എത്ര ചോദിച്ചിട്ടും അവളെ പറ്റി അമ്മ ഒന്നും പറയുന്നും ഇല്ല, അമ്മയോട് തുറന്ന് ചോദിക്കാൻ..

മന്ദാരം
(രചന: Sabitha Aavani)

അമ്മയ്‌ക്കൊപ്പമാണ് ആദ്യമായ് താനാ വീട്ടിലേക്കു പോകുന്നത് .പടവുകൾ കടന്നു അവിടേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം തൻ്റെ മനം കവർന്നത് വീട്ടുമുറ്റത്തു വടക്കുമാറി നിൽക്കുന്ന മന്ദാരചെടിയാണ്.

നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന മന്ദാരച്ചെടി ഓർമ്മകളിൽ ഇപ്പോഴും മങ്ങാതെ നില്പുണ്ട്.

ചെന്ന് കയറിയപാടെ ‘അമ്മ അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീക്കൊപ്പം അകത്തളത്തിലേക്ക്പോയി.

അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ വീടായിരുന്നു അത്. അവിടെ അസുഖം ബാധിച്ചു കിടക്കുന്ന ഒരു മുത്തശ്ശിയെ കാണാൻ വന്നതായിരുന്നു ഞങ്ങൾ. അകത്തളത്തിൽ ഇരുന്നുകൊണ്ട്

‘അമ്മ നീട്ടി വിളിച്ചു ..

” ഗൗരി.. ”

‘ശ്ശെ..അമ്മയുടെ കാര്യം …

എത്ര തവണ പറഞ്ഞിട്ടുണ്ട് പുറത്തു വെച്ച് തന്നെ ഗൗരിന്നു വിളിക്കരുതെന്ന്, ഗൗരി പെൺകുട്ടികളുടെ പേരല്ലേ? ഗൗരീശൻ എന്ന വിളി അമ്മയ്ക്കു വരുകയും ഇല്ല ..’സ്വയം പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു..

ഇരുട്ട് നിറഞ്ഞ ഒരുമുറി. കട്ടിലിൽ വൃദ്ധയായ ഒരു സ്ത്രീ കിടക്കുന്നു. മുറിയിലാകെ മരുന്നിന്റെയും എണ്ണയുടെയും രൂക്ഷഗന്ധം. അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല .

ചുറ്റുപാടൊക്കെ ഒന്ന് കാണാൻ വേണ്ടി മുറ്റത്തേക്കിറങ്ങി. മന്ദാരചോട് ലക്ഷ്യം വെച്ച് നടന്നു. വെറുതെ മൂളിപ്പാട്ടും പാടി അവിടിവിടായ് നടക്കുമ്പോൾ മന്ദാര ചൊടിനു നേരെ കാണുന്ന ജനാലക്കരുകിൽ ഒരു മുഖം.

വിഷാദത്താൽ ഐശ്വര്യം നഷ്ടപ്പെട്ടു പാതിമയങ്ങിയ കണ്ണുകളാൽ ഒരുവൾ . ആ മുഖത്തേക്ക് നോക്കി മെല്ലെയൊന്ന് പുഞ്ചിരിച്ചു .

അവളുടെ ഒറ്റ നോട്ടത്തിൽ താൻ ഭസ്മമായത് പോലെ . പെട്ടന്ന് തന്നെ അവിടുന്ന് സ്ഥലം കാലിയാക്കി ഉമ്മറത്തെ തിണ്ണയിൽ കയറി ഇരുന്നു .

അധികം വൈകാതെ ‘അമ്മ വന്നു .
അമ്മയ്‌ക്കൊപ്പം യാത്രപറഞ്ഞിറങ്ങുമ്പോൾ ആ ജനലിലേക്കൊന്നുകൂടി കണ്ണെറിഞ്ഞു .

പക്ഷെ പ്രതീക്ഷിച്ച പോലെ അവൾ അവിടെ ഉണ്ടായിരുന്നില്ല . എന്തോ മനസ്സിൽ വല്ലാത്തൊരു നിരാശ പടർന്നപോലെ തോന്നി . ഇതുവരെയും താൻ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് …

ഒരു ചങ്ങല തന്നെ വരിഞ്ഞു മുറുക്കുന്നപോലെ… വീട്ടിലേക്കുള്ള വഴിയിൽ അമ്മയോട് സംസാരിച്ചത് മുഴുവൻ ആ വീടിനെയും വീട്ടുകാരെയും പറ്റിയിട്ടായിരുന്നു .

എത്ര ചോദിച്ചിട്ടും അവളെ പറ്റി ‘അമ്മ ഒന്നും പറയുന്നും ഇല്ല .അമ്മയോട് തുറന്ന് ചോദിക്കാൻ ഒരു മടിയും . ഇടയ്ക്കെപ്പോഴോ ‘അമ്മ അവളെ പറ്റി പറഞ്ഞു തുടങ്ങി .

തറവാട്ടിലെ ഏക പെൺതരി. ചെറുപ്പത്തിലേ അച്ഛൻ നഷ്ടമായി . വളർന്നു വന്ന ചുറ്റുപാടിൽ ഒരുപാടു ഒറ്റപെടലുകൾ സഹിക്കേണ്ടി വന്നവൾ .

കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമയായി ചികിത്സയും മരുന്നും മന്ത്രവും ആയി കഴിഞ്ഞുകൂടുന്നവൾ . പേര് രുദ്ര .

ഭ്രാന്തി എന്ന് കുടുംബവും സമൂഹവും മുദ്രകുത്തി അകത്തളത്തിൽ ഒതുങ്ങിക്കഴയേണ്ടി വരുന്ന ഒരു പെൺകുട്ടി .

ആദ്യം കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോന്ന് ഓർത്തിട്ട് .

പിന്നെ സമൂഹം അതങ്ങനെ ആണെല്ലോ ഒരിക്കൽ മാനസിക നില തെറ്റിയാൽ ജീവിതകാലം മുഴുവൻ അതങ്ങനെ തുടരും .

തീജ്വാല പോലെ കത്തിയ ആ നോട്ടത്തിനു പിന്നിൽ ചിലപ്പോൾ ഇതൊക്കെ തന്നെയാവാം കാരണം.. പിന്നീട് മനസ്സിൽ അത് തന്നെ ആയി ചിന്ത . ഇടയ്ക്ക് എപ്പോഴോ താനും അത് മറന്നു .

ദിവസങ്ങളും മാസങ്ങളും കടന്നു . അങ്ങനെ ഇരിക്കുമ്പോൾ ഒരുദിവസ്സം ‘അമ്മ വന്നു പറഞ്ഞു

“ഗൗരി.. അന്ന് നമ്മൾ പോയില്ലേ തറവാട്ടില് … ആ മുത്തശ്ശി മരിച്ചു ..”

മറന്നു തുടങ്ങിയ കണ്ണുകൾ വീണ്ടും മനസ്സിലേക്ക് ഓടി വന്നു .

“‘അമ്മ … ഞാനും വരണോ കൂടെ?”

“പിന്നെ വരാണ്ട് പറ്റുവോ? എടുത്ത് പറയാനും തക്ക ബന്ധം ഒന്നുമില്ലേലും അവർക്കു നമ്മളല്ലാതെ മറ്റു പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല . ചടങ്ങൊക്കെ കഴിഞ്ഞു ചിലപ്പോ അവിടെ തങ്ങേണ്ടി വന്നുവെന്നും വരാം..”

അമ്മയത് പറയുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ടായിരുന്നു .

പടവുകൾ കേറി ആ വീട്ടിലേക്കു ചെല്ലുമ്പോൾ മുറ്റത്ത് അങ്ങോളം ഇങ്ങോളം ആളുകൾ കൂടി നില്കുന്നു , ആദ്യം കണ്ണുടക്കിയത് മന്ദാരത്തിലാണ് . ജനാലക്കൽ അവളെ കണ്ടില്ല .എൻ്റെ കണ്ണുകൾ പരതിയത് അവളെ ആയിരുന്നു . എങ്ങും കണ്ടില്ല .

മനം മടുപ്പിക്കുന്ന ചന്ദനത്തിരികളുടെയും കർപ്പൂരത്തിന്റെയും ഗന്ധം സിരകളിൽ ആഴ്ന്നു ഇറങ്ങി . അടക്കിപ്പിടിച്ച സംസാരങ്ങളും നെടുവീർപ്പുകളും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു .

ഇടയ്ക്കെപ്പോഴോ അകത്തുനിന്നു രുദ്ര തൻ്റെഅമ്മയുടെ കൈപിടിച്ചു പുറത്തേക്ക് വന്നു . എൻ്റെ അമ്മയുടെ കയ്യിൽ പിടിച്ചുഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ …

അന്ത്യകർമ്മങ്ങൾ നടന്നു കൊണ്ടിരുന്നു .. പലരും വളരെ അത്ഭുതത്തോടെ രുദ്രയെ നോക്കുന്ന കണ്ടു . അവൾ പുറം ലോകം കണ്ടിട്ട് വർഷങ്ങളായി എന്ന് മനസിലായി .

പലരും അവളെ ഒരുപാടു നാളുകൾക്കു ശേഷം കാണുന്നവരാണ് . അടക്കിപ്പിടിച്ച സംസാരങ്ങൾ കേൾക്കാം .. അതാണ് ആ വയ്യാത്ത കുട്ടി …
ഭ്രാന്തായിരുന്നു …

ഇപ്പോ കുഴപ്പമില്ലെന്ന് തോന്നണു …
കണ്ടാൽ ഭ്രാന്താണെന്ന് പറയുവോ?
നീളുന്ന സംസാരങ്ങൾ …

അമ്മയുടെ കൂടെ അവൾ സുരക്ഷിതമായി കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം . എൻ്റെ അമ്മയ്ക്കവളെ സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിക്കാൻ കഴിയും എന്നൊരു തോന്നൽ .

ചടങ്ങുകൾ കഴിയാൻ കാത്തുനിന്നത് പോലെ എല്ലാവരും പിരിഞ്ഞു . രുദ്ര അമ്മയ്‌ക്കൊപ്പം അകത്തേക്ക് പോയി . കുറെനേരം മന്ദാരച്ചോട്ടിൽ കിടന്നു കറങ്ങി .

വിഷാദം നിഴലിച്ച ആ മുഖം മനസ്സിൽ ഒരു നൊമ്പരമായി മാറിയപോലെ. രാത്രി എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ തൻ്റെ ‘അമ്മ അവൾക്കു കഞ്ഞി കോരികൊടുക്കുന്നത് കണ്ടു .

കുറെ നേരം കൊണ്ട് ഞാൻ നോക്കുന്നത് ശ്രദ്ധിച്ചിട്ടാവണം അവൾ ഇടയ്ക്കു മുഖമുയർത്തി എന്നെയൊന്നു നോക്കി . അവളുടെ കണ്ണുകളിൽ ഉടക്കി ഞാൻ മുഖം തിരിച്ചു .

രാത്രി ഏറെ വൈകിയിട്ടും ഉറക്കം വന്നില്ല . നല്ല നിലാവുണ്ട് .

മുറ്റത്തേക്കിറങ്ങി . വെറുതെ മന്ദാരച്ചോട്ടിലേക്ക് നടന്നു .
ജനാലയിലേക്ക് പ്രതീക്ഷയോടെ നോക്കി ഇല്ല .. അവൾ ഉണ്ടായിരുന്നില്ല…

ഉറങ്ങിയിട്ടുണ്ടാവും മനസ്സ് പറഞ്ഞു . മന്ദാരത്തിൻറെ ചോട്ടിൽ ആരോ ചടങ്ങിൽ ബാക്കി വന്ന അരുളിപ്പൂക്കൾ കൊണ്ടിട്ടിരിക്കുന്നു .വശ്യമായ ഒരു ഗന്ധം അവിടെ തങ്ങിനിൽക്കുന്ന പോലെ തോന്നി ..

അലസമായി നടക്കുമ്പോൾ തണുത്ത കാറ്റുവീശുന്നുണ്ടായിരുന്നു . നിലവും തണുത്ത കാറ്റും അങ്ങനെ നടക്കാൻ ഒരു രസം തോന്നി ..
വെറുതെ ഒരു വരി മൂളി ..

” അനുരാഗിണി …ഇതാ എൻ …..
കരളിൽ വിരിഞ്ഞ പൂക്കൾ….”

നോട്ടം ഉടക്കിയത് ജനൽക്കരികിലെ ആ കണ്ണുകളിൽ ആയിരുന്നു .

ഒന്നും മിണ്ടാതെ തന്നെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളിൽ മുൻപ് കണ്ട ഒരു തീക്ഷണത ഉണ്ടായിരുന്നില്ല .. അവൾക്കെന്തോ തന്നോട് പറയാനുള്ളത് പോലെ ….

അവൾക്കടുത്തേക്ക് നടന്നു .

“രുദ്ര .. ഉറങ്ങിയില്ലേ? ”

” ഇല്ല..”

ശബ്ദത്തിനു ഒരു ഇടർച്ച …

“എന്തേയ്?”

നിസ്സഹായതയോടെ തന്നെ നോക്കുന്ന അവളോട് പിന്നെ എന്ത് പറയണം എന്നറിയാതെ നോക്കി നിന്നു.

“ഗൗരിയേട്ടൻ ആദ്യമായിട്ടാണോ എന്നെ കാണുന്നെ ?” ഗൗരിയേട്ടൻ .. ആ വിളിയിൽ താൻ …

“എന്തേയ് അങ്ങനെ ചോദിയ്ക്കാൻ?”
“എന്നെ എല്ലാവർക്കും പേടിയാണ്.. ഭ്രാന്തി അല്ലെ ??

ഗൗരിയേട്ടന് പേടി ഇല്ലേ അതോ അറിയില്ലേ എനിക്ക് ഭ്രാന്താണെന്ന് ?”

“രുദ്രയ്ക്ക് ഭ്രാന്താണെന്ന് ആരാ പറഞ്ഞെ ?? ”

“എല്ലാവരും പറയാറുണ്ടല്ലോ ..”

“രുദ്രയ്ക്ക് തോന്നുന്നുണ്ടോ ?”

മറുപടി മൗനമായിരുന്നു .. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചത് അവളെ ഒന്ന് പുറത്തു കൊണ്ടുപോകുവോ എന്നാണ് …

ഒരു മുൻപരിചയവും ഇല്ലാത്ത തന്നോട് അവൾ വളരെ അടുപ്പത്തോടെ പെരുമാറുന്നപോലെ തോന്നി …

മുറിയിൽ നിന്നും അവളെ പുറത്തു കടത്തി . രാത്രിയുടെ നിശബ്ദതയിൽ നിലാവും നക്ഷത്രങ്ങളും സാക്ഷിയാക്കി അവൾ തനിക്കൊപ്പം നടന്നു .

വർഷങ്ങൾക്കു ശേഷം അവൾ ആ നാട് കണ്ടു . സന്തോഷം കൊണ്ട് ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . അമ്പലകുളത്തിൻ കരയിലിരുന്നു കാൽപാദങ്ങൾ വെള്ളത്തിലേക്കിറക്കി വെച്ച് കൊണ്ട് അവൾ ആർത്തു ചിരിച്ചു .

ഇടയ്ക്കൊക്കെ ഇന്നലെകളെ പറ്റി പറഞ്ഞു അവൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു . ആ കണ്ണുകൾ തുടച്ചു അവളെ തന്നിലേക്ക് ചേർത്ത്പിടിക്കാൻ തോന്നി ..

മറ്റാരാലും തുറിച്ചുനോക്കപ്പെടാതെ അവൾ പക്ഷിയെ പോലെ പാറിനടന്നു . തിരിച്ചു പോകാൻ നേരം അവൾ മൗനമായിരുന്നു .വീട്ടിലേക്കുള്ള പടവുകൾ കയറുമ്പോൾ അവൾ തൻ്റെ കൈകളിൽ അമർത്തിപിടിച്ചു .

എന്ത് വേണം എന്നറിയാതെ നടക്കുമ്പോൾ .. അവൾ തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു .. സാക്ഷിയായി നിലാവും നക്ഷത്രങ്ങളും പ്രിയപ്പെട്ട മന്ദാരച്ചോടും ..

അവളെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ ചുംബിക്കുമ്പോൾ .. അവൾ എൻ്റെ കണ്ണുകളിലേക്ക് നോക്കിയ നോട്ടം ..

കല്യാണം കഴിഞ്ഞു നാലു വർഷങ്ങൾക്കു ശേഷവും ആ നോട്ടവും അന്നത്തെ പുഞ്ചിരിയും അവളിൽ മാഞ്ഞിട്ടില്ല .. ഗൗരീടെ മാത്രം രുദ്ര…

Leave a Reply

Your email address will not be published. Required fields are marked *