രചന: Vineetha Sekhar
‘ഇതിപ്പോൾ എത്രമത്തെ പെണ്ണുകാണലാണ്..’
അനുപമ ഓർത്തു… പത്തോ പന്ത്രണ്ടോ ആയിക്കാണും…
ഇന്നും ആരോ വരുന്നുണ്ട്…
അമ്മ രാവിലെ എണീറ്റ് കോലാഹലം തുടങ്ങി…
ജാതകത്തിൽ ചില്ലറ ദോഷം ഉള്ളത് കൊണ്ട് പത്ര പരസ്യം കൊടുത്തിരുന്നു ..
അത് കണ്ട് വരുന്നവരാണ്…
ചിലർക്ക്കണ്ടുകഴിഞ്ഞ് ജാതകം നോക്കുമ്പോൾ പ്രശ്നം…
ചിലർക്ക് രണ്ടുപെൺകുട്ടികൾ ആയത് കൊണ്ട് മൂത്തയാളിന് എന്താകൊടുക്കുന്നത് എന്നറിയണം ..
അത് കേൾക്കുമ്പോൾ കാലിൽ നിന്ന് ദേഷ്യം ഇരച്ചു കയറും അച്ഛന്…
ആകെ പതിനഞ്ചു സെന്റ് സ്ഥലവും, ഓടിട്ട ഒരു പഴയ വീടുമുണ്ട്..
അങ്ങനെ ഒന്നും ശരിയായുമില്ല…
തന്റെത് കഴിഞ്ഞു വേണം ഒന്നര വയസ്സിന്റെ ഇളപ്പമുള്ള അനിയത്തിക്ക് നോക്കാൻ…
ഫിസിക്സിൽ പോസ്റ്റ് ഗ്രാജുവേഷനും,എംഫില്ലും കഴിഞ്ഞ് സർവ്വ പി. എസ്. സി ടെസ്റ്റും എഴുതി റിസൾട്ട് കാത്തു നിൽക്കുന്ന അനുപമ.. വയസ്സ് പത്തിരുപത്തഞ്ചായി..അടുത്തുള്ള ഒരു കോളജിൽ ഗസ്റ്റ് ലെക്ചർ ആയി പോകുന്നു..
അതിനിടയിൽ അഷ്ടമത്തിൽ ചൊവ്വയും..
“ഈ ചൊവ്വയ്ക്കിരിക്കാൻ പാവം മാധവേട്ടന്റെ മോളെ മാത്രെ കിട്ടിയൊള്ളോ എന്റെ ഭഗവാനെ…” എന്നാണ് നമ്മുടെ മണിയൻ ബ്രോക്കറുടെ പരാതി..
അനുപമയ്ക്കാണെങ്കിൽ മടുത്തു…
ചായ കപ്പുമായി ഓരോരുത്തരുടെ മുൻപിൽ ചെന്ന് നിൽക്കുക…
ചിരിച്ച് കാണിക്കുക…
ചോദിക്കുന്നതിനു മറുപടി പറയുക.
തിരികെ അമ്മയുടെ പുറകിൽ പോയി നിൽക്കുക.
അവളുടെ PG കോഴ്സ് കഴിഞ്ഞാൽ വിവാഹം നടത്തണം എന്ന് അച്ഛന് നിർബന്ധമായിരുന്നു.. അനുപമക്കാണെങ്കിൽ ജോലി കിട്ടിയിട്ട് മതിയെന്നനിർബന്ധവും..
കാശ് കൊടുത്ത് ജോലിവാങ്ങിക്കാനൊന്നും തന്നെ കൊണ്ടു കഴിയില്ലെന്നും,പഠിക്കാൻ അത്ര മോശമല്ലാത്തതി ജോലി കിട്ടുമെന്നും ഉള്ള ഒരുറപ്പ് അച്ഛനുണ്ട്…
ഇന്ന് വരുന്ന ആലോചന അധികം ദൂരത്തു നിന്നല്ല..
അവളെക്കാൾ കുറച്ച് പ്രായം ഉണ്ട്…
എന്നാലും ജാതകം ചേരും ..
അപ്പോൾ ആലോചിക്കാവുന്നതാണ്…
ചെക്കൻ ഉച്ചക്ക് മുൻപ് വന്നു…
അനുപമക്ക് സത്യത്തിൽ തീരെ ഇഷ്ടപ്പെട്ടില്ല എന്നതാണ് സത്യം ..
നല്ല പ്രായം തോന്നും .
വലിയ സങ്കൽപ്പം ഒന്നും പണ്ട് മുതലേ ഇല്ലങ്കിലും ഇത് അവൾക്ക് യോജിക്കുന്നആളല്ലന്ന് അമ്മയും, പറഞ്ഞു.
നോക്കുമ്പോൾ ജാതകം ചേരും. നല്ല സാമ്പത്തിക സ്ഥിതി …
അവൾക്കവിടെ സുഖം..
വീട്ടു ജോലിക്കൊക്കെ പണിക്കാറുണ്ട്… പിന്നെന്താ…
എന്നാലും തനിക്കും ഇല്ലേ ചില്ലറ മോഹങ്ങൾ…
അനുപമ നെടുവീർപ്പിട്ടു…
കോളേജ് ഇൽ പഠിക്കുമ്പോൾ അങ്ങനെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ പ്രണയം ഒന്നും ഇല്ലായിരുന്നെങ്കിലും, മനസ്സുടക്കിയ ഒരിക്കലും സ്വന്തമാകില്ല എന്ന് തോന്നിയിട്ടോ എന്തോ ആരും അറിയാതെ അവൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ…
ചിലപ്പോൾ തോന്നും ആ മുഖം മനസ്സിൽ ഉള്ളത് കൊണ്ടാണോ ഈ വന്നവരെയൊക്കെ ഇഷ്ടപ്പെടാതെ പോകുന്നതെന്ന്….
ഇടയ്ക്ക് തോന്നും അമ്മക്ക് സംശയം ഉണ്ടോ എന്ന്..
ഏട്ടൻ എന്നു വിളിക്കുന്ന വല്യച്ഛന്റെ മകന്റെ പഴയ കൂട്ടുകാരനാണ്..
ഏട്ടനോടൊപ്പം ഗൾഫിൽ ജോലി ചെയുന്നു…
ഇടയ്ക്ക് ഒന്നിച്ചു നാട്ടിൽ വരുമ്പോൾ വീട്ടിലും വരാറുണ്ട്..
തമ്മിൽ കണ്ടാൽ ഒന്നോ രണ്ടോ വാചകത്തിൽ എന്തെങ്കിലും പറയും…
പക്ഷെ ആ മുഖം, ശബ്ദം ഒക്കെ മനസ്സിൽ നിന്ന് മായുന്നില്ല ..
കഴിഞ്ഞാഴ്ച അവധിക്കു വന്നപ്പോൾ വീട്ടിലേക്ക് വന്നിരുന്നു.
അപ്പോൾ അമ്മ വിശേഷം പറയുന്ന കൂട്ടത്തിൽ തനിക്കു ആലോചന നടക്കുന്ന കാര്യം സൂചിപ്പിച്ചി എന്തൊക്കെയോ അമ്മയോട് ചോദിക്കുന്നതും കേട്ടു..
അടുത്ത ആഴ്ച തൊട്ടടുത്ത അമ്പലത്തിൽ ഉത്സവം ആണ്.. വരാൻ പറ്റുമെങ്കിൽ വരൂ എന്ന് അമ്മ ക്ഷണിക്കുന്നതും കേട്ടു…
ആവോ!! എന്തെങ്കിലുമാകട്ടെ..
തന്നെ ശ്രദ്ധിക്കാത്ത ഒരാളെ താനെന്തിന് മനസ്സിൽ കൊണ്ട് നടക്കണം…
പ്രണയം, വിരഹം, വേദന ഇതൊക്കെ കൂട്ടുകാർ പറഞ്ഞ് അറിയാവുന്നത് കൊണ്ട് ഒന്നോർത്താൽ ആ പണിക്ക് ചെന്ന് തലവെച്ചു കൊടുക്കാതിരിക്കുന്നതാണ് നല്ലത്…
പിന്നീട് ഉത്സവത്തിന്റെ തിരക്കിലായിരുന്നു മനസ്സ്…
ഉത്സവത്തിന് ഉടുത്തോരുങ്ങി പോകാൻ അമ്മയുടെ ഒരു സെറ്റ് ശരി മൂന്നു ദിവസം മുൻപേ തേച്ചു മിനുക്കി വെച്ചു…
ഉത്സവത്തിന്റെ അന്ന് രാവിലെ തന്നെ നമ്മുടെ കക്ഷി എത്തി… മുറ്റത്തിരുന്ന് ഏട്ടനും, അച്ഛനുമായി എന്തൊക്കെയോ ചർച്ചയിലാണ്….
ആര് ശ്രദ്ധിക്കുന്നു…
അതൊക്ക താൻ മനസ്സിൽ നിന്ന് പിച്ചിച്ചീന്തി ദൂരെ എറി ഞ്ഞു…
ഉമ്മറത്തിരുന്ന് ഗീർവാണമടിക്കുന്നവരുടെ മുൻപിൽ നിന്ന് സാരിയൊക്കെ ചുറ്റി സുന്ദരികൂട്ടിയായി ഒരു നടപ്പ് നേരെ അമ്പ ല ത്തിലേക്ക്…
ആള് ഇടം കണ്ണിട്ട് നോക്കിയോ എന്ന് സംശയം ഇല്ലാതില്ലാരുന്നു.
എന്തായാലും തൊ ഴുത് പ്രസാദവുമായി മടങ്ങുമ്പോൾ ആൾ തൊട്ടുമുൻപിൽ ഉണ്ട്…
ചുണ്ടിലൊരു കുസൃതിചിരിയുമായി…
ദേഷ്യം തോന്നി ഭാഗവതിയോട് പോലും…
പിന്നെയും മനസ്സിളക്കാൻ കൊണ്ട് മുൻപിൽ നിർത്തിയതിന്…
ഒന്ന് ചിരിച്ചെന്ന് വരുത്തി തലയും കുമ്പിട്ടു നടന്നു…
രാത്രി ദീപാരാധന ഒക്കെ കഴിഞ്ഞ് ബന്ധുക്കളുമായി കുശലം പറഞ്ഞിരിക്കുമ്പോൾ ആണ് ചിറ്റ ഓടിവന്നു പാറയുന്നു..
“അനു നിന്റെ കല്യാണം ഉറപ്പിച്ചു കേട്ടോ… ”
അതിലിത്ര അതിശയം ഒന്നും തോന്നിയില്ല…
കഴിഞ്ഞാഴ്ച വന്നുകണ്ട അല്പം പ്രായം കൂടിയ ആള് തന്നെ ….
ഒന്നും മിണ്ടാൻ തോന്നിയില്ല…
” ആരാ… ”
കൂട്ടത്തിലാരോ ചോദിക്കുന്നത് കേട്ടു…
” നമ്മുടെ മനു …. ”
ഇത്തവണ ഞെട്ടിയത് താനാണ്..
” അതെങ്ങനെ…. ” അറിയാതെ ചാടിയെണീറ്റു…
അവന് ഇവളെ ഇഷ്ടമാ യിരുന്നു….
കുറച്ചു മുൻപേ അച്ഛനോട് ചോദിച്ചു…
നിന്റെ ഏട്ടനും കൂടി അതിശയമായി.
ജാതകം ഒന്നും നോക്കണ്ട എന്ന്…
അവൻ വീട്ടിൽ പറഞ്ഞു..
എന്നാലും ഞാൻ പണിക്കന്റെഅടുത്തുകൊടുത്ത് ഒന്നു നോക്കിച്ചൂട്ടോ കുട്ടി..
അതിശയമായിരിക്കുന്നു.നല്ല ചേർച്ച..
അടുത്ത അവധിക്ക് വരുമ്പോൾ നടത്താമെന്ന്…”
താനെന്തോ സ്വപ്നം കാണുകയാണോ എന്ന് തോന്നി അവൾക്ക്..
” എന്നാലും എന്റെ ഭഗവതി ഇതൊരുമാതിരി ചെയ്ത്താ യിപ്പോയി…
അപ്പോൾ മൂപ്പര് അമ്പലത്തിൽ വെച്ച് തന്നെ നോക്കി കള്ളച്ചിരി ചിരിച്ചത് ഇതിനായിരുന്നോ…
ഒരേസമയം കരച്ചിലും, ചിരിയും വന്നു അവൾക്ക്…
” ഇവൾ ആളുകൊള്ളാമല്ലോ ”
മറ്റുള്ളവരുടെ കളിയാക്കലുകൾക്കിടയിൽ നിന്ന് അവൾ നാണിച്ച് ഒരോട്ടം വെച്ചു കൊടുത്തു..
സ്നേഹം
വിനീത.