(രചന: ശ്രീജിത്ത് ഇരവിൽ)
വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് മോന്റെ മുക്കാൽ പവനോളം വരുന്ന അരഞ്ഞാണം പണയം വെക്കാൻ തീരുമാനിച്ചത്. അവനെ അംഗനവാടിയിൽ ആക്കിയതിന് ശേഷം നഗരത്തിലേക്കുള്ള ബസ്സിൽ കയറി യാത്ര ആരഭിച്ചു. മഴ പെയ്യുമെന്ന് തോന്നുന്നു. ആ ആർദ്രത മുഖത്ത് തട്ടാൻ പാകം ജനാലയുടെ അഴികളിലേക്ക് ഞാൻ ചാരിയിരുന്നു.
‘നിനക്കെന്നും നിന്റെ കാര്യം മാത്രമേയുള്ളൂ…’
മൂന്ന് വർഷം മുമ്പ് ഭർത്താവ് പറഞ്ഞതാണ്. സഹിക്കുന്നതിന് പരിധിയുണ്ടെന്നും ചേർത്തിരുന്നു. എന്നാൽ പിന്നെ, ഞങ്ങളങ്ങ് ഒഴിഞ്ഞ് തന്നേക്കാമെന്ന് പറഞ്ഞ് മോനുമായി ഞാൻ എന്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി. അമ്മയും സഹോദരനും നാത്തൂനും സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണെന്ന് തോന്നിയപ്പോൾ എന്റെ വാശി കൂടുകയായിരുന്നു. അതുകൊണ്ട്, നാളുകൾക്കുള്ളിൽ തന്നെ സമാധാനം സംസാരിക്കാൻ വന്ന ഭർത്താവിനെ ഞാൻ വീണ്ടും മുഷിപ്പിച്ചു. കുഞ്ഞിനെയൊന്ന് എടുത്ത് മുത്താൻ പോലും സമ്മതിച്ചില്ല.
ഏറ്റവും നിസ്സാരമായി മനുഷ്യർക്ക് അവഗണിക്കാൻ സാധിക്കുന്നത് സ്നേഹിക്കുന്നവരെയാണെന്ന് അറിയാൻ എനിക്കന്ന് സാധിച്ചില്ല. നിന്നേയും മോനെയും വേണമെന്ന് പറഞ്ഞ് പിറകേ നടന്ന ആ മനുഷ്യനെ ഞാൻ വേദനിപ്പിക്കാൻ പാടില്ലായിരുന്നു. അത് അറിയാൻ അഹംഭാവവുമായി കഴിഞ്ഞുപോയ മാസങ്ങൾ വേണ്ടി വന്നു. ഭാര്യയായി കഴിഞ്ഞാൽ പിന്നെ സ്വന്തം വീട്ടിൽ മകളുമാർക്ക് യാതൊരു വിലയുമില്ലെന്ന് അറിഞ്ഞ നാളുകളായിരുന്നുവത്.
മോൻ കഴിക്കുന്ന ആഹാരത്തിൽ പോലും കണക്ക് എഴുതുന്ന സാഹചര്യത്തിലേക്ക് നാത്തൂൻ പോയപ്പോൾ എനിക്ക് സഹിച്ചില്ല.
‘വീട്ടിലേക്ക് കയറി വന്നവൾ ഭരിക്കുന്നോ..?’
എന്നും പറഞ്ഞ് നാത്തൂനെ പിടിച്ച് ഡെയിനിംഗ് ടേബിലേക്ക് ഞാൻ തള്ളിയിട്ടു. അവൾ എന്നിലും കരുത്തയായിരുന്നു. കനത്തിൽ തന്നെയൊന്ന് മുഖത്ത് കിട്ടി. കവിളിൽ പിടിച്ച് ഞാൻ കാറിയപ്പോൾ കണക്കായി പോയെന്നാണ് അമ്മ പറഞ്ഞത്. അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് പറഞ്ഞ് മോനേയുമെടുത്ത് ഞാൻ മുറിയിൽ കയറി കതകടച്ചു.
എന്റെ ഭർത്താവ് എത്രയോ നല്ല മനുഷ്യനായിരുന്നു. ശരിയാണ്. എന്റെ സ്വഭാവമാണ് എനിക്ക് ഈ ഗതി വരുത്തിയത്. പിറ്റേന്ന് കാലത്ത് തന്നെ മോനുമായി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. പക്ഷെ, എനിക്ക് എത്തിപ്പെടാൻ പറ്റാത്ത അത്രയും ദൂരത്തേക്ക് ഭർത്താവ് പോയിരുന്നു. അയാളോടൊപ്പം ചാരാൻ പുതിയ പെണ്ണ് വന്നിരിക്കുന്നു.
‘മോനേ വേണമെങ്കിൽ ഞാൻ വളർത്തിക്കൊള്ളാം…’
ഒപ്പം ചേർന്ന പെണ്ണിനെ പരിചയപ്പെടുത്തിയതിന് ശേഷം ഭർത്താവ് പറഞ്ഞതാണ്. ഞാൻ നിലവിളിച്ചില്ല. ലോകാവസാനത്തിന് ശേഷവും ജീവിച്ചിരിക്കുന്നുവെന്ന പോലെയായിരുന്നു പിന്നീടുള്ള നാളുകൾ. മോൻ ഇല്ലായിരുന്നുവെങ്കിൽ മാനത്തൊരു മുത്ത് കൂടി ആ വേളയിൽ തെളിയുമായിരുന്നു…
അന്ന്, മുന്നിൽ നിന്ന ബസ്സിൽ കയറി ഞാൻ എങ്ങോട്ടോ പോയി. ബഹളമില്ലാത്തയൊരു സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ കണ്ട കടയിലെ ചേച്ചിയാണ് എന്നെ സമാധാനിപ്പിച്ചത്. കഥയും കണ്ണീരും കേട്ടപ്പോൾ അവർ എനിക്കൊരു വാടക വീട് സംഘടിപ്പിച്ച് തന്നു. ഒരു ജോലിയെ ഞാനും തേടി പിടിച്ചു. ഇഴയുന്ന പ്രായത്തിലെ മോനാണ് പിന്നീട് എന്നെ വളർത്തിയതും ജീവിപ്പിച്ചതുമെന്ന് പറഞ്ഞാൽ തെറ്റാകില്ല.
നിലനിൽക്കാനുള്ള കാരണങ്ങളിലേക്ക് എത്തിപ്പിക്കുന്ന കാലത്തിന്റെ കൺകെട്ടാണ് ജീവിതമെന്ന് പിന്നീടുള്ള വർഷങ്ങളിൽ ഞാൻ അറിയുകയായിരുന്നു.
ബസ്സ് നിന്നു. മുത്തൂറ്റിലേക്ക് ഞാൻ ആഞ്ഞ് നടക്കുകയാണ്. കഴിഞ്ഞ മാസം ആശുപത്രി ചിലവൊക്കെ വന്നത് കൊണ്ടാണ് അരഞ്ഞാണം പണയം വെക്കേണ്ടി വരുന്നത്. സാരമില്ല. രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചെടുക്കാൻ സാധിക്കും. അങ്ങനെയൊക്കെ ചിന്തിച്ച് മുത്തൂറ്റിന്റെ മുറ്റത്തേക്ക് എത്തിയപ്പോഴാണ് കൈയ്യിൽ എന്തോയൊരു കുറവ് എനിക്ക് അനുഭവപ്പെടുന്നത്.
‘ഈശ്വരാ….!’
അറിയാതെ ഞാൻ വിളിച്ചുപോയി. പൊന്നും, രേഖകളുമെല്ലാം വെച്ച പേഴ്സ് കാണാനില്ല! ബസ്സിൽ ഇരിക്കുമ്പോൾ മടിയിൽ വീണ ഷാളിന്റെ തലപ്പോട് ചേർത്ത് പേഴ്സ് കൈയ്യിൽ ഉണ്ടായിരുന്നു. എപ്പോഴാണ് ആ പിടുത്തം വിട്ട് പോയതെന്ന് യാതൊരു ഓർമ്മയുമില്ല. ബസ്സിൽ തന്നെ കാണണം. ഇറങ്ങിയ സ്റ്റോപ്പിലേക്ക് ഞാൻ തിരിച്ചോടി. നിരാശയായിരുന്നു ഫലം…
‘അതേയ്…’
എന്നും പറഞ്ഞ് ആരോ എന്റെ പുറത്ത് തൊട്ടിരിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ഇത് നിങ്ങളുടേത് അല്ലേയെന്ന അർത്ഥത്തിൽ ഒരു പ്രായമായ മനുഷ്യൻ ചിരിക്കുന്നു. അൽപ്പം ഉയർന്ന് പിടിച്ച അയാളുടെ വലത് കൈയ്യിൽ എന്റെ പേഴ്സാണെന്ന് കണ്ടപ്പോൾ എനിക്ക് കരയാനാണ് തോന്നിയത്. നിറഞ്ഞ കണ്ണുകളോടെ ഞാനത് തുറന്ന് നോക്കി. എല്ലാം ഭദ്രമായി തന്നെയുണ്ട്.
കണ്ടോ… ഇത്രേയുള്ളൂ ഞാൻ… പ്രധാനപ്പെട്ടതൊന്നും സൂക്ഷിച്ച് വെക്കാനുള്ള കഴിവോ, വിവരമോ എനിക്കില്ല. അത് വസ്തുക്കളായാലും, മനുഷ്യരായാലും ഒരുപോലെ എന്നിൽ നിന്ന് വഴുതിപ്പോകുന്നു. എന്റെ മോന്റെ കാര്യത്തിലെങ്കിലും ഇങ്ങനെയൊന്നും സംഭവിക്കരുതെന്നേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ…
‘ഒരുപാട് നന്ദിയുണ്ട് അമ്മാവാ…’
ഞാൻ ആ പ്രായമായ മനുഷ്യന്റെ മുന്നിൽ കൈ കൂപ്പി നിന്നു. മറുപടിയെന്നോണം തനിക്കൊരു ചായ വാങ്ങി തന്നാൽ മതിയെന്ന് പറഞ്ഞ് ആ മെലിഞ്ഞ മനുഷ്യൻ ചിരിച്ചു. എന്റെ ചിറികളിലും ചിരി തെളിഞ്ഞു. ആ വെളിച്ചത്തിൽ അടുത്തുള്ള ചായക്കടയിലേക്ക് ഞങ്ങൾ നടക്കുകയായിരുന്നു. അപ്പോഴും, ബുദ്ധിമോശം കൊണ്ട് കൈവിട്ട് കളഞ്ഞയൊരു മനുഷ്യനെയോർത്ത് ഉള്ളിന്റെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു…!!!
ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ