കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കിടക്കുന്ന അച്ഛനെ അമ്മ ആശ്വസിപ്പിക്കുന്നതു കാണാം എല്ലാം..

തിരിച്ചറിവ്
(രചന: Raju Pk)

രാവിലെ എഴുന്നേൽക്കുന്നത് സായന്ത് ആത്മഹത്യ ചെയ്തു എന്ന ദുരന്ത വാർത്തയുമായാണ്.

പത്ത് വർഷത്തിന് ശേഷം അമ്മയുടെ അന്ത്യകർമ്മങ്ങൾക്കായി പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവസാനമായി യാത്ര പറഞ്ഞ് പിരിഞ്ഞത്.

ഏറിയാൽ ഒരു നാല് വർഷം കൂടി മാത്രം അനുഭവിക്കേണ്ടി വരുമായിരുന്ന ശിക്ഷാ കാലാവധി. ഇന്ന് തിരികെ വരേണ്ട ദിവസം.മനസ്സ് സായന്തിന്റെ ഓർമ്മകളിലൂടെ അവൻ പറഞ്ഞ അവന്റെ കഥകളിലൂടെ പാറിപ്പറന്നു.

മരം വെട്ടുകാരനായ അച്ഛൻ ഒരപകടത്തിൽ നല്ല പ്രായത്തിലേ എണീറ്റ് നടക്കാൻ കഴിയാത്ത വിധം കിടപ്പിലായി. അതിരാവിലെ വീട്ടിലെ എല്ലാ ജോലികളും ചെയ്ത് പാറമടയിലേക്കുള്ള അമ്മയുടെ ഓട്ടം.

ഉച്ചക്ക് കിട്ടുന്ന അല്പനേരം വീണ്ടും വീട്ടിലേക്ക് അച്ഛന് ഭക്ഷണവും കൊടുത്ത് വീണ്ടും തിരികെ പകലന്തിയോളം പണിയും കഴിഞ്ഞ് തലയിണക്കീഴിൽ അറിവാളും തിരുകി പലപ്പോഴും പകുതി മയങ്ങാനെ അമ്മക്ക് കഴിയാറുള്ളൂ…

പാതിരാത്രിയിൽ വാതിലിൽ മുട്ടിവിളിക്കുന്നവരിൽ അച്ഛന്റെ ചില പഴയ സൗഹൃദങ്ങളും പെടാറുണ്ട്.
മുട്ടിവിളിക്കുന്നവനോട് കൈയ്യിൽ അരിവാളുമായി അമ്മ പറയന്നത് കേൾക്കാറുണ്ട്.

“നായിന്റെ മോനെ നിനക്കും ഇല്ലേ വീട്ടിൽ അമ്മയും പെങ്ങളും മകളും അവർക്കില്ലാത്ത എന്താണെടാ എനിക്കുള്ളത്”

പെണ്ണിന്റെ മാനത്തിന് രാത്രിയുടെ മറവിൽ വില പറയുന്ന പകൽ മാന്യൻമ്മാർ പട്ടികൾ. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കിടക്കുന്ന അച്ഛനെ അമ്മ ആശ്വസിപ്പിക്കുന്നതു കാണാം. എല്ലാം ശരിയാകും ഏട്ടാ നമ്മുടെ മകൻ വലുതാകട്ടെ..

ഞാൻ വലുതാകുന്നതോടൊപ്പം വാതിലിലെ മുട്ടി വിളികൾ പതിയെ ഇല്ലാതായി. നല്ല മാർക്ക് വാങ്ങി പത്താം ക്ലാസ്സും വിജയിച്ചു. ഡിഗ്രി അവസാനവർഷം പഠിച്ചു കൊണ്ടിരിക്കെ കോളേജിലേക്കുള്ള യാത്രയിലാണ് സ്മിതയെ പരിചയപ്പെടുന്നത്.

സാമാന്യം നല്ല തിരക്കുള്ള ദിവസം. തിരക്കിനിടയിൽ എന്റെ പുറകിൽ നിന്ന ആരോ സ്മിതയെ കയറിപ്പിടിച്ചു.തിരിഞ്ഞു നോക്കിയ സ്മിത ഒട്ടും മടിച്ചില്ല പിറകിൽ കണ്ടത് എന്നെയും.

എന്റെ മുഖം ചേർത്ത് കിട്ടിയ അപ്രതീക്ഷിതമായ അടിയിൽ പെട്ടന്ന് വല്ലാതായ ഞാൻ തിരികെ കൊടുത്തു കിട്ടിയതിന് പലിശയും ചേർത്ത് ഒന്ന് ഒപ്പം ഒരു താക്കീതും കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന പണി നിർത്തിക്കോണം..

എന്തായാലും യാത്രക്കാർക്ക് മനസ്സിലായി പിടിച്ചത് ഞാനല്ലെന്ന്. രണ്ട് ദിവസത്തേക്ക് ആ കുട്ടിയെ കണ്ടുമില്ല. മനസ്സിൽ ഒരു നേരിയ കുറ്റബോധം തോന്നാതിരുന്നില്ല.

പിറ്റേന്ന് കണ്ടപ്പോൾ ഓരോ പുഞ്ചിരിയും സമ്മാനിച്ച് ഞങ്ങൾ പരിചയപ്പെട്ടു.കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്നു. പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറി.

ഡിഗ്രി പഠനം കഴിഞ്ഞ ഞാൻ കിട്ടുന്ന എല്ലാ ജോലികളും ചെയ്യാൻ തുടങ്ങി അച്ഛന്റെ മരുന്നിന് തന്നെ വേണം മാസം നല്ലൊരു തുക. അങ്ങനെ പോകുമ്പോഴാണ് പോലീസ് കോൺസ്റ്റബിൾ പരീഷയിൽ റാങ്ക് ലിസ്റ്റിൽ കടന്ന് കൂടുന്നത്.

മനസ്സിലെ മോഹങ്ങൾ ചിത്രശലഫങ്ങളായി പാറിപ്പറന്ന് നടക്കാൻ തുടങ്ങി. വീട്ടിലും സന്തോഷത്തിന്റെ നാളുകൾ ജോലിക്കായുള്ള കാത്തിരിപ്പ്..

സ്മിതയെ കാണാറുണ്ട് ഇടയ്ക്കിടെ പിണക്കങ്ങളും ഇണക്കങ്ങളുമായി ഞങ്ങൾ മുന്നോട്ട്. ഇന്ന് കണ്ടപ്പോൾ പഴയ സ്നേഹമൊന്നും കാണിച്ചില്ല പെട്ടന്ന് സംസാരം അവസാനിപ്പിച്ച് തിരക്കുകൾ ഉണ്ടാക്കി അവൾ യാത്ര പറഞ്ഞു.

മനസ്സാകെ കലുഷിതമായിരുന്നു എന്തു പറ്റിയെന്ന അച്ഛന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് മറുപടി കൊടുത്തു. വല്ലാത്ത തലവേദന അമ്മക്ക് എന്തൊക്കെയോ സംശയങ്ങൾ ഉള്ളതുപോലെ തോന്നി. പിറ്റേന്ന് സ്മിതയുടെ വീടിനടുത്തുള്ള സ്നേഹിതൻ വിനോദിനെ കണ്ടു.

അവൻ പറഞ്ഞാണ് അവളുടെ വിവാഹം തീരുമാനിച്ച വിവരം അറിയുന്നത്.പുതുതായി വന്ന വില്ലേജ് ഓഫീസർ സ്മിതയെ കണ്ട് ഇഷ്ടപ്പെട്ട് അലോചനയുമായി നേരിട്ട് വീട്ടിൽ വന്നു. കാണാൻ സുമുഖനായ ആ ചെറുപ്പക്കാരനെ അവൾക്കും ഇഷ്ടമായി.

മനസ്സിൽ പകയുടെ അഗ്നി സ്ഫുലിംഗങ്ങൾ പൊട്ടിച്ചിതറി. സ്മിതയെ ഒരിക്കൽക്കൂടി കാണാൻ തീരുമാനിച്ചു.

നേരെ വീട്ടിലേക്ക് കയറി വീട്ടിൽ അമ്മയും അവളും മാത്രം അമ്മയോട് ഞങ്ങൾ ഒരു പാട് കാലമായി സ്നേഹത്തിലാണെന്നും സ്മിതയെ എനിക്ക് വിവാഹം ചെയ്ത് തരണമെന്നും പറഞ്ഞു. പെട്ടന്ന് സ്മിത എനിക്കെതിരെ തിരിഞ്ഞു.

താൻ എന്തനാവശ്യമാവീട്ടിൽ കയറി വന്ന് പറയുന്നത് പരസ്പരം ഒന്ന് ചിരിച്ച് സംസാരിച്ചാൽ ഉടനെ അത് പ്രണയമാകുമോ..? മരിച്ചതിന് തുല്ല്യം ജീവിക്കുന്ന തന്റെ അച്ഛനേയും അമ്മയേയും നോക്കാൻ ഏത് പെൺകുട്ടി തയ്യാറാകും.

ഇയാൾക്ക് വട്ടുണ്ടോ വല്ല പെൺകുട്ടികൾക്കും നല്ലൊരു ജീവിതം കിട്ടുമ്പോൾ അത് തകർക്കാനായി ഓരോരുത്തർ. വല്ലാത്ത കാലം തന്നെ..

പുറത്തിറങ്ങാൻ പറയുന്നതിന് മുൻപ് ഞാൻ ആ പടിയിറങ്ങി. മനസ്സാകെ തകർന്ന ഞാൻ ആദ്യമായി മദ്യപിച്ചു. ഒരു പാട് വൈകി വീട്ടിലെത്തുമ്പോൾ അച്ഛനമ്മമാരുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു.

പിറ്റേന്ന് അച്ഛൻ ഒരു പാട് ഉപദേശിച്ചു പകയുടെ തീജ്വാലകൾ കത്തി പടർന്ന മനസ്സിൽ ഉപദേശത്തിന് എന്ത് പ്രസക്തി.

സ്മിതയുടെ കല്ല്യാണത്തിന് നാല് ദിവസം മുൻപ് അടുത്ത വീട്ടിൽ നിന്നും അവൾ കുടിവെള്ളവുമായി പോകുമ്പോൾ കയ്യിൽ കരുതിയ പെട്രോൾ തലയിലൂടെ കമിഴ്ത്തി മൃഗീയമായി അവളെ കൊലപ്പെടുത്തി..

അമ്മയുടെ മുന്നിലൂടെ കൈ വിലങ്ങുമായി പോലീസ് ജീപ്പിലേക്ക് കയറുമ്പോൾ അവളോട് പ്രതികാരം ചെയ്തതിന്റെ സന്തോഷമായിരുന്നു മനസ്സ് നിറയെ.

ജീവപര്യന്തം ശിക്ഷ ലഭിച്ചപ്പോഴും ചിരിച്ചു കൊണ്ടാണ് പുറത്തേക്കിറങ്ങിയത്.ചെയ്ത തെറ്റിൽ ഒരു കുറ്റബോധം പോലും തോന്നിയിട്ടില്ല അവന് ഇവിടെ നിന്നും പോകുന്നത് വരെ.

ജിനോ..

തനിക്കൊരു കത്തുണ്ട് വാർഡൻ പ്രകാശേട്ടനാണ് കാഴ്ച്ചയിൽ മുരടനെങ്കിലും സ്നേഹസമ്പന്നൻ സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിയിട്ടും രണ്ട് മക്കളോടൊപ്പാം അവൾക്കുള്ളത് ഈശ്വരൻ കരുതിയിട്ടുണ്ട് എന്ന് ഉറച്ച് വിശ്വസിക്കുന്ന പ്രകാശേട്ടൻ..

കൈപ്പടയിൽ നിന്നും വ്യക്തമായി സായന്തിന്റെ കത്താണ്.

പ്രിയപ്പെട്ട ജിനോ.

നിനക്ക് സുഖമല്ലേ മറ്റുള്ളവർക്കും എല്ലാവരേയും തിരക്കിയതായി പറയണം ഇപ്പോൾ ഞാൻ കടന്ന് പോകുന്നത് എന്റെ ജീവിതത്തിന്റെ അവസാന നിമിക്ഷങ്ങളിലൂടെയാണ്.

ഞാൻ ചെയ്ത തെറ്റിന്റെ ഭീകരത എനിക്ക് മനസ്സിലാകാൻ നീണ്ട വർഷങ്ങൾ വേണ്ടിവന്നു. ഒരു ജന്മം മുഴുവൻ സ്വന്തം മകന് വേണ്ടി ജീവിച്ച അച്ഛനേയും അമ്മയേയും ചേർത്ത് പിടിക്കേണ്ട കാലത്ത് അനാഥരാക്കി ഉപേക്ഷിച്ച ഒരു മകനാണ് ഞാൻ.

എന്റെ അമ്മ അച്ഛനെ കൊലപ്പെടുത്തി ആ മരണം ഉറപ്പ് വരുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മരുന്നിന്നും ഭക്ഷണത്തിനും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ അമ്മയുടെ മനസ്സ് അനുവദിച്ച് കാണില്ല.

നാട്ടുകാരും കൂടെ പഠിച്ചവരും എന്തിന് ഉറ്റ ബന്ധുക്കൾ പോലും എന്നെ കണ്ടിട്ട് മുഖം തിരിച്ചു. കേവലം ഒരു പെണ്ണിന് വേണ്ടി സ്വന്തം ജീവിതവും മറ്റൊരുപാട് ജീവിതങ്ങളും തകർത്തെറിഞ്ഞവൻ..

“സ്നേഹം അതൊരിക്കലും പിടിച്ച് വാങ്ങേണ്ട ഒന്നല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ ജീവന്റെ ജീവനായി കൂടെ ചേർത്ത് പിടിക്കാൻ”

Leave a Reply

Your email address will not be published. Required fields are marked *