെ എഴുന്നേറ്റതുകൊണ്ടാണെന്ന് തോന്നുന്നു വയറും എന്തൊക്കെയോ ലക്ഷണങ്ങള് കാണിച്ചു തുടങ്ങി. എഴുന്നേറ്റ് ആദ്യത്തെ കലിപ്പിൽ കൊതുകിനെ തല്ലിക്കൊന്നു.
വയറുതന്ന സൂചനയനുസരിച്ച് അത്യാവശ്യ കാര്യങ്ങളും കഴിഞ്ഞ് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് മാതാശ്രീയുടെ ആദ്യം കേട്ട ഡയലോഗ്. പുച്ഛം വാരിവിതറി നിൽക്കുമ്പോഴെക്കും അടുത്ത പണി വന്നു.
”ഏതായാലും എഴുന്നേറ്റതല്ലേ, പുരയ്ക്കകം ഒന്നു തൂത്തുവാരിയേരെ.. ചൂല് പിടിക്കാനെങ്കിലും പഠിക്ക്. നിന്റെ അമ്മായിഅമ്മേടെ ചീത്ത ഏതായാലും ഞാൻ കുറേ കേൾക്കെണ്ടിവരും. ഒരു കാര്യമെങ്കിലും കുറയട്ടെ”.
പെട്ടു… അപ്പൻ അവിടിരിക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയാതെ ചൂല് വാങ്ങി… പെട്ടെന്ന് നോക്കിയാൽ കാണുന്നിടമൊക്കെ ചൂലുകൊണ്ടൊരു സന്ദർശനം.
കട്ടിലിനടിയിലൊക്കെ കുനിഞ്ഞും നിവർന്നുമൊന്നും അടിക്കാൻ മനസ്സില്ല. ഉജാല കുപ്പിയിട്ട് മുറുക്കിയിരിക്കുന്ന ചൂലിന് നല്ല നീളമുള്ളതുകൊണ്ട് ഒട്ടും കുനിഞ്ഞും ബുദ്ധിമുട്ടെണ്ട.
അങ്ങനെ,ചെറിയ മൂളിപ്പാട്ടോടുകൂടി ഓരോ മുറിയും സന്ദർശനം നടത്തി വരുമ്പോഴാണ്, പെട്ടൊന്നൊരു ശാന്തത എന്നെ പുൽകിയത്.
പള്ളിയിലൊക്കെ കറന്റ് പോകുമ്പോഴുള്ളപോലെ… ചുറ്റുമൊന്ന് നോക്കി.
കപ്പതിന്നോണ്ടിരുന്ന അപ്പൻ തൊണ്ടയിൽ കപ്പ കുടുങ്ങിയ പോലെ നിശ്ചലമായിരിക്കുന്നു. കണ്ണുകൾ രണ്ടും എന്നിലാണ്… വെപ്പു പല്ല് കൈയിലെടുത്ത് വിശാലമായി തേച്ചു കൊണ്ടിരുന്ന ഓൾഡ് പീസ് അമ്മച്ചി, തേപ്പു നിർത്തി വാഷ്ബേസിന്റ മുന്നിലെ കണ്ണാടിയിലൂടെ എന്നെ നോക്കുന്നു…
ചൂല് എന്നെ ഏൽപ്പിച്ചേച്ച് പോയ അമ്മ, വാതിൽപ്പടിയിൽ തറഞ്ഞു നിൽക്കുന്നു…
പെട്ടെന്നുണ്ടായ ശാന്തതയുടെ കാരണവും എന്നിലേക്കുള്ള നോട്ടവും എന്തിനാണെന്നറിയാതെ ഇവരെയെല്ലാം ഞാനുംനോക്കി . ഒരു നിമിഷം കൊണ്ട് മരവിപ്പ് മാറിയ അമ്മച്ചിയുടെ കടുപ്പത്തിലുള്ള ശബ്ദം പുറത്തേക്കു വന്നു.
‘പെൺ പിള്ളേരെ നേരത്തെ കെട്ടിച്ചു വിടണമെന്ന് പറഞ്ഞാൽ കേൾക്കില്ല… പഠിപ്പിക്കാൻ വിട്ടേക്കുന്നു. ഇനിയെങ്കിലും സമയം കളയാതെ കെട്ടിച്ചു വിടാൻ നോക്ക്.
അല്ലേലും ഞാൻ പറയുന്നതിനൊന്നും ഒരു വിലയുമില്ലല്ലൊ, കെട്ടിയോളോട് ചോദിച്ചിട്ടല്ല എല്ലാം ചെയ്യു. അതു കൊണ്ട് മക്കളിനിയും ഇതുപോലുള്ള പാട്ടൊക്കെ പാടി കേൾപ്പിക്കും. പാടിയപോലെ രഹസ്യമുണ്ടോന്നാർക്കറിയാം”
അപ്പോഴാണ് ഒരു പാട്ടാണ് ഈ ശാന്തതയുടെ കാരണമെന്ന് പിടികിട്ടിയത്.ഒരു മിനിറ്റ് മുൻപ് ഞാൻ പാടിയ പാട്ടിനെ ഞാൻ തന്നെ വിശകലനം ചെയ്തു.
‘നാണമാകുന്നു… മേനി നോവുന്നു…
നിൻ്റെ കൈകൾ എന്നെ മൂടുമ്പോൾ…’
എന്റെ കർത്താവെ… പാടിയപ്പോൾ ഇതിനിത്രയും വാക്കുകളുണ്ടെന്ന് ഞാനോർത്തില്ലല്ലോ. ഇന്നലെ വൈകിട്ട് എത്ര പാട്ടു കേട്ടതാ… ഇതു മാത്രമേ നാക്കേലോട്ട് തട്ടിവിടാനുണ്ടായിരുന്നുള്ളോ …’
അപ്പന് രാവിലെതന്നെ വയറ് മുഴുവൻ നിറഞ്ഞു. കഴിപ്പ് പൂർത്തിയാക്കാതെ എന്നെയൊന്ന് ഇരുത്തിനോക്കി അപ്പൻ എഴുന്നേറ്റ് കൈ കഴുകി പുറത്തേക്കിറങ്ങി.
ഞാനൊരു ധൈര്യത്തിന് ചൂലിൽ അമർത്തിപ്പിടിച്ചു. ചൂല് കൈയിലുള്ളതുകൊണ്ടാണൊന്നറിയില്ല അടുത്തേക്ക് വരാതെ കൈയിലിരുന്ന സ്റ്റീൽ തവി കൈയിലിട്ട് ഞെരിച്ച് അമ്മയും അടുക്കളയിലേക്ക് പിൻവാങ്ങി…
മോനെയും മരുമോളെയും രണ്ട് പറയാൻ അവസരം കിട്ടിയതിൽ പുളകിതയായ അമ്മച്ചി വെപ്പു പല്ലിനെ കോൾഗേറ്റിട്ട് കൊഞ്ചിക്കാനും തുടങ്ങി…
ഇപ്പോൾ പാടിപ്പോയ പാട്ടിന് മറുമരുന്നായി എന്തെങ്കിലും പാടിയെ ഒക്കൂ… അല്ലെങ്കിൽ പൊട്ട ബുദ്ധിക്ക് അപ്പൻ വല്ല തീരുമാനവുമെടുത്താൽ എനിക്ക് പണിയാകും. കെട്ടീരെന്ന് പറഞ്ഞാൽ, കല്യാണത്തിന്റെ അന്ന്
മാത്രമേ രസമുള്ളുന്ന കൂട്ടുകാരികള് പറഞ്ഞത്. പിറ്റേന്ന് മുതൽ ഓരോരുത്തരായി ഓരോ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു തരും. ഒരു പണിയുമില്ലെങ്കിലും രാവിലെ എഴുന്നേൽക്കണം, എന്തോ അവാർഡ് തരും പോലെയാണ് അമ്മായി അമ്മ അടുക്കള വിട്ടുതരുന്നത്. അവാർഡ് നിഷേധിക്കാൻ പോലും അവകാശമില്ല…
ജെട്ടിപോലും അലക്കാൻ ഊരിത്തരാൻ കെട്ടുന്ന മണക്കൂസൻമാർക്ക് ഒരു മടിയുമില്ലെന്ന് ഒരു കൂട്ടുകാരി പറഞ്ഞത്, ബാക്കി ഭാര്യമാരും സമ്മതം വയ്ക്കുന്നത് കഴിഞ്ഞ ദിവസമാണ് കേട്ടത്. പാട്ട് മാറ്റിപ്പിടിച്ചേ പറ്റു.
”അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ… എന്തു പരിഭവം മെല്ലെയോതി വന്നുവോ…” നാവിൽ വന്ന അടുത്ത പാട്ട് ഞാൻ വീണ്ടും മൂളിത്തുടങ്ങി…
അതിനിടയിൽ, അമ്മച്ചി തേപ്പു് കഴുക്കും കഴിഞ്ഞ് അടുക്കളേൽ കേറീട്ടുണ്ട്. മരുമോളെ സഹായിക്കാനല്ല, കുറ്റം കണ്ടു പിടിക്കാൻ…
വീണ്ടും അടുക്കളയിൽ നിന്ന് രണ്ട് സ്ത്രീ ശബ്ദ്ധങ്ങൾ…
“നമ്മുടെ ജാ തിയെയെങ്കിലും കൊണ്ടു വന്നാൽ മതിയായിരുന്നു. ഉണ്ണിക്കണ്ണനൊക്കെയാ നാവിലുള്ളത് “. എന്റെ കർത്താവെ ഞാൻ വീണ്ടും പെട്ടു.
”ഞങ്ങടെ കുടുംബത്തിലൊന്നും ആരും ഇങ്ങനെ മതിലു ചാടിപോയിട്ടില്ല. അമ്മ വീട്ടിലെ പാരമ്പര്യമാണോന്നാർക്കറിയാം”. അമ്മച്ചി വക വലിയവെടി ഒന്ന്..
“എന്റെ വീട്ടിലാരാ തള്ളെ ചാടീത്. രാവിലെ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ”. മരുമോളും കുറച്ചില്ല.
‘അമ്മ’ രൂപാന്തരം പ്രാപിച്ച് ‘തള്ള’യായിട്ടുണ്ട്. ഇനി ഇടപെട്ടില്ലെങ്കിൽ കയ്യാങ്കളിയാകും. വാക്പ്പോര് മുറുകി വരുന്നുണ്ട്. പാരമ്പര്യം മുഴുവൻ കുടഞ്ഞിടുന്നുണ്ട്.
തൊണ്ടീം കിളളിം പുറത്തിട്ടപ്പോൾ രണ്ടുപേരുടെ വീട്ടിലും ആരാണ്ടൊക്കെയോ എവിടെയൊക്കെയോ മതിലു ചാടിയിട്ടുണ്ട്. ഈ അറിവ് നല്ലതാ… എന്തെങ്കിലും ആരോടെങ്കിലും എപ്പോഴെങ്കിലും തോന്നിയാൽ പാരമ്പര്യത്തിന്റെ അകമ്പടി നല്ലതാ…
അവസാനം ചൂലെടുത്ത് നടുവിലിട്ട് രണ്ടിനെയും രണ്ട് സൈഡിലേക്ക് തിരിച്ചുവിട്ടു.
“നീ നേരത്തെ എഴുന്നേറ്റാലും താമസിച്ചെഴുന്നേറ്റാലും എനിക്ക് ഒരു സമാധാനവും തരില്ലല്ലോടി. എല്ലാത്തിനും കാരണം പറയാൻ എന്റെ വളർത്തുദോഷം…
കുറച്ചു കഞ്ഞീം കറിയും ഉണ്ടാക്കിതന്നതല്ലാതെ ഞാൻ നിന്നെ എന്നാ വളർത്തിയത്…ആരെങ്കിലും പറയുന്നത് നീ ഇന്നുവരെ കേട്ടിട്ടുണ്ടോ… വളർത്തി പോലും…” അമ്മയുടെ വക എന്റെ മുതുകത്ത് ഒരു കുത്ത്…
രാവിലെ എഴുന്നേറ്റ് വന്ന എന്നെയാരും അഭിനന്ദിക്കണ്ട, ഒരു ചായ വേണോന്ന് പോലും ചോദിച്ചില്ല. എടുത്തു കുടിക്കാനാണെങ്കിൽ ഒരു മൂഡുമില്ല. ഇനി അതുകൂടി ചോദിച്ചാൽ കഞ്ഞിക്ക് വെച്ച വെള്ളം കമത്താൻ സാധ്യതയുള്ളതുകൊണ്ട് അടുക്കളയിൽ നിന്ന് പതിയെ പിൻ വാങ്ങി.
നാവിലെപ്പോഴും ഏതെങ്കിലുമൊരു പാട്ട് തത്തിക്കളിക്കുന്ന കൊണ്ട് ഒന്നും ചിന്തിക്കാതെയാണ് പാടല്. വരികൾ പലപ്പോഴും വായിൽ വരുന്നതാണ്. ഇനി ശ്രദ്ധിച്ചേ മതിയാകൂ…
അമ്മച്ചിയുടെ മുറിയുടെ മുൻപിലെത്തിയപ്പോൾ സന്തോഷിപ്പിക്കാൻ ഒരു പാട്ടും കൂടി മുളാൻ തീരുമാനിച്ചു. ഭക്തിയിൽ വീഴാതിരക്കില്ല,
” അന്നാപ്പെസഹാ തിരുന്നാളിൽ കർത്താവരുളിയ കൽപ്പനപോൽ ”
ആണ്ടെ… ആങ്ങള മുതല് വാതിലു തുറന്ന് മൂരി നിവർത്തി എഴുന്നേറ്റ് വരുന്നതേയുള്ളു.
‘പാടിക്കോ… ഈ പാട്ടു കേട്ടാൽ നിനക്ക് മഠത്തിൽ പോകാനാണാഗ്രഹമെന്ന് അമ്മച്ചി സ്ഥിരീകരിക്കും, അവരുടെ വലിയ കുപ്പായമിട്ടാൽ വല്ലാതെ അവിയെടുക്കും, അതു കൊണ്ടല്ലെ ഞാൻ അച്ചനാകാൻ പോകാത്തത് .പറഞ്ഞില്ലെന്ന് വേണ്ട”.
പിന്നെ… സ്കൂളിലും, ബസിലും നടവഴിയിലും ഓരോന്നിനെ വീതം വളച്ചൊടിച്ചു വച്ചിരിക്കുന്ന അവൻ അച്ചനാകാൻ പോകാത്തതിന്റെ കാരണം ളോഹയിട്ടാലുള്ള ആവി…
എന്റെ കാര്യത്തിൽ അവൻ പറഞ്ഞത് കാര്യമാണ്. തട്ടുപൊളിപ്പൻ പാട്ടും സിനിമയൊന്നും മഠങ്ങളിൽ അനുവദിക്കില്ലെന്ന കേട്ടത്. അതില്ലാതെ എന്നെ കൊണ്ട് പറ്റില്ല. ഇനിയും തെറ്റിദ്ധാരണ പാടില്ല.
ഒന്നും പറഞ്ഞില്ല, ഓടി മുറിയിൽ കേറി… രാവിലെ കൊന്നിട്ട കൊതുകിനെ തപ്പിയെടുത്തു. ഭാഗ്യം… ഉറുമ്പ് കൊണ്ടുപോയില്ല… എന്റെ മുറിയായതുകൊണ്ട്… എനിക്ക് പരാതിയില്ലാത്തതുകൊണ്ടും അടിച്ചുവാരാനും വരാതിരുന്നതും നന്നായി.
എന്നാലുമെന്റെ കൊതുകേ… രാവിലെ നീ എഴുന്നേൽപ്പിച്ചുവിട്ടതുകൊണ്ടല്ലെ ഈകണ്ട തെറ്റിദ്ധാരണമുഴുവൻ എന്റെ തലേൽ വന്നത്. വീണുകിടക്കുന്നവരെ ചവിട്ടി എനിക്ക് ശീലമില്ല.പക്ഷെ നിന്റെ കാര്യത്തിൽ ഞാനാശീലം തെറ്റിക്കുവാ…
പതിനൊന്നു മണിക്ക് ‘ദേവരാഗം’ കാണാമെന്നോർത്തിരുന്നതാ. അരവിദ്ധ് സാമിയെ കാണാൻ എന്നാ കിടുവ.
‘ശിശിരകാല മേഘ മിഥുന രതി…’ അയ്യോ..വേണ്ട.
അതും കൂടി ഇരുന്ന് കാണുന്ന കണ്ടാൽ അമ്മമാരു രണ്ടും കൂടി എന്റെ പപ്പും പുടെം പറിക്കും…
ഇന്നത്തെ ദേവരാഗം സ്വാഹ… ഇനി എന്നാണൊ ഇത് കാണിക്കുന്നത്. 7.30 ആയതേയുള്ളു. കതകിന് കുറ്റിയിട്ടെന്ന് ഉറപ്പു വരുത്തി, ജനലുമടച്ചു… ഒന്നും കൂടി ഉറങ്ങാൻ സമയമുണ്ട്.. വീണ്ടും എനിക്ക് good night…