അച്ഛൻ അമ്മയെ അല്ലാതെ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ, രാവിലെ മൂനാം ക്ലാസ്സുകാരി മോളുടെ ചോദ്യം..

കൊച്ചു കൊച്ചു  സംശയങ്ങൾ
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

അച്ഛാ അച്ഛൻ അമ്മയെ അല്ലാതെ ആരെയെങ്കിലും
പ്രേമിച്ചിട്ടുണ്ടോ.. രാവിലെ മൂനാം  ക്ലാസ്സുകാരി മോളുടെ ചോദ്യം കേട്ടിട്ട് ഞാൻ വാ പൊളിച്ചു പോയി…

ഉത്തരം പറഞ്ഞു കൊടുക്കൂ അച്ഛന്റെ പുന്നാര മോളല്ലേ എല്ലാത്തിനും വളം വെച്ചു കൊടുത്തിട്ട് ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനെയാണ് മനുഷ്യാ…

അവള് കുഞ്ഞല്ലേടോ..

ആണോ എന്നാൽ പറഞ്ഞു കൊടുക്കൂ ഒരു സംശയം തീർത്താൽ അവളുടേ വകയായി ഉടനേ വരും അടുത്ത ചോദ്യം.. ഇങ്ങനെയുണ്ടോ ഒരു കുരുത്തക്കേട്..

അതാണ് പഴയ ആൾക്കാർ പറയുന്നത്
അമ്മ വേലി ചാടിയാൽ മോള് മതില് ചാടുമെന്നു.. അറിയാമോ തനിയ്ക്ക്..

അതേ രാവിലേ എന്റെ വായിൽ നിന്നും
ഒന്നും കേൾക്കരുത് പറഞ്ഞേക്കാം ഞാൻ ഏത് വേലിയാണ് ചാടിയത്…

താൻ ചൂടാകാതടോ.. മോളുടെ സംശയങ്ങൾ ഞാൻ തീർത്തോളം താൻ ഒരു കാഴ്ചക്കാരിയായി നിന്നാൽ. മതി..

എനിക്ക് അടുക്കളയിൽ കുറച്ചു പണിയുണ്ട് ഇവിടെ നിങ്ങളെ നോക്കിയിരുന്നാൽ അതാര് വന്നു ചെയ്തു തരും..

അതൊക്കെ ചെയ്തു തീർക്കാടോ ഇപ്പോൾ നമ്മുടെ മോളുടെ സംശയം മാറ്റേണ്ടേ  കുട്ടികളുടെ സംശയങ്ങൾ  പറഞ്ഞു കൊടുക്കേണ്ടത് അച്ഛനമ്മമാരാണ്..

അതിനു ഇവൾക്ക് ഇമ്മാതിരി വേണ്ടാത്ത സംശയങ്ങളാണ്.. ഇന്നാള് എന്നോട് ചോദിയ്ക്കുവാണ് അമ്മ എന്നേ എങ്ങനെയാണ് പ്രസവിച്ചതെന്നു…

തനിക്ക് പറഞ്ഞു കൊടുക്കാൻ മേലായിരുന്നോ എല്ലാ കാര്യങ്ങളും..

ശേ. വൃത്തികെട്ട മനുഷ്യൻ…

എന്താ വൃത്തികേട് അവൾ നമ്മുടെ ആദ്യരാത്രിയേക്കുറിച്ചൊന്നുമല്ലല്ലോ ചോദിച്ചത്..

ആഹ് ഇങ്ങനെ പോയാൽ അവൾ അതും ചോദിയ്ക്കും..

ചോദിച്ചാൽ ഞാൻ പറഞ്ഞു കൊടുക്കും..

എന്തിനാ പറഞ്ഞു കൊടുക്കുന്നത് ഒരു ബുക്ക്‌ വാങ്ങി അതിലും കൂടി എഴുതി കൊടുക്കൂ.. ഒട്ടും കുറയ്ക്കേണ്ടാ അതിനു മാത്രം ഉണ്ടല്ലോ കാര്യങ്ങൾ.. അച്ഛനും കൊള്ളാം മോളും കൊള്ളാം..

ഞങ്ങളുടെ സംസാരം കേട്ടിട്ടു മോള് രണ്ടാളെയും പരസ്പരം നോക്കി അവൾ ചോദിച്ച ചോദ്യത്തിന് ഇത് വരേ ഉത്തരം കിട്ടാഞ്ഞിട്ടാവാം ആ മുഖം വീർത്തു

ഞാൻ അവളേ അടുത്തേയ്ക്ക് വിളിച്ചു.അതേ മോളേ നീയിങ്ങു വാ അച്ഛനൊരു കൂട്ടം പറയാം….. അവൾ എന്റെ അടുത്ത് വന്നു..

അതേ മോളേ അമ്മ പറയുന്നതൊന്നും നീ കേൾക്കേണ്ട എന്തു സംശയമുണ്ടെങ്കിലും അച്ഛൻ പറഞ്ഞു തരാം….

എന്നാൽ അച്ഛൻ പറ ഞാൻ നേരത്തെ ചോദിച്ചില്ലേ..?

അതാണോ.. അച്ഛന് അമ്മയെക്കൂടാതെ ഒരാളെ കൂടി ഇഷ്ടമാണ്…

അതാരാ അച്ഛാ….

അതെന്റെ മോളൂട്ടിയാണ്.. അല്ലാതെ അച്ഛനാരെയും പ്രണയിച്ചിട്ടില്ല…

അയ്യോടാ പാവം.. എന്തൊക്കെ നുണയാണ് മനുഷ്യാ നിങ്ങളു പറയുന്നത്.  ബെഡ്‌റൂമിൽ ഇരിയ്ക്കുന്ന കോളേജ് മാഗസിൻ എടുത്തു നോക്കിയാൽ മനസ്സിലാകും ഈ
പാവത്തിന്റെ സ്വഭാവം…

താൻ മിണ്ടാതിരിയ്ക്കൂ.. ഞാൻ അവൾക്കൊന്ന് പറഞ്ഞു കൊടുക്കട്ടെ..

അച്ഛാ അമ്മ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..?

ദാ അത് നല്ല ഒരു ചോദ്യമാണ്.. അച്ഛൻ അതിനു കറക്റ്റ് ഉത്തരം പറഞ്ഞു തരാം..

എന്നാല് പറ അച്ഛാ…

അതേ മോളുടെ അമ്മ അച്ഛനെപ്പോലെയല്ല നല്ല ഗ്ലാമർ ആയിരുന്നു പണ്ട് എത്ര പേരു പുറകേ നടന്നിട്ടുണ്ടെന്ന് അറിയാമോ.. അവസാനം അച്ഛന്റെ തലയിലാണ് വന്നു വീണത്…

എന്തിനാ വീഴാൻ തലയും കൊണ്ട് വന്നത് അത് വഴി.. ആ താൻ ദേഷ്യപ്പെടാതെ ഞാനൊരൂ  തമാശ പറഞ്ഞതല്ലേ.. മോളേ രസിപ്പിക്കാൻ

ഇതാണോ തമാശ…

അച്ഛാ ദാ അമ്മ പിണങ്ങി എന്തിനാ അച്ഛൻ മോളൂന്റെ അമ്മയെ പിണക്കിയത്. അമ്മ പിണങ്ങിയാൽ എനിക്ക് സങ്കടം വരും
ഞാനും അച്ഛനോട് പിണക്കമാണ്…. ഇത് പറഞ്ഞു അവൾ അമ്മയെ കെട്ടിപ്പിടിച്ചു.

അമ്പടി കേമി ഇപ്പോൾ സംശയം പറഞ്ഞു തന്ന ഞാൻ ആരായി….നിങ്ങളായി നിങ്ങളുടെ പാടായി.. ഞാനും പിണക്കമാ രണ്ടാളോടും…

മോളേ ദാ കണ്ടോ അച്ഛൻ പിണങ്ങിയതു അച്ഛൻ പിണങ്ങിയാൽ അമ്മയ്ക്ക് സങ്കടവാവും.. പോയി അച്ഛനൊരുമ്മ കൊടുക്കൂ…

അവൾ ഓടി വന്നു എന്റെ രണ്ടു കവിളിലും ഉമ്മ തന്നു കൊണ്ട് പറഞ്ഞു അച്ഛനും അമ്മയും വിഷമിക്കണ്ടാട്ടോ എനിക്ക് രണ്ടാളോടും ഒത്തിരി സ്നേഹമാണ്..

അത് മതി.. നീ ഞങ്ങളുടെ പുന്നാര മോളല്ലേ… അല്ലെടോ ഭാര്യേ…

പിന്നേ അച്ഛൻ ചുമ്മാ പറഞ്ഞതാ ട്ടോ. അച്ഛൻ അമ്മയെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ തിരിച്ചും അങ്ങനെയാണ്

അച്ഛാ മോൾക്കിനിയും സംശയമുണ്ട്….

ഇനിയെന്താ മോളുടെ സംശയം..?

അതേ അപ്പുറത്തെ വീട്ടിലെ ഉണ്ണിക്കുട്ടന്റെ അമ്മയുടെ വയറ്റിൽ വാവയുണ്ട്.അവൻ എന്നോട് പറഞ്ഞല്ലോ.

എന്റെ അമ്മയുടെ വയറ്റിൽ വാവയില്ലല്ലോ.. അതെന്താ….

ദൈവമേ പെട്ടല്ലോ..

ഞാൻ കെട്ട്യോളെ ഒന്ന് നോക്കി.. അവൾ ചോദ്യം കേട്ട ഭാവമില്ല..

പറ അച്ഛാ വാവ എപ്പോൾ വരും.

ഉടനേ വരും മോളേ..

അച്ഛാ ദാ അമ്മയുടെ പിണക്കം ഇതുവരേ മാറിയില്ല.

അത് അച്ഛൻ മാറ്റിക്കോളാം മോള് പോയി കളിച്ചോളൂ… എനിക്കറിയാം ഞാൻ കാണാതെ  അമ്മയ്ക്ക് ഉമ്മ കൊടുക്കാനല്ലേ   അവൾ ചിരിച്ചു കൊണ്ട് അപ്പുറത്തേയ്ക്ക് ഓടിപ്പോയി..

ഞാൻ അടുക്കളയിൽ ഭാര്യയുടെ അടുത്തെത്തി. ഡോ താൻ കേട്ടില്ലേ അവളുടെ സംശയം..

കേട്ടല്ലോ അതിനെന്താ.?

അല്ല എനിയ്ക്കും സംശയമുണ്ട് എപ്പോളാണ് പുതിയ ആള് വരുക..?

ദേ പൊക്കോണം രാവിലെ എന്റെ കൈയ്യിൽ ചട്ടുകമാണ് ഇരിയ്ക്കുന്നത്.. അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ.. രാവിലേ ആയുധം പ്രയോഗിയ്ക്കണ്ടാ ഞാൻ ആയുധം വെച്ചു കീഴടങ്ങിയിരിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *