പണം കൊണ്ട് കിട്ടാവുന്ന സകല സുഖങ്ങളും അനുഭവിച്ചതാണ്. പക്ഷെ, ഒന്നും ശ്വാശ്വതമായിരുന്നില്ല. ഈ നേരമെങ്കിലും…

(രചന: ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ)

പണം കൊണ്ട് കിട്ടാവുന്ന സകല സുഖങ്ങളും അനുഭവിച്ചതാണ്. പക്ഷെ, ഒന്നും ശ്വാശ്വതമായിരുന്നില്ല. ഈ നേരമെങ്കിലും മനസ്സിനെ എനിക്ക് തൃപ്തിപ്പെടുത്തണം. ഏതുതരം തമാശയിലാണ് ആനന്ദം ലഭിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തണം. ഭൂമിയിലെ അവസാന രംഗങ്ങൾക്കായുള്ള ചുവട് വെപ്പാണ്… എത്ര പണം ചിലവായാലും അതിനായുള്ള മനുഷ്യരെ കണ്ടെത്തിയേ പറ്റൂ…

‘എന്നെ ചിരിപ്പിക്കുകയാണ് ജോലി. മാസം ഒന്നര ലക്ഷം രൂപ ശമ്പളമായി തരും. താമസവും, ഭക്ഷണവും സൗജന്യം. എന്നെ ചിരിപ്പിക്കൂ…’

എങ്ങനെയുണ്ട് പരസ്യം… പണമുള്ളവർക്ക് എന്തുമാകാമല്ലോ…

കാര്യം, കഴിഞ്ഞയാഴ്ച്ച എനിക്കൊരു ആശുപത്രി വാസമുണ്ടായിരുന്നു. തോറ്റുപോയ ഹൃദയവുമായി എത്രകാലം ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കുമെന്ന റിപ്പോർട്ടും ലഭിച്ചു. ജീവനില്ലാത്ത ഒരു ഡോക്റ്ററായിരുന്നു അത് പരിശോധിച്ച് പ്രവചിച്ചത്. മനുഷ്യരുടെ ഹൃദ്രോഗങ്ങളുടെ വിശകലനത്തിൽ വൈദ്യശാസ്ത്രം എത്രത്തോളം മുന്നേറിയിരിക്കുന്നുവെന്ന് ഉള്ളുകൊണ്ട് അറിഞ്ഞ നിമിഷം… കൂടി വന്നാൽ, രണ്ട് വർഷങ്ങൾ കൂടി മാത്രമേ ഞാൻ ജീവിക്കുകയുള്ളൂ പോലും….

ലോകത്തിലെ മുക്കാലോളം മനുഷ്യരുടെയും മരണ കാരണമായ കൊറോണറി ആർട്ടറിയെന്ന രോഗാവസ്ഥയാണ് എനിക്ക്. ആവിശ്യത്തിനുള്ള ഓക്സിജൻ ഹൃദയത്തിലേക്ക് എത്തുന്നില്ല. അവിടുത്തെ ധമനികൾക്കെല്ലാം കാര്യമായ ക്ഷയം സംഭവിച്ചിരിക്കുന്നു.
തോൾ പേശിയിലെ വേദനയും, തുടർന്നുള്ള പരവേശവും കൊണ്ട് ഞാൻ കുഴഞ്ഞ് വീഴുകയായിരുന്നു.

ഡ്രൈവറും ജോലിക്കാരനും ചേർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഒരു ചെറിയ അറ്റാക്കായിരുന്നു പോലും.. തുടർന്നാണ് പല പരിശോധനകളിലൂടെ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് മനസിലാക്കാൻ സാധിച്ചത്. ഹൃദയമാറ്റ ശസ്ത്രക്രിയയൊന്നും പ്രയോഗികമല്ല. മറ്റുള്ള അവയവങ്ങൾ അതിനെ സപ്പോർട്ട് ചെയ്യുന്നില്ലായെന്ന് തന്നെയാണ് കാരണം. ഹാ… എന്തുമാകട്ടെ… എന്റെ മരണം ഒരു നിർമ്മിതബുദ്ധി പ്രവചിച്ചിരിക്കുന്നു…

കൗതുകത്തിന്റെ മുഖം മൂടിയിട്ടയൊരു ഭയത്തിന് എനിക്ക് ചുറ്റും വട്ടമിട്ട് പറക്കാൻ ഇതിൽപ്പരം മറ്റെന്ത് വേണമല്ലേ… ആ മാനസികാവസ്ഥ മറികടക്കാനും, ശേഷിച്ച നാളുകളിലെല്ലാം തമാശകൾ നിറയ്ക്കാനും അങ്ങനെയാണ് ഒരുപായമായി ആ പരസ്യം പുറത്ത് വരുന്നത്.

എന്റെ മാനസിക ഉല്ലാസത്തിനായി എന്ത് വിലയും കൊടുക്കാൻ ഞാൻ തയ്യാറാണ്. അതിനുള്ള ഒരാളെ കണ്ടെത്തിയാൽ മാത്രം മതി… അല്ലെങ്കിലും, പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ലല്ലോ ഈ ലോകത്തിൽ…

പിറ്റേന്ന്, പ്രതീക്ഷിച്ചതിലും കൂടുതൽ ആൾക്കാർ എത്തിയിരുന്നു. ഗേറ്റിന് പുറത്ത് തിക്കും തിരക്കുമായി ശ്വസിക്കുന്ന ആ കൂട്ടത്തിൽ പുരുഷൻമ്മാരും, സ്ത്രീകളും, കുട്ടികളുമുണ്ട്. എന്നെ ചിരിപ്പിക്കാനായി എത്തിയവരെയെല്ലാം ഓരോ നമ്പറുകളാക്കി സെക്യൂരിറ്റിക്കാർ അകത്തേക്ക് വിട്ടു. പ്രത്യേകം സജ്ജമാക്കിയ ഒരു ഇരിപ്പിടത്തിൽ ഞാൻ ഇരിക്കുകയാണ്. ഇങ്ങേർ ഇതെന്ത് ഭ്രാന്താണ് കാട്ടുന്നതെന്ന് മനസ്സിലാകാതെ എന്റെ ഭാര്യയും പരിസരത്തുണ്ട്. നമ്പറുകൾ എന്റെ അടുത്തേക്ക് വന്ന് തുടങ്ങി.

‘സാർ… എനിക്ക് ഒരേ നേരം ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തിൽ സംസാരിക്കാൻ പറ്റും… സാറിന് ഉറപ്പായി ചിരി വരും…’

ആ ചെറുപ്പക്കാരൻ എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരിക്കാൻ സാധിച്ചില്ല. ആസ്വദിക്കാൻ പാകമൊരു തമാശ അതിലുണ്ടെന്ന് തോന്നിയില്ല. മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ സന്തോഷത്തോടെ തുടർന്ന് ജീവിക്കാൻ സാധിക്കണം. പക്ഷെ, എന്തുതരം തമാശകളാണ് വേണ്ടതെന്ന് കണ്ടെത്താൻ സാധിക്കുന്നില്ല. ഉള്ളവനെ സന്തോഷപ്പെടുത്താൻ ഇല്ലാത്തവന് എങ്ങനെയാണ് സാധിക്കുകയെന്ന ചോദ്യവും ഉള്ളിൽ ഉയരുന്നുണ്ട്…?

‘എനിക്ക് അറിയാത്ത തമാശകളൊന്നും ഈ ലോകത്തിലില്ല. എന്നെ നിയമിച്ചാൽ സാറ് ചിരിച്ച് ചിരിച്ച് മരിക്കും…’

തൊണ്ണൂറ്റിമൂന്നാമത് വന്ന മനുഷ്യനാണത് പറഞ്ഞത്. എനിക്ക് ചിരി വന്നില്ല. പക്ഷെ, മരണം വരെ ചിരിച്ച് കൊണ്ടേയിരിക്കാൻ എനിക്ക് വേണ്ടതും അങ്ങനെയൊരു ആളെയല്ലേ… ശരിയാണെന്ന് തോന്നിയപ്പോൾ ഒരു അറ്റ്ലാന്റിക് തമാശ കേൾക്കട്ടേയെന്ന് അയാളോട് ഞാൻ ആവിശ്യപ്പെട്ടു. മറുപടി ഉണ്ടായിരുന്നില്ല. കുനിഞ്ഞ തലയുമായി ആ മനുഷ്യൻ തിരിച്ച് പോകുകയായിരുന്നു…

സ്വന്തം ആകുലതകളൊക്കെ മറന്ന് എന്നെ ചിരിപ്പിക്കാൻ ശ്രമിക്കുന്നവരോട് പതിയേ എനിക്ക് സഹതാപം തോന്നിത്തുടങ്ങി. അങ്ങനെ പറയുമ്പോഴും, ഞാൻ കൊടുക്കാമെന്ന് പറഞ്ഞ പണവും പ്രതീക്ഷിച്ച് പാട് പെടുന്നവരെ ഇങ്ങനെ മുഖമുഖം കാണുമ്പോൾ ഒരു സന്തോഷമൊക്കെയുണ്ട്. പണമുള്ളവൻ തന്റെ അവസാന നാളുകളും രാജകീയമാക്കാൻ ശ്രമിക്കുന്നതിൽ എന്താണ് തെറ്റുള്ളത്! തുടർന്ന് ജീവിക്കാൻ എനിക്ക് വേണ്ടത് തമാശകളാണ്. അത് മറ്റൊരുത്തന്റെ കണ്ണീര് കാണുമ്പോഴാണ് കിട്ടുന്നതെങ്കിൽ എന്തായിപ്പോൾ ചെയ്യുക… അതും വില കൊടുത്ത് വാങ്ങുക തന്നെ…

‘സാർ… എന്റെ പേര് ചന്നമ്മയെന്നാണ്… മക്കളില്ല. കെട്ട്യോൻ ഉപേക്ഷിച്ചു. വീടില്ല… സ്വന്തമായിട്ട് ആരുമില്ല… എന്റെ ജീവിതം മുഴുവനും തമാശയാണ് സാറെ… ജോലിക്കെടുക്കുമെങ്കിൽ ഞാനെല്ലാം പറയാം…’

നൂറ്റി പതിനൊന്നാമതായി വന്ന സ്ത്രീയുടെ ശബ്ദമായിരുന്നുവത്. കണ്ണുകൾ നിറഞ്ഞിരുന്നുവെങ്കിലും ചിരിയോടെയായിരുന്നു ആ സംസാരം. കേട്ടപ്പോൾ ഉള്ളിലൊരു ആനന്ദമൊക്കെ എനിക്കും തോന്നി. മറ്റുള്ളവരുടെ ദയനീയതയിൽ ഉന്മാദം കണ്ടെത്തുന്ന തലയാണോ എനിക്കെന്ന് അറിയാതെ സംശയിച്ച് പോകുകയും ചെയ്തു. അല്ലെങ്കിൽ പിന്നെ എന്തുതരം തമാശകളാണ് ജീവിതത്തിൽ സംഭവിച്ചതെന്ന് ചന്നമ്മയോട് ഞാൻ ചോദിക്കില്ലായിരുന്നുവല്ലോ…

‘അതെങ്ങനെയാണ് സാറേ… ജോലി തന്നാൽ ഞാനെല്ലാം പറയാം.. ഒരു രണ്ട് കൊല്ലത്തേക്കുള്ള തമാശകളെങ്കിലും എനിക്ക് പറയാനുണ്ടാകും…’

അറിയാതെയാണെങ്കിലും രണ്ട് വർഷത്തിന്റെ കണക്ക് ഉൾപ്പെട്ടത് കൊണ്ടായിരിക്കണം ചന്നമ്മയുടെ ആ മറുപടി എനിക്ക് ഇഷ്ടപ്പെട്ടത്.

‘എല്ലാ നാളും തയ്യാറായി നിൽക്കണം.. ഞാൻ ഇവിടെ വന്ന് ഇരിക്കുമ്പോഴെല്ലാം ചന്നമ്മ തമാശ പറയണം… ഞാൻ വരുന്നുണ്ടോ… ഇരിക്കുന്നുണ്ടോയെന്ന് മാത്രമായിരിക്കണം ഇനിയുള്ള ശ്രദ്ധ…’

ചന്നമ്മ തലയാട്ടി. എന്നാലും ഇങ്ങനെയൊരു മനസ്സ് എനിക്ക് ഉണ്ടായിരുന്നുവെന്നത് ഞാൻ അറിഞ്ഞതേയില്ല. ആസ്വദിക്കാൻ മാത്രമൊരു ലഹരി അപരന്റെ വിഷമങ്ങളിൽ ഉണ്ടെന്നത് മനസിലാക്കിയുമില്ല. എല്ലാത്തിനും സാക്ഷിയെന്നോണം അരികിലായി ഉണ്ടായിരുന്ന ഭാര്യയുടെ ഭാവം എന്താണെന്ന് എനിക്ക് വ്യക്തമായതേയില്ല.. ഈ കണ്ട കാലങ്ങളെല്ലാം നിങ്ങൾ ആസ്വദിച്ചത് തന്റെ ദയനീയതയാണെന്ന് പറയും പോലെ…

ആർക്കും അറിയാത്ത എന്റെ ഈ മരണത്തിന്റെ വേളയിൽ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. സന്തോഷത്തിന്റെ ചിരികൾ തേടാൻ ഞാൻ ഏത് മാർഗ്ഗവും തിരഞ്ഞെടുക്കും.. അതിലെ ശരി തെറ്റുകൾക്കും അപ്പുറം പണമാണ് എല്ലാം… തന്റെ ദുരിതം വിൽക്കാൻ വന്ന ചന്നമ്മയുടെ ആവശ്യവും യഥാർത്ഥത്തിൽ പണം തന്നെയല്ലേ…

പണം ഭരിക്കുന്ന ഈ ലോകത്ത് എനിക്കുണ്ടെന്ന് പറയുന്ന ഇനിയുള്ള രണ്ട് വർഷങ്ങളും ഇല്ലാത്തവന്റെ ദുഃഖമാണ് എനിക്ക് അറിയേണ്ടത്. ഉള്ളതിന്റെ ആനന്ദത്തിൽ ആശ്വസിക്കാൻ അതാണ് വേണ്ടതെന്ന് കരുതുന്നു. എത്രയോ നിസ്സാരമെന്ന് തോന്നുന്ന മനുഷ്യരുടെ അങ്കലാപ്പുകൾ ഒരു രാജാവിനെ പോലെ കേൾക്കുക. പണക്കിഴി കൈപ്പറ്റുമ്പോൾ അവർ തൊഴുത് നിൽക്കുക. ചന്നമ്മയുടെ ശബ്ദം കേട്ടാൽ അറിയാം, അവൾക്ക് പറയാൻ ഏറെ ദുരിതങ്ങളുണ്ടാകും… അല്ല, തമാശകളുണ്ടാകും…

പിറ്റേന്ന് ഇരുട്ട് വീഴും മുമ്പ് എനിക്കൊരു തമാശ കേൾക്കണമെന്ന് തോന്നി. അതിനായി സജ്ജമാക്കിയ ഇടത്തേക്ക് പോകുകയും, ഒരു രാജാവിനെപ്പോലെ ഇരിക്കുകയും ചെയ്തു. ചന്നമ്മ തയ്യാറാണ്. എന്തായിരിക്കും ആദ്യത്തെ തമാശയെന്ന ആകാംഷയിൽ ഞാൻ കണ്ണുകളും കാതുകളും തുറന്ന് പിടിച്ചു.

‘എന്റെ അച്ഛനും അമ്മയും വലിയ സ്നേഹത്തിലായിരുന്നു സാറെ… ഒരുനാൾ ഞാൻ ഉറങ്ങി കിടക്കുമ്പോൾ അച്ഛൻ അമ്മയെയെടുത്ത് കിണറ്റിലിട്ടു. ശേഷം പാളത്തിൽ തലവെച്ചു. ഇത് വല്ലതും ഞാൻ അറിയുന്നുണ്ടോ… പിറ്റേന്ന് മുഴുവൻ അമ്മേ… അച്ഛായെന്ന് വിളിച്ച്… ചില മനുഷ്യര് അങ്ങനെയാണ് സാറെ… ചാകാൻ പോകുമ്പോഴും അവർക്ക് ആരെയെങ്കിലും കൊല്ലണം. ചുരുങ്ങിയത് ജീവിക്കുന്നവരെ ഉപദ്രവിക്കുകയെങ്കിലും ചെയ്യണം…’

തുടക്കം കേട്ടപ്പോൾ തന്നെ എനിക്ക് ചിരി പൊട്ടി. അങ്ങനെയെടുത്ത് കിണറ്റിൽ ഇടണമെങ്കിൽ മുൻ‌കൂർ മയക്കിയിട്ടുണ്ടാകണം… പക്ഷെ, തമാശയുടെ അവസാനത്തേക്ക് എത്തിയപ്പോൾ കൊള്ളിച്ച് പറയുന്നത് പോലെയൊരു തോന്നൽ. എന്നാലും സാരമില്ല. വെറുതേയല്ലല്ലോ… കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം കൊടുത്തിട്ടല്ലേ… ആനന്ദ തലത്തിലെ വൈകൃതങ്ങളൊന്നും ഉള്ളവന്റെ മുന്നിൽ വിഷയമല്ല. അത്, ഏത് വിധേനയും കണ്ടെത്താൻ ഇല്ലാത്തവർ ഞങ്ങളുടെ ചുവട്ടിൽ കിടക്കും. അതിന് വേണ്ടി തന്നെയാണ് സമ്പദ്ഘടനയിൽ എല്ലാകാലവും ഏറ്റക്കുറച്ചിലുകൾ സംരക്ഷിക്കപ്പെടുന്നത്. പൂർണ്ണമായും ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം, ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ…

എന്തായാലും ചന്നമ്മയെ എനിക്ക് നന്നേ ബോധിച്ചു. നിർത്താതെയുള്ള ചിരിക്കൊടുവിൽ അവളെ ഞാൻ അഭിനന്ദിക്കുകയും ചെയ്തു. എന്നെ സന്തോഷിപ്പിച്ച നിർവൃതിയിൽ ആണൊ, ഓർമ്മകളിലേക്ക് വീണത് കൊണ്ടാണോയെന്ന് അറിയില്ല, ചന്നമ്മയുടെ ചിമ്മാത്ത കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അതിൽ, എന്റെ പ്രസന്ന വദനം തെളിഞ്ഞിട്ടുണ്ടായിരുന്നു..!!!

ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ