കഴിഞ്ഞ എട്ടു മാസമായി അമ്മയെ കാണാൻ വന്നിട്ടില്ല, തൻ്റെ തിരക്കുകൾ ജോലി ഓട്ടം..

അമ്മമണം
(രചന: Vandana M Jithesh)

അമ്മ വിട്ടു പോയിരിക്കുന്നു… ആകെ മനസ്സിന് ഒരു മരവിപ്പാണ് തോന്നിയത്.. കാറിൽ നിന്നിറങ്ങുമ്പോൾ ഒരു ബലത്തിനെന്നോണം ജഗൻ ചേർത്തു പിടിച്ചു..

മുറ്റത്തും ഉമ്മറത്തും കൂടി നിൽക്കുന്നവർ തുറിച്ചു നോക്കുന്ന പോലെ തോന്നി.. പവി വന്ന് കൈ പിടിച്ചു കൊണ്ടുപോയി.. ഉമ്മറത്ത് നിലവിളക്കിനടുത്ത് വെള്ളപുതച്ച് അമ്മ ….

ചന്ദനത്തിരിയുടെ മണം… അമ്മ ഉറങ്ങുകയാണെന്നേ തോന്നൂ.. മുഖത്ത് ശാന്തതയാണ്..

അമ്മയ്ക്കടുത്തിരുന്നു…. പവി ഓടി നടക്കുന്നു .. തോളത്തിട്ട തോർത്തുകൊണ്ട് ഇടയ്ക്കിടെ മുഖം അമർത്തിത്തുടയ്ക്കുന്നുണ്ട്..
ജഗൻ ഉമ്മറത്തെ തൂണും ചാരി നിൽപ്പുണ്ട് ..

കണ്ണും മുഖവും ചുവന്നിരിക്കുന്നു .. അത്രമേൽ വേദനയുണ്ടെന്ന് കണ്ടാലറിയാം.. നവീൻ ജഗനടുത്ത് നിൽപ്പുണ്ട്.. ഇടയ്ക്കിടെ വിതുമ്പൽ ഉയരുമ്പോൾ ജഗൻ തട്ടിക്കൊടുക്കുന്നുണ്ട്..

മൃദുല ചുവരിൽ ചാരി ഇരിപ്പാണ്.. കരഞ്ഞു തീർത്ത കണ്ണീർച്ചാലുകൾ മുഖത്ത് വറ്റാതെ കിടപ്പുണ്ട് .. തന്നെ കണ്ട് കണ്ണുകൾ പിന്നെയും നിറഞ്ഞു.. ഒരു എങ്ങലുയർന്നു. അവളുടെ മടിയിൽ പാറു തളർന്ന് കിടപ്പുണ്ട് ..

പിന്നെയും ആരൊക്കെയോ എന്തേ തൻ്റെ കണ്ണുകൾ മാത്രം നിറയാത്തത്? തൻ്റെ ഹൃദയത്തിൻ്റെ നൊമ്പരം കണ്ണുകൾ അറിഞ്ഞില്ലെന്നുണ്ടോ? അതോ തൻ്റെ കണ്ണുകൾ പിണക്കമാണോ?

അമ്മയെ അവസാനമായി ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല.. അതോർത്ത് കരയാൻ പോലും അർഹതയില്ലെന്ന് തോന്നി.. കഴിഞ്ഞ എട്ടു മാസമായി അമ്മയെ കാണാൻ വന്നിട്ടില്ല ..

തൻ്റെ തിരക്കുകൾ ജോലി ഓട്ടം
അവസാനമായി അമ്മയോടൊപ്പം ഒരാഴ്ച താമസിച്ചത് എന്നാണ് ? കഴിഞ്ഞ വർഷമോ? അതോ അതിൻ്റെ മുന്നത്തെയോ? അതോ ? നെഞ്ച് വിങ്ങുന്നു..

പവി വിളിച്ച് വീഡിയോ കാളിൽ കാണുന്ന ഏതാനും നിമിഷങ്ങൾ അപ്പോഴും താൻ ബിസി ആയിരിക്കും.. ചിലപ്പോൾ മനപ്പൂർവ്വം കാൾ കട്ട് ചെയ്ത് റേഞ്ച് പോയെന്ന് മെസേജ് അയക്കും..

ഓർക്കുമ്പോൾ ഒരു മുള്ള് നെഞ്ചിൽ തറയ്ക്കുന്നത് പോലെ അമ്മയ്ക്ക് വയ്യെന്ന് പറഞ്ഞപ്പോ രണ്ട് ദിവസമെങ്കിലും ലീവെടുത്ത് വരാമായിരുന്നു..

പക്ഷേ അമ്മ ഇങ്ങനെ പറ്റിക്കുമെന്ന് താനറിഞ്ഞില്ലല്ലോ.. തികട്ടി വന്ന ഒരു തേങ്ങൽ തൊണ്ടയിൽ കുരുങ്ങി ..

പവി കുളിച്ചു വന്നതും കർമങ്ങൾ ചെയ്തതും ഒരു പാവയെപ്പോലെ നോക്കി നിന്നു.. ഒടുക്കം തെക്കേത്തൊടിയിൽ അമ്മ കത്തിയമരുമ്പോൾ അതിലും ഊക്കോടെ തൻ്റെ നെഞ്ചും പൊള്ളുന്നതറിഞ്ഞു..

അമ്മ മരിച്ച് അഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു …. ഉമ്മറത്തെ ചാരുപടിയിൽ ദൂരത്തേയ്ക്ക് നോക്കിയിരുന്നു ..

” പപ്പീ. എന്താ നിൻ്റെ പ്ലാൻ .. രണ്ട് ആഴ്ചത്തേയ്ക്ക് ലീവ് നീട്ടുകയല്ലേ ”

ജഗൻ അലിവോടെ കൈകൾ തലോടി..

” അത് ജഗൻ.. .. ലീവ് ചിലപ്പോൾ കിട്ടില്ല .. പിന്നെ അവിടത്തെ കാര്യങ്ങൾ ഒക്കെ … നാളെ ഞാൻ കൂടി … ”

പറഞ്ഞ് മുഴുമിപ്പിക്കാൻ പറ്റിയില്ല.. ജഗൻ്റെ കത്തുന്ന നോട്ടത്തിന് മുന്നിൽ തല താഴ്ത്തിയിരുന്നു ..

” അവിടത്തെ കാര്യം നീ നോക്കണ്ട.. നവീൻ വലിയ കുട്ടിയാണ് .. ഞങ്ങൾ മാനേജ് ചെയ്തോളാം.. പിന്നെ നിൻ്റെ ലീവ് നിൻ്റമ്മ മരിച്ച് കർമ്മം ചെയ്യാൻ ലീവ് തരില്ലെങ്കിൽ നീ റിസൈൻ ചെയ്തോ പപ്പീ .. ബാക്കി ഞാൻ നോക്കിക്കോളാം…”

ഒന്നും മിണ്ടിയില്ല.. ജഗന് അമ്മയെ ജീവനായിരുന്നു. അമ്മായിയമ്മയല്ല.. സ്വന്തം തന്നെയായിരുന്നു..

അമ്മയ്ക്ക് തിരിച്ചും.. പവിയേയും ജഗനേയും വേർതിരിച്ച് കണ്ടിട്ടില്ല .. മൃദുലയേയും അതെ.. മരുമകളായിട്ടല്ല.. തന്നെപ്പോലെ മകളായിട്ടേ കണ്ടിട്ടുള്ളൂ ..

ഒരിക്കലും മുഖം കറുത്ത് എന്തെങ്കിലും പറയുകയോ ചെയ്യുകയോ ഉണ്ടായിട്ടില്ല .. സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ… ഉപാധികളില്ലാതെ..

നവീനും ജഗനും പോയപ്പോൾ ഉമ്മറത്ത് വെറുതെയിരുന്നു .. കുറച്ചു കഴിഞ്ഞ് പവി അടുത്ത് വന്നിരുന്നു..

ആദ്യം ഒന്നും മിണ്ടിയില്ല.. പിന്നെ എന്തോ പറഞ്ഞ് എണീറ്റു പോയി .. പണ്ട് രണ്ടാളും കൂടിയാൽ കലപിലാന്ന് ബഹളമാണ്. അടി കൂടിയും വിശേഷം പറഞ്ഞും… ഇപ്പോൾ വാക്കുകൾക്ക് ക്ഷാമം..

എന്നു മുതലാണ് ഇങ്ങനെയായത്! പവിയ്ക്ക് മാറ്റമില്ല.. താനാണ് മാറിയത്.. താൻ മാത്രം .. കമ്പ്യൂട്ടറുകളുടേയും കണക്കുകളുടേയും ലോകത്ത് താനും ഒരു യന്ത്രമായി മാറി.. ചിന്തയും മനസും മരവിച്ച യന്ത്രം.

ഉമ്മറത്തിരുന്ന് തെക്കേ തൊടിയിലേയ്ക്ക് നോക്കി.. ചുറ്റിലും അമ്മയുടെ സാമീപ്യമുള്ള പോലെ..

കൈതപ്പൂവിൻ്റെ മണമുള്ള വേഷ്ടിയുടുത്ത അമ്മ.. അമ്മയുടെ വിരലിൽ തൂങ്ങുന്ന ഒരു കൊച്ചു പെൺകുട്ടി.. അമ്മയുടെ ഒക്കത്ത് വേറൊരു കുസൃതിക്കുട്ടൻ ..

തങ്ങൾക്കായി കാരോലപ്പം വാർക്കുന്ന .. പായസം വെയ്ക്കുന്ന .. ചക്ക വരട്ടുന്ന അമ്മ! വികൃതി കാണിക്കുമ്പോൾ വടിയെടുത്ത് വന്ന് ചിണുങ്ങിക്കരഞ്ഞാൽ ചക്കരയുമ്മ തരുന്ന അമ്മ

ഋതുമതിയായ നാളിൽ നെഞ്ചോട് ചേർത്ത് നെറ്റിയിൽ മുകരുന്ന അമ്മ! പഠിക്കാനുള്ള രാത്രികളിൽ കൂട്ടിരിക്കുന്ന , പരീക്ഷാ നാളുകളിൽ നോൽമ്പു നോൽക്കുന്ന അമ്മ!

വിജയങ്ങളിൽ സന്തോഷിക്കുന്ന , പരാജയങ്ങളിൽ ചേർത്തു പിടിയ്ക്കുന്ന അമ്മ വിവാഹ ദിവസം പടിയിറങ്ങുമ്പോൾ നിറകണ്ണുകളോടെ പുഞ്ചിരിച്ച് യാത്രയാക്കുന്ന അമ്മ! ആദ്യ ഗർഭത്തിൻ്റെ കൊതികളെ മാറ്റാൻ ഉത്സാഹിക്കുന്ന അമ്മ

പ്രസവാലസ്യത്തിൽ തളർന്നു കിടക്കുന്ന തന്നെ ഉറങ്ങാൻ വിട്ട് രാത്രി മുഴുവൻ കൈക്കുഞ്ഞുമായി നടക്കുന്ന അമ്മ

കാണാൻ തോന്നുന്നുവെന്ന് പരിഭവം പറയുന്ന അമ്മ എന്ന് വരുമെന്ന് പ്രതീക്ഷയോടെ ചോദിക്കുന്ന അമ്മ!
വന്നതിനേക്കാൾ വേഗം പോവാനൊരുങ്ങുമ്പോൾ കണ്ണ് നിറച്ചു നിൽക്കുന്ന അമ്മ

മൊബൈൽ ഫോണിൻ്റെ ചെറിയ സ്ക്രീനിൽ പകച്ചു നോക്കുന്ന അമ്മ അമ്മയുടെ ഓർമ്മകൾ വീർപ്പുമുട്ടിച്ചപ്പോൾ പതിയെ കണ്ണുകൾ അടച്ചു.. അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.. അമ്മ കൂടെയുണ്ടെന്ന പോലെ…

തനിച്ചിരുന്നു കരയുന്നത് കണ്ടിട്ടാവാം.. മൃദു വന്ന് അടുത്തിരുന്നു കൈകൾ അമർത്തിപ്പിടിച്ചു.. ഒരാശ്വാസമെന്ന പോലെ! അവളെ നോക്കി ചിരിച്ചെന്നു വരുത്തി.. ഒരു പക്ഷേ അമ്മയുടെ വേർപാട് തന്നേക്കാൾ അവളെയാണ് തളർത്തുക ..

അവളായിരുന്നു അമ്മയുടെ കൂടെ.. അവൾക്കും അമ്മയുടെ മണമുണ്ടെന്ന് തോന്നി.. അവളുടെ മടിയിലേക്ക് ചാഞ്ഞു .. അവൾ പതിയെ തലയിൽ തലോടി.. അമ്മയെപ്പോലെ…

ദിവസങ്ങൾ പൊഴിഞ്ഞു വീഴുകയാണ്! കണക്കുകളും ഫയലുകളുമില്ലാതെ.. ഫോൺ വിളികളില്ലാതെ.. പപ്പിയായി മാത്രം ജീവിച്ച ദിവസങ്ങൾ. കുറുമ്പുകാരി പാറുവിൽ ഞാനെന്നെ കണ്ടു.. മൃദുവിൽ എൻ്റെ പൊന്നമ്മയേയും ..

“പമ്മൂ…. ” എന്നൊരു വിളി കേട്ടാണ് ഞെട്ടിയെണീറ്റത്.. വെപ്രാളപ്പെട്ട് ഓടി .. മൃദുല പാറുവിനെ വിളിക്കുകയാണ്.. തന്നെക്കണ്ടപ്പോൾ അവൾ നേർമയായി ചിരിച്ചു

” പമ്മു.. ? ” സംശയത്തോടെയാണ് ചോദിച്ചത്

“അമ്മ അവളെ അങ്ങനെയാണ് വിളിച്ചിരുന്നത്… ”

മൃദുലയുടെ മറുപടി ഉള്ളാകെ ഉലച്ചു.. പത്മിനി എന്ന താൻ എല്ലാവർക്കും പപ്പിയും അമ്മയ്ക്ക് മാത്രം പമ്മുവും ആയിരുന്നു ..

അത്രമേൽ സ്നേഹത്തോടെ അമ്മ വിളിച്ചിരുന്ന പേര് .. ഇനി ആ വിളിയില്ലെന്ന ഓർമ പോലും നോവു പടർത്തി .. തന്നെ വിളിക്കാൻ കിട്ടാത്തത് കൊണ്ടാവണം പാറുവിനെ അങ്ങനെ വിളിച്ചത്..

അത്രയ്ക്കും അമ്മ തന്നെ മിസ് ചെയ്തിരിക്കണം.. പെയ്ത കണ്ണുകളോടെ അമ്മയുടെ മുറിയിലേക്ക് ചെന്നു .. വന്നിട്ട് ആദ്യമായിട്ടാണ് മുറിയിൽ കയറുന്നത് ..

കൈതപ്പൂവിൻ്റെ മണം പരക്കുന്നത് പോലെ! അമ്മയുടെ കിടക്കയിൽ തലയണയിൽ മുഖം ചേർത്തു കിടന്നു.. അമ്മയുടെ ചൂട് തങ്ങി നിൽക്കുന്ന പോലെ!

പതിനാറാം ദിവസം ജഗനെത്തി.. നവീനും .. പവിയോടൊപ്പം അമ്മയ്ക്ക് വെലിയിട്ട് മുങ്ങി നിവരുമ്പോൾ മനസ്സിലെ സങ്കടവും കുറ്റബോധവും ഉള്ളുലച്ചു .. ആ ഉലച്ചിലിൽ വീണുപോകുമെന്നായപ്പോൾ പവി ചേർത്തു പിടിച്ചു.. എത്ര കാലങ്ങൾക്ക് ശേഷം! അവനോട് ചേർന്നു നിന്നു..

ഇറങ്ങാൻ നേരമായെന്ന് ജഗൻ സൂചിപ്പിച്ചപ്പോൾ അമ്മയുടെ മുറിയിൽ ഒന്നുകൂടി ചെന്നു .. മൃദുലയും പിന്നാലെ വന്നു.. അലമാരയിൽ നിന്ന് ഒരു കവർ എടുത്തു തന്നു..

” മരിക്കുന്നതിന് മുൻപ് അമ്മ ഏൽപ്പിച്ചതാണ്. ചേച്ചിയ്ക്ക് തരാൻ ..”

വിറകൈകളോടെ തുറന്നു നോക്കി..
അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പുളിയിലക്കര വേഷ്ടി …

അച്ഛൻ സമ്മാനിച്ചത് ഇത് കോളേജിലേയ്ക്ക് ഉടുക്കാൻ തരാത്തതിനാണ് ആദ്യമായി അമ്മയോട് പിണങ്ങിയത് അത് മുഖത്തോട് ചേർത്തു .. കൈതപ്പൂവിൻ്റെ മണം അമ്മയുടെ മണം..

എല്ലാ സങ്കടങ്ങളും ഒന്നിച്ച് പേമാരിയായി പുറത്തേയ്ക്ക് ഒഴുകി .. എന്തൊക്കെയോ വിളിച്ചു പറഞ്ഞ് പൊട്ടിക്കരയുന്ന തന്നെ പവി ചേർത്തു പിടിക്കുന്നതും സമാധാനിപ്പിക്കുന്നതും അറിയുന്നുണ്ടായിരുന്നു… അമ്മേ ..

സോറി അമ്മേ … എന്നോട് പൊറുക്കമ്മേ .. എന്ന് ഉറക്കെ വിളിച്ച് കരയുമ്പോൾ അവൻ്റേയും കണ്ണു നിറഞ്ഞിരുന്നു..

” അമ്മ നമ്മടെ കൂടെയുണ്ട് പപ്പിയോപ്പൂ… അല്ലാതെവിടെ പോവാൻ ”
എന്നവൻ സമാധാനിപ്പിച്ചു ..

ജഗൻ്റെ കൂടെ കാറിൽ കയറി, മൃദുലയ്ക്കും പവിക്കും കൈ വീശി .. പാറുവിന് മുത്തം നൽകി. മടങ്ങുമ്പോൾ കണ്ണുകൾ തെക്കേ തൊടിയിലേയ്ക്ക് നീണ്ടു ..

അമ്മ അവിടെ നിൽക്കുന്ന പോലെ…

” അമ്മ നമ്മടെ കൂടെയുണ്ട് പപ്പിയോപ്പൂ… അല്ലാതെവിടെ പോവാൻ ”

പവിയുടെ വാക്കുകൾ ഓർത്തു ..
അമ്മയുടെ മുണ്ട് മുഖത്തേയ്ക്ക് ചേർത്തു.

അതെ.. അമ്മ കൂടെയുണ്ട് .. പതിയെ കണ്ണുകളടച്ചു .. ചുറ്റിലും കൈതപ്പൂവിൻ്റെ മണം പരക്കുന്നത് സന്തോഷത്തോടെ അറിഞ്ഞു .. അമ്മയുടെ മണം…

Leave a Reply

Your email address will not be published. Required fields are marked *