സുകൃതം
(രചന: Raju Pk)
പട്ടാളക്കാരനാവണം എന്നുള്ള ആഗ്രഹം അമ്മയുടെ കണ്ണുനീരിന് മുന്നിൽ തകർന്ന് വീണപ്പോൾ മനസ്സിൽ മറ്റൊരുറച്ച തീരുമാനമെടുക്കുകയായിരുന്നു ആദ്യം ചെയ്തത് കെട്ടുന്നെങ്കിൽ അതൊരു അനാഥ പെണ്ണിനെ കെട്ടണം.
എൻ്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ അച്ഛനമ്മമാർ സമ്മതം മൂളിയെങ്കിലും പക്വതയില്ലാത്ത നിൻ്റെ തീരുമാനത്തിൽ നീ ഒരു പാട് ദുഖിക്കേണ്ടി വരുമെന്ന് അച്ഛൻ പറഞ്ഞത് നിസാരമായി തള്ളിക്കളഞ്ഞ് ഞാൻ അനിതയെ എൻ്റെ നല്ല പാതിയാക്കി.
അനിത സ്നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിച്ചപ്പോൾ ഞാൻ അറിഞ്ഞു എൻ്റെ തീരുമാനം തെറ്റായില്ലെന്ന്.
പിറന്നാൾ ദിനം ഓർമ്മയിൽ ഇല്ലാത്ത അനിത, എൻ്റെ പിറന്നാൾ ദിനം ഞാൻ അവളുടേതു കൂടിയാക്കി ആഘോഷിച്ചു.
ഒന്നാം വിവാഹ വാർഷികത്തിന് കൂട്ടുകാരോടൊത്തുള്ള ആഘോഷങ്ങളും കഴിഞ്ഞ് അച്ഛനമ്മമാരോടൊത്തിരിക്കുമ്പോൾ അമ്മ ഞങ്ങളോടായി പറഞ്ഞു.
”ഒരു കുഞ്ഞ് ഇത്രയും നാൾ നിങ്ങൾ വേണ്ടെന്ന് വച്ചതാണെന്ന് കരുതുന്നു ഇനി വൈകിപ്പിക്കണ്ട. ഇതു പോലെ ആദ്യം വേണ്ടെന്ന് വച്ച പലരും പിന്നീട് ഒരുപാട് വിഷമിച്ചിട്ടുണ്ട്.”
അനാഥയായി ജീവിച്ച അവൾ സത്യത്തിൽ ഒരു കുഞ്ഞിനു വേണ്ടി ഒരു പാട് ആഗ്രഹിച്ചിരുന്നു. അമ്മയുടെ വാക്കുകൾ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. അങ്ങനെ ആദ്യവിവാഹ വാർഷികം അനിതയുടെ കണ്ണുനീരിൽ കുതിർന്നു.
എൻ്റെ നെഞ്ചോട് ചേർത്ത് കിടത്തി അവളെ ആശ്വസിപ്പിച്ചു പിറ്റേന്ന് തന്നെ ഒരു ഡോക്റ്ററെ കണ്ടു എല്ലാ ടെസ്റ്റുകളും നടത്തി.
ഞങ്ങളെ അകത്തേക്ക് വിളിച്ച ഡോക്റ്റർ മീര, അനിതക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്നുള്ള സത്യം ഞങ്ങളോട് തുറന്ന് പറഞ്ഞു.
അത് കേട്ടതും കുഴഞ്ഞ് വീണ അനിതയെ പതിയെ എന്നോട് ചേർത്ത് പിടിച്ച് ഞാൻ പുറത്തേക്ക് നടന്നു.
അച്ഛനമ്മമാർക്കവൾ ശത്രു വിനേപ്പോലായി അവളെ മറന്ന് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അവൾ നിർബന്ധിച്ചു കൊണ്ടിരുന്നു.
ആഘോഷങ്ങളില്ലാതെ വീണ്ടും വിവാഹ വാർഷികങ്ങൾ കടന്നു പോയി അനിതയെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാതെ ഒരൊത്തുതീർപ്പിനും ഇല്ലെന്ന് പറഞ്ഞ് അന്യരെപ്പോലെ അച്ഛനമ്മമാരും.
”അനാഥയായ എനിക്ക് വേണ്ടി സ്വന്തം ജീവിതം ഏട്ടൻ കളയരുത് എന്നെ മറന്ന് മറ്റൊരു പെൺകുട്ടിയെ ഏട്ടൻ വിവാഹം കഴിക്കണം” എന്നവൾ എന്നോട് പറഞ്ഞപ്പോൾ….
‘എന്നോടൊത്തുള്ള ജീവിതം അത്രക്ക് നിനക്ക് മടുത്തെങ്കിൽ നമുക്ക് പരസ്പരം പിരിയാം അതെൻ്റെ മരണത്തിലൂടെ ആവും എന്ന് മാത്രമാവും” എന്നവളോട് ഞാനും പറഞ്ഞു.
ഇന്ന് ഞാൻ വീണ്ടും അനിതകളിച്ച് വളർന്ന അനാഥാലയത്തിലെത്തി ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനായി.
ജന്മം കൊടുത്തതു കൊണ്ടും മാത്രം അച്ഛനമ്മമാരാവില്ലല്ലോ അങ്ങനെയെങ്കിൽ ഒരു കുട്ടിയും അനാഥാലയങ്ങളുടെ മതിൽക്കെട്ടിനകത്ത് അച്ഛനമ്മമാരുടെ സ്നേഹം അറിയാതെ അനാഥരായി വളരേണ്ടി വരില്ലല്ലോ..?
നടപടികളെല്ലാം പൂർത്തിയാക്കി എട്ട് മാസം പ്രായമുള്ള അനുമോളേയും കൂട്ടി അനാഥാലയത്തിൻ്റെ പടികൾ ഇറങ്ങുമ്പോൾ അനിതയുടെ കണ്ണുകളിൽ എന്നോ നഷ്ടമായ പ്രസരിപ്പ് വീണ്ടും മടങ്ങി വന്നു.കുഞ്ഞിനെ മാറോട് ചേർത്ത്ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
”ജന്മം കൊടുത്തതു കൊണ്ട് മാത്രം ഒരാളും മാതാപിതാക്കന്മാർ ആകുന്നില്ല. ശരിക്കും സ്വന്തം രക്തത്തിൽ പിറന്നതല്ലെന്ന് അറിഞ്ഞു കൊണ്ട് ഒരു കുഞ്ഞിന് നല്ലൊരു ജീവിതം നൽകുന്നവരാണ് ഒരുപാട് വലിയ മനസ്സുള്ള മാതാപിതാക്കന്മാർ”
അനുമോളേയും കൂട്ടി വീട്ടിലെത്തുമ്പോൾ ആ വീടിൻ്റെ വാതിൽ എന്നേക്കുമായി കൊട്ടിയടക്കപ്പെട്ടിരുന്നു എതോ തെരുവ്തെണ്ടിയുടെ കുട്ടിക്ക് അന്തിയുറങ്ങാനുള്ളതല്ല…
അവരുടെ അധ്വാനം കൊണ്ട് നേടിയതെന്ന് അച്ഛൻ മുഖത്തടിച്ച് പറഞ്ഞപ്പോൾ മനസ്സൊണ് തകർന്നെങ്കിലും,
അനിതയുടെ കൈയ്യിൽ മുറുകെ പിടിച്ച് പുറത്തേക്ക് നടന്നു.
എങ്കിലും സ്വന്തം മകനവർക്ക് അന്യനായല്ലോ എന്നോർത്ത് കണ്ണുകൾ ഒന്ന് നിറഞ്ഞ് തൂവി അനിതയോട് പോലും പറയാതെ പുതിയതായി വാങ്ങിയ ചെറിയ വീട്ടിലേക്ക് വാതിൽ തുറന്ന് കയറുമ്പോൾ ആദ്യമായി കണ്ടത് തൊട്ടിലും തലേന്ന് വാങ്ങി വച്ച കളിപ്പാട്ടങ്ങളുമായിരുന്നു.
ഞാൻ കാരണം ഏട്ടൻ അച്ഛനമ്മമാരേപ്പോലും നഷ്ടപ്പെടുത്തി എന്ന് അനിത പറഞ്ഞപ്പോൾ
അതെ കൈവിടില്ലെന്ന് മനസ്സിൽ ഉറപ്പിച്ച് കൂടെ ചേർത്ത് പിടിച്ചതാണ് നിന്നെ ഞാൻ മറ്റൊരാൾക്കും വിട്ടു കൊടുക്കില്ല മരണം വരെ.
നീ ആദ്യം ഒരു ചായ എടുക്ക് നമുക്കിവിടെ തുടങ്ങാം പുതിയ ഒരു ജീവിതം.