കഥയിലെ നായിക
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)
അച്ചു.. നിന്റെ ഏട്ടൻ എവിടെ…?
ആരിതു ദീപു ഏട്ടനോ.. ഒന്നും പറയണ്ടാ കൂട്ടുകാരൻ ദാ മുറിയിൽ കയറി കതകടച്ചു ഇരിപ്പുണ്ട്..
അതെന്താ അവനിപ്പോൾ അങ്ങനെയൊരു മാറ്റം.. ആഹ് എനിക്കറിയില്ല ഇന്നലെ തിരുവനന്തപുരം വരേ ഇന്റർവ്യൂനു പോയിട്ട് വന്നതാ അപ്പോൾ തുടങ്ങിയതാണ്.. ഓരോന്നും ആലോചിച്ചു ഇരിപ്പ്….
അതിന് മാത്രം ഇതിപ്പോൾ എന്താ പറ്റിയത് വല്ല ചുറ്റിക്കളിയും ആണോ…
നിങ്ങളുടെ കൂട്ടുകാരൻ അല്ലേ മിക്കവാറും എന്തെങ്കിലും ചുറ്റിക്കളി കാണും ഒരു കലപ്പയിൽ കേട്ടാലോ രണ്ടിനേം…
അല്ല നമ്മൾ ഇന്നെന്താ രാവിലേ ഇങ്ങോട്ട് പോന്നത് രണ്ടും കൂടി അറിഞ്ഞാണോ ഈ നാടകം..
എന്ത് നാടകം നീയൊന്നു പോയേ. ഞാനൊന്നു കാര്യം തിരക്കട്ടേ.. ഇന്ന് ക്ലബ്ബിൽ നൂറ് കൂട്ടം പണിയുണ്ട് അവനില്ലെങ്കിൽ ഒന്നും നടക്കില്ല..
മ്മ്മ്മ് നടക്കട്ടേ നടക്കട്ടെ.. മൺവെട്ടിയ്ക്കു കൂട്ട് പിക്കാസ്…. അങ്ങനെയാണല്ലോ രണ്ടും..
മ്മ്മ് അറിയാലോ.. നീ പോയി വല്ലതും പഠിയ്ക്കാൻ നോക്കൂ പെണ്ണേ ഡിഗ്രി എക്സാം ഇങ്ങ് വരാറായി.
ഞാൻ പോയേക്കാം ഇവിടെയുമുണ്ട്
ഒരെണ്ണം മിണ്ടിയാൽ പറയും പോയിരുന്നു പഠിക്കാൻ.. മ്മ്..
പുറത്തേ ശബ്ദം കേട്ടാണ് ഞാൻ വാതിൽ തുറന്നത്.
ദാ വന്നല്ലോ കൂട്ടുകാരൻ ഇനിയെന്താന്നു വെച്ചാൽ ആയിക്കോളൂ.
ടാ അജയ് . ഇവൾക്കിത്തിരി തണ്ട് കൂടുതലാണ്..
അത് നിങ്ങള് സഹിയ്ക്കേണ്ടാ കേട്ടല്ലോ…
എന്താടി അതി രാവിലെ വഴക്കിടുന്നത് നിനക്ക് വേറെ പണിയൊന്നുമില്ലേ പോയി രണ്ടു ചായ ഇട്ടോണ്ട് വാ..
അത് കൊള്ളാം ഒരാൾ പറയുന്നു ചായ
ഇടാൻ കൂട്ടുകാരൻ പറയുന്നു പോയിരുന്നു പഠിക്കാൻ.. ഞാൻ എന്ത് ചെയ്യണം ..
നീ ഒന്നും ചെയ്യേണ്ടാ അകത്തു ചെന്നു അമ്മയോട് പറ ദീപു വന്നിട്ടുണ്ട് രണ്ടു ചായ കൊണ്ട് വരാൻ.. അവളേ അകത്തേയ്ക്ക് പറഞ്ഞു വിട്ടു…
നീ എന്താടാ രാവിലേ കുറ്റിയും പറിച്ചു ഇങ്ങ് പോന്നത്..
അത് കൊള്ളാം ഇന്ന് ഒരുപാട് പ്രോഗ്രാം ഉള്ളതാണ് ക്ലബ്ബിന്റെ സെക്രട്ടറി ആണെന്ന് പറഞ്ഞു ഇരുന്നാൽ പോരാ..
വാർഷികം ഇങ്ങ് വരുവാണ് ഇന്ന് കമ്മറ്റി ഉള്ളതല്ലേ നീ വേഗം റെഡിയായി വാ….. സെക്രട്ടറി ഇല്ലെങ്കിൽ അവന്മാർ എല്ലാം കൂടി എന്നേ നിർത്തി പൊരിയ്ക്കും..
അതിന്..? നിനക്കും ഉത്തരവാദിത്തം
ഇല്ലേ നീയല്ലേ പ്രസിഡന്റ്.. ജോലി കിട്ടിയാൽ ഞാൻ സെക്രട്ടറി സ്ഥാനം ഒഴിയും പിന്നേ എല്ലാം നിന്റെ കൈയ്യിലാണ്..
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ക്ലബ്ബിൽ നിന്റെ വാക്കിനല്ലേ വിലയുള്ളൂ.. ഞാൻ വെറും പ്രസിഡന്റ്..
ഇന്നെന്താ പ്രേത്യേകിച്ചു അജണ്ട..?
നീ ഇവിടെയെങ്ങുമല്ലേ വായനശാല നിർമ്മാണത്തിന് പിരിവിനു ഇന്നിറങ്ങണം എന്ന് കഴിഞ്ഞ ആഴ്ചയിൽ കമ്മറ്റിയിൽ തീരുമാനം എടുത്തത് ഓർമ്മയില്ലേ…
എന്തുവാടാ രാവിലേ രണ്ടും കൂടി ഒരു ഗൂഢാലോചന… ഏയ്യ് ഒന്നുമില്ല അമ്മേ ക്ലബ്ബിന്റെ കാര്യങ്ങൾ പറയുവായിരുന്നു..
ആയിക്കോട്ടെ ഈ ചായ കുടിച്ചിട്ട് സംസാരിയ്ക്കൂ.. അത് പറഞ്ഞു അമ്മ അകത്തേയ്ക്ക് പോയി..
നീയൊന്നു വേഗം വാടാ അജയ്..
ദാ ഉടനെ വരാം കുളിച്ചു റെഡിയാകട്ടെ നീ ഇവിടെ ഇരിയ്ക്കൂ…. നിന്നോട് വേറെ ഒരു കാര്യം പറയാനുണ്ട്..
അത് എനിയ്ക്കും തോന്നി പക്ഷേ അതൊരു സന്തോഷമുള്ള കാര്യമാണെന്ന് മനസ്സിലായി…
മ്മ് അതേടാ…
എന്നാൽ നീ വേഗം വാ.. നിന്റെ കാര്യം തീർപ്പാക്കിയിട്ട് വേണം ക്ലബ്ബിൽ പോകാൻ…….. ഇതെന്താടാ ഈ വഴിയിൽ പോകുന്നത്.. ക്ലബ്ബിൽ ചെന്നിരുന്നു സംസാരിക്കാം അവിടെയിപ്പോൾ ആരും കാണില്ല..
വേണ്ടടാ ദീപു നമുക്ക് വേറെ ഒരു സ്ഥലം വരേ പോകാം…
എങ്ങോട്ടാ…. അതൊക്കെയുണ്ട് നിനക്ക് പേടിയുണ്ടോ.. .. അങ്ങോട്ട് വരാൻ..
പേടിച്ചിട്ടു കാര്യമില്ലല്ലോ നീ വിട്ടോ… ആ പഴയ ക്ഷേത്രത്തിനു അടുത്തെത്തി.. ടാ.. അജയ് ഇവിടെ. എന്തിനാണ് വന്നത് ഈ സ്ഥലം അത്ര ശരിയല്ല..
അത് ആൾക്കാർ ഓരോന്നും പറയുന്നതല്ലേ നീ അറിയാതെ എത്ര തവണ ഞാൻ ഇവിടെ വന്നിട്ടുണ്ട്.. എത്ര കഥകൾ ഇവിടെയിരുന്നു എഴുതിയിരിയ്ക്കുന്നു..
നിനക്ക് ശരിക്കും ഭ്രാന്ത് ആണ് സാഹിത്യം തലയ്ക്കു കയറി ഭ്രാന്ത് ആയതാണ്..
നീ വാ നമുക്ക് കോലോത്തു വരേ
പോയിട്ട് വരാം… വണ്ടി ഇവിടേ ഇരിയ്ക്കട്ടെ…
ഏത് തെക്കേടത്തു കോലോത്തെയ്ക്കോ… നിനക്ക് വേറെ പണിയൊന്നുമില്ലേ അവിടുത്തെ കാര്യങ്ങൾ ഓരോന്നും കേൾക്കുമ്പോൾ തന്നേ പേടിയാണ്…. .
നിനക്കെന്നെ കൊലയ്ക്കു കൊടുക്കാനാണോ ആഗ്രഹം..
നീ എന്തിനാണ് ഇങ്ങനെ വല്ലവരും പറയുന്നത് കേട്ടു പേടിയ്ക്കുന്നത് ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടു ആണ്…
നിനക്ക് അങ്ങനെ പറയാം സാഹിത്യകാരന് ഇതൊക്കെ ഒരു രസം അല്ലേ എന്നാൽ എനിയ്ക്കിത്തിരി പേടിയുണ്ട്…
കേട്ടിട്ടുണ്ട് പണ്ട് അവിടേ നടന്ന ദുർമരണങ്ങളെ പറ്റി. ഇളമുറ തമ്പുരാനും ആ വാല്യക്കാരി പെൺകുട്ടിയും.. കൊല്ലപ്പെട്ടത്…
നമ്മളൊക്കെ ജനിയ്ക്കുന്നതിനു വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമാണ് അതൊക്കെ.. ഇനി അങ്ങനെയൊക്കെ നടന്നിട്ടുണ്ടോ എന്ന് ദൈവത്തിനറിയാം..
നീ വിശ്വസിയ്ക്കേണ്ടാ.. ആ പൊതുവാൾ എന്നോട് പറഞ്ഞതാണ്.. അയാൾക്ക് നല്ല പ്രായമുണ്ട്.. പഴയ കാര്യങ്ങളെല്ലാം നല്ല ഓർമ്മയും..
കഷ്ടം.. ആ പൊതുവാൾ അങ്ങനെ എന്തെല്ലാം പറയുന്നു നീയല്ലാതെ ആരെങ്കിലും ഇതൊക്കെ കാര്യമായി എടുക്കുമോ.. അയാൾ എന്നോട് തന്നേ പലതവണ പറഞ്ഞിട്ടുണ്ട് ഈ വഴി പോകരുത് എന്ന്. ഞാൻ ഒന്നും കാര്യമാക്കിയിട്ടില്ല..
എന്നാലും എനിക്ക് ലേശം പേടിയുണ്ട്…
അതൊന്നും കുഴപ്പമില്ല നീ വാ ഞാനില്ലേ കൂടേ അവിടേ കാണാൻ നല്ല രസമാണ്..
നിനക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേറെ എത്ര സ്ഥലങ്ങൾ ഉണ്ട് ഈ പ്രേതാലയം തന്നേ വേണോ… അതും കരി മൂർഖനും, കടവാവലുമെല്ലാമുള്ള ഈ കോലോത്തു തന്നേയിരുന്നു സംസാരിയ്ക്കണോ…
അവയ്ക്കും ജീവിക്കേണ്ടേ. ഭൂമി അവയുടെ കൂടെയാണ്….
തുടങ്ങി അവന്റെ സാഹിത്യം.. നീ കാര്യം പറയടാ . അജയ്..
ടാ ഞാൻ പറയാൻ പോകുന്നത് കേട്ടാൽ നിനക്ക് ഭ്രാന്ത് ആയിട്ട് തോന്നരുത്.. സത്യം പറഞ്ഞാൽ അത് സ്വപ്നം ആണോ യാഥാർഥ്യമാണോ എന്ന് എനിക്കിപ്പോളും വിശ്വസിയ്ക്കാൻ പറ്റുന്നില്ല…
എന്താടാ കാര്യം..?
ഞാൻ കണ്ടുമുട്ടിയെടാ അവളേ..
ആരെ..
എന്റെ കഥയിൽ വിരിയുന്ന ആ മുഖം. ആ ധാവണിക്കാരി . അവളേ കണ്ടു മുട്ടിയെന്നു…….
ഇത് ഭ്രാന്ത് തന്നേ.. നിനക്ക് വേറെ ഒന്നും ചിന്തിയ്ക്കാനില്ലാതെ സദാ സമയം ഈ കഥാപാത്രങ്ങളെയും മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ടാണ്.. ഇങ്ങനെയുള്ള തോന്നൽ….
നിനക്ക് അങ്ങനെ തോന്നും.. പക്ഷേ..
ഞാൻ പറഞ്ഞത് സത്യമാണ്. എന്റെ കഥകളിൽ ഞാൻ സൃഷ്ടിച്ച അതേ രൂപമായിരുന്നു അവൾക്ക്..
അതേ കണ്ണുകൾ അതേ മുഖം. മുടി. സംസാരം. എല്ലാം അതുപോലെ തന്നേ..
നീ എവിടെ വെച്ചു കണ്ടു അവളേ..
ഞാൻ ഇന്നലേ ഇന്റർവ്യൂനു പോയില്ലേ.. ആ നാട്ടിൽ അവിടേ വെച്ചു ഞാൻ അവളേ കണ്ടു സംസാരിച്ചു..
ഇതിപ്പോൾ ഒരു ഫിലിം സ്റ്റോറി പോലെയുണ്ടല്ലോ അളിയാ.. ഇത് വരേ കാണാത്ത ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കല്പിച്ചു കഥ എഴുതുക..
ഒടുവിൽ അവളേ നേരിൽ കണ്ടു മുട്ടുക പരിചയപ്പെടുക മൊത്തത്തിൽ ഒരു പ്രണയം മണക്കുന്നുണ്ടോ…
അതാണ് ഞാൻ തുടക്കത്തിൽ നിന്നോട് പറഞ്ഞത് ഇത് സത്യമാണോ.. സ്വപ്നമാണോ എന്നൊന്നും ഇപ്പോഴും മനസ്സിലാകുന്നില്ല.. പക്ഷേ ഒന്നുണ്ട്..
എന്താടാa അവളുടേ പേര്..? നീ നടന്ന
കഥ വിശദീകരിച്ചു പറയൂ
“അന്ന്…
ഞാൻ അവളേ ആദ്യമായി കാണുന്നത് മനോഹരമായ ആ സായാഹ്നത്തിന്റെ പശ്ചാത്തലത്തിലാണ്.. ദൂരേ സൂര്യാസ്തമയം കാണുവാൻ ആ പാറക്കെട്ടിനു മുകളിൽ ഒറ്റയ്ക്കിരിക്കുന്ന അവളുടേ ആ രൂപം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു….
എന്താകാം അവൾക്ക് ഇത്രയധികം ആലോചിയ്ക്കാനുണ്ടാകുക അതൊന്നു അറിയാൻ വെറുതെ ഒരാഗ്രഹം തോന്നി.. എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ എന്നറിയാനാണ് ഞാൻ അവളുടെ അടുത്തു കൂടിയത്..
അതേ മാഷേ…. എന്നെക്കൂടെ കൂടേ കൂട്ടുമോ…..
എന്റെ ചോദ്യം അവൾക്ക് അത്ര ഇഷ്ടമായില്ല എന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു..
നിങ്ങളാരാ..?
ഞാൻ ഈ നാട്ടിൽ പുതിയതാണ്..ഒരു ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ടു വന്നതാണ്. …
ഈ കടപ്പുറത്താണോ ജോലി..
ഏയ്യ് എന്റെ ഇന്റർവ്യൂ നാളെയാണ് വെറുതെ നാടൊന്നു കാണാൻ ഇറങ്ങിയതാണ്…. അല്ല നമ്മൾ ഈ നാട്ടുകാരിയാണോ…
അതേല്ലോ.. എന്താ എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ… ഏയ്യ് തല്കാലം അങ്ങനെയൊരു ആവശ്യമില്ല.. എന്നാൽ ഇദ്ദേഹം ഒന്ന് പോകുമോ. ഞാൻ ഒന്ന് തനിച്ചിരിയ്ക്കട്ടെ..
ഞാനും തനിച്ചാണ് മാഷേ ഇവിടേ വന്നത് സമ്മതിയ്ക്കുവാണെങ്കിൽ ഇവിടേ ഇരുന്നോട്ടേ.. തന്റെ ചിന്തകൾക്ക് ഭംഗം വരുത്തില്ല ട്ടോ…..
ഏയ്യ് അത്ര വലിയ ചിന്തകൾ ഒന്നുമില്ല
അത് കൊണ്ട് നിങ്ങൾ കൂടെയിരുന്നത്
കൊണ്ട് കുഴപ്പമില്ല……. പിന്നേ എന്താണ് ഇത്രയും ആലോചന എന്നോട് പറയാൻ കഴിയുമെങ്കിൽ പറഞ്ഞൂടെ….
നിങ്ങൾ എന്നേ സംബന്ധിച്ച് ഒരു അപരിചിതനാണ്… എന്നാലും ഒരു മാന്യനാണ് എന്ന് തോന്നുന്നു…. അത് കൊണ്ട് പറയാം.. എന്റെ കഥ.. ഒരു കുഞ്ഞു കഥ…. കേൾക്കാൻ താല്പര്യമുണ്ടോ…….?
തീർച്ചയായും താല്പര്യമുണ്ട്.. പറഞ്ഞോളൂ..
അങ്ങനെ വലിയ കഥയൊന്നുമല്ല മാഷേ..
ഒരു എഴുത്തുകാരനോട് കഥയെക്കുറിച്ചു മാത്രം പറയരുത്..
അപ്പോൾ എഴുതുകാരനാണോ..
ആഹ് കുറേശ്ശേ.. എഴുതും.
മ്മ് അവൾ കഥ പറഞ്ഞു തുടങ്ങി… ഞാൻ ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയാണ്…… അച്ഛൻ വളരേ ചെറുപ്പത്തിൽ നഷ്ടമായി പിന്നേ എല്ലാം അമ്മയാണ് ഞങ്ങൾക്ക്……. എനിക്കൊരു അനിയനും അമ്മൂമ്മയുമുണ്ട്………
എന്നിട്ട് അവരിപ്പോൾ എവിടെയാണ്…?
അമ്മ വീട്ടിലുണ്ട്.. അനിയൻ ഹോസ്റ്റലിൽ നിന്നും പഠിക്കുന്നു…..ഞാൻ ചെറിയ ജോലിക്ക് പോകുന്നുണ്ട് അത് കൊണ്ട് അനിയന്റെ പഠനം നടക്കുന്നു …
ആഹാ വീട്ടിൽ നല്ല സന്തോഷമല്ലേ പിന്നേ എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത്…. അതിനു ആര് പറഞ്ഞു എനിക്ക് സങ്കടമാണെന്നു……..
മുഖം കണ്ടപ്പോൾ തോന്നി…. എന്തോ കുഴപ്പമുണ്ട്…..
ശരിയാണ് പറയാൻ ഒരുപാട് ഉണ്ട് മാഷേ.. അതിപ്പോൾ പറയാൻ കഴിയില്ല… ഒരു കഥ എഴുതാൻ മാത്രം.. വീണ്ടും കാണുമെങ്കിൽ അന്നേരം പറയാം.. ഇപ്പോൾ ഞാൻ പോകുന്നു.. സമയാകുന്നു.
എഴുത്തുകാരൻ അല്ലേ ക്ഷമയോടെ കാത്തിരിക്കൂ.. ഇത് പറഞ്ഞു അവൾ മടങ്ങി.. അവളുടെ കഥ പൂർണമായില്ലല്ലോ അജയ്………
ഇല്ലെടാ അതാണ് ഞാൻ പറഞ്ഞത്.. ഇനിയും എനിക്ക് പോകണം അവളേ തേടി അവളുടെ സങ്കടങ്ങൾ തേടി…. അവൾ പറയാൻ ബാക്കി വെച്ചത് അറിയാൻ..
ഒന്നറിയാം ഇനിയെന്റെ കഥയിലെ നായിക എന്നും അവൾ മാത്രമായിരിയ്ക്കും.. നീ പറഞ്ഞത് ശരിയാണ്.. ഒരു പക്ഷേ നിന്റെ വരവും കാത്തു അവൾ ഇരിപ്പുണ്ടാകും.. നീ പോകണം ഒട്ടും താമസിയ്ക്കാതെ.
നിന്റെ കഥയിലെ നായികയെ തേടി അവൾ പറയാൻ ബാക്കി വെച്ചത് അറിയാൻ ഈ നാട് ഒരുമിച്ചു കാത്തിരിയ്ക്കും….