പണി പാളിയ ദിവസം
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
രാവിലേ പതിവുപോലെ നടത്തം കഴിഞ്ഞു ഗേറ്റിൽ നിന്നും പത്രവുമെടുത്തു കൊണ്ട് ഞാൻ വരാന്തയിൽ ചെന്നിരുന്നു…
പേപ്പർ കൈയ്യിലെടുത്തു തുറന്നു വായിക്കുന്നതിനിടയിൽ ടേബിളിൽ ഒന്ന് നോക്കി…. ഫ്ലാസ്ക്കും ചായ കപ്പും അവിടെയില്ല….. എന്നും ഞാൻ വരുമ്പോളേക്കും ശ്രീമതി ചായ ഫ്ലാസ്കിൽ ഒഴിച്ച് ഒരു ഗ്ലാസ്സുമായി അവിടേ വെച്ചേയ്ക്കും..
” അത് കുടിച്ചു ഉന്മേഷം വരുത്തിയാണ്
ഞാൻ ദിനചര്യകളിലേയ്ക്ക് കടക്കുന്നത്..
ഇന്നിത് എന്ത് പറ്റി…അവൾക്ക്??
ഒരു പക്ഷേ അവൾ ചായയുണ്ടാക്കി അടുക്കളയിൽ വെച്ചിട്ടുണ്ടാവാം.. തിരക്ക് കാരണം ഇവിടേ കൊണ്ട്
വന്നു വെയ്ക്കാൻ മറന്നതാവാം….
എന്തായാലും അടുക്കളയിൽ ചെന്നു കുടിയ്ക്കാം… വെറുതെ അവളേ ബുദ്ധിമുട്ടിയ്ക്കേണ്ടാ.. ഇപ്പോൾ എന്തായാലും അമ്മ അമ്പലത്തിൽ പോയിട്ടുണ്ടാവും അല്ലെങ്കിൽ വിയർത്തു നിൽക്കുമ്പോൾ അകത്തേയ്ക്ക് കയറ്റില്ല..
ഡാ പോയി കുളിച്ചിട്ട് അകത്തു കയറിയാൽ മതി ഇതാണ് അമ്മയുടെ ഉത്തരവ്… ഞാൻ പതിയേ അടുക്കള വശത്തേയ്ക്ക് ചെന്നു…
മോളൂട്ടി രാവിലേ എഴുന്നേറ്റു അവളുടെ പൂച്ചയുടെ കൂടെ കളി തുടങ്ങിയിട്ടുണ്ട്. മീട്ടു അതാണ് അവളുടെ പൂച്ചയുടെ പേര്.. . അവൾക്ക് എന്നേ കണ്ട ഭാവമില്ല…
പൂച്ചയ്ക്ക് ബിസ്ക്കറ്റ് കൊടുക്കുന്ന തിരക്കിലാണ്
കക്ഷി…. ഞാൻ അടുക്കളയിൽ കയറി… അവിടേയും ശ്രീമതി ഇല്ലാ.. അലക്കു കല്ലിനടുത്തു കൂടി നോക്കി അവിടേയുമില്ല…. ബെഡ്റൂമിൽ ചെന്നപ്പോൾ അവൾ കിടക്കുന്നുണ്ടായിരുന്നു.. എന്ത് പറ്റിയെടോ ഭാര്യേ തനിയ്ക്ക്…
ഒന്നുമില്ല ഏട്ടാ ഒരു ചെറിയ ക്ഷീണവും തലകറക്കവും…
മോനേ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ അവളേ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് ചിരിച്ചു
നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ നോക്കി ചിരിയ്ക്കുന്നതു..
ഒന്നുമില്ല ഡോ.. ഭാര്യേ..
എന്നാലേ അടുക്കളയിൽ പോയി ഒരു ചായ ഇട്ടുകൊണ്ട് വാ..
എനിക്ക് ഒട്ടും നടക്കാൻ വയ്യാ.. ഏട്ടനും ചായ കുടിച്ചില്ലല്ലോ.. താൻ ഇവിടേ റസ്റ്റ് എടുത്തോളൂ ചായ
ഇപ്പോൾ കൊണ്ടു വരാം.. അടുക്കളയിൽ പോയി ചായ ഇട്ടു കൊടുത്തതും അത് വായിൽ വെച്ചിട്ട് ശ്രീമതി വായും പൊത്തിക്കൊണ്ട് പുറത്തേക്കൊരോട്ടമായിരുന്നു…..
ഇത് കണ്ടപ്പോൾ ഞാൻ അങ്ങ് ഉറപ്പിച്ചു.. ഡീ ഭാര്യേ എന്റെ രണ്ടാമത്തെ അപ്പീൽ ഏറ്റല്ലേ…?
രണ്ടാമത്തെ അപ്പീലോ…
അതേടോ.. നമുക്ക് ഡോക്ടറുടെ അടുത്ത് പോയി ഇനി ഉറപ്പ് വരുത്താം..
ഒന്ന് പോ മനുഷ്യാ.. രണ്ടാമത്തെ അപ്പീലിന് പറ്റിയ സമയം.. മ്മ്മ്.. നിങ്ങൾ ഇട്ടുകൊണ്ട് വന്ന ചായ ഒന്ന് കുടിച്ചു നോക്കിക്കേ…..
അതിലെന്താ കുഴപ്പം..?
ദാ ഇരിയ്ക്കുന്നു ചായ തന്നേ കുടിച്ചോ..
ഞാൻ ആ ചായ കുടിച്ചപ്പോൾ കാര്യം പിടി കിട്ടി.. ചായയ്ക്ക് പഞ്ചസാരയ്ക്ക് പകരം ഉപ്പിട്ടാൽ ആരും ഛർദ്ധിയ്ക്കും.. മോളൂട്ടീ അന്നേരം അങ്ങോട്ട് വന്നൂ.
അച്ഛാ ഇന്നലേ നിങ്ങളുടെ കൂടെ ഉറങ്ങാൻ കിടന്ന മോളൂട്ടി ഇന്ന് രാവിലെ മുത്തശ്ശിയുടെ മുറിയിൽ എങ്ങനെയെത്തി.. മുത്തശ്ശി പറഞ്ഞല്ലോ ഭൂതം എടുത്തോണ്ട് അവിടേ കൊണ്ടിട്ടതാണെന്നു.. സത്യമാണോ..
എന്നാൽ ആ ഭൂതത്തിനെ ശരിയാക്കണം അച്ഛാ
എന്നും ആ ഭൂതം മോളൂട്ടിയെ പൊക്കിക്കൊണ്ട് പോകും.. അവളുടെ സംസാരം കേട്ടു എനിയ്ക്കും ഭാര്യയ്ക്കും ചിരി വന്നു..
അതേ മോളേ അങ്ങനെ ഒരു വലിയ ഭൂതം ഇവിടെയുണ്ട് മോളു പേടിക്കണ്ടാ അമ്മയില്ലേ കൂടെ.. ആ ഭൂതത്തിനു ഇത്തിരി കുറുമ്പ് കൂടുതലാ നമുക്ക് അതിന്റെ കൊമ്പൊടിയ്ക്കാം…. അവൾ പോയി..
അതേ ഭൂതമേ ഇന്ന് നിങ്ങളു വേണം മോളേ കുളിപ്പിച്ച് സ്കൂളിൽ കൊണ്ടു പോകാൻ.. വേഗം തുടങ്ങിക്കോ പണികൾ.. അടുക്കളയിൽ ഫ്രിഡ്ജിൽ ചപ്പാത്തിയുണ്ട്. അത് ചൂടാക്കി എടുക്കണം മോളുടെ ലഞ്ച് ബോക്സ് റെഡിയാക്കണം.
നിങ്ങൾ ഇന്ന് പുറത്ത് നിന്നും ഊണ് കഴിച്ചാൽ മതി.. അങ്ങനെ കുറേ പണിയുണ്ട്. അവളുടെ സ്കൂൾ ബസ് ഇപ്പോൾ വരും..
അതേ ശ്രീമതി ശരിക്കും പറയൂ നിനക്ക് ഒരു കുഴപ്പവുമില്ലേ..
എന്റെ അപ്പീൽ ഏറ്റില്ലേ..?
ദേ ഇനി ഇവിടേ നിന്നാൽ ഞാൻ അമ്മയുടെ ഉലക്ക എടുക്കും..എനിക്ക് ഒരു കുഴപ്പവുമില്ല മനുഷ്യാ…
എല്ലാ മാസവും വരുന്ന കാര്യമാണ് അതിന്റെ ക്ഷീണമാണ്… നിങ്ങൾ ആദ്യം ആ ചീവീടിനെ പോയി മെരുക്കൂ അല്ലെങ്കിൽ ഭൂതത്തിന്റെ കഥ മൊത്തത്തിൽ പാട്ടാക്കും നാണക്കേടാണ്.
അടുത്ത അപ്പീലിന് സമയമാകുമ്പോൾ ഞാൻ പറയാം.. ഇപ്പോൾ ഭൂതം പോയി പറഞ്ഞ
ജോലികൾ ചെയ്യൂ.
പിന്നേ വൈകുന്നേരം വരുമ്പോൾ മാർക്കറ്റിൽ നിന്നും പച്ചക്കറി വാങ്ങി വരണം. ബാക്കിയുള്ള ജോലികൾ വൈകുന്നേരം വന്നിട്ട് പറയാം…
ദൈവമേ വെറുതെ ഇരുന്ന എനിക്ക് കിട്ടിയ പണി കൊള്ളാം എട്ടിന്റെ അല്ല പതിനാറിന്റെ പണിയാണല്ലോ ശ്രീമതി തന്നത്.. ഈശ്വരോ രക്ഷതു..