അവനേ നീ അത്രയും ഇഷ്ടപ്പെട്ടതല്ലേ, എന്റെ മരുമോളായി എനിക്ക് നിന്നേ മാത്രമേ..

എന്റെ പെണ്ണ്
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

ആദിയേട്ടാ ഇതാ അമ്പലത്തിലേ പ്രസാദം, പാൽപായസവുമുണ്ട്.. ഇന്ന് ആദിയേട്ടന്റെ പിറന്നാളല്ലേ..

ഓഹ് എന്റെ പിറന്നാൾ നീ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ. നല്ലൊരു ദിവസമായിട്ട് രാവിലേ തന്നേ ശകുനം മുടക്കാതെ മുന്നിൽ നിന്നും മാറിക്കോ.. കറുമ്പി..

ഡാ ആദി നീ എന്തിനാ അവളോട്‌ ഇങ്ങനെ ചൂടാകുന്നത്.. അവൾ നിന്റെ മുറപ്പെണ്ണ് അല്ലേ.. നിന്റെ ഭാര്യയാകേണ്ടവൾ

ഇവളോ ഈ കറുമ്പിയോ കേൾക്കാൻ നല്ല രസമുണ്ട്..

നീയെന്തിനാ അവളേ കറുമ്പി എന്ന് വിളിക്കുന്നത് അവൾക്ക് ഇത്തിരി നിറം കുറവുണ്ട് എന്നാലും സുന്ദരിയാണ്..

അമ്മയോട് ഞാൻ ഇതിന് മുന്നേ പറഞ്ഞിട്ടുണ്ട് ഇവളെ കെട്ടാൻ എനിക്ക് താല്പര്യമില്ലന്നു..

അങ്ങനെ പറഞ്ഞു ഒഴിയേണ്ടാ ആദി ഞാൻ ജീവിച്ചിരിയ്ക്കുന്നെങ്കിൽ ഇതേ നടക്കൂ..

എന്റെ ഭാര്യയാകാനും മാത്രം എന്താ ഇവൾക്കുള്ള  യോഗ്യത..

എന്താണ്‌ അവൾക്കുള്ള  കുറവ് അത് നീ പറയൂ… നിന്നേ ഒരുപാട് ഇഷ്ടമല്ലേ അവൾക്ക്  എനിക്ക് പോലും നിന്റെ കാര്യങ്ങൾ ഇത്രയും ഓർമ്മയില്ല. കണ്ടില്ലേ ഇന്ന് അവൾ നിന്റെ പേരിൽ ക്ഷേത്രത്തിൽ പോയി വഴിപാട് കഴിച്ചത് അതാണ് നന്മ അതാണ് സ്നേഹം അത് നീ തിരിച്ചറിയണം ആദി..

അമ്മയെന്തൊക്ക പറഞ്ഞാലും പഠിപ്പില്ലാത്ത   ഇവളെ എനിക്ക് വേണ്ടാ…

പഠിപ്പാണോ ആദി സ്നേഹത്തിന്റെ അളവ് കോൽ. ഇപ്പോളും നീ അവളുടെ മനസ്സ് അറിയുന്നില്ല ആദി….  പിന്നേ അവൾ പഠിക്കാൻ മോശമായിട്ടല്ല പഠിത്തം നിർത്തിയത്. എനിക്ക് അസുഖം ബാധിച്ചപ്പോൾ നിന്റെ പഠനം മുടങ്ങണ്ട എന്ന് കരുതി പഠിത്തം ഉപേക്ഷിച്ചു എന്നേ സഹായിക്കാൻ നിന്നതാണ്…. അതോർക്കണം നീ.

അമ്മ എന്ത് പറഞ്ഞാലും ഇത് നടക്കില്ല

ഇത്രയും അഹങ്കാരം പാടില്ല ആദി..

വേണ്ടാ അപ്പച്ചി  എനിക്ക് വേണ്ടി നിങ്ങൾ രാവിലേ വഴക്ക് കൂടണ്ടാ…. എനിക്കൊരു വിഷമവുമില്ല.. ആദിയേട്ടൻ ഓഫീസിലേയ്ക്ക്
പൊക്കോളൂ…..

മോളേ നീ എന്തിനാ അങ്ങനെ
പറഞ്ഞത്. നിനക്ക് അവനേ ഇഷ്ടമല്ലേ..

ഞാൻ ഇഷ്ടപ്പെട്ടിട്ട് കാര്യമില്ലല്ലോ അപ്പച്ചി  ആദിയേട്ടന് ഇഷ്ടമാകണ്ടേ എന്നേ അത് കൊണ്ട് ഞാൻ എല്ലാം മറക്കാൻ നോക്കാം..

നിനക്കതിനു കഴിയുമോ മോളേ.. അവനേ നീ അത്രയും ഇഷ്ടപ്പെട്ടതല്ലേ എന്റെ മരുമോളായി  എനിക്ക് നിന്നേ മാത്രമേ  കാണാൻ കഴിയൂ…. ഞാൻ നിന്റെ അച്ഛന് കൊടുത്ത വാക്കാണ്..

ഏട്ടനേ ധിക്കരിച്ചു ഒരാളുടെ കൂടെ ഇറങ്ങിപ്പോയതാണ് ഞാൻ… അതിനു ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു. പട്ടിണി കിടന്നു, അയാളുടെ ചീത്ത വിളി കേട്ടു, ഉപദ്രവം സഹിച്ചു. ഒടുവിൽ ഏട്ടൻ ഇങ്ങോട്ട്  കൂട്ടി കൊണ്ടു വന്നില്ലായിരുന്നുവെങ്കിൽ ഞാനും എന്റെ മോനും ആത്മഹത്യ ചെയ്യേണ്ടി വന്നേനേ…

അതൊന്നും എനിക്ക് മറക്കാൻ പറ്റില്ല
എന്നേ പോലേ ഇനിയും ഒരു പെൺകുട്ടിയുടെ കണ്ണീർ വീഴാൻ ഞാൻ അനുവദിക്കില്ല..

അതൊക്കെ പഴയ കാര്യങ്ങൾ അല്ലേ അപ്പച്ചി പിന്നേ ആദിയേട്ടൻ പറഞ്ഞതിലും കാര്യമില്ലേ… ആദിയേട്ടന്റെ പഠിപ്പിനും ജോലിക്കും
ചേർന്ന ഒരു പെണ്ണ് വേണം അങ്ങനെയൊരാളെ
വേഗം കണ്ടെത്തണം അപ്പച്ചി….

മോളേ ദേവൂ നീ എന്താണീ പറയുന്നത്…

സത്യമാണ് അപ്പച്ചി…

നമുക്ക് ആദിയേട്ടന്റെ ഭാവിയല്ലേ വലുത്….

വരട്ടേ ഞാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ട് മോളേ…

നിന്നേ അനാഥയാക്കാൻ എനിക്ക്… എന്റെ ഏട്ടന്റെ ആത്മാവ് എന്നോട് പൊറുക്കില്ല… ഇന്ന് രാത്രിയിൽ ആദിയോട് സംസാരിച്ചു ഒരു തീരുമാനം എടുക്കും. അന്ന് രാത്രിയിൽ… ആദി നീ രാവിലെ പറഞ്ഞത് കാര്യമായിട്ടാണോ.. നിന്റെ തീരുമാനം മാറില്ലേ..

ഇല്ല അമ്മേ എന്റെ തീരുമാനം അതാണ് എനിക്ക് അവളേ വിവാഹം ചെയ്യാൻ പറ്റില്ല…

പഴയതൊന്നും നീ മറക്കരുത് ആദി നിന്റെ അമ്മാവനെയും കുടുംബത്തേയും ധിക്കരിച്ചു ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയവളാണ് ഞാൻ..

അത് തെറ്റായിപ്പോയി എന്ന് മനസ്സിലാക്കാൻ സമയമെടുത്തു.. അപ്പോളേക്കും ഏറെ വൈകിയിരുന്നു… അന്ന് ഏട്ടൻ വന്നു നിന്നേയും എന്നേയും തറവാട്ടിലേക്ക് കൂട്ടിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നമ്മൾ ഇന്ന് ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല……

തിരിച്ചു കൊണ്ട് വന്നു ഈ തറവാടും എന്റെ പേരിൽ എഴുതി തന്നപ്പോൾ ഏട്ടൻ ഒരാഗ്രഹമേ പറഞ്ഞുള്ളൂ.. നിന്റെ ആദിയെക്കൊണ്ട് എന്റെ ദേവൂനെ കെട്ടിക്കണമെന്നു.. ഒന്നോർക്കണം നീ നിന്റെ ഈ വലിയ പഠിത്തവും ജോലിയുമെല്ലാം ആ മനുഷ്യന്റെ വിയർപ്പാണ്..

എല്ലാം എനിക്കോർമ്മയുണ്ട് അമ്മേ എന്ന് കരുതി എനിക്ക് താല്പര്യമില്ലാത്ത ഒരു കല്യാണം നടത്തണോ….

പിന്നേ അവളേ എന്ത് ചെയ്യണം…

അവൾക്ക് നല്ലൊരു പയ്യനെ കണ്ടു പിടിക്കാൻ ബ്രോക്കറോട് പറയാം..

എത്ര പെട്ടെന്ന് നീ പറഞ്ഞൊഴിഞ്ഞു ആദി..

അമ്മയോട് ഇനിയും ഒന്നുമൊളിക്കാൻ കഴിയില്ല..
എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്

എന്താ ആദി നീ പറയുന്നത്..?

സത്യമാണ് അമ്മേ.. എന്റെ  എം. ഡി യുടെ മകൾ സാക്ഷി.. അവൾക്കെന്നെയും ഇഷ്ടമാണ് അവൾക്ക് പഠിപ്പുണ്ട് സൗന്ദര്യമുണ്ട്… അവളേ കല്യാണം കഴിച്ചാൽ പിന്നേ ഞാനാണ് ആ കമ്പനിയുടെ  ജി. എം. എനിക്കെന്റെ ഭാവി നോക്കണം. അത് കൊണ്ട് അമ്മ അവൾക്ക് വേറേ ഒരാളെ നോക്കൂ..

ആദി അവരൊക്കെ വലിയ ആളുകളാണ്  ചിലപ്പോൾ നിന്നെക്കാൾ മികച്ചത് കണ്ടാൽ നിന്നെ ഉപേക്ഷിച്ചു പോകും. നമുക്ക് അത് വേണ്ടാ മോനേ…

അങ്ങനെയൊന്നുമില്ല അമ്മ ഇത് നടത്തി തരണം…

ആദിയേട്ടന്റെ ഇഷ്ടമതാണെങ്കിൽ നടത്തികൊടുക്കണം അപ്പച്ചി… ദേവൂ അങ്ങോട്ട് കടന്നു വന്നു… ആദി മുറി വിട്ടിറങ്ങി… അപ്പച്ചി ആ കുട്ടിയേ ഞാൻ കണ്ടിട്ടുണ്ട് ഒരു തവണ ആദിയേട്ടന്റെ ഓഫീസിൽ പോയപ്പോൾ.. നല്ല കുട്ടിയാണ് ആദിയേട്ടന് ചേരും..

അവന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നേ നടക്കട്ടേ.. പക്ഷേ അതിനു മുമ്പേ മോളുടെ കല്യാണം നടത്തണം അതിന് മോൾ സമ്മതിയ്ക്കണം…… ഇനിയെല്ലാം അപ്പച്ചി പറയും പോലേ…

രാത്രിയിൽ സാക്ഷിയുടെ കാൾ… പതിവില്ലാതെ ഇവളെന്താ ഈ സമയത്ത് ആദിയ്ക്ക് ടെൻഷനായി.. ഹലോ സാക്ഷി…

ആദി നീ ഉറങ്ങിയില്ലേ.,?

ഇല്ല സാക്ഷി..

നീയെന്താ ഈ സമയത്ത് വിളിച്ചത്..

ഒരു കാര്യം പറയാനുണ്ട് നിന്നോട് നാളെ നീ നേരത്തേ വരണം..

സാക്ഷി ഞാൻ നമ്മുടെ കാര്യം അമ്മയോട് പറഞ്ഞു…

എന്നിട്ട് അമ്മയെന്താ പറഞ്ഞത്… അമ്മയ്ക്ക് സമ്മതമാണെന്ന് തോന്നുന്നു.. അപ്പോൾ ആദി ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് രാവിലെ സംസാരിക്കാം..

ഗുഡ് നൈറ്റ്..

ഗുഡ് നൈറ്റ്… സാക്ഷി..

രാവിലെ ഓഫീസിലെത്തിയപ്പോൾ… ആദി… ഞാൻ നിന്നേ കാത്തിരിക്കുവായിരുന്നു…

എന്താ സാക്ഷി കാര്യം..?

നമുക്ക് പുറത്തേയ്ക്ക് പോകാം കുറച്ചു സംസാരിക്കാൻ ഉണ്ട് നിന്നോട്.. നിനക്ക് ഇന്ന് ഹാഫ് ഡേ ലീവ് മേടിച്ചിട്ടുണ്ട്… വാ നമുക്ക് പോകാം…

സ്ഥിരം സമയം ചിലവഴിയ്ക്കാറുള്ള കോഫി ഷോപ്പിന്റെ മുന്നിൽ അവളുടെ കാർ നിന്നു.. ഒരു മേശയ്ക്ക് ഇരു വശവും ഞങ്ങൾ പരസ്പരം നോക്കിയിരുന്നു… സാക്ഷി നിനക്കെന്താ ഒരു മൗനം..?

ആദി ഞാൻ അത് പറയുമ്പോൾ നീ ദേഷ്യപ്പെടരുത്…

ഞാനും അച്ഛനും ആലോചിച്ചു എടുത്ത തീരുമാനമാണ്..

നീ കാര്യം പറയൂ…

ആദി അടുത്ത മാസം എന്റെ കല്യാണമാണ്.. നെക്സ്റ്റ് വീക്ക്‌ എൻഗേജ്മെന്റ് കാണും.. അച്ഛന്റെ ബിസ്സിനസ്സ് പാർട്ണറുടെ മകൻ അലോക് ആണ് വരൻ.. വലിയ ബിസ്സിനസ്സ് ഗ്രൂപ്പിന് ഉടമയാണ് അലോക്…

അപ്പോൾ സാക്ഷി നമ്മുടെ റിലേഷൻ  ഞാൻ മനസ്സിൽ കൊണ്ട് നടന്നതെല്ലാം… വെറുതെയായി അല്ലേ… ഞാൻ ഇനി അമ്മയോട് എന്ത് പറയും..?

എനിക്ക് നിന്നേ ഇഷ്ടമായിരുന്നു ആദി പക്ഷേ അച്ഛന്റെ നിർബന്ധം, അച്ഛന്റെ ബിസ്സിനസ്സ് വളർച്ച ഇതൊക്കെ ഒരു മകളെന്ന നിലയിൽ ഞാനും നോക്കണ്ടേ. നീ എന്നോട് ക്ഷമിക്കണം..

പിന്നെ നാളെ അലോക് നമ്മുടെ
കമ്പനിയുടെ  -ജി. എം . ആയിട്ട് സ്ഥാനമേൽക്കും,,, നീ വിഷമിക്കണ്ട ആദി നിനക്ക് ഉടനെ പ്രൊമോഷൻ ഉണ്ട്… ടൗണിൽ നമ്മുടെ പുതിയ സ്ഥാപനത്തിന്റെ . ജി.. എം.. ആയിട്ട് ഡയറക്ടർ ബോർഡിൽ ഞാൻ നിന്റെ പേര് ശുപാർശ ചെയ്തിട്ടുണ്ട്..

ഓഹ് ഔദാര്യം.. അവിടേ നിന്ന് നിന്റെയും നിന്റെ പുതിയ കാമുകന്റെയും ഇടയിൽ ഒരു ശല്യമാകാതിരിയ്ക്കാൻ.. നിനക്ക് പ്രണയം എന്നത് വെറും ബിസ്സിനസ്സ് കാഴ്ചപ്പാട് മാത്രമാണ്.. അത് തിരിച്ചറിയാൻ ഞാൻ വൈകി..

എന്നേ സ്നേഹിയ്ക്കുന്ന ഒരു മനസ്സ് കണ്ടില്ല എന്ന് വെച്ചിട്ടാണ് ഞാൻ നിന്നേ സ്നേഹിച്ചത് അതിനുള്ള ശിക്ഷയാകാം ഇത്.. ഒരിയ്ക്കൽ നിനക്ക് മനസ്സിലാകും എന്റെ സ്നേഹത്തിന്റെ ആഴമെത്രയുണ്ടായിരുന്നുവെന്ന്..

പക്ഷേ ഞാൻ ഒരിയ്ക്കലും നിന്നേയോർത്തു വിഷമിച്ചിരിയ്ക്കില്ല അതിനു ആദി വേറേ ജനിക്കണം.. പിന്നേ ദാ ഇവിടേ വെച്ചു ഞാൻ എന്റെ രാജി നിനക്ക് നൽകുന്നു.

നിന്റെയും കുടുംബത്തിന്റേയും ഒരു ആനുകൂല്യവും വേണ്ടാ എനിക്ക് ജീവിക്കാൻ…. കുടുംബ സ്വത്തായി എനിക്ക് കുറച്ചു പാടവും പറമ്പുമുണ്ട് . അവിടേ പണിയെടുത്തു ജീവിയ്ക്കും.. മണ്ണിലിറങ്ങാൻ ആദിയ്ക്കു മടിയില്ല.. നിന്റെ പുതിയ കൂട്ടുകാരനോടെങ്കിലും നീ നീതി പുലർത്തണം പുതിയ ലക്ഷ്യങ്ങൾക്ക് വേണ്ടി അവനേയും ഉപേക്ഷിക്കരുത് നിനക്ക് നല്ലത് വരട്ടേ..

ഇനി ഒരിയ്ക്കലും എന്നേ കാണാൻ നീ ശ്രമിക്കരുത്… ഗുഡ് ബൈ… വൈകുന്നേരം വീട്ടിലെത്തിയപ്പോൾ.. ആദി നിന്നോട് ഒരു കാര്യം പറയാനുണ്ട്..

എന്താണ്‌ അമ്മേ..?

നമ്മുടെ ബ്രോക്കർ കുമാരൻ ഇന്ന് ഇവിടേ വന്നിരുന്നു.. ദേവുവിന് പറ്റുന്ന ഒരു കേസ് പുള്ളിയുടെ കൈയ്യിലുണ്ട് ജാതകം വാങ്ങി പോയി..

നോക്കിയിട്ട് ചേരുമെങ്കിൽ  പയ്യനോട് ഞായറാഴ്ച വരാൻ പറയമല്ലേ… അത് കഴിഞ്ഞു നിന്റെ പെണ്ണിന്റെ വീട്ടിൽ പോകാം  നിന്റെ അഭിപ്രായം എന്താണ്‌.. ഞാൻ ഒന്നും മിണ്ടിയില്ല..

എന്താ മോനേ നിനക്ക് പറ്റിയത് ഒന്നും മിണ്ടാതെ ഇങ്ങനെയിരിയ്ക്കുന്നതു..

അമ്മേ എനിക്ക് തെറ്റ് പറ്റി എന്നേ സ്നേഹിയ്ക്കുന്നവളേ തിരിച്ചറിയാതെ മറ്റൊരുവളുടെ പണവും, പദവിയും നോക്കി പോയതിനു കിട്ടി..

എന്താ മോനേ പറ്റിയത്..?

അമ്മ പറഞ്ഞതാണ് ശരി നമുക്ക് ചേരുന്നവരുമായി മാത്രമേ കൂട്ടു കൂടാവൂ..

അവൾക്കെന്റെ സ്നേഹം ബിസ്സിനസ്സ് മുന്നോട്ട് കൊണ്ട് പോകാനുള്ള ഒരു ഉപാധി മാത്രമായിരുന്നു. ഞാൻ അതിപ്പോൾ തിരിച്ചറിഞ്ഞു.. ഞാൻ ആ ജോലി ഉപേക്ഷിച്ചു വന്നതാണ്…

എനിക്ക് വേണം എന്റെ പെണ്ണിനേ  .. ഇനിയാർക്കും വിട്ടു കൊടുക്കില്ല ഞാൻ അവളേ   … അമ്മയ്ക്ക് സന്തോഷമായി മോനേ നീ സത്യം തിരിച്ചറിഞ്ഞല്ലോ…… ചെല്ല് അവൾ മുറിയിലുണ്ട്… ഞാൻ അവളുടെ മുറിയിൽ ചെന്നു.. ദേവൂ …

ആദിയേട്ടനോ.. അപ്പച്ചി കാര്യങ്ങൾ പറഞ്ഞില്ലേ അവർ ചിലപ്പോൾ ഞായറാഴ്ച വരും എന്നെക്കാണാൻ.. പിന്നേ അധികം നാൾ ഞാനിവിടെ ഉണ്ടാകില്ല.. അത് പറഞ്ഞു തീർന്നതും ഞാനവളെ പുൽകി…

തെറ്റ് എന്റേതാണ് നിന്റെ സ്നേഹം തിരിച്ചറിയാതെ അർഹതയില്ലാത്തതു തേടി നടന്ന മണ്ടൻ… നീ മാണിക്യമാണ് ഈ വീട്ടിലേ മാണിക്യം ഇനി ഒരാൾക്കും ഞാൻ നിന്നേ വിട്ടു കൊടുക്കില്ല.. എന്റേത് മാത്രമാണ് നീ.. എന്റെ പെണ്ണ്..  ഇനിയും നിനക്കെന്നെ വിട്ടു പോകണോ കറുമ്പി..

ദേ ആദിയേട്ടാ എനിക്ക് ദേഷ്യം വരും ട്ടോ കറുമ്പി എന്ന് വിളിച്ചാൽ..

ആണോ എന്നാൽ അത് മാറാൻ ഒരു സമ്മാനം തരട്ടേ ഞാൻ.. ഞാൻ അവളുടെ മുടിയിഴകൾ മാടിയൊതുക്കി ആ നെറ്റിയിൽ ചുംബിച്ചു. അറിയാതെ കണ്ണുകളടച്ചു കൊണ്ട് എന്റെ മാറിലേക്ക് അവൾ ചാഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *