പത്തിരുപതു കൊല്ലം മുൻപ് ഒന്ന് പ്രേമിച്ചതാ, പ്രായത്തിൽ മൂന്നാല് വയസ്സ് മൂത്ത ഒരുത്തിയെ..

(രചന: Nisha L)

“അമ്മിണി.. എനിക്ക് നടുവിന് വല്ലാത്ത വേദന ആ തുണി ഒന്ന് കഴുകി ഇടുമോ… “?

മുറ്റത്തു നിന്ന മുകുന്ദൻ ചുറ്റും ഒന്ന് പാളി നോക്കി ഓടി അകത്തു കയറി..

“എന്റെ പൊന്ന് തങ്കം നിനക്ക് ഒന്ന് പതുക്കെ വിളിച്ചു കൂടെ.. ഒരുമാതിരി പെണ്ണുങ്ങളെ വിളിക്കുന്നത് പോലെ അമ്മിണി… അമ്മിണി എന്ന്… “

“ഓ പിന്നെ.. ഞാൻ ഇപ്പോൾ ആദ്യമായിട്ടൊന്നുമല്ലല്ലോ വിളിക്കുന്നത്… പിന്നെ ഇപ്പോൾ എന്താ മനുഷ്യ നിങ്ങൾക്ക്…? “

“നിനക്ക് എന്നെ എന്റെ സ്വന്തം പേരു വിളിച്ചു കൂടെ… അല്ലെങ്കിൽ വല്ല കണ്ടൻ എന്നോ മാടൻ എന്നോ വിളിച്ചാലും വേണ്ടില്ല.. ഈ അമ്മിണി വിളി ഒന്ന് മാറ്റു തങ്കം.. “

“പറ്റില്ല ഞാൻ അങ്ങനെയെ വിളിക്കു… ” തങ്കം തറപ്പിച്ചു പറഞ്ഞു.

ഓ എല്ലാം എന്റെ വിധി.. ഒന്ന് കൊടുക്കണം എന്നുണ്ട്. പക്ഷേ പ്രായത്തിൽ മൂത്തവരെ തല്ലുന്നത് എങ്ങനാ.. പറഞ്ഞിട്ട് കാര്യമില്ല എല്ലാം എന്റെ തെറ്റാ.. പത്തിരുപതു കൊല്ലം മുൻപ് ഒന്ന് പ്രേമിച്ചതാ …

പ്രായത്തിൽ മൂന്നാല് വയസ്സ് മൂത്ത ഒരുത്തിയെ… പിടിച്ച പിടിയാലേ അവൾ എന്നെ കൊണ്ട് താലിയും കെട്ടിച്ചു.. ഒരു മോനും ഉണ്ടായി…സ്വതവേ തടിച്ച ശരീര പ്രകൃതി ഉള്ളവൾ ആയിരുന്നു. പ്രസവം കഴിഞ്ഞപ്പോഴേക്കും തടി നിയന്ത്രിക്കാൻ പറ്റാത്ത വിധം കൂടി പോയി.

അതുകൊണ്ട് എന്താ മുൻപ് ഉള്ളത് പോലെ സ്പീഡിൽ ജോലി ഒന്നും ചെയ്യാൻ  ഇപ്പോൾ വയ്യാ. അതിന്റെ കൂടെ മുട്ടുവേദന, നടുവേദന തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടായി. അവളെ സഹായിക്കുന്നതിൽ ഒന്നും എനിക്ക് ഒരു പ്രശ്നവുമില്ല. ഈ “അരുമ പേരു “വിളി മാത്രമാണ് സഹിക്കാൻ പറ്റാത്തത്.

നാട്ടുകാർ ഒക്കെ ഒളിഞ്ഞും തെളിഞ്ഞും ഈ പേര് വിളിച്ചു കളിയാക്കുന്നു. അതാണ് വിഷമം.. എന്ത് ചെയ്യാൻ.. ഇനി അനുഭവിക്കുക തന്നെ… എന്നാലും സ്നേഹമുള്ളവളാ.. . പിറുപിറുത്തു കൊണ്ട് മുകുന്ദൻ ദേഷ്യമെല്ലാം തുണിയിൽ തല്ലി തീർത്തു.

“അമ്മേ… അമ്മക്ക് അച്ഛനെ പേരു വിളിച്ചു കൂടെ. അമ്മയുടെ ഈ വിളി കാരണം കൂട്ടുകാരൊക്കെ കളിയാക്കുവാ… എന്തൊരു നാണക്കേടാ.. “

“നീ പോയി നിന്റെ പണി നോക്കെടാ ചള്ള് ചെക്കാ. എന്റെ ഭർത്താവിനെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും. വിളിക്കരുത് എന്ന് പറയാൻ നീയാരാ. നിനക്ക് അത്ര നാണക്കേട് ആണെങ്കിൽ നീ കൂട്ടുകാരുടെ കൂടെ പോകണ്ട. വീട്ടിൽ തന്നെ കുത്തിയിരുന്നോ.. ഹല്ലാ അവൻ വന്നിരിക്കുന്നു എന്നെ ഉപദേശിക്കാൻ.. “

ഉണ്ണാതെ തന്നെ വയറ് നിറഞ്ഞ മകൻ മനു ഉള്ളിൽ തന്നെ ദേഷ്യം എല്ലാം കടിച്ചമർത്തി… പുറത്തോട്ട് വല്ലതും വന്നാൽ ചിരവ തടി ചിലപ്പോൾ എന്റെ പുറത്തിരിക്കും. എന്തിനാ വെറുതെ ഉള്ള തടി കേടാക്കുന്നത്… എന്ന് വിചാരിച്ചു മനു അവിടെ നിന്ന്കൂട്ടുകാരെ കാണാൻ  തടി തപ്പി പോയി.

അലക്കി കഴിഞ്ഞപ്പോഴേക്കും ദേഷ്യത്തിന്റെ അളവ് കുറഞ്ഞ മുകുന്ദൻ പുറത്തൊക്കെ ഒന്ന് കറങ്ങി വരാം എന്ന് കരുതി ഇറങ്ങി.

പോകുന്നതിനു മുൻപ്……

“തങ്കം.. നീ തെക്കു വശത്തേക്ക് ഇറങ്ങണ്ട.. ഇന്നലെ പെയ്ത മഴയിൽ അവിടെ വെള്ളം കെട്ടി നിന്ന് ചെളി ആയിട്ടുണ്ട്. തെന്നി വീഴും. നീയെങ്ങാനും വീണാലുള്ള അവസ്ഥ അറിയാല്ലോ.. പൊക്കി എടുക്കണമെങ്കിൽ വല്ല ക്രയിനും വിളിക്കേണ്ടി വരും.. “

മുൻപത്തെ ദേഷ്യത്തിന്റെ ബാക്കി ഉണ്ടായിരുന്നത് കൂടി വാക്കുകളിൽ തീർത്തു  അൽപ്പം ആശ്വാസത്തോടെ മുകുന്ദൻ പുറത്തേക്ക് പോയി.

പച്ചക്കറി അരിഞ്ഞതിന്റെ വേസ്റ്റ് കളയാൻ തങ്കം തെക്ക് വശത്തേക്ക് ഇറങ്ങി. ഇറങ്ങിയതും തെന്നി താഴേക്ക് വീണു. അപ്പോഴാണ് മുകുന്ദൻ “അങ്ങോട്ട് ഇറങ്ങല്ലേ” എന്ന് പറഞ്ഞത് ഓർത്തത്..

എങ്ങനെ എങ്കിലും എഴുനേൽക്കാൻ കുറെ ശ്രമിച്ചു. പക്ഷേ വീണ്ടും വീണ്ടും തെന്നി താഴേക്കു തന്നെ വീണു പോയി.. അവിടെ കിടന്നു ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല.

മുകുന്ദനും മനുവും വീട്ടിൽ ഇല്ല. ഒടുവിൽ അര മണിക്കൂർ എഴുനേൽക്കാൻ ആകാതെ വീണിടത്തു തന്നെ കിടക്കേണ്ടി വന്നു. അപ്പോഴാണ് തങ്കത്തിന്റെ പരദൂഷണകമ്മിറ്റിയിലെ മണി അവിടേക്ക് വന്നത്. “തങ്കം… ടി.. തങ്കം.. നീയെവിടെയാ.. “?

“ആരാ..? “

“ഞാനാടി… മണി… “

“അയ്യോ മണി ചേച്ചി തെക്കേ പുറത്തേക്ക് ഒന്ന് വാ. ഞാൻ ഇവിടെ വീണു കിടക്കുവാ… ” അത് കേട്ട് മണി ഓടി ചെന്നു.

“അയ്യോ തങ്കം എന്തു പറ്റിയതാടി.. “

“തെന്നി വീണു ചേച്ചി….”

“എഴുനെക്കെടി ഞാൻ പിടിക്കാം.. ” മണി പിടിച്ചു പൊക്കാൻ ശ്രമം നടത്തി.. ഒന്നും നടന്നില്ല.

“എനിക്ക് ഒറ്റയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ലെടി ഞാൻ പോയി ആരെയെങ്കിലും ഒക്കെ വിളിച്ചിട്ടു വരാം..”

മണി പോയി അഞ്ചാറ് പെണ്ണുങ്ങളെ കൂടി സംഘടിപ്പിച്ചു വന്നു വീണ്ടും “സേവ് തങ്കം” പരിപാടി പുനരാരംഭിച്ചു… ഒടുവിൽ എല്ലാരും കൂടി എങ്ങനെ ഒക്കെയോ പിടിച്ചു പൊക്കി അകത്തു കൊണ്ടു ചെന്ന് വച്ചു.

പുറത്തു പോയ മുകുന്ദൻ തിരിച്ചു വന്നപ്പോൾ വീട്ടിൽ മൊത്തം പെണ്ണുങ്ങളെ കണ്ട് ഒന്ന് അമ്പരന്നു.

“എന്താ എന്തു പറ്റി..? “

“ഹാ നീയിത് എവിടെ പോയിരുന്നതാ മുകുന്ദ.. “

“ഞാൻ വെറുതെ ആ ജംഗ്ഷൻ വരെ.. “

“തങ്കം ഒന്ന് വീണെടാ മുകുന്ദാ.. “

“അയ്യോ.. എന്റെ തങ്കം.. നിനക്ക് വല്ലതും പറ്റിയോടി… നിന്നോട് ഞാൻ പറഞ്ഞതല്ലേ തെക്കോട്ടു ഇറങ്ങല്ലേ എന്ന്.. “

“ഞാൻ അത് മറന്നു പോയി അമ്മി… അല്ല മുകു…”

“സാരമില്ലടി നീ ആരും കേൾക്കാതെ എന്നെ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ.. “

ഈശ്വര രാവിലത്തെ ദേഷ്യത്തിന് ചെറുതായി തങ്കത്തിനെ ഒന്ന് പ്രാകിയിരുന്നു.. എന്റെ പ്രാക്ക് വല്ലതും ഫലിച്ചതാണോ ഭഗവാനെ… എന്റെ തങ്കത്തിനെ കാത്തോണേ..

മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് മുകുന്ദൻ തങ്കത്തിന്റെ കാലും നടുവും തൈലം ഇട്ടു ഒഴിഞ്ഞു കൊടുക്കാൻ അകത്തേക്ക് കൂട്ടി കൊണ്ട് പോയി….

പ്രിയ ഭാര്യമാരെ ഭർത്താക്കന്മാരെ നിങ്ങൾക്ക് നിങ്ങളുടെ പാർട്ണറെ ചെല്ലപ്പേരിട്ട് വിളിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ മറ്റുള്ളവരെ ചിരിപ്പിക്കുന്ന തരത്തിലുള്ള പേരിടാതെയിരിക്കുക.. എന്തിനാ വെറുതെ പ്രാക്ക് വാങ്ങി കൂട്ടുന്നത്..

N b : ഇതുപോലെ സ്വന്തം കെട്ടിയോനെ “അപ്പി ” എന്ന് വിളിക്കുന്ന ഒരു ഭാര്യയേയും എനിക്ക് പരിചയമുണ്ട്.. ഓരോരോ പേഷനെ….

Leave a Reply

Your email address will not be published. Required fields are marked *