ചേച്ചി ഒരു പാക്കറ്റ് കോ,..ണ്ടം വേണം.. ” ആ ആവശ്യം കേട്ട പാടെ ആ ചേച്ചിയുടെ നെറ്റി

 

രചന : പ്രജിത്ത് സുരേന്ദ്രബാബു.

 

“ശ്ശെടാ… ഒരു യൂ ട്യൂബ് ചാനൽ തുടങ്ങി കാശുണ്ടാക്കാം ന്നുള്ള നമ്മുടെ മോഹവും മൂഞ്ചി പോയല്ലോ.. അപ്‌ലോഡ് ചെയ്യുന്ന വീഡിയോ നേരെ ചൊവ്വേ ആരും കാണുന്നു പോലുമില്ല. ”

നിരാശയിൽ ആകാശ് ഇരിക്കുമ്പോൾ ഒപ്പം ചെന്നിരുന്നു സുഹൃത്ത് വിഷ്ണു…

” ടാ നമുക്ക് നല്ലൊരു കണ്ടന്റ് കിട്ടണം അത് വച്ചു വീഡിയോ ചെയ്യണം. എന്നാലേ കാര്യമുള്ളൂ.. അതിനു പറ്റിയ ഒരു ഐറ്റം എന്റെ കയ്യിൽ ഉണ്ട്. നീ ഓക്കേ ആണേൽ നമുക്ക് ചെയ്യാം.. ”

വിഷ്ണു പറഞ്ഞത് കേട്ട് ആകാംഷയിൽ അവന്റെ മുഖത്തേക്ക് നോക്കി ആകാശ്.

” പറയെടാ.. എന്താ കാര്യം.. “” അളിയാ നമുക്ക് ഒരു എക്സ്പ്രഷൻ ഷൂട്ട്‌ ചെയ്ത് വീഡിയോ ആക്കാം.. വേറൊന്നുമല്ല സ്ത്രീകൾ ഉള്ള മെഡിക്കൽ ഷോപ്പുകളിൽ പോകാം.. എന്നിട്ട് കോണ്ടം വേണമെന്ന് പറയാം.

അത് കേൾക്കുമ്പോഴും എടുത്തു തരുമ്പോഴും ഉള്ള അവരുടെ എക്സ്പ്രഷനും പ്രതികരണവും അവരറിയാതെ ഷൂട്ട് ചെയ്ത് എഡിറ്റ്‌ ചെയ്താൽ സൂപ്പർ ആകില്ലേ..

സംഭവം ഇച്ചിരി മസാല ടൈപ്പ് ആയത് കൊണ്ട് റീച്ച് കിട്ടാതിരിക്കില്ല.. മാത്രമല്ല മോശം പ്രതികരണം കിട്ടിയാൽ പഴഞ്ചൻ ചിന്താഗതിയുള്ള സമൂഹമെന്നോ മറ്റോ ക്യാപ്ഷൻ കൊടുത്ത് ഇറക്കാം ”

ആ ആശയം കേൾക്കെ ആകാഷിന്റെ മിഴികൾ വിടർന്നു.” അളിയാ പൊളി.. ഇത് ഉറപ്പായും ക്ലിക്ക് ആകും.. വേണേൽ ഒരു മസാല ബിജിഎം കൂടി മിക്സ്‌ ചെയ്യാം അപ്പോ പൊളിക്കും.. ”

അവനും ആവേശത്തിലായിരുന്നു. ” ടാ… പക്ഷെ നമ്മൾ പ്ലസ് ടു സ്റ്റുഡന്റ്സ് അല്ലെ.. അന്നേരം കോണ്ടം ഒക്കെ ചെന്ന് വാങ്ങുമ്പോൾ സീൻ ആകോ ന്ന് ഒരു പേടി ഇല്ലാതില്ല.. മാത്രല്ല പരിചയം ഉള്ള ആരേലും കണ്ടാലോ… വീഡിയോ എടുക്കുവാണെന്നൊന്നും പറഞ്ഞാൽ ചിലപ്പോ വിശ്വസിക്കില്ല. ”

വിഷ്ണു ചെറിയൊരു സംശയത്തോടെ നോക്കുമ്പോൾ അതൊന്നും ആകാശിന് ഒരു പ്രശ്നമേ അല്ലായിരുന്നു.

“ടാ നമുക്ക് സിറ്റിയിലേക്ക് പോകാം അവിടുള്ള മിക്ക മെഡിക്കൽ ഷോപ്പുകളിലും ലേഡീസ് ആണ്. മാത്രമല്ല അവിടെ ആകുമ്പോ പരിചയക്കാർ ആരും കാണില്ല ”

മറുപടി പറഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റു അവൻ. ” ഇപ്പോ പോകാം നമുക്ക് നേരെ വീട്ടിൽ പോയി ക്യാമറ എടുക്കേണ്ട താമസം. ”

വേഗത്തിൽ തന്റെ ബൈക്കിലേക്ക് കയറി ആകാശ് പിന്നെ ഒന്നും ചിന്തിക്കാതെ ഒപ്പം വിഷ്ണുവും കേറി. അങ്ങിനെ വലിയ ആവേശത്തോടെ അവർ. സിറ്റിയിലേക്ക് തിരിച്ചു.

അത്യാവശ്യം തിരക്ക് കുറഞ്ഞ ഒരു ഭാഗത്തെ മെഡിക്കൽ ഷോപ്പ് ആണ് ആദ്യം അവർ തിരഞ്ഞെടുത്തത്.

” ടാ… ഇവിടുന്ന് തുടങ്ങാം ദേ ആ ചേച്ചി മാത്രേ ഉള്ളു ഇപ്പോ ഷോപ്പിൽ.. നീ വീഡിയോ ഷൂട്ട്‌ ചെയ്യ് ഞാൻ പോയി ചോദിക്കാം..”

ആകാശ് തയ്യാറെടുപ്പുകളോടെ ക്യാമറ വിഷ്ണുവിന് നൽകി മെഡിക്കൽ ഷോപ്പ് ലക്ഷ്യം വച്ച് നടന്നു.

“എന്താ മോനെ വേണ്ടേ.. “അവനെ കണ്ട പാടെ ഷോപ്പിലെ ചേച്ചി തിരക്കി ” ചേച്ചി ഒരു പാക്കറ്റ് കോണ്ടം വേണം.. ”

ആ ആവശ്യം കേട്ട പാടെ ആ ചേച്ചിയുടെ നെറ്റി ചുളിഞ്ഞു. ആകാശിനെ ഒന്ന് അടിമുടി നോക്കി തന്റെ ഭാവമാറ്റം അധികം പുറത്തു കാട്ടാതെ തന്നെ അവർ വേഗം ഒരു പാക്കറ്റ് കോണ്ടം എടുത്ത് അവന് നേരെ കൊണ്ട് വന്നു

” ചേച്ചി.. ഈ കോണ്ടങ്ങളിൽ നല്ല സുഖം കിട്ടുന്ന ബ്രാന്റോ ഫ്ലേവറോ ഏതാണെന്ന് പറയോ.. ” വീഡിയോയ്ക്ക് വേണ്ടത് കിട്ടാനായി അവൻ വീണ്ടും ചോദ്യമെറിഞ്ഞു.

” എന്റെ മോനെ.. എനിക്ക് അറില്ല ഞാൻ ഇതൊന്നും ഉപയോഗിച്ച് നോക്കീട്ട് അല്ല ഇവിടെ കൊണ്ട് വെച്ചേക്കുന്നേ.. ”

പുച്ഛത്തോടെയാണ് ആ മറുപടി കിട്ടിയത്. മാത്രമല്ല ആകാശിനെ അടിമുടി ഒരിക്കൽ കൂടി ഒന്ന് നോക്കി തുടർന്നു അവർ.

“നിങ്ങൾ ഈ ചെറിയ പിള്ളേര് ഈ സാധനവും വാങ്ങി എവിടേക്കാണ് പോണതെന്നും എനിക്ക് അറില്ല.. അത് തിരക്കണമെന്നുണ്ടേലും ചോദിക്കാനും ഞാൻ ഇല്ല. മക്കള് ചെല്ല്.. ഇതൊന്നും അത്ര നല്ലതല്ല എന്ന് മാത്രം മനസ്സിൽ വച്ചോ.. ”

വല്യ താത്പര്യം ഇല്ലാത്ത മട്ടിൽ അവര് ഒരു പേപ്പർ എടുത്ത് ആ പാക്കറ്റ് പൊതിഞ്ഞു ആകാശിന് നേരെ നീട്ടി.

” അതെന്താ ചേച്ചി ഞങ്ങടെ പ്രായക്കാർക്ക് ഇത് ഉപയോഗിച്ചൂടെ.. അങ്ങിനെ എന്തേലും ഇതില് എഴുതീട്ടുണ്ടോ.. അതോ ഇതൊക്കെ ഉപയോഗിക്കുന്നത് കുറ്റം ആണെന്നാണോ ചേച്ചി പറയുന്നേ.. ”

വീണ്ടും വീണ്ടും അവരെ കൊണ്ട് കൂടുതൽ പറയിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു ആകാശ് അപ്പോൾ

” ഞാൻ ഇതൊക്കെ കച്ചവടം ചെയ്യാനിരിക്കുന്ന ആളാണ്. മോൻ ക്യാഷ് തന്നിട്ട് പൊയ്ക്കോ.. എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ല.. ”

മനഃപൂർവം അവർ ആ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറിയതാണെന്ന് മനസിലാക്കവേ പിന്നെ നിൽക്കാതെ കാശ് കൊടുത്തു തിരികെ നടന്നു അവൻ. ഈ സംഭവങ്ങൾ എല്ലാം കൃത്യമായി വിഷ്ണു ക്യാമറയിൽ പകർത്തിയിരുന്നു.

” അളിയാ ഓക്കേ ആണ് ചേച്ചി ആവശ്യത്തിനുള്ളതൊക്കെ തന്നിട്ടുണ്ട്. പഴഞ്ചൻ ചിന്താഗതി എന്നുള്ള ക്യാപ്‌ഷന് ഉള്ളതായി.. ഇനി അടുത്ത ഷോപ്പിൽ പോകാം. ”

വിഷ്ണു പറഞ്ഞത് കേട്ട് ബൈക്കിലേക്ക് കയറി ആകാശ്. വേഗത്തിൽ അവർ പാഞ്ഞു അടുത്ത മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി.

അടുത്തതായി സെലക്ട്‌ ചെയ്ത ഷോപ്പിൽ ഇരുപത്തിനും ഇരുപത്തഞ്ചിനും ഉള്ളിൽ പ്രായം തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടിയും ഒരു മധ്യവയസ്കനുമാണ് ഉണ്ടായിരുന്നത്..

” അളിയാ ഇത്തവണ ഞാൻ പോകാം “അവളെ കണ്ട മാത്രയിൽ വിഷ്ണു ആവേശത്തിലായി. അവൻ മുന്നിൽ നടക്കുമ്പോൾ ക്യാമറ ഒളിപ്പിച്ചു വച്ചു പിന്നാലെ ചെന്നു ആകാശ്.

” അതേ.. ഒരു പാക്കറ്റ് കോണ്ടം വേണം. “ആ ചോദ്യം കേട്ട് ഒരു ഭാവമാറ്റവും ആ ഷോപ്പിലെ രണ്ട് പേർക്കും ഉണ്ടായില്ല.

” രശ്മി.. നോക്ക് ദേ ആ രണ്ടാമത്തെ ഷെൽഫിൽ ന്ന് എടുത്തു കൊടുക്ക് ” മധ്യവയസ്കൻ കൈ ചൂണ്ടിയ സ്ഥലത്തു നിന്നും ഒരു പാക്കറ്റ് കോണ്ടം എടുത്തു വന്നു ആ പെൺകുട്ടി.

” അതേ.. ഇതിൽ ഏത് ഫ്ലേവറാ നല്ലത് എന്ന് അറിയോ.. അതുപോലെ കൂടുതൽ സുഖം കിട്ടുന്നതും”

അവൾക്കുള്ള അടുത്ത ചോദ്യം വിഷ്ണുവിന്റെ പക്കൽ റെഡിയായിരുന്നു. എന്നാൽ ആ ചോദ്യവും ആ പെൺകുട്ടിൽ വലിയ ഭാവമാറ്റമൊന്നുമുണ്ടാക്കിയില്ല. മാത്രമല്ല കൂടെ ഉണ്ടായിരുന്ന മധ്യവയസ്കന് നേരെ തിരിഞ്ഞു അവൾ .

” മാമാ.. ഇതിൽ ഏത് ഫ്ലേവർ ആണ് നല്ലത് സുഖം കൂടുതൽ കിട്ടുന്നതും.. “അവളുടെ ചോദ്യം കേട്ട പാടെ മുന്നിലേക്ക് വന്നു അയാൾ

” മോനെ.. ഡോട്ടട് വാങ്ങ് അതാ നല്ലത് ” ശേഷം ആ പെൺകുട്ടിക്ക് നേരെ തിരിഞ്ഞു. “മോളെ… ആ സ്ട്രോബറി ഫ്ലേവർ ഇങ്ങെടുക്ക്.”

എല്ലാം വളരെ സിമ്പിൾ. ആയി അവർ ഹാൻഡിൽ ചെയ്തപ്പോൾ അല്പം നിരാശനായി വിഷ്ണു. പാക്കറ്റ് എടുത്ത് പോക്കറ്റിൽ ഇട്ട് കാശും കൊടുത്ത് അവൻ തിരികെ ആകാശിനരികിൽ എത്തി.

” ഓ കെളവനും പെങ്കൊച്ചും നൈസ് ആയി കാര്യങ്ങൾ നീക്കി. അവർക്ക് ഇതൊന്നും വല്യ കാര്യമേ അല്ല… ”

അവന്റെ നിരാശ നിറഞ്ഞ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ചു പോയി ആകാശ് ” ടാ.. അവര് ചിലപ്പോ സ്ഥിരം ഇത് ഉപയോഗിക്കുന്നുണ്ടാകും.”

ആ മറുപടിയിലെ ദ്വയാർത്ഥം മനസ്സിലാക്കവേ വിഷ്ണുവും പൊട്ടിച്ചിരിച്ചു പോയി.”അങ്ങനാണേൽ കിളവന്റെ ഒക്കെ ഒരു യോഗം തന്നെ..”

വേഗത്തിൽ ബൈക്കിലേക്ക് കയറി അവർ അടുത്ത ഷോപ്പ് ലക്ഷ്യമാക്കി പാഞ്ഞു അങ്ങിനെ അന്നത്തെ ദിവസം ആറേഴു ഷോപ്പുകളിൽ കയറി ഇറങ്ങി അവർ. ചിലർ വകവെക്കാതെ സാധനം എടുത്തു കൊടുത്തപ്പോൾ ഒന്ന് രണ്ട് പേർ

‘എന്തിനാ വാങ്ങുന്നതെന്നുള്ള ചോദ്യവും ഇതൊന്നും അത്ര നല്ലതല്ല’എന്നുമൊക്കെ കമന്റുകളും ഒക്കെ അടിച്ചു….

ഒടുവിൽ വൈകുന്നേരം രണ്ടാളും വീഡിയോയ്ക്ക് ഉള്ളതൊക്കെ ശേഖരിച്ചു വീട്ടിലേക്ക് തിരികെ എത്തി.

” ആകാശേ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്നിട്ട് നമുക്ക് വീഡിയോ എഡിറ്റ്‌ ചെയ്യാം.. ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ അല്ലെങ്കിൽ പഴഞ്ചൻ ചിന്താഗതികൾ എന്നൊക്കെ വച്ച് കാച്ചി ഒരു ക്യാപ്ഷനും കൊടുക്കാം.. ഇത്തവണ നമ്മൾക്ക് റീച്ച് കിട്ടും ഉറപ്പ് നമ്മൾ വൈറൽ ആകേം ചെയ്യും ”

നല്ല ആത്മവിശ്വാസത്തിൽ ആയിരുന്നു വിഷ്ണു. അപ്പോഴാണ് ആകാശ് മറ്റൊരു കാര്യം ഓർത്തത് അളിയാ ഈ കോണ്ടം പാക്കറ്റുകൾ എന്ത് ചെയ്യും എന്റേൽ മൊത്തം ഏഴു പാക്കറ്റ് ഉണ്ട്.. ”

ആ ഒരു ചോദ്യത്തിനുള്ള മറുപടി വിഷ്ണുവിന്റെ പക്കലും ഇല്ലായിരുന്നു.” എടാ അത് അബദ്ധമായി പോയി.. വന്ന വഴിക്ക് എവിടേലും കളയാൻ ഉള്ളതായിരുന്നു. ”

അവനും അപ്പോഴാണ് ആ കാര്യം ഓർത്തത് ” എടാ നീ തത്കാലം റൂമിൽ തന്നെ വച്ചേക്കു നാളെ സ്കൂളിൽ പോണ വഴിക്ക് എവിടേലും കളയാം.. ”

ഒടുവിൽ പോംവഴിയും വിഷ്ണു തന്നെ കണ്ടെത്തി അതോടെ ആ പാക്കറ്റുകൾ ക്യാമറാ കവറിനുള്ളിൽ ഒളിപ്പിച്ചു ആകാശ് വീട്ടിലേക്ക് പോയി വിഷ്ണു ആകാശിന്റെ ബൈക്കുമായി തന്റെ വീട്ടിലേക്കും.

ആകാശ് ഗേറ്റ് കടന്നു വീട്ടിലേക്ക് കയറുമ്പോൾ മുൻവശത്തു തന്നെ നിന്നിരുന്നു അച്ഛനും അമ്മയും.. ചുറ്റുമതിലിനോട് ചേർന്ന് ഒന്ന് രണ്ട് അയൽക്കാരും

” ആ ദേ വന്നു.. നല്ല ക്ഷീണം ഉണ്ടെന്ന് തോന്നുന്നു “തന്നെ കണ്ടപാടെയുള്ള അയൽക്കാരുടെ കമന്റും അച്ഛന്റെയും അമ്മയുടെയും കടുപ്പിച്ച നോട്ടവും കാൺകെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലാക്കി അവൻ. ചെറിയൊരു പേടിയോടെയാണ് അവൻ പതിയെ വീടിനരികിലേക്ക് നടന്നത്.

” ഒരുമ്പെട്ടോനെ.. ഇപ്പോഴേ നീ പാഴായി പോയി അല്ലെ.. “അച്ഛന്റെ നിയന്ത്രണം വിട്ട് തനിക്ക് നേരെ പാഞ്ഞു വരുമ്പോൾ ഒന്നും മനസിലാകാതെ അന്ധാളിച്ചു നിന്നു പോയി അവൻ.. ഒറ്റ അടി…. അതിൽ തന്നെ നില തെറ്റി നിലത്തേക്ക് വീണു. കഷ്ടകാലത്തിനു ക്യാമറ ബാഗിനുളിൽ വച്ച കോണ്ടം പാക്കറ്റുകളും വെളീൽ ചാടി.

” കണ്ടില്ലേ ചെക്കന്റേൽ സാധനം സ്റ്റോക്ക് ആണ്.. അപ്പോൾ ന്യൂസിൽ. കണ്ടതൊക്കെ ഉള്ളത് തന്നാ ”

ആദ്യം അത് കണ്ട് അമ്പരന്നത് അയൽക്കാർ തന്നെയാണ് പിന്നാലെ ആകാശിന്റെ അച്ഛനും അമ്മയും

” ഇതെന്താടാ ഈ കാണുന്നെ.. നീ അപ്പോ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ തന്നല്ലേ.. വൃത്തി കെട്ടവനെ.. ഇത് തുടങ്ങീട്ട് എത്ര നാളായെടാ ”

കയ്യിൽ കിട്ടിയ ചൂലുമായി കലി തുള്ളി അമ്മ ഓടി അടുക്കുമ്പോൾ ഒന്നെഴുന്നേറ്റ് ഓടാൻ പോലും അവസരം കിട്ടിയില്ല ആകാശിന്.

” അമ്മേ.. ഇത് ഒരു വീഡിയോ ചെയ്യാൻ വാങ്ങിയതാ.. എന്താ അമ്മേ എന്താ കാര്യം ” ഓരോ അടിക്കിടയിലും അവൻ ഉച്ചത്തിൽ നിലവിളിച്ചു.

” നിന്റെ ഒരു വീഡിയോ.. സത്യം പറയടാ.. ഏവളുടെ അടുത്താടാ ഇതൊക്കെ വാങ്ങി പോയത്.. ”

അമ്മ ഉറഞ്ഞു തുള്ളുകയായിരുന്നു. ഒടുവിൽ അടി കൊണ്ട് അവശനായി എങ്ങനേലും ഓടി മുറിയിൽ കയറി കതകടച്ചു ആകാശ് പുറത്ത് അച്ഛന്റെയും അമ്മയുടെയും വക ബഹളങ്ങൾ കേട്ടിട്ടും അവൻ വാതിൽ തുറന്നില്ല. അപ്പോഴേക്കും ഫോണിൽ വിഷ്ണുവിന്റെ കോൾ വന്നു.

” അളിയാ പണി പാളിയെടാ… നമ്മൾ ഷോപ്പിൽ പോയി കോണ്ടം വാങ്ങുന്നത് ആ ഭാഗത്ത് നിന്നിരുന്ന ചാനലുകാര് കണ്ടിട്ട് അവരത് ഷൂട്ട് ചെയ്തു ‘വഴി തെറ്റുന്ന കൗമാരം’ എന്ന തലക്കെട്ട് വച്ച് ന്യൂസിൽ കൊടുത്തെടാ.. എന്നെ ദേ വീട്ടിൽ എടുത്തിട്ട് അലക്കി. ”

വിഷ്ണു പറഞ്ഞത് കേട്ടപ്പോഴാണ് എന്താണ് സംഭവിച്ചത് എന്ന് ആകാശിനും മനസിലായത്.

” ടാ പണി പാളിയാ എനിക്കും കിട്ടി പൊതിരെ തല്ല്… കാര്യം എന്താണെന്ന് ഇപ്പോഴാ അറിഞ്ഞത്.. ”

അവന്റെ സ്വരം വളരെ ദയനീയമായിരുന്നു. ” നമ്മൾ കഷ്ടപ്പെട്ട് വൈറലാകാൻ നോക്കിയപ്പോ മറ്റുള്ളവർ സിമ്പിൾ ആയി നമ്മളെ വൈറൽ ആക്കി അളിയാ.. ഇപ്പോ എല്ലാരുടേം ചർച്ചാ വിഷയം നമ്മൾ. രണ്ട് പേരുമാണ്… പണി മൊത്തത്തിൽ പാളി.. ”

വിഷ്ണുവിന്റെ മറുപടി കേൾക്കെ ആകാശിന്റെ കിളി പോയ അവസ്ഥയായി. ” ഇനീപ്പോ എന്ത് ചെയ്യുമെടാ ”

” ഒന്നും ചെയ്യാൻ ഇല്ല രക്ഷപ്പെടണേൽ അച്ഛന്റേം അമ്മേടേം കാലു പിടിച്ചോ.. വേറെ വഴി ഇല്ല.. ”

മറുപടി പറഞ്ഞു കൊണ്ട് വിഷ്ണു കോൾ കട്ട്‌ ആക്കി. അതോടെ ഇനി കീഴടങ്ങുകയല്ലാതെ രക്ഷയില്ല എന്ന് ആകാശും മനസിലാക്കി. പതിയെ അവൻ മുറിയുടെ വാതിൽ തുറന്നു അടിയുടെ… ഇടിയുടെ.. പൊടിയുടെ..മേളം വീണ്ടും ആരംഭിച്ചു..

” ഒരുമ്പെട്ടോനെ… അവൻ ഈ പ്രായത്തിലെ ചെറ്റ പൊക്കാൻ തുടങ്ങി.. ” അമ്മാ തല്ലല്ലേ… അത് യൂ ട്യൂബ് വീഡിയോക്ക് വാങ്ങിയതാ വേറൊന്നിനും .. ”

” ഭാ! .. നാറി.. നിന്റെ ഒരു യൂ ട്യൂബ്.. നിർത്തിക്കോണം എല്ലാം ഇന്നത്തോടെ.. ” നിലവിളികളും തെറിവിളികളും വീടിനെ ആകെ മൊത്തം കുലുക്കി.

” ആ സാമാനവും വാങ്ങി ഏതോ പെണ്ണിനെ അടുത്ത് പോയിട്ട് അത് ഷൂട്ട് ചെയ്ത് വീഡിയോ യൂ ട്യൂബിൽ ഇടാനായിരുന്നു പോലും.. ”

” ദൈവമേ… പിള്ളേരുടെ ഒക്കെ ഓരോ ധൈര്യമേ.. അതും ഈ പ്രായത്തിൽ “ചുറ്റും കൂടിയ അയൽക്കാർ അപ്പോൾ പുതിയ പുതിയ കഥകൾ മെനയുകയായിരുന്നു.

അങ്ങിനെ വൈറൽ ആകാൻ ആഗ്രഹിച്ച രണ്ട് പേരുടെ ആഗ്രഹം ദൈവം അങ്ങ് നടത്തി കൊടുത്തു.. പിന്നെ കുറച്ചു നാളത്തേക്ക് സമൂഹ മാധ്യമങ്ങളിൽ അവര് തന്നെയായിരുന്നു വൈറൽ.

 

(ശുഭം )