കിരണിൻ്റെ ചേച്ചിയെ സൂക്ഷിച്ചോ, ചിരിച്ചു നിക്കണ മാതിരിയാവില്ല സ്വത്തിൻ്റെ കാര്യം..

ഭാഗം വെപ്പ്
(രചന: വൈഖരി)

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. മനസ്സിലാകെ അമ്മയുടെ വാക്കുകളാണ്.

“കിരണിൻ്റെ ചേച്ചിയെ സൂക്ഷിച്ചോ … ചിരിച്ചു നിക്കണ മാതിരിയാവില്ല , സ്വത്തിൻ്റെ കാര്യം വരുമ്പോ”

നാളെ ചില തീരുമാനങ്ങൾ അറിയിക്കാനുണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.

വിഷയം ഇതാന്നെന്ന് പറഞ്ഞില്ലെങ്കിലും എല്ലാവർക്കും അറിയാം. കിരണേട്ടൻ്റെ മൂത്ത ചേച്ചി ഇപ്പോഴും അവരുടെ ഭർത്താവിൻ്റെ കുടുംബ വീട്ടിലാണ് . അതാണ് അമ്മയെ അലോസരപ്പെടുത്തുന്നത്.

പോരാത്തതിന് രണ്ട് പെൺകുട്ടികളും. ചേച്ചിയെയും ഏട്ടനേയും എല്ലാർക്കും വല്യ കാര്യവുമാണ്. വീട് ചേച്ചിയ്ക്കു കെട്ടുക്കുമോ എന്നാണ് അമ്മയുടെ പേടി. പറഞ്ഞ് പറഞ്ഞ് തൻ്റെയും.

കിരണേട്ടൻ നല്ല ഉറക്കമാണ്. അല്ലെങ്കിലും ഇതൊന്നും പുള്ളിയെ ബാധിക്കില്ല . അവൾ ചേച്ചിയെ ഓർത്തു.

കിരണേട്ടനേക്കാൾ നാലു വയസിനു മൂത്തതാണ് ചേച്ചി. ചിരിച്ചു കൊണ്ടല്ലാതെ കണ്ടിട്ടേയില്ല.

ചേച്ചി വന്നാൽ പിന്നെ വീട്ടിൽ ആകെ ബഹളമാണ്. തമാശകളും പൊട്ടിച്ചിരികളും…

അച്ഛനു പത്തു വയസ് കുറഞ്ഞെന്ന് തോന്നും. ചേച്ചി അച്ഛനെ കെട്ടിപ്പിടിച്ച് കിടക്കും.. അപ്പോ കിരണേട്ടൻ വഴക്കു കൂടി ചെല്ലുന്നത് കാണാം. അമ്മയും അച്ഛനും എല്ലാം ആസ്വദിക്കുo.

“അഭീ… കൂടിക്കോട്ടോ ” എന്ന് തന്നെയും ക്ഷണിക്കും . താൻ ചിരിച്ചു നിൽക്കാ റെയുള്ളൂ . ചേച്ചി വന്നാൽ വെറുതെയിരിക്കാറേയില്ല. അടുക്കളയിൽ കാണും.

പാത്രങ്ങൾ കഴുകുമ്പോളും പാകം ചെയ്യുമ്പോഴും വിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. ” അഭീ ” എന്ന് സ്നേഹത്തോടെ വിളിക്കും.

കുട്ടികൾക്കും വല്യമ്മ എന്നാൽ ജീവനാന്ന് . അവർക്ക് നിറയെ പലഹാരങ്ങൾ കൊണ്ടുവരും .

മിന്നുവിനെ ഒരുക്കാനും കണ്ണനെ മടിയിൽ വെച്ച് കൊഞ്ചിക്കാനും പിന്നെ വല്ലമ്മ മതി. ചേച്ചിയുടെ മക്കളായ പാറുവും അച്ചുട്ടിയുംപോലെ തന്നെയാണ് കണ്ണനും മിന്നുവും.

ഏട്ടനും വളരെ സ്നേഹമുള്ളയാളാണ്. ഒരു വല്യേട്ടൻ്റെ കരുതലും, അളിയൻ്റെ സൗഹൃദവും ഒരുപോലെയുണ്ട്.

ചേച്ചിയെപ്പറ്റി കിരണേട്ടൻ്റെ സ്നേഹവുo അവരുടെ അടുപ്പവും, ചേച്ചി കിരണേട്ടനെയും അച്ഛനേയും അമ്മയേയും ഒക്കെ കെട്ടിപ്പിടിക്കുന്നതും കാണുമ്പോൾ പൊടിക്ക് കുശുമ്പും തോന്നാറുണ്ട് .

പക്ഷേ, സ്വത്ത് ഭാഗത്തിൻ്റെ കാര്യം വരുമ്പോൾ എല്ലാം മാറുമോ എന്ന് ആശങ്കയാണ്. ഓരോന്ന് ചിന്തിച്ച് എപ്പൊഴോ ഉറങ്ങി .

രാവിലെ ചേച്ചി എത്തി. പതിവുപോലെ നിറഞ്ഞ ചിരി കുട്ടികൾക്ക് കെട്ടിപ്പിടിച്ച് ഉമ്മയും പലഹാരങ്ങളും . നേരെ അടുക്കളയിലക്ക് വന്നു. ” അഭീ… ” ചിരി!
ചേച്ചിയെ ഇതൊന്നും ബാധിച്ചില്ല എന്ന് തോന്നി.

സമയം നീങ്ങി. എല്ലാവരും ഹാളിൽ ഒത്തുകൂടി . അച്ഛൻ പറഞ്ഞ് തുടങ്ങിയപ്പോഴേ ചേച്ചി തടുത്തു.

“എനിക്ക് ചില തീരുമാനങ്ങൾ ഉണ്ട് . ”
ചേച്ചിയുടെ ഗൗരവം നിറഞ്ഞ ഭാവം ആദ്യമായി കാണുകയാണ്.”

ഇവിടെയുള്ളതെല്ലാം എൻ്റെ കിരണിൻ്റെയാണ്. വീട്, പറമ്പ് , എല്ലാം … ഒന്നും എനിക്കോ കുട്ടികൾക്കോ വേണ്ട. പക്ഷേ, കിരൺ.. അവൻ എന്നും എൻ്റെ തന്നെയാവണം. എൻ്റെ കുഞ്ഞു. അതിന് മാറ്റം പാടില്ല , മരണം വരെ ..

അത് എവിടെയും എഴുതി വയ്ക്കേണ്ട .. മനസിൽ ഉണ്ടായാൽ മതി … എല്ലാവരുടേയും” . ചേച്ചി നിറഞ്ഞ കണ്ണുകളോടെ നോക്കിയപ്പോൾ മുഖം കുനിഞ്ഞു പോയി .

അമ്മയുടെ വാക്കുകൾ കേട്ട് ഓരോന്ന് മറഞ്ഞും തെളിഞ്ഞും പറഞ്ഞ് കാര്യങ്ങൾ ഇതുവരെ എത്തിച്ച നിമിഷങ്ങളെ മനസിൽ ശപിച്ചു .. ഒന്നും മിണ്ടാതെ തല താഴ്ത്തി മുറിയിലെത്തി. എത്ര നേരം ഇരുന്നു എന്നറിയില്ല.

ചുമലിൽ ഒരു കൈ പതിച്ചപ്പോഴാണ് ഉണർന്നത്. ചേച്ചിയാണ്.

“അഭീ … ഇറങ്ങാ ട്ടോ .. പിന്നെ വരാം” ചേച്ചി യാത്ര പറഞ്ഞു.

“ചേച്ചി ….. ” ഞാൻ ആദ്യമായി ചേച്ചിയെ കെട്ടിപ്പിടിച്ചു. “ചേച്ചീ.. ഞാൻ … ” എനിക്ക് വാക്കുകൾ മുറിഞ്ഞു

” ഒന്നും പറയണ്ട. സാരമില്ല “ചേച്ചി ചേർത്തു പിടിച്ചു.”

ആ സ്നേഹച്ചൂട് എന്നിലേക്കും പടർന്നു. ആ സ്നേഹ മണം ഞാനും അറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *