താലിയും സിന്ദൂരവും
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)
“ഡാ അശോകേ,, കല്യാണം കഴിഞ്ഞു ഒരു ദിവസമേ ആയിട്ടുള്ളൂ എല്ലാവരും ചോദിച്ചു തുടങ്ങി എന്ത് സ്ത്രീധനം കിട്ടിയെന്ന്.. ഞാൻ എന്താ ഉത്തരം പറയുക..?
ആഹാ ചോദ്യം തുടങ്ങിയോ..
പിന്നേ അതുണ്ടാവില്ലേ. കാര്യം നീ സ്ത്രീധനം ചോദിച്ചില്ല എങ്കിലും ഒരു സർക്കാർ ജോലിക്കാരൻ അല്ലേ നീ നിന്റെ നിലയ്ക്കും വിലയ്ക്കുമുള്ള ബന്ധമാണോ കിട്ടിയത്..
ഇതൊക്കെ ആരുടെ അഭിപ്രായമാണ് അമ്മായി.. അമ്മയുടേയോ അതോ അമ്മായിയുടെയോ….?
എല്ലാവർക്കും ഈ വിവാഹത്തിന്
എതിർപ്പ് അല്ലായിരുന്നോ..
അശോകേ സത്യം പറഞ്ഞാൽ എനിയ്ക്ക് സംശയമുണ്ട് അവളുടെ വീട്ടുകാർ കൊടുത്തു വിട്ടത് സ്വർണം തന്നെയാണോ എന്ന്.. അതേയോ ഇതൊക്കെ അമ്മായി നേരത്തേ പറയേണ്ടേ ഇനിയിപ്പോൾ എന്താ ഒരു പരിഹാരം…..
ആ എനിക്ക് അറിയില്ല നീ അവളേ വിളിച്ചു നേരിട്ട് ചോദിയ്ക്കൂ..
ശരി അമ്മായിയ്ക്ക് അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ നമുക്ക് അത് പരിഹരിയ്ക്കണമല്ലോ..
എന്തായാലും അമ്മായി പോയി അമ്മയേ ഇങ്ങോട്ട് വിളിച്ചിട്ട് വാ.. കേൾക്കാത്ത താമസം അവർ അമ്മയേ വിളിക്കാൻ അടുക്കളയിൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുമായി എന്റെ മുന്നിലെത്തി..
എന്താടാ അശോകേ കാര്യം നാത്തൂൻ പറഞ്ഞു നീ എന്നേ അന്വേഷിച്ചു എന്ന്..
അതൊക്കെ പറയാം..
ഞാൻ അവളേ കൂടി ഇങ്ങോട്ട് വിളിക്കട്ടേ….
ഗീതു നീയൊന്നു ഇങ്ങോട്ട് വന്നേ..
എന്താ ഏട്ടാ കാര്യം..അവൾ പുറത്ത് വന്നു കാര്യം തിരക്കി..
എനിയ്ക്ക് ഇപ്പോൾ തന്നേ നിന്റെ അച്ഛനെ കാണണം.. വേഗം വിളിയ്ക്കൂ.. ചില കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തണം..
അമ്മ ഇത് കേട്ടു അമ്പരന്നു പോയി.. നീ എന്തോന്നോക്കെയാടാ അവളോട് പറയുന്നത്. .
അമ്മ ഇതിൽ ഇട പെടേണ്ടാ ഇത് ഞാൻ കൈകാര്യം ചെയ്തോളാം..
ഗീതു ഞാൻ പറഞ്ഞത് കേട്ടില്ലേ ഉടനെ അച്ഛനെ ഇങ്ങോട്ട് വരുത്തണം.. താമസിച്ചാൽ പറ്റില്ല. മ്മ് വേഗം ആയിക്കോട്ടെ.. എന്റെ നിർബന്ധം കാരണം അവൾക്ക് അനുസരിയ്ക്കേണ്ടി വന്നു..
അച്ഛൻ വീട്ടിലേയ്ക്ക് വന്നു..
എന്താ മോനേ പെട്ടെന്ന് എന്നേ വിളിപ്പിച്ചത്.. ഇവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ..
അതൊക്കെ ഞാൻ പറയാം..
ഗീതു നീ പോയി നിന്റെ ആഭരണങ്ങൾ
എല്ലാം എടുത്തോണ്ട് വാ..
എന്താ മോനേ എന്തുണ്ടെങ്കിലും പറഞ്ഞോളൂ അല്ലാതെ ഇങ്ങനെ മറച്ചു വെച്ചിട്ട് എന്നെയും മോളെയും വിഷമിപ്പിക്കരുത് ഞങ്ങൾ വെറും പാവങ്ങളാണ്..
അച്ഛൻ ഒന്ന് ക്ഷമിയ്ക്കൂ… ഗീതു ഞാൻ പറഞ്ഞത് അനുസരിയ്ക്കൂ വേഗം ആഭരണങ്ങൾ എടുത്തോണ്ട് വാ..
അവൾ വേഗം അകത്തു പോയി ആഭരണങ്ങൾ എടുത്തിട്ട് വന്നു.. അമ്മ ആകേ അമ്പരന്നു നിൽക്കുവാണ് അമ്മായിക്ക് ഒരു കുലുക്കവുമില്ല..
അച്ഛാ എന്നോട് അച്ഛനൊരു തെറ്റ് ചെയ്തു….
എന്താ മോനേ.. ഇങ്ങനെയൊക്കേ പറയുന്നത്…
ഒന്നുമില്ല ഇവിടെ പലർക്കും സംശയം സ്ത്രീധനം കുറഞ്ഞു പോയി എന്നത് മാത്രമല്ല തന്നത് സ്വർണം ആണോയെന്ന്. അതിൽ ഒരു തീർപ്പു വേണ്ടേ അതിനാണ് അച്ഛനെ വിളിച്ചത്..
ഞങ്ങൾ പാവങ്ങളാണ് മോനേ പക്ഷേ ഒരിയ്ക്കലും ആരേയും പറ്റിക്കാൻ അറിയില്ല…
അച്ഛാ ഞാനും ഒരിയ്ക്കലും കരുതുന്നില്ല എന്നേ പറ്റിച്ചുവെന്നു…
പക്ഷേ ഈ കാര്യത്തിൽ ഒരു അവസാനം വേണം അല്ലെങ്കിൽ ഞങ്ങൾക്ക് മനസമാധാനമായി ജീവിയ്ക്കാൻ കഴിയില്ല.. മോന് എന്ത് വേണമെങ്കിലും തീരുമാനിയ്ക്കാം….
കൂടുതൽ ഒരു തീരുമാനവും ഇല്ല ഞാൻ ഒരിയ്ക്കലും ഒരു തരി പൊന്നു പോലും അച്ഛനോട് ആവശ്യപ്പെട്ടില്ല ഇവളെ അല്ലാതെ…..
അത് കൊണ്ട് ഈ ആഭരണങ്ങൾ എല്ലാം സന്തോഷത്തോടെ തിരിച്ചു കൊണ്ടു പോകണം.. അച്ഛൻ എനിയ്ക്ക് തന്ന ഉപഹാരത്തിന്റെ പവിത്രതയിൽ എനിയ്ക്ക് വിശ്വാസക്കുറവില്ല..
പിന്നേ ഏതൊരു അച്ഛനും ആഗ്രഹിയ്ക്കില്ലേ തന്റെ മകൾ കല്യാണ പന്തലിൽ തന്റെ ജീവിത സമ്പാദ്യങ്ങൾ അണിഞ്ഞു നിൽക്കണമെന്ന് . അതൊന്നു കൊണ്ടു മാത്രം ഞാൻ അതിന് സമ്മതിച്ചെന്നേയുള്ളൂ..
എന്നോട് അല്പം എങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഈ ആഭരണങ്ങൾ തിരികേ കൊണ്ടു പോകണം.
കാരണം . ഇവളുടെ കഴുത്തിൽ ഞാൻ അണിയിച്ച താലിയുടെയും നെറ്റിയിൽ അണിയിച്ച സിന്ദൂരത്തിന്റെയും വില വേറേ ഒന്നിനും ഞാൻ കാണുന്നില്ല..
അതേ അമ്മായി നിങ്ങൾ എന്നോട് ക്ഷമിയ്ക്കണം.. നിങ്ങൾ ഇതൊന്നുമല്ല വിചാരിച്ചതു അല്ലേ ഞാൻ ഇവളെ അച്ഛനൊപ്പം പറഞ്ഞു വിടുമെന്നല്ലേ നിങ്ങൾ കരുതിയത്..
പക്ഷേ നിങ്ങൾ ഒന്ന് മറന്നു പോയി ഇവൾ എനിയ്ക്കായി ശരീരവും മനസ്സും നൽകി കഴിഞ്ഞ എന്റെ ഭാര്യയാണ് കേവലം ഒരു തരി പൊന്നിന്റെ അളവ് വെച്ചിട്ട് എനിയ്ക്കിവളെ കൈയ്യൊഴിയാൻ കഴിയില്ല..
ഞാൻ ഈ പറഞ്ഞതൊക്കെ മനസ്സിലാകണമെങ്കിൽ നിങ്ങളുടെ മകളുടെ കല്യാണം കഴിയണം അവൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും…
ഇനിയെങ്കിലും പെണ്ണിന്റെ സ്നേഹത്തിനു അവൾ അണിഞ്ഞു വരുന്ന പൊന്നിന്റെ തൂക്കം നോക്കി വിലയിടരുത്.. അതൊരു നല്ല കാര്യമല്ല..
എന്റെ അമ്മ എന്നേ അങ്ങനെയല്ല പഠിപ്പിച്ചത്.. പെണ്ണിന്റെ മനസ്സ് എനിക്ക് നന്നായി അറിയാം.. എന്റെ മുന്നിൽ അവർക്ക് യാതൊരു ഉത്തരവുമില്ലായിരുന്നു..
മോനേ ഒരുപാട് സങ്കടത്തോടെയും പേടിച്ചുമാണ് ഈ അച്ഛൻ ഇങ്ങോട്ട് വന്നത് പക്ഷേ ഇപ്പോൾ എന്റെ മനസ്സ് നിറഞ്ഞു എന്റെ മോൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്പാദ്യമാണ് മോന്റെ താലി….
അതിനു എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല..
ഒന്നും വേണ്ടാ അച്ഛാ ഒരായുസ്സ് മുഴുവനും എനിക്ക് കാത്തു സൂക്ഷിയ്ക്കാൻ ഇങ്ങനെയൊരു മുത്തിനെ എനിക്ക് തന്നതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത്..
അച്ഛൻ ധൈര്യമായി പൊക്കോളൂ എന്റെ കൈയ്യിൽ ഈ കൈകൾ എന്നും സുരക്ഷിതമായിരിയ്ക്കും..
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അച്ഛൻ പടിയിറങ്ങുമ്പോൾ എന്റെ തോളിൽ ചാഞ്ഞ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു….