(രചന: അംബിക ശിവശങ്കരൻ)
പന്ത്രണ്ടാം വയസ്സിലാണ് അയാൾ ആദ്യമായി മദ്യത്തെ രുചിച്ചു നോക്കുന്നത്. ഏഴാം ക്ലാസിൽ തോറ്റതിന് അച്ഛൻ വഴക്ക് പറഞ്ഞ വാശിക്ക് വീട്ടിൽ നിന്നിറങ്ങിപ്പോയി ചെത്തുകാരൻ വേലപ്പേട്ടന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി അന്തിക്കള്ള് മോഷ്ടിച്ച് ഒറ്റ മോന്തിനങ്ങ് കുടിച്ചു. മദ്യം കഴിച്ചാൽ സകല വിഷമവും മറക്കുമെന്ന് ആരോ പറഞ്ഞു കേട്ടത്രേ.. കള്ളും കുടിച്ച് ബോധമില്ലാതെ ശങ്കരേട്ടന്റെ ഒരേക്കറോളം വരുന്ന തെങ്ങിൻ തോപ്പിൽ കിടന്നുറങ്ങുന്ന ഏഴാം ക്ലാസുകാരനെ പിറ്റേന്നാണ് വീട്ടുകാർ കണ്ടെത്തിയത്.
“ഇനി എന്തുതന്നെയായാലും അവനെ ഒന്നും പറയേണ്ട.. അവന് പഠിക്കാൻ ഇഷ്ടമല്ലെങ്കിൽ പഠിക്കേണ്ട. പഠിച്ചിട്ട് ഇപ്പോൾ വലിയ കളക്ടർ ഉദ്യോഗം ഒന്നും കിട്ടാൻ പോകുന്നില്ലല്ലോ… നമ്മൾ ഓരോന്ന് പറഞ്ഞ വിഷമത്തിന് ചെക്കൻ പോയി വല്ല കടുംകൈയും ചെയ്താൽ നഷ്ടം ആർക്കാ? ആണായിട്ടും പെണ്ണായിട്ടും ഇത് ഒന്നേയുള്ളൂ നമ്മുടെ കണ്ണടയും വരെയെങ്കിലും അവൻ എവിടെയെങ്കിലും പിഴയ്ക്കട്ടെ…”
സ്കൂളിൽ പോകേണ്ട എന്നുള്ള തന്റെ ആഗ്രഹത്തെ സഫലീകരിക്കാൻ കാരണക്കാരൻ ആയ മദ്യത്തെ അന്നുമുതൽ ആ ഏഴാം ക്ലാസുകാരൻ സ്നേഹിക്കാൻ തുടങ്ങി. അവൻ എന്ത് തെറ്റ് ചെയ്താലും വീട്ടുകാർ മൗനം പാലിച്ചു. പിന്നീട് വളർന്നു വലുതായപ്പോഴും മദ്യം തന്നെയായിരുന്നു രമേശിന്റെ ഉറ്റ ചങ്ങാതി. ഏതൊരു കല്യാണം ആയിക്കോട്ടെ, മരണം ആയിക്കോട്ടെ,കാതുകുത്ത് ആയിക്കോട്ടെ,അടിയന്തിരം ആയിക്കോട്ടെ അതൊക്കെയും രമേശന് മദ്യപിക്കാനുള്ള വെറും കാരണങ്ങൾ മാത്രമായി മാറി. കല്യാണവീടുകളിൽ മദ്യപിച്ച് അടി ഉണ്ടാക്കുക എന്നത് രമേശന്റെ ഒരു സ്ഥിരം പരിപാടിയായിരുന്നു.
” അവൻ മദ്യപിച്ചിട്ട് അല്ലേ.. സ്വബോധത്തോടെ അല്ലല്ലോ വിട്ടേക്ക്.. ”
മദ്യപിച്ച് എന്ത് വൃത്തികേടും ചെയ്യാം എന്ന ബോധ്യം അന്നുമുതലേ രമേശിന്റെ തലയിൽ ആണി അടിച്ചു തറക്കപ്പെട്ടു. സ്ത്രീകളെപ്പോലും വെറുതെ വിട്ടിരുന്നില്ല. എന്ത് വൃത്തികേട് പറഞ്ഞാലും ചെയ്താലും മുഴുക്കുടിയൻ ആണെന്ന കാരണത്താൽ രമേശൻ ചെയ്യുന്നതും പറയുന്നതും ആളുകൾ മനപ്പൂർവ്വം അവഗണിച്ചു.
ആകപ്പാടെ ഉള്ള ഒരു സന്തതി വഴിതെറ്റി പോയത് ഓർത്ത് രമേശിന്റെ അമ്മയും അച്ഛനും തങ്ങളുടെ വാർദ്ധക്യത്തിൽ നെഞ്ചുരുകി ജീവിച്ചു.
” നീ രമേശനെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്ക് എന്റെ വത്സലേ…ഒറ്റാം തടി ആയി നടക്കുന്നതുകൊണ്ട ആ ചെക്കൻ ഇങ്ങനെ തോന്നിയപോലെ നടക്കുന്നത്. കടിഞ്ഞാൺ ഇടാൻ ഒരു പെണ്ണ് ഉണ്ടായി നോക്കട്ടെ അവന്റെ ഒരു കളിയും നടക്കില്ല. ” രമേശന്റെ അച്ഛന്റെ പെങ്ങൾ ചിന്നമ്മ ഒരിക്കൽ വീട്ടിൽ വന്നതും അവരെ ഉപദേശിച്ചു.
“ആഗ്രഹമില്ലാഞ്ഞിട്ടാണോ ഏടത്തി.. എന്റെ കണ്ണടയും വരെ ഒരു കയിൽ വെള്ളം കൊടുക്കാൻ ഞാനുണ്ട്. അത് കഴിഞ്ഞാൽ എന്താകും അവന്റെ അവസ്ഥ? ഇങ്ങനെ കുടിച്ചു നടക്കുന്ന ഒരുത്തന് ആരു പെണ്ണ് തരാനാണ്..?” അവർ മൂക്ക് പിഴിഞ്ഞുകൊണ്ട് സങ്കടം പറഞ്ഞു.
” നീ ഇങ്ങനെ കരയാതെ വത്സലേ… ഈ നാട്ടിൽ നിന്നല്ലേ അവനു പെണ്ണ് കിട്ടാതുള്ളൂ.ഞാൻ ഇത്തവണ വന്നതിന് ഒരു കാരണമുണ്ടെന്ന് കൂട്ടിക്കോ… ഞങ്ങൾ കഴിഞ്ഞ ആഴ്ച അങ്ങേരുടെ പെങ്ങളുടെ വീട്ടിൽ പോയിരുന്നു. അവിടെ തൊട്ടടുത്ത വീട്ടിലെ മൂത്ത പെണ്‍കുട്ടിക്ക് കല്യാണം നോക്കുന്നുണ്ട് പേര് മിനി. മൂന്ന് പെൺമക്കളാ… ഒരു ഗതിയും ഇല്ലാത്ത ഒരു കുടുംബം. തന്ത കിടപ്പിലാണ്.മൂന്നെണ്ണത്തിൽ മൂത്തതാണ് ഈ കൊച്ച്. കെട്ടിച്ചയക്കാൻ ഒരു നിവർത്തിയുമില്ല. പറ്റിയ കൂട്ടർ ആരെങ്കിലും ഉണ്ടെങ്കിൽ എന്നോട് ആലോചിക്കാൻ പറഞ്ഞതാണ്. അന്നേരം എന്റെ മനസ്സിൽ ആദ്യം വന്നത് നമ്മുടെ രമേശന്റെ മുഖമാണ്. നമുക്കിതങ്ങ് ആലോചിക്കാം വത്സലേ.. താഴെ രണ്ട് പെൺമക്കൾ ആയതുകൊണ്ട് മൂത്തതിനെ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടിവച്ച് കയ്യൊഴിയാൻ കാത്തിരിക്കുകയാണ് അതിന്റെ വീട്ടുകാര്. ” വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അടയ്ക്ക പൊടിച്ചതും ചേർത്ത് മടക്കി വായിലേക്ക് തിരുകി കൊണ്ട് അവർ പറഞ്ഞു.
“അവനെക്കുറിച്ച് അവരോട് പറഞ്ഞിട്ടുണ്ടോ ഏടത്തി?വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം….”
“ആഹ് ഇതാ ഇപ്പോൾ നന്നായത്. എല്ലാം പറഞ് പെണ്ണ് അന്വേഷിക്കാൻ ആണെങ്കിൽ നിന്റെ മോൻ ഇങ്ങനെ നിൽക്കത്തെയുള്ളൂ.. ഇതിപ്പോ ഇങ്ങനെ ഒരു ബന്ധം നമ്മുടെ കയ്യിൽ പെട്ടത് ഭാഗ്യം എന്ന് കരുതിയാൽ മതി. ഞാൻ അവരോട് പറയാൻ പോവാ. നീ അവനോട് അടുത്താഴ്ച വന്ന് പെണ്ണ് കാണാൻ പറ.”അതും പറഞ്ഞ് അവർ അവിടെ നിന്നിറങ്ങി.
അമ്മയുടെ നിർബന്ധപ്രകാരമാണ് രമേശനും കൂട്ടുകാരനും കൂടി പെണ്ണ് കാണാൻ പോയത്. ധൈര്യത്തിന് എന്ന പേരിൽ അപ്പോഴും രണ്ടെണ്ണം അടിച്ചിട്ടാണ് രമേശൻ പോയത്. ചായ കൊടുക്കാൻ കുനിഞ്ഞതും മദ്യത്തിന്റെ മണം മിനിയുടെ മൂക്കിലേക്ക് തുളഞ്ഞു കയറി.
അയാൾ ഒരു കുടിയനാണ് തനിക്ക് ഈ ബന്ധം വേണ്ടെന്ന് പലവട്ടം പറഞ്ഞെങ്കിലും എങ്ങനെയെങ്കിലും ഒഴിവാക്കാൻ കാത്തിരിക്കുന്ന ഒരു ബാധ്യതയുടെ വാക്കുകൾ ആര് കേൾക്കാൻ.
” ഇന്നത്തെ കാലത്ത് ഏത് ചെറുപ്പക്കാരാണ് കുടിക്കാത്തത്? നമ്മുടെ സാഹചര്യത്തിന് ആ ചെറുക്കന് നിന്നെ ബോധിച്ചത് തന്നെ കാര്യം. ഒരു തരി പൊന്നു കൊടുക്കേണ്ട… സർക്കാർ ഉദ്യോഗസ്ഥൻ തേടി വരും എന്നാണോ വിചാരം? നീ ഇങ്ങനെ വാശിപിടിച്ചാൽ നിന്റെ താഴെ ഉള്ളതുങ്ങൾ ഇങ്ങനെ നിൽക്കുകയുള്ളൂ…ഒരു പെണ്ണ് വിചാരിച്ചാൽ മാറ്റാൻ കഴിയാത്ത എന്ത് ശീലമാണ് ആണിനുള്ളത്? ഇനി എല്ലാം നിന്റെ കയ്യിലാണ്. ”
അമ്മ മൗനം പാലിച്ചപ്പോൾ കുഞ്ഞമ്മാവൻ ആണ് മറുപടി പറഞ്ഞത്. തന്റെ ഇഷ്ടങ്ങൾക്കിനി ഒരു വിലയുമില്ല എന്ന് അവൾ അന്ന് തിരിച്ചറിഞ്ഞു.അങ്ങനെ മനസ്സില്ലാ മനസ്സോടെ അവൾ വിവാഹത്തിന് സമ്മതം മൂളി.
വിവാഹ പന്തലിൽ കരഞ്ഞുകൊണ്ടാണ് അവൾ രമേശന് മുന്നിൽ കഴുത്തു നീട്ടി കൊടുത്തത്. അന്നേരവും അയാൾ മദ്യപിച്ചിരുന്നു. അയാളുടെ നോട്ടം അവളിൽ ഭയം സൃഷ്ടിച്ചു. സാധാരണ മറ്റുള്ളവരുടെ കല്യാണം കഴിഞ്ഞ വകയിൽ മദ്യപിക്കാറുള്ള രമേശൻ ഇക്കുറി സ്വന്തം കല്യാണം കഴിഞ്ഞതിന്റെ പേരിൽ മൂക്കുമുട്ടെ കുടിച്ചു. കാല് നിലത്തുറക്കാതെ ആടിയാടിയാണ് ആദ്യരാത്രി അയാൾ മുറിയിലേക്ക് കടന്നുവന്നത്.
“ഓഹ് ഇവിടെ ഉണ്ടായിരുന്നോ?ആരെ വശീകരിക്കാനാണ് ഉരുമ്പട്ടവളെ നീ ഈ ഉടുത്തൊരുങ്ങി നിൽക്കുന്നത്? നിന്റെയൊന്നും കണ്ടാൽ മയങ്ങി വീഴുന്നവൻ അല്ലേടി ഈ രമേശൻ.” ഭയന്ന് നിൽക്കുന്ന അവളുടെ മുടി കുത്തിന് കയറി അയാൾ പിടുത്തമിട്ടു.
” ഏതവനെ ഓർത്താടി നിയിന്ന് എന്റെ മുന്നിൽ കിടന്ന് മോങ്ങി കൊണ്ടിരുന്നത്. ഇനി ഒരുത്തനും നിന്നെ തൊടില്ല ഞാൻ നിന്റെ മേൽ കിടന്ന് മേയാൻ പോകുകയാണ്. ” അതും പറഞ്ഞ് അയാൾ അവളെ മുടിയിൽ പിടിച്ചു കട്ടിലിലേക്ക് വലിച്ചിട്ടു. ശേഷം അവളുടെ മേലേക്ക് വീണു. മദ്യത്തിന്റെയും ബീഡിയുടെയും ദുർഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറുമ്പോഴും അയാളുടെ ഭാരം താങ്ങാൻ ആകാതെ അവൾ പിടഞ്ഞു. ദൈവമേ ഇതാണോ തന്റെ ദാമ്പത്യജീവിതം?ഒരു മുത്തം പോലും നൽകാതെ ബലാൽക്കാരമായി അയാൾ അവളെ പ്രാപിച്ചു. അവൾ നീറ്റൽ കൊണ്ട് പിടഞ്ഞപ്പോഴും അവളുടെ വേദന അയാൾക്ക് ഹരമായി മാറി. എല്ലാം കഴിഞ്ഞ് അയാൾ മാറി കിടന്നുറങ്ങിയപ്പോഴും അവളുടെ കണ്ണീർ തോർന്നിരുന്നില്ല. ഇയാളുടെ ജീവിതത്തിലെ വെറും പരീക്ഷണ വസ്തു മാത്രമായിരുന്നു താനെന്ന സത്യം അവൾ വേദനയോടെ മനസ്സിലാക്കി.
പിന്നീടുള്ള ദിവസങ്ങൾ അവൾക്ക് നരക തുല്യമായിരുന്നു.എന്നും മദ്യപിച്ച് കാരണങ്ങളില്ലാതെ രമേശൻ അവളെ തല്ലി. ചിലപ്പോൾ കറിക്ക് ഉപ്പു കൂടിയെന്ന് പറഞ്ഞ്, ചിലപ്പോൾ അലക്കിയിട്ട വസ്ത്രത്തിലെ ചെളി പോയിട്ടില്ല എന്ന പേരിൽ, അതുമല്ലെങ്കിൽ അപ്പുറത്തെ വീട്ടിലെ ശേഖരേട്ടനോട് മിണ്ടി എന്ന പേരിൽ അങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി അയാൾ അവളെ തല്ലുമ്പോഴും നോക്കിനിൽക്കാൻ മാത്രമേ രമേശന്റെ അച്ഛനും അമ്മയ്ക്കും കഴിഞ്ഞിരുന്നുള്ളൂ.
“ഞാനെന്റെ ഭാര്യയെ എനിക്കിഷ്ടമുള്ളത് ചെയ്യും ഒരാളും ചോദിക്കാൻ വരണ്ട.” അച്ഛനും അമ്മയും ഇടപെടുമ്പോഴൊക്കെ രമേശൻ അതു പറഞ്ഞ് അവൾക്ക് രണ്ടടി കൂടുതൽ കൊടുത്തു. അതോടെ അവർ മൗനം പാലിക്കും.
“എനിക്ക് പറ്റുന്നില്ല അമ്മേ.. എന്നും കള്ളുകുടിച്ച് വന്ന് എന്നെ ഉപദ്രവിക്കും. എന്റെ ദേഹത്ത് ഇനിയൊരു സ്ഥലമില്ല അടികൊള്ളാൻ. എനിക്ക് ഇനിയും വയ്യ എന്നെ ഇനി തിരിച്ചു വിടല്ലേ അമ്മേ.” ഒരിക്കൽ സ്വന്തം വീട്ടിൽ വന്ന അവൾ അമ്മയോട് കേണപേക്ഷിച്ചു.
“അതൊക്കെ ഒരു കുഞ്ഞു ഉണ്ടായാൽ ശരിയാകും മോളെ… ഇന്നത്തെ കാലത്ത് കുടിക്കാത്ത പയ്യന്മാരെ കാണാൻ തന്നെ കിട്ടില്ല.ഒരച്ഛൻ ആകുന്നതോടെ അവന്റെ ഈ സ്വഭാവമൊക്കെ മാറും.”
അവൾ തിരികെ വന്നാലോ എന്ന് ഭയന്ന് അയാളുടെ പക്ഷം ചേർന്ന് സ്വന്തം അമ്മയും അവളെ കയ്യൊഴിഞ്ഞു.
അമ്മയുടെ വാക്കുകേട്ട് അവസാനത്തെ ഭാഗ്യപരീക്ഷണത്തിന് അവൾ തയ്യാറായി. തന്റെ ഉദരത്തിൽ ഒരു കുഞ്ഞു പിറവിയെടുത്തു എന്ന് അറിഞ്ഞ നാൾ മുതൽ മിനി സന്തോഷിച്ചെങ്കിലും അയാൾക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ തന്ത ആരാടി എന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള അടിയും വഴക്കും. എങ്കിലും പിറക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി അവളെല്ലാം സഹിച്ചു. പ്രസവ മുറിയിൽ തന്റെ കുഞ്ഞിനായി അവൾ മരണവേദന തിന്നപ്പോഴും അയാളെ വരാന്തയിൽ പോലും കണ്ടില്ല. അന്നേരവും രമേശൻ മദ്യത്തെ ആശ്രയിച്ചു. ഒടുവിൽ മണിക്കൂറുകളോളം വേദന തിന്ന് അവൾ ഒരാൺ കുഞ്ഞിന് ജന്മം നൽകി.
കുഞ്ഞിന്റെ മുഖം കണ്ടാലെങ്കിലും അയാൾ നേരെയാകും എന്ന് കരുതിയ അവൾക്ക് വീണ്ടും തെറ്റി.തന്നെ വായിൽ തോന്നിയത് പറയുന്നതു പോരാഞ്ഞിട്ട് കുഞ്ഞിനെയും പിഴച്ചുണ്ടായ സന്തതി എന്ന് വിളിക്കാൻ തുടങ്ങി. പലപ്പോഴും മരിക്കാൻ വരെ തോന്നിയെങ്കിലും തന്റെ മകൻ സ്വന്തം കാലിൽ നിൽക്കുന്നത് വരെ എങ്കിലും ജീവിച്ചേ മതിയാകൂ എന്ന് അവൾ ഉറപ്പിച്ചിരുന്നു.
പോകപ്പോകെ അയാൾ ഒരു പണിക്കും പോകാതെയായി.സദാസമയവും മദ്യപാനം മാത്രമായി . ഒടുക്കം തന്റെ മകൻ പട്ടിണിക്ക് ആവാതിരിക്കാൻ അവൾ കൂലിവേലയ്ക്ക് ഇറങ്ങി. അപ്പോഴും അയാൾ അവളെ വെറുതെ വിട്ടില്ല. ഏതവന്റെ കൂടെ കിടന്നിട്ടാണെടി ഇപ്പോൾ എഴുന്നള്ളിയിരിക്കുന്നത് എന്ന് പറഞ്ഞ് വൈകുന്നേരങ്ങളിൽ അവളെ പൊതിരെ തല്ലും. അതിനുപുറമേ അവൾ അധ്വാനിച്ചു കൊണ്ടുവരുന്ന പണവും തട്ടിയെടുത്ത് കുടിക്കും.
രമേശന്റെ അച്ഛനും അമ്മയും കിടപ്പിലായി. രമേശൻ ചെയ്യുന്ന ക്രൂരതകൾ കണ്ടും കേട്ടും കണ്ണുനീർവാറ്റി അവർ മരണത്തിനായി പ്രാർത്ഥിച്ചു. ഒരിക്കൽ തന്റെ മകന്റെ മുന്നിലിട്ട് തന്റെ ശരീരത്തെ പിച്ചിച്ചീന്താൻ ശ്രമിച്ച രമേശനെ മിനി ദേഷ്യം സഹിക്ക വയ്യാതെ ആഞ്ഞടിച്ചു. ആ ദേഷ്യത്തിൽ അയാൾ അവളുടെ വയറിലും നടുവിലും ശക്തിയോടെ അഞ്ചാറു ചവിട്ട് ചവിട്ടി.അവൾ വേദനകൊണ്ട് നിലത്ത് കിടന്ന് പിടയുമ്പോൾ മകൻ ഓടിച്ചെന്ന് കരഞ്ഞുകൊണ്ട് അവളെ കെട്ടിപ്പിടിച്ചു. ആ വേദനയിലും അവൾ തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ചു.
” നിന്നെ എനിക്ക് വേണ്ടടി ശവമേ… പൈസ കൊടുത്താൽ നിന്നെക്കാൾ മുട്ടൻ ചരക്കുകൾ എനിക്ക് പുറത്ത് കിട്ടും. ചത്ത ശവം.. തുഫ്.. “അവളുടെ മേൽ തുപ്പി കൊണ്ട് അയാൾ ഇറങ്ങിപ്പോയി.
രമേശന്റെ മർദ്ദനമേറ്റ് മിനിക്ക് വയ്യാതെയായി. ഒരിക്കൽ പണിയെടുക്കുന്നിടത്ത് തളർന്നു വീണതാണ് നാലുദിവസം വീട്ടിൽ തന്നെ ചികിത്സയിൽ കിടന്നു. അഞ്ചാംപക്കം അവളീ ലോകത്തോട് വിട പറഞ്ഞു.
തന്റെ അമ്മയുടെ മൃതശരീരം കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിനെ കണ്ട് സകലവരുടെയും നെഞ്ചുപൊട്ടി എങ്കിലും രമേശന് മാത്രം യാതൊരു വികാരവും ഉണ്ടായിരുന്നില്ല.അവളുടെ ശരീരം ദഹിപ്പിക്കാൻ എടുക്കുന്നത് വരെ അയാൾ അവിടെ ഇവിടെയായി പിടിച്ചുനിന്നു. മകൻ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങിയതും അയാൾ ഷാപ്പിലേക്ക് ഓടി.
” അവന് നല്ല വിഷമം ഉണ്ട് കണ്ടില്ലേ ഇങ്ങനെ കുടിക്കുന്നത്… ”
” അത് പിന്നെ ഇല്ലാതിരിക്കുമോ സ്വന്തം ഭാര്യയല്ലേ.. ” ഷാപ്പിൽ ഇരുന്ന് ആരൊക്കെയോ പിറുപിറുത്തു.
എന്നാൽ നാലഞ്ച് ദിവസത്തേക്ക് മദ്യപിക്കാൻ ഒരു കാരണം മാത്രമായിരുന്നു അയാൾക്ക് അവളുടെ മരണം. ചിതയിൽ തന്റെ ദേഹം കത്തിയമരുമ്പോഴും വിട്ടുപോകാൻ ആകാതെ അപ്പോഴും ആ അമ്മയുടെ ആത്മാവ് തന്റെ കുഞ്ഞിനെ ചുറ്റിപ്പറ്റി നിന്നു
അംബിക ശിവശങ്കരൻ.