(രചന: Vineetha Sekhar)
ഈയിടെ എന്നെ ഒരു പെൺകുട്ടി വിളിക്കുകയുണ്ടായി..
‘ മാഡത്തിന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരാമോ, എനിക്കൊന്ന് സംസാരിക്കണം’ എന്ന അഭ്യർത്ഥനയുമായി..
എന്നോടാരും സംസാരിക്കണം എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ലാത്തതീനാലാകാം ഞാനും തേല്ലോന്ന് പരിഭ്രമിച്ചു..
എന്റെ ചില എഴുത്തുകൾ അവരെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ടെന്നും അവരുടെ ജീവിതവുമായി ബന്ധപെട്ട ചില വിഷമങ്ങൾ പറയാനാണെന്നും പറഞ്ഞപ്പോൾ ഞാനൊന്ന് പതറി..
‘ ഞാനൊരു സൈക്കോളജിസ്റ്റ് അല്ലാട്ടോ..’ എന്ന് പറഞ്ഞു..
‘സാരമില്ല.. മാഡം എന്നെ കേൾക്കാൻ തയ്യാറാകണം’ എന്ന അവരുടെ അഭ്യർത്ഥനയെ നിരസിക്കാനുമായില്ല.
അങ്ങനെയാണ് അവർ മനസ്സു തുറന്നത്.
പ്രേമവിവാഹം ആയിരുന്നു..
അവൾക്ക് അത്യാവശ്യം നല്ലൊരു ജോലിയുമുണ്ട്.. ആദ്യ നാളുകൾ തികച്ചും സന്തോഷപ്രദം… രണ്ടു കുട്ടികൾ ജനിച്ച ശേഷം അവരുടെ സൗന്ദര്യം കുറഞ്ഞപോലെ ഒരു തോന്നൽ അയാൾക്കുണ്ടായി.മെലിഞ്ഞുണങ്ങി യിരിക്കുന്നു, കണ്ണുകളിലെ തിളക്കം വറ്റിപോയി, മുടി കൊഴിഞ്ഞു.. ഇങ്ങനെ കുറ്റങ്ങളെറേ..
കൂടാതെ അയാളുടെ ചില അനാവശ്യ കൂട്ടുകെട്ടും, മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളും തെളിവടക്കം അവൾക്ക് കിട്ടിത്തുടങ്ങി ഹോട്ടൽ ബില്ലടക്കമുള്ള ചില തെളിവുകൾ അവളെ ഞെട്ടിച്ചു…
ഇതിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ മറുപടി ഏറെ വിചിത്രമായിരുന്നു.
അയാളുടെ സൗന്ദര്യസങ്കല്പം തന്നെ വ്യത്യസ്തം അവളിൽ അയാൾക്ക് ഒരു സന്തോഷവും തോന്നുന്നില്ല..
അതിനാലാണ് അയാൾ ഇത്തരം ബന്ധങ്ങളിലേക്ക് പോകുന്നത്. അതിലയാൾക്ക് വിഷമവും ഇല്ല..വീട്ടിൽ ഇതേചൊല്ലിയുമുള്ള വഴക്കുകൾ പതിവായി..
ഇതെല്ലാം കണ്ടും കെട്ടും രണ്ടു പെൺകുട്ടികൾ വളർന്ന് വരുന്നുവെന്ന ചിന്തയുമില്ല.. അയാളെ സന്തോഷിപ്പിക്കാനായി ആ പെൺകുട്ടി അല്പം ഒരുങ്ങി നടന്നപ്പോൾ,
‘നീആരെകാണിക്കാണാനാണ് ഇങ്ങനെവേഷംകെട്ടുന്നത് ‘എന്ന കളിയാക്കലും..
അയാളുടെ ദുർ നടപ്പുകളെ ചോദ്യം ചെയ്യുന്നത് കൊണ്ട് നല്ല രീതിയിൽ ദഹോദ്രപവും ആ കുട്ടിക്ക് കിട്ടുന്നുണ്ടായിരുന്നു.. ഇങ്ങനെ അപമാനം സഹിച്ചു കുട്ടികൾക്ക് വേണ്ടി, സമൂഹത്തെ ഭയന്ന് അയാൾക്കൊപ്പം മരിച്ചു ജീവിക്കുന്ന ആ കുട്ടി എന്നോട് ഇതൊക്ക പറഞ്ഞത് വളരെയേറെ വിഷമിച്ചാണ്.
ഇത്തരം സാഹചര്യത്തിൽ കൂടി കടന്നുപോകുന്ന പെൺകുട്ടികൾ ഒന്നാലോചിക്കുക..
നിങ്ങൾക്കൊരു ജോലിയുണ്ടെങ്കിൽ ഇങ്ങനെ സഹിച്ചും, ക്ഷമിച്ചും മനസു തകർന്ന് ഇത്ത രക്കാരുടെ കൂടെ ജീവിച്ചു തീർക്കുന്നതിൽ എന്തർത്ഥമാണുള്ളത്..
പരസ്ത്രീകളുമായി അവിഹിതബന്ധമുള്ള ഭർത്താവ് നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയൊ.. അങ്ങനെ വന്നാൽ അവരെ വീണ്ടും പൂർണ്ണ മനസോടെ സ്നേഹിക്കാൻ ഒരു പെണ്ണിനാ കുമോ..
സ്വന്തം ശരീരം മറ്റു സ്ത്രീകളുമായി പങ്കു വെച്ച ഒരു പുരുഷനെ ഒരു പെണ്ണും അറിഞ്ഞുകൊണ്ട് സ്വീകരിക്കുമെന്ന് തോന്നുന്നില്ല..
തന്നെയുമല്ല ഇത്തരക്കാർ വീണ്ടും മറുകണ്ടം ചാടില്ലെന്ന് എന്താണുറപ്പ്..അതല്ലങ്കിൽ പിന്നെ കുട്ടികൾക്ക് വേണ്ടി അഡ്ജസ്റ്റ് മെന്റിന് തയ്യാറാകണം
പക്ഷെ.. എന്തിന്.. ആർക്കുവേണ്ടി.. ആ മക്കൾക്ക് വേണ്ടിയോ.. ഇങ്ങനെ സഹിച്ചും , ക്ഷമിച്ചും, അടികൊണ്ടും സ്വന്തം അന്തസ്സും, അഭിമാനവും വ്രണപ്പെട്ടു ജീവിക്കുന്നത് കണ്ടു വളരുന്ന കുട്ടികളെ ഒന്നോർത്തുനോക്കു..
ഭാവിയിൽ അവരുടെ ജീവിതത്തിൽ വരുന്ന പങ്കാളിയോടുള്ള അവരുടെ പെരുമാറ്റം എങ്ങനെയായിരിക്കും.. വീട്ടിൽ നിന്നു കിട്ടിയ ഇത്തരം നീറുന്ന അനുഭവങ്ങൾ അവരുടെ മാനസിക വ്യാപാരങ്ങളെ എത്രമാത്രം മുറിപ്പെടുത്തിയിട്ടുണ്ടാകാം..മാറ്റി മറിച്ചിട്ടുണ്ടാകാം.
സ്വന്തം പങ്കാളികളായി വരുന്ന പുരുഷന്മാരെ സംശയദൃഷ്ട്യാ നോക്കി കാണാനും അവരെ ഇതൊക്ക പ്രേരിപ്പിച്ചെന്നുമിരിക്കും.
ഭാര്യമാരെ വെറും ശാരീരിക ആവശ്യത്തിനുള്ള ഉപകരണം മാത്രമായി കാണുന്ന, അവരുടെ സൗന്ദര്യം ക്ഷയിച്ചു എന്ന് തോന്നുമ്പോൾ മറ്റു സ്ത്രീകളി ലേക്ക് ചേക്കേറുന്ന ഇത്തക്കാരുടെ കൂടെയുള്ള ജീവിതം ദുസ്സഹമാണെന്ന് തോന്നിയാൽ പിന്നെ അവിടെ കടിച്ചു പിടിച്ചു നിൽക്കരുത്..
ഒരു ജോലിയുണ്ടെങ്കിൽ കുട്ടികളെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കുക.. അല്ലാത്ത പക്ഷം സ്വന്തം വീട്ടിലേക്ക് തിരികെ കയറാനുള്ള ഒരു വാതിൽ മാതാപിതാക്കൾ കുട്ടികൾക്ക് മുൻപിൽ തുറന്നിടുക.. ഒപ്പം ഒരു വറ്റു ചോറും..
സമൂഹം എന്തു കരുതുമെന്ന ഭയം വേണ്ട.. രണ്ടുദിവസം കഴിയുമ്പോൾ ഈ പറയുന്ന സമൂഹം മറ്റൊരു അടുക്കളയിൽ എന്ത് നടക്കുന്നു എന്നുചികഞ്ഞു പോയ്‌ക്കോളും..
പെൺകുട്ടികൾ അവരുടെ അന്തസും, അഭിമാനവും കാത്തു സൂക്ഷിക്കുക.. സ്വയം ചവിട്ടി തേൽക്കാൻ നിന്നുകൊടുക്കാതെ ആരും നിങ്ങളിലെ സ്ത്രീത്വത്തെ മുറിപ്പെടുത്തില്ല..
പ്രതികരിച്ചാൽ നിങ്ങളെ ഉപവദ്രവിക്കുന്നു എന്ന് തോന്നിയാൽ ഉടനെ അവിടെ നിന്നിറങ്ങുക.. അതൊരു നല്ല തീരുമാനമായിരിക്കുമെന്ന് പിന്നീട് നിങ്ങൾക്ക് മനസ്സിലാകും..
അവരോട്’ ‘പെൺകുട്ടിയല്ലേ, കുറെയൊക്കെ നമ്മൾ സഹിച്ചു ജീവിക്കാൻ പഠിക്കണം’ എന്നുള്ള ഉപദേശങ്ങൾ കൊടുക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക.. കാലം മാറി..
ഇനിയും നിങ്ങൾ പഴഞ്ചൻ ആശയങ്ങൾ മുറുകെ പിടിക്കാതിരിക്കുക..ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ മകളെ തന്നെ നഷ്ടപ്പെട്ടെന്നിരിക്കും.
അതുകൊണ്ട് തന്നെ അവരെ ചേർത്തു പിടിക്കാനും ഞങ്ങളുണ്ട് നിനക്ക് എന്നവിശ്വാസം ജനിപ്പിക്കാനും മാതാ പിതാക്കളും ശ്രദ്ധിക്കുക..
ജോലിയുള്ള സ്ത്രീകൾ ഇത്തരക്കാരോട് പോയി പണി നോക്കാൻ പറയും എന്നൊക്കെ തോന്നാം..ചില സാമൂഹിക ചട്ടക്കൂടുകളിൽ
വലിയൊരു ശതമാനം സ്ത്രീകളും ഇപ്പോഴും തളച്ചിടപ്പെടുന്നു എന്നതൊരു വാസ്തവം തന്നെയാണ്.
പുതിയ തലമുറ മാറി ചിന്തിക്കട്ടെ…കാലഘട്ടതിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണല്ലോ.
പ്രിയ സഹോദരി.. നിനക്കും,നിന്നെ പോലെ യുള്ള എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള ഒരു കുറിപ്പണിത്..
വിനീത