വേറെന്താ നിന്റെ കല്യാണക്കാര്യം അല്ലാതെ എല്ലാ അച്ഛനമ്മമാർക്കും മക്കളുടെ ഭാവിയുടെ കാര്യത്തിൽ..

സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)

സന്ദീപേ… ” നീയിത് എവിടെയായിരുന്നു.. അമ്പലത്തിൽ പോയിട്ട് ഇത്രയും താമസിച്ചതെന്താ  ….?

അമ്മേ ഞാൻ ബിച്ചുവിന്റെ വീട്ടിൽ കൂടി കയറി അവനുമുണ്ടായിരുന്നു അമ്പലത്തിൽ എനിക്കൊപ്പം…..

നിന്നെ അച്ഛൻ തിരക്കിയിരുന്നു….

അച്ഛൻ ഇന്ന് നേരത്തെ വന്നോ.എന്നിട്ടെവിടെ ..?

ഉവ്വ്.. നിന്നെ നോക്കി കുറേ നേരമിരുന്നു ഇപ്പോൾ നാരായണേട്ടന്റെ കൂടെ പുറത്തേയ്ക്ക് പോയി. ഇനി അമ്പലത്തിലും വായനശാലയിലും കയറി വരുമ്പോൾ നേരം ഇരുട്ടിയിട്ടുണ്ടാകും…

എന്താ അമ്മേ കാര്യം… അച്ഛനെന്താ എന്നോട് പറയാനുള്ളത്…..

വേറെന്താ നിന്റെ കല്യാണക്കാര്യം അല്ലാതെ എല്ലാ  അച്ഛനമ്മമാർക്കും മക്കളുടെ ഭാവിയുടെ  കാര്യത്തിൽ വേവലാതി കാണില്ലേ…

അല്ല  ഇപ്പോൾ എന്താ പെട്ടെന്നൊരു വേവലാതി ഉണ്ടാകാൻ കാരണം…..

നിന്റെ ഈ സ്വഭാവം. തന്നെ.. നല്ല എത്ര ആലോചനകൾ വന്നു ചിലതൊക്കെ ജാതക ചേർച്ച ഇല്ലാത്തതു കൊണ്ട് മുടങ്ങി.. ചിലതൊക്കെ നീ കാരണം മുടങ്ങി..

ഇഷ്ടമല്ല ഇപ്പോൾ വേണ്ടാ എന്നൊക്കെ പറഞ്ഞു നീ തന്നെ മുടക്കി..

അതിനെന്താ ഇപ്പോൾ പുതിയ ആലോചനകൾ വല്ലതും വന്നോ..?

ആ കൊള്ളാം നാളത്തെ കാര്യം നീ മറന്നോ..

അച്ഛന്റെ കൂടെ ജോലിയുള്ളയാളിന്റെ മോളുടെ
കാര്യം അല്ലേ ഓർമ്മയുണ്ട്…

അപ്പോൾ മറന്നിട്ടില്ല അല്ലേ…

അതിപ്പോൾ നാളെ തന്നെ പോകണോ കുറച്ചു ദിവസം കഴിഞ്ഞു പോരെ..

അത് കൊള്ളാം ആ കുട്ടിയെ കാണാൻ നാളെ
പോകാമെന്നു നീ തന്നെ ഇങ്ങോട്ട് പറഞ്ഞതല്ലേ…. അതിനെക്കുറിച്ചു സംസാരിയ്ക്കാനാണ്  അച്ഛൻ ഇത്രയും നേരം  കാത്തിരുന്നത്…വെറുതെ അച്ഛനെ ദേഷ്യത്തിലാക്കരുത്.. .

ജാതകങ്ങൾ തമ്മിൽ ചേരും പിന്നെ പെൺകുട്ടിയുടെ ഫോട്ടോ കാണണ്ട നേരിട്ട് കണ്ടാൽ മതിയെന്ന് നീ തന്നെയല്ലേ പറഞ്ഞത്…

ഇപ്പോൾ എന്താ ഒരു മനം മാറ്റം. തത്കാലം വേറെ ഒരു ചിന്തയും മനസ്സിൽ വേണ്ടാ നാളെ തന്നെ പൊക്കോണം കൂട്ടിന് ആ ബിച്ചുവിനെയും കൂട്ടിക്കോളൂ….ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്..

ഇതും പറഞ്ഞു അമ്മ അകത്തേയ്ക്ക് പോയി… അമ്മ ഊഹിച്ചതു എത്ര ശരിയാണ് പെട്ടെന്നുള്ള മനം മാറ്റത്തിനു കാരണം അവളാണ് ഇന്ന് അമ്പലത്തിൽ വെച്ച് കണ്ട ആ പെൺകുട്ടി…

ഇലയിൽ പ്രസാദവുമായി അവൾ നടന്നു പോകുമ്പോൾ ഒരു നോക്കു മാത്രം കണ്ടു.. തിരിച്ചും എനിക്ക് നേരെ ഒരു പുഞ്ചിരി എറിഞ്ഞിട്ടാണ് അവൾ മടങ്ങിയത്…..  ആരാണ് ആ പെൺകുട്ടി എന്നറിയാതെ ഇനി ഒരു സമാധാനവും കിട്ടില്ല.. അത്രയേറെ മനസ്സിൽ ആഗ്രഹിച്ചു പോയ ഒരു മുഖമാണ് അവളുടേത്‌…….

അങ്ങനെയൊരാൾ മനസ്സിൽ കയറിയപ്പോൾ ഇനി വെറുതെ ചടങ്ങിന് വേറൊരു കുട്ടിയെ കാണാൻ പോകണോ…… എന്താ ചെയ്യുക ഒരു എത്തും പിടിയും കിട്ടുന്നില്ല….

ഒരിയ്ക്കൽ ചങ്കിൽ ചേർത്ത് നിർത്തിയവൾ നീട്ടി ഒരു ബൈ പറഞ്ഞു പോയതിൽ പിന്നെ ആകെ മടുപ്പായിരുന്നു ജീവിതത്തിൽ…

ഇനി ഒരു പെൺകുട്ടി ജീവിതത്തിൽ ഒപ്പം വേണ്ടാ എന്ന് പോലും ചിന്തിച്ചു പോയിട്ടുണ്ട്.. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ആ തീരുമാനം മാറ്റിയത്…..

അതിനിടയിൽ ഇങ്ങനെയൊരു കുട്ടിയെ കണ്ടു മുട്ടാനും അവൾ പെട്ടെന്ന് മനസ്സിൽ കയറിപ്പറ്റാനും എന്താ കാരണം..

ആദ്യമായി കാണുകയാണെങ്കിലും അങ്ങനെ ഒരു ഫീലിംഗ് ആയിരുന്നില്ല മനസ്സിൽ മുൻപെങ്ങോ നല്ല അടുപ്പമുള്ള ഒരു പെണ്കുട്ടിയെപ്പോലെ തോന്നി…

ഞാൻ ഫോൺ എടുത്തു ബിച്ചുവിനെ വിളിച്ചു…….

ആ പറയൂ അളിയാ എന്താ ഈ
നേരത്തൊരു വിളി….

ഡാ നാളെ അച്ഛൻ പറഞ്ഞ പെൺകുട്ടിയെ കാണാൻ പോകണമെന്ന് ഇവിടെ എല്ലാവരും നിർബന്ധിയ്ക്കുന്നു…..

അതിനെന്താ പോകണം. അമ്മ എന്നോട് പ്രേത്യേകം പറഞ്ഞു നിന്റെയൊപ്പം പോകണമെന്ന്…….അതിൽ മാറ്റമില്ല…

ഡാ അതല്ല പ്രശ്നം…

പിന്നെന്താ നിന്റെ പ്രശ്നം..?

ഇന്ന് നമ്മൾ അമ്പലത്തിൽ വെച്ചിട്ട് ഒരു പെൺകുട്ടിയെ കണ്ടില്ലേ……

ഇന്ന് അമ്പലത്തിൽ വെച്ചിട്ട് ഒരാളെ അല്ലല്ലോ ഒരുപാട് പെൺകുട്ടികളെ കണ്ടല്ലോ ഞാൻ………

നീ വായ് നോക്കി നിന്ന പെൺകുട്ടികളുടെ കാര്യമല്ല.. അവൾ നമ്മൾ കിഴക്കേ ഗോപുര നടയിൽ നിന്നപ്പോൾ എന്റെ മുന്നിലൂടെ കൈയ്യിൽ പ്രസാദവുമായി പോയവൾ.. എന്നെ നോക്കി ചിരിച്ചവൾ…

ആ ഇപ്പോൾ മനസ്സിലായി.. അവൾ തൊഴുതു നിൽക്കുന്നതും നോക്കി നീ നിൽക്കുന്നത് ഞാനും കണ്ടിരുന്നു… കുറേ നാളായി ഈ അസുഖം ഇല്ലായിരുന്നല്ലോ.. ഇപ്പോൾ എന്തു പറ്റി…

ഏത് അസുഖം…?

പ്രണയം     ഒരു അനുഭവം ഉണ്ടായതല്ലേ അളിയാ ഇനിയും വേണ്ട.. നിനക്ക് വിധിച്ചവൾ കാത്തിരിക്കുന്നു നാളെ നമുക്ക് പോയിക്കാണാം … നിനക്ക് ഇഷ്ടമായാൽ ഇത് നടക്കും  .. അതുറപ്പാണ്…

അതെന്താ ഇത്രയും ഉറപ്പ് നിനക്ക്…

ആഹ് എനിക്കങ്ങനെ തോന്നുന്നു.. അത് കൊണ്ട് തല്കാലം അളിയൻ അവളേ മറക്കുക എന്നിട്ടു നാളെ കാണാൻ പോകുന്ന കുട്ടിയെ കുറിച്ചു മാത്രം ചിന്തിയ്ക്കുക…

എന്തായാലും പഴയത് പോലെ ഈ വക കാര്യത്തിന് ഞാൻ കൂട്ട് നിൽക്കില്ല..

ഡാ ബിച്ചു നിന്നോട് എങ്ങനാ ഞാൻ പറഞ്ഞു മനസിലാക്കുക.. അത്ര മനസ്സിനുള്ളിൽ കയറിപ്പോയെടാ അവൾ…. ഒരു തവണ കൂടി കാണാൻ ഒരു ആഗ്രഹം..

ഞാനിപ്പോൾ എന്താ പറയുക . നിന്നോട്  ഡാ അങ്ങനെ എത്ര കുട്ടികൾ അമ്പലത്തിൽ വന്നു പോകും നമ്മൾ നോക്കും നമ്മളെ നോക്കും.. വിട്ടു കളയൂ..

പറ്റില്ലെടാ   .. എനിക്കവളെ ഒരിയ്ക്കൽ കൂടി  കാണണം…

ഞാൻ നാളെ രാവിലെ കാറുമായി
അങ്ങോട്ട് വരാം..

വേണ്ടാ ഞാൻ ബൈക്കിൽ അങ്ങോട്ട് വരാം………. അതിൽ പോകാം.. വഴിയിൽ വെച്ചിട്ട് എങ്ങാനും അവളേ കണ്ടാലോ…. കാറിൽ പോയാൽ ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ..

ഇത് ഭ്രാന്ത് തന്നെയാണ്… നിന്റെ കല്യാണം കഴിഞ്ഞു വേണം എനിക്കൊന്നു ഫ്രീ ആകാൻ എന്ന് വിചാരിച്ചാൽ സമ്മതിയ്ക്കില്ല അല്ലേ………..

നീ തമാശ കളയൂ എന്നിട്ട് ഞാൻ പറഞ്ഞത് സമ്മതിച്ചോ എന്ന് പറയൂ..

എല്ലാം അളിയന്റെ ഇഷ്ടം പോലെ തന്നെ ആകട്ടെ…. നീ വല്ലതും കഴിച്ചു കിടന്നുറങ്ങൂ…….

രാവിലെ തന്നെ അവന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ മനസ്സിൽ  കാണാൻ പോകുന്ന പെൺകുട്ടി ആയിരുന്നില്ല..

തിളങ്ങുന്ന കണ്ണുകളുള്ള എന്നെ വിസ്മയിപ്പിച്ചു കടന്നു കളഞ്ഞവളുടെ മുഖമായിരുന്നു….

അവനേയും കൂട്ടി ഞങ്ങൾ അച്ഛൻ പറഞ്ഞ പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് തിരിച്ചു.. ഇനി അവൾക്കെങ്ങാനും എന്നെ ഇഷ്ടമായാൽ കുഴഞ്ഞത് തന്നെ   അച്ഛൻ കൊടുത്ത വാക്ക് മാറ്റാൻ പറ്റുമോ.. അറിയില്ല.. ആകെ ഒരു ധർമ്മസങ്കടം…

ഡാ സന്ദീപേ… നീ ഇങ്ങനെ മിണ്ടാതിരുന്നാൽ എനിക്ക് വണ്ടി ഓടിയ്ക്കാൻ ഒരു ത്രില്ലുണ്ടാകില്ല കേട്ടോ.. എന്തെങ്കിലും പറയെടാ….

ഡാ നമ്മൾ പോകുന്ന വഴിയിൽ അവളേ കാണാൻ പറ്റുമോടാ.. അവൾ രാവിലെ അമ്പലത്തിലേയ്ക്ക് വരുമോ…

നീ ഇത് വരെ അത് വിട്ടില്ലേ.. അവളേ കാണാൻ വേണ്ടി മാത്രമല്ലേ  ഈ
ബൈക്കിൽ പോരാൻ തുടങ്ങിയത്

അതെ…..

എന്നിട്ട് അവളേ കണ്ടില്ലല്ലോ…. ചിലപ്പോൾ
ആ കുട്ടി ഈ നാട്ടുകാരി ആയിരിക്കില്ല വല്ല ബന്ധുക്കളും ഇവിടെ ഉണ്ടാകും.. അവിടെ വന്നതാകും… തിരിച്ചു പോയിട്ടുണ്ടാകും…..

അങ്ങനെ ആയിരിയ്ക്കുമോ അളിയാ….

ഡാ നീ വിഷമിക്കണ്ട നമുക്ക് എന്തായാലും അച്ഛൻ പറഞ്ഞ പെൺകുട്ടിയുടെ വീട്ടിൽ പോകാം   അവർ കാത്തിരിക്കുന്നുണ്ടാകും.. അവരെ മുഷിപ്പിക്കണ്ടാ…..

എന്നിട്ട് നിന്റെ മനസ്സിൽ കയറിയ
പെണ്ണിനെ അന്വേഷിച്ചു പോകാം…. ഇന്നലെ വൈകുന്നേരം അല്ലേ അവളേ അമ്പലത്തിൽ കണ്ടത്.. ഇന്നും ചിലപ്പോൾ വന്നാലോ..

വരും എന്നാണ് എന്റെ മനസ്സും പറയുന്നത്…

ഇനി വന്നില്ലെങ്കിലും ഞാൻ അവളേ കണ്ടെത്തി അളിയന്റെ മുന്നിൽ കൊണ്ട് വരും… ഇത് ചങ്കിന്റെ വാക്കാണ്.. നമുക്ക് പോകാം..

ഡാ സന്ദീപേ… അവളേ നിനക്ക് അത്ര ഇഷ്ടപ്പെടാൻ കാരണം എന്താ….

അറിയില്ലെടാ അവൾ അരികിൽ വരുമ്പോൾ എന്തോ ഒരു പ്രേത്യേകത…….ശരിയ്ക്കും എനിക്കായി വിരിഞ്ഞ പൂവാണ് അവൾ…. സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്…….

പക്ഷേ ഇനി അവളേ എവിടെ പോയി
കണ്ടു പിടിയ്ക്കും ..

നിനക്ക് അവളേ അത്ര ഇഷ്ടം ആയോ..

മ്മ് ആയി..

നമുക്ക് നോക്കാമെടാ.. നീ സമാധാനപ്പെടൂ………

അങ്ങനെ ഞങ്ങൾ എന്നെ കാത്തിരുന്ന പെൺകുട്ടിയുടെ വീട്ടിൽ എത്തി…..

പുറത്തേയ്ക്ക് ഇറങ്ങി വന്നു അച്ഛൻ
ഞങ്ങളെ സ്വീകരിച്ചു.. ഇരുത്തി..

ലളിതേ അവരെത്തി.. കുട്ടിയുടെ  ഒരുക്കം കഴിഞ്ഞെങ്കിൽ  ഇങ്ങോട്ട് വിളിച്ചോളൂ… അച്ഛൻ അകത്തേയ്ക്ക് നോക്കി പറഞ്ഞു…

എനിക്കാണെങ്കിൽ ആ കുട്ടിയെ കാണാൻ ഒട്ടും താല്പര്യമില്ലായിരുന്നു… മനസ്സിൽ മുഴുവനും ഇന്നലെ അമ്പലത്തിൽ കണ്ട ആ മുഖം മാത്രം.. ചടങ്ങു കഴിച്ചു പെട്ടെന്ന് ഇറങ്ങിയാൽ മതിയെന്നായി..

അകത്തു നിന്നും ചായയുമായി വന്ന പെൺകുട്ടിയെ ചൂണ്ടി ബിച്ചു പറഞ്ഞു.. ദാ വരുന്നു നീ ഒന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കൂ….

എന്തിനാടാ. .. വെറുതെ…

അതല്ലടാ.. നീ ഇന്നലെ പറഞ്ഞ പെൺകുട്ടിയില്ലേ നിന്റെ മനസ്സിൽ കയറിയവൾ അവളുടെ മുഖച്ഛായ ഉണ്ടോ എന്നൊരു സംശയം… നീ ഒന്ന് നോക്കിക്കേ…… അവൻ മെല്ലെപ്പറഞ്ഞു….

ഞാൻ മെല്ലെ മുഖമുയർത്തി നോക്കി… അത്ഭുതം വന്നു ശരിക്കും… ഞാൻ തേടി നടന്ന മുഖം . ഇന്നലെ അമ്പലത്തിൽ കണ്ടവൾ ദാ എന്റെ മുന്നിൽ നിൽക്കുന്നു………

എന്താ പറയേണ്ടതെന്നറിയില്ല.. ഞാൻ ബിച്ചുവിനെ നോക്കി… എല്ലാത്തിനും ഉത്തരമായി അവൻ ഒന്ന് ചിരിയ്ക്കുക മാത്രം ചെയ്തു..

എന്റെ അമ്പരപ്പ് കണ്ടു ചിരിച്ചു കൊണ്ട് അവളുടെ അച്ഛൻ തന്നെ കാര്യങ്ങൾ പറഞ്ഞു…..

മോനെ ഇത് എന്റെ മകൾ “ഗാഥ “ഇവളെ തന്നെയാണ് മോൻ ഇന്നലെ അമ്പലത്തിൽ വെച്ച് കണ്ടത്..

സന്ദീപിന്   ഇങ്ങനെ ഒരു സർപ്രൈസ്‌ തരാൻ മോന്റെ അമ്മയും കൂട്ടുകാരനും.. പിന്നെ ദാ ഇവളും കൂടി കളിച്ച നാടകമായിരുന്നു ഇതൊക്കെ….. അതിന് ഞാൻ കൂടെക്കൂടി… അത്രേയുള്ളൂ…..

ഇന്നലെ മോന്റെ അമ്മ പറഞ്ഞതനുസരിച്ചു ഒന്ന്  നേരിട്ട് കാണാനാണ് ഞാൻ ഇവളെയും കൂട്ടി അമ്പലത്തിൽ വന്നത്……

അതിനിടയിൽ ഒരു ചെറിയ  നാടകം കളിച്ചു ഇവർ.. പരസ്പരം പരിചയപ്പെടൽ ഇവിടെ വെച്ചാകാം എന്ന് മോള് പറഞ്ഞപ്പോൾ ഞാനും അത് സമ്മതിച്ചു.. അത്രേയുള്ളൂ…

പക്ഷേ നിങ്ങൾ എന്നെ എങ്ങനെ തിരിച്ചറിഞ്ഞു…?

അതൊക്കെ ഞാൻ…പറയാം….

എന്താ… ഡാ….

ഡാ നിന്റെ ഫോട്ടോ വാട്സ്ആപ്പ് ൽ ഇട്ടു കൊടുത്തത് ഞാനാണ്.  .,,…

ഡാ എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം…. ഒന്ന് പറയാമായിരുന്നു..

വേറെ ഒന്നിനുമല്ല ഇനി നിന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി വരുമ്പോൾ അവൾ ശരിയ്ക്കും നിന്റെ മനസ്സിൽ കയറിപ്പറ്റണം എന്ന് നിർബന്ധം ഉണ്ടായിരുന്നു..

പിന്നെ എല്ലാം നിന്നോട്  പറഞ്ഞാൽ
എന്താ ഒരു ത്രില്ല്….. ഇതൊക്കെ ഒരു രസമല്ലേ….

.എനിക്കല്ല നിന്റെ അമ്മയ്ക്ക്.. അമ്മ പറഞ്ഞത് പോലെ ഞാൻ ചെയ്തു അത്രേയുള്ളൂ…..

ഇന്നലെ നീ ഇവളെ അമ്പലത്തിൽ വെച്ച്  കണ്ടിട്ട് വീട്ടിൽ ചെല്ലും മുൻപ് ഞാൻ
അമ്മയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു  …….

അമ്മയ്ക്കും അച്ഛനും ഒരുപാട് സന്തോഷമായി   എന്നാലും ഈ ചടങ്ങ് കൂടി കഴിഞ്ഞിട്ട് നിന്നോട് എല്ലാം പറഞ്ഞാൽ മതിയെന്ന് അവർ പറഞ്ഞു…. അത്രേയുള്ളൂ…

ഇപ്പോൾ സന്തോഷം ആയില്ലേ നിനക്ക്. നീ ആഗ്രഹിച്ചവളെ തന്നെ കിട്ടിയില്ലേ.. ഇനി ധൈര്യമായി അവളോട് സംസാരിയ്ക്കാം.. പ്രണയിക്കാം     …..

നീ അകത്തോട്ട് ചെല്ലൂ നിന്റെ “സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് “നിനക്കായി അകത്തു  കാത്തിരിക്കുന്നു…….

ഞാൻ നിന്റെ വീട്ടിൽ വിളിച്ചു  കാര്യങ്ങൾ പറയട്ടേ അവരും കാത്തിരിയ്ക്കുകയാവും..അതും പറഞ്ഞിട്ട് അവൻ പുറത്തേയ്ക്ക് പോയി….

ഒരുപാട് നന്ദിയുണ്ട്.. ദൈവത്തിനോട്.. ഇവളെ  എനിക്ക് തന്നതിൽ…

അതിനേക്കാൾ കടപ്പാട് അമ്മയോട്… മകന്റെ മനസ്സറിയുന്ന അമ്മ എനിക്ക്
കിട്ടിയ പുണ്യമാണ്…..

ചെല്ലട്ടെ അവളുടെ അടുത്തേയ്ക്ക് പറഞ്ഞു തുടങ്ങാൻ ഒരുപാട് വിശേഷങ്ങളുണ്ട്.. പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ.. അതിന് ഇനി ഈ ജന്മം മുഴുവനും അവൾ ഒപ്പമുണ്ടല്ലോ……. കാത്തിരിയ്ക്കാം…

Leave a Reply

Your email address will not be published. Required fields are marked *