ഏട്ടൻ കൊണ്ടാക്കി തന്നാൽ എന്റെ ഭാര്യയ്ക്കും നാണക്കേടാവുമോ ഇനി, ദേവു തിരിഞ്ഞ്..

ഓട്ടോഡ്രൈവർ
(രചന: Aparna Nandhini Ashokan)

“ഏട്ടൻ എന്റെ കൂടെ കോളേജിൽ വരണ്ട.. ഞാനെന്റെ കൂട്ടുക്കാരോടൊന്നും പറഞ്ഞിട്ടില്ല ഏട്ടൻ ഓ ട്ടോ ഡ്രൈവറാണെന്ന്”

“അതെന്താ ഉണ്ണ്യോളെ.. ഏട്ടൻ ഓ ട്ടോ ഓടിക്കുന്നത് മോൾക്ക് അത്രക്കും കുറച്ചിലാണോ..”

തന്റെ ചോദ്യത്തിന് മറുപടിയൊന്നും തരാതെ പടിയിറങ്ങിപോകുന്ന അനിയത്തിയെ നോക്കി ഹരി ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നൂ..

“ഹരിയേട്ടാ വിഷമമായോ.. അവള് ചെറിയ കുട്ടിയല്ലേ. വകതിരിവില്ലാതെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും.. കാര്യമാക്കേണ്ട”

ഹരി തിരിഞ്ഞു നോക്കിയപ്പോൾ തന്റെ ഭാര്യ മുഖത്തൊരു ചിരിയുമായി രാവിലത്തെ പതിവു കട്ടനും കൈയിൽ പിടിച്ച് വരുന്നുണ്ട്..

അവളുടെ കൈയിൽ നിന്നും കട്ടനും വാങ്ങികുടിച്ച് ഹരി ചാരുകസേരയിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നൂ..

അവസാനവർഷ പരീക്ഷ എഴുതുന്നതിന് കോളേജിൽ പോകുന്ന വഴിക്കാണ് കടംകയറി അച്ഛൻ തൂ ങ്ങിമ രിച്ചെന്ന വാർത്ത കേൾക്കുന്നത്.. അന്നുമുതൽ ഈ വീടിന്റെ നാഥനായീ.

എഴുതാതെ പോയ പരീക്ഷകൾ എഴുതിതീർക്കണമെന്ന് പലയാവർത്തി ആഗ്രഹിച്ചതാണ്

പക്ഷേ ഉത്തരവാധിത്ത്വങ്ങൾ ഏറി വന്നപ്പോൾ പിന്നെയാവാമെന്ന് കരുതി ഒഴിവാക്കാൻ എന്റെയീ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ..

അതിനിടയിൽ പ്രണയിച്ച പെണ്ണ് ഗതിയില്ലാത്തവന്റെ അവസ്ഥകണ്ട് ഇട്ടേച്ചു പോയി.

“ഹരിയേട്ടാ ഒന്നിങ്ങു വന്നേ ഇന്നലെ എഴുതിവെച്ച പ്രോജക്ട് കാണുന്നില്ലാ”

ഈ പെണ്ണിന്റെ കാര്യം.. കഷ്ടപ്പാടുകൾക്കിടയിലെന്നോ തന്റെ ജീവിതത്തിലേക്കു കയറി വന്നാതാണവൾ. ദേവൂ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ്. അതു തന്നെയായിരുന്നൂ അവളെ തന്റെ ജീവിതത്തിലേക്കു കൂട്ടാനുള്ള കാരണം.

കഷ്ടപ്പാടുകൾ എന്താണെന്ന് ദേവൂന് നന്നായിട്ടറിയാം. അതുകൊണ്ടു തന്നെ ഈ കുടുംബത്തിലെ ഇല്ലായ്മകൾക്കധീതമായി ഇന്ന് വരെ ജീവിച്ചിട്ടില്ല..

“ഹരിയേട്ടാ നിങ്ങളിങ്ങനെ പകൽകിനാവ് കണ്ടിരുന്നോ.. ഇന്ന് കൊടുക്കേണ്ട പ്രോജക്ടാണ് അത് കിട്ടിയില്ലേൽ ദേവൂന് പിന്നെ ഒന്നും ചെയ്യാൻ പറ്റൂല്ലാട്ടോ”

“എടി ഭാര്യേ.. ഇന്നലെ രാത്രി എന്നെകൊണ്ട് ഇരുത്തി വരപ്പിച്ചിട്ട് നീ തന്നെയല്ലേ അമ്മയെ കാണിക്കാൻ വേണ്ടിയാണെന്നും പറഞ്ഞ് അമ്മേടെ മുറിയിൽ കൊണ്ടു പോയി വെച്ചത്.

ഇത്രേം വേഗം മറന്നോ അത്. ആരെങ്കിലും മനസ്സിൽ കയറിക്കൂടിയോ എന്തോ.. വല്ല്യേ മറവിയാലോ ഇപ്പോൾ”

“അതെ ഒരാളെ മനസ്സിൽ കയറ്റിവെച്ചിട്ടുണ്ട് അങ്ങേരാണേൽ എന്നെക്കാൾ മറവിയാ ഇപ്പൊ അതിന്റെ കൂടെ പകൽകിനാവു കാണലും.. പറഞ്ഞു വരുമ്പോൾ ചെറിയൊരു ബന്ധവുമുണ്ട് ഞങ്ങൾ തമ്മിൽ..”

“അതെന്തു ബന്ധമാ ദേവൂട്ട്യേ”

“ന്റെ കെട്ട്യോൻ.. നിന്നു കിണുങ്ങാതെ എന്നെയൊന്നു കോളേജിൽ കൊണ്ടു വിടുമോ.. ബസ് പോയീട്ട്ണ്ടാവും”

ദേവു തന്റെ ബാഗും ചാർട്ടുകളും പ്രോജക്ടുമായി തിടുക്കപ്പെട്ട് മുറിയിൽ നിന്നും പുറത്തേക്കു നടന്നൂ. പെട്ടന്ന് ഹരി ദേവൂന്റെ അടുത്തേക്ക് നടന്നൂ “ഏട്ടൻ കൊണ്ടാക്കി തന്നാൽ എന്റെ ഭാര്യയ്ക്കും നാണക്കേടാവുമോ ഇനി..??”

ദേവു തിരിഞ്ഞ് ഹരിയുടെ കൈപിടിച്ച് മുറിയിലേക്കു തിരിച്ചു നടന്നൂ.. ഹരിയെ കട്ടിലിൽ പിടിച്ചിരുത്തി അവളും അരികെ ഇരുന്നൂ..

“ഹരിയേട്ടാ.. നേരത്തെ ഉണ്ണ്യോളു പറഞ്ഞകാര്യം മനസ്സിൽ നിന്ന് വിട്ടിട്ടില്ലലേ..”

“വലിയ പഠിത്തക്കാരിയായപ്പോൾ അവൾക്ക് ഏട്ടന്റെ തൊഴില് നാണക്കേടായീണ്ടാവുമെന്ന് ഞാൻ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു ദേവുട്ട്യേ..”

“ഹരിയേട്ടാ.. അവള് ചെറിയകുട്ടിയാണ് ന്യൂജനറേഷൻ എന്നൊക്കെ പറയില്ലേ അതു പോലെ ഇന്നത്തെ സമൂഹത്തിനൊത്തു ജീവിക്കണ കുട്ടിയാണ്..

ഈ പ്രായമൊക്കെ കടന്നു പോകുമ്പോൾ അവൾക്കു യഥാർത്ഥജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങും.. അവളെ ഇത്രേം വലിയ കോളേജിൽ പഠിപ്പിക്കുന്നത് ഈ ഏട്ടന്റെ തൊഴിലുകൊണ്ട് തന്നെയല്ലേ..”

“പിന്നെ ദേവൂന്റെ കാര്യം.. കല്ല്യാണം കഴിഞ്ഞിട്ട് ആദ്യം ഏട്ടൻ ചെയ്തത് ടീച്ചറാവണമെന്ന എന്റെ ആഗ്രഹം നടത്തിതരികയായിരുന്നൂ..

അതിന് വേണ്ടീട്ട് നല്ലൊരു കോളേജിൽ ചേർത്തു എന്നതു മാത്രമല്ല ഉറക്കമിളച്ചിരുന്ന് എനിക്ക് വേണ്ട പ്രോജക്ടും മറ്റും ചെയ്യാൻ കൂടെയിരിക്കുന്നൂ..

ഒരേ സമയം ഭർത്താവിന്റെയും സഹോദരന്റെയും സ്ഥാനം എനിക്ക് ഈയൊരാളിൽ നിന്നല്ലേ കിട്ടുന്നേ.. എനിക്ക് അഭിമാനമേയുള്ളൂ ഇങ്ങനെയൊരാളുടെ ഭാര്യയായതിൽ..”

ദേവു നിറഞ്ഞു വന്ന കണ്ണുനീര് തുടച്ച് എഴുന്നേറ്റു.. ഹരി പുഞ്ചിരിച്ചുകൊണ്ട് അവളെ തന്നോട് ചേർത്തു നിർത്തി ചുംബിച്ചു..

പെട്ടന്ന് വാതിൽക്കലാരോ വന്നൂ…

“മോനെ.. ഉണ്ണ്യോളുടെ കൂട്ടുക്കാരി വിളിച്ചിരുന്നൂ. ബസിൽ നിന്നും ഇറങ്ങുമ്പോൾ അവള് കാല് തെറ്റി വീണൂന്ന്.. നെറ്റി മുറിഞ്ഞിട്ടുണ്ട്.

അവളെ പഠിപ്പിക്കണ മാഷും കൂട്ടുക്കാരിയും സിറ്റി ആശുപത്രീൽ കൂടെയുണ്ട്..നമുക്ക് വേഗം പോവാടാ”

അമ്മ കരഞ്ഞുകൊണ്ട് അത്രയും പറഞ്ഞൊപ്പിച്ചൂ. ഹരിയുടെ മുഖം പെട്ടന്ന് വല്ലാതെയായി.. കണ്ണുകൾ തുടച്ച് വീടിനു പുറത്തേക്ക് തിടുക്കപ്പെട്ട് നടന്നൂ..

“ഹരിയേട്ടാ.. ഞാനും വരുന്ന്ണ്ട്”

ദേവുവും ഹരിക്കൊപ്പം വണ്ടിയിൽ കയറി..

ഹരിയും ദേവുവും ആശുപത്രി വരാന്തയിലൂടെ വേഗം നടന്നൂ ഉണ്ണ്യോളെ കിടത്തിയിരിക്കുന്ന മുറിയുടെ വാതിൽക്കലെത്തി. അവളുടെ കൂട്ടുക്കാരുണ്ട് മുറിയിൽ. ഹരിയെ കണ്ടപ്പാടെ ഉണ്ണ്യോളുടെ മുഖം വിളറി വെളുക്കുന്നതായീ ഹരി ശ്രദ്ധിച്ചു..

“ആരാണ്..”

ഉണ്ണ്യോളുടെ കൂട്ടുക്കാരിൽ ഒരാൾ എഴുന്നേറ്റു വന്നൂ..

“ഞാൻ ഉണ്ണ്യോളുടെ ഏട്ടനാ ഇതെന്റെ ഭാര്യയും..മോളെ നിനക്കെന്താ പറ്റിയേ..ഏട്ടന്റെ കുട്ട്യോട് പറഞ്ഞതല്ലായിരുന്നോ കോളേജിൽ കൊണ്ടാക്കി തരാമെന്ന്. ഇപ്പൊ കണ്ടില്ലേ നെറ്റീം മുറിഞ്ഞ് കിടക്കുന്നേ..”

“ഏട്ടനോ.. ഉണ്ണിമോളെ നീയല്ലേ പറഞ്ഞിരുന്നത് നിന്റെ ബ്രദർ ഗൾഫിലാണെന്ന്. അപ്പോ ഇതാരാ..”

“എടി.. ഇവള് വീണതറിഞ്ഞിട്ട് ഗൾഫിൽ നിന്ന് വണ്ടി ഓടിച്ച് വന്നതാണെന്ന് തോന്നുന്നൂ ബ്രദറും വൈഫും.. കണ്ടില്ലേ കാക്കി ഷർട്ടൊക്കെ ഇട്ടിരിക്കുന്നേ.. എന്തായാലും ഉണ്ണിമോളെ നിനക്ക് ഞങ്ങളോടെങ്കിലും പറയാർന്നൂ സത്യാവസ്ഥ”

കൂട്ടുക്കാരികൾ ചിരിച്ചൂ.. അതുകൂടെ ആയപ്പോൾ ഉണ്ണിമോൾ അടക്കിവെച്ച ദേഷ്യമെല്ലാം കൂടി പുറത്തുകാട്ടാൻ അരംഭിക്കുകയായിരുന്നൂ..

“നിങ്ങളിപ്പോ എന്തിനാ ഇങ്ങോട്ടു വന്നേ.. എല്ലാവരുടെ മുന്നിലും എന്നെ കള്ളിയാക്കിയപ്പോൾ തൃപ്തിയായോ”

പുറത്തേക്കു വരാൻ വെമ്പി നിന്ന കണ്ണുനീരിനെ അടക്കിപ്പിടിച്ച് ഹരി പുറത്തേക്കു നടന്നൂ.. പോക്കറ്റില് തപ്പി കൈയിലുള്ള പണം എണ്ണി കൊണ്ട് ബില്ല് അടക്കുന്ന സ്ഥലം തിരഞ്ഞൂ..

ദേവു ആ മുറിയിൽ തന്നെയുണ്ട്.. കൂട്ടുക്കാരുടെ തിരക്കൊഴിഞ്ഞപ്പോൾ അവൾ ഉണ്ണ്യോളുടെ അടുത്തു വന്നിരുന്ന് നെറ്റി തലോടീ..

“ഉണ്ണ്യോളെ.. നിന്റെ കൂട്ടുക്കാരികളെല്ലാം വലിയ വീട്ടിലെ കുട്ടികളാണല്ലേ.. എന്തുകൊണ്ടാണ് അവര് നിന്റെ കള്ളം പിടിക്കപ്പെട്ടപ്പോൾ ഇങ്ങനെ കളിയാക്കീത്..

മാതാപിതാക്കളുടെ കഷ്ടപ്പാടറിയുന്ന മക്കള് അവരുടെ തൊഴിലു വീട്ടിലെ അവസ്ഥയും മാറ്റിപറയില്ല.. ഏതു തൊഴിലാണെങ്കിലും അതിന് മാന്യതയുണ്ട് മോളെ”

“ഏട്ടത്തീ… അവരൊക്കെ കളിയാക്കിയപ്പോൾ ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ ഏട്ടനെ അങ്ങനെ പറഞ്ഞു പോയതാണ്. ക്ഷമിക്കണം”

“നിന്റെ കൈയിലിരിക്കുന്ന ഈ ഫോണിന് എന്താ വില??.. കഴിഞ്ഞ പിറന്നാളിന് നിനക്ക് ഏട്ടൻ വാങ്ങി തന്നതല്ലേ.? ഇത്രേം രൂപ ചിലവാക്കാൻ ഏട്ടന് എവിടുന്നാണ് എന്നെങ്കിലും നീ അന്വേഷിച്ചിട്ടുണ്ടോ ഉണ്ണ്യോളെ..

കുറിയുടെ കാശ്ശ് കിട്ടിയപ്പോൾ മുടങ്ങി കിടക്കുന്ന വണ്ടീടെ അടവുകൾ അടക്കാമെന്ന ആശ്വാസത്തിലായിരുന്നു ഏട്ടൻ.. നിന്റെ ആഗ്രഹം പറഞ്ഞപ്പോൾ അതെല്ലാം മാറ്റിവെച്ചിട്ടാണ് ഫോൺ വാങ്ങിയത് അന്ന്”

“ഏട്ടത്തി.. ഞാൻ അറിയാതെ ഓരോന്ന് പറയുന്നതാണ്”

ഉണ്ണ്യോൾ വാക്കുകൾക്കായി പരതി

“ഏട്ടത്തി കുറ്റപ്പെടുത്തിയതല്ല ഉണ്ണ്യോളെ.. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്തി തരേണ്ടത് മാതാപിതാക്കളുടെ കടമയാണ്..

പക്ഷേ വീട്ടുക്കാരുടെ പ്രയാസങ്ങളും വിഷമതകളും അറിയാതെ അനാവശ്യകാര്യങ്ങൾക്ക് വാശി പിടിക്കുന്നവരാ ഇപ്പോഴത്തെ കുട്ടികളിൽ പലരും. ഏട്ടത്തി ജീവിച്ചത് പാവപ്പെട്ട കുടുംബത്തിലാണ്..

പഠിക്കാനുള്ള ഏട്ടത്തീടെ ആഗ്രഹം പോലും നടത്തി തരാതെ കിട്ടുന്ന കാശിനെല്ലാം കുടിച്ച് വീടുനോക്കാതെ നടന്നിരുന്ന അച്ഛനാണ് ഏട്ടത്തിക്കുണ്ടായിരുന്നത്”

“അറിയാം ഏട്ടത്തി”

“പക്ഷേ മോളുടെ കാര്യമോ.. ഉണ്ണ്യോള് ആഗ്രഹിച്ച പോലെ ഏട്ടൻ പഠിപ്പിക്കുന്ന്ണ്ട്. നിന്റെ എല്ലാ ആവശ്യങ്ങളെല്ലാം നിറവേറ്റി തരുന്നില്ലേ. അതിന്റെ കൂടെ ഭാര്യയായ എന്നെ പഠിപ്പിക്കുന്നൂ..

നമ്മുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നത് ഏട്ടൻ ഏട്ടന്റെ സകല സ്വപ്നങ്ങളും ആഗ്രഹങ്ങളും മനപൂർവ്വം മറന്നു കളഞ്ഞിട്ടാണ്. അങ്ങനെയുള്ള ഒരുപാട് ഏട്ടന്മാര് നമുക്ക് ചുറ്റുമുണ്ട്..

ഈ ഏട്ടനെ കൂട്ടുക്കാർക്ക് മുന്നിൽ പരിചയപ്പെടുത്താനാണ് നീ നാണക്കേട് കരുതിയത്..

വലിയ കോളേജിലൊക്കെ ചേർത്ത് നിന്റെ എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നത് നീ അന്തസു കുറവായി കാണുന്ന ഏട്ടന്റെ ആ തൊഴിലാണ്”

അത്രയും പറഞ്ഞ് ദേവു പുറത്തേക്ക് നടന്ന് ഹരിയേ തിരഞ്ഞൂ.. വരാന്തയുടെ അവസാനം ഒഴിഞ്ഞു കിടക്കുന്ന കസേരകളിലൊന്നിൽ ഹരി ഇരിക്കുന്നത് അവൾ ദൂരെ നിന്നേ കണ്ടു..

“ഹരിയേട്ടാ.. ഉണ്ണ്യോളുടെ അടുത്തേക്കു വരാതെ എന്താ ഇവിടെ വന്നിരിക്കണേ”

“ഉണ്ണ്യോളുടെ കൂട്ടുക്കാര് പോയോ ദേവൂട്ട്യേ.. കൂട്ടുക്കാര്ടെ മുന്നിൽ മോളെ നാണംകെടുത്തീലേ ഞാന്..ഉണ്ണ്യോൾക്ക് ദേഷ്യായീണ്ടാവോ എന്നോട്”

“ന്റെ ഹരിയേട്ടൻ ഇങ്ങോട്ട് വന്നേ.. ഉണ്ണ്യോള് തിരക്കുന്ന്ണ്ട്..”

ഇരുവരും നടന്ന് ഉണ്ണ്യോളുടെ മുറിയുടെ വാതിൽ ക്കലെത്തി.. അപരിചിതനായൊരാൾ അവളുടെ അരികിൽ ഇരിക്കുന്നതു കണ്ട് ഹരിയും ദേവുവും പരസ്പരം നോക്കീ…
“ഉണ്ണ്യോളുടെ ഹരിയേട്ടനും ഏട്ടത്തിയമ്മയും ആണല്ലേ..”

മുപ്പതു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരാൾ കസേരയിൽ നിന്നും എഴുന്നേറ്റ് അവർക്കഭിമുഖം വന്നു നിന്നൂ..

“എന്റെ പേര് വരുൺ.. ഈ ഹോസ്പിറ്റലിലെ ഡോക്ടറാണ്.. എന്നെ നിങ്ങൾക്ക് പരിചയം ഉണ്ടാവില്ല. പക്ഷേ ഉണ്ണ്യോളുടെ കൂട്ടുക്കാരി വരദ എന്റെ അനിയത്തിയാണ്..

അങ്ങനെയൊരിക്കൽ ഞാൻ ഉണ്ണ്യോളെ കാണാനും പരിചയപ്പെടാനും ഇടയായി.. അദ്യ കാഴ്ചയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നൂ..

പക്ഷേ എന്റെ അനിയത്തിയോട് ചോദിച്ചറിഞ്ഞപ്പോൾ വല്ല്യേ വീട്ടിലെ കുട്ടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്.. ഉണ്ണ്യോള് കൂട്ടുക്കാരികളോട് പറഞ്ഞു വെച്ചിരുന്നത് അത്തരമൊരു കെട്ടുകഥയാണ്.. അതോടെ ഞാനാ മോഹം ഉപേക്ഷിച്ചൂ..

“അതെന്താ വരുൺ..”

ഹരി ചോദിച്ചൂ..

“ആയുർവ്വേദ ഡോക്ടറാണെങ്കിലും ഞാനും സാധാരണ കുടുംബത്തിലെ അംഗമാണ് ഹരിയേട്ടാ..

ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നു പോയ ജീവിതമാണ് എന്റെ.. അതുകൊണ്ട് തന്നെ സാധാരണകുടുംബത്തിലെ പെൺകുട്ടി മതി എന്റെ ജീവിതത്തിലെന്ന് ആദ്യമേ ഉറപ്പിച്ചതാണ്”

“കൂട്ടുക്കാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി ചെറിയ ചില കള്ളങ്ങൾ പറഞ്ഞു പോയീ എന്നാലും എന്റെ കുട്ടി പാവമാണ്..

വരുണിന് അവളോട് എന്തെങ്കിലും തെറ്റിധാരണകൾ ഉണ്ടെങ്കിൽ അത് മാറുന്നതിനു വേണ്ടി മാത്രമാണ് ഞാനിത് പറഞ്ഞേ..അല്ലാണ്ട് അവളെ സ്വീകരിക്കാൻ വേണ്ടീട്ട് പറഞ്ഞതല്ല..”

ഹരി ഉണ്ണ്യോളുടെ അടുത്തേക്ക് പോയിരുന്നൂ..

“അനിയത്തീടെ കൂട്ടുക്കാരിയെ ഈ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തെന്നും ഉണ്ണ്യോളാണ് ആളെന്നും അറിഞ്ഞ്, ഒന്നു കാണാമെന്ന് കരുതി കുറച്ചു നേരം മുൻപ് ഞാനിവിടെ വന്നിരുന്നൂ..

അപ്പോഴാണ് കൂട്ടുക്കാരികൾക്കു മുൻപിൽ ഹരിയേട്ടൻ നാണംകെടുന്നതും തുടർന്ന് ഹരിയേട്ടന്റെ ഭാര്യ ഉണ്ണ്യോളോട് സംസാരിക്കുന്നതും കേൾക്കാൻ ഇടയായത്..

നിങ്ങളൊന്നു അവിടെ നിന്ന് മാറീട്ട് ഉണ്ണ്യോളോട് കുറച്ച് സംസാരിക്കണമെന്ന് കരുതി മനപൂർവ്വം മാറി നിന്നതാണ്..”

“എന്താ വരുൺ.. എന്താ കാര്യം..”

“ഹരിയേട്ടന്റെ ഉണ്ണ്യോളെ എനിക്ക് തന്നൂടെ.. ഉണ്ണ്യോളുടെ സമ്മതം എനിക്ക് വേണമായിരുന്നൂ.. അയാള് പറഞ്ഞൂ ഹരിയേട്ടൻ എന്താണോ തീരുമാനിക്കുന്നത് അതാണ് അയാളുടെയും ഇഷ്ടമെന്ന്..”

“എന്റെ ഉണ്ണ്യോൾ കള്ളം പറഞ്ഞൂന്നൊക്കെ വരുണും പറഞ്ഞതല്ലേ..പിന്നെയെന്തിന്റെ പേരിലാ ഇപ്പോ ഇങ്ങനെയൊരു ആലോചന”

“ഹരിയേട്ടന്റെ അനിയത്തിയാണ് ഉണ്ണ്യോൾ.. അതാണ് ഞാൻ അവളിലിന്നു കാണുന്ന ഏറ്റവും വലിയ യോഗ്യത.. ഹരിയേട്ടനെ പല പ്രാവശ്യം ഇതേ ഹോസ്പിറ്റലിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്. ആക്സിഡന്റ് ആയി റോഡിൽ കിടക്കുന്ന രോഗികളെയും,

അസുഖം ബാധിച്ചും മറ്റും വരുന്നവരെയും ഒരറപ്പും കൂടാതെ ചേർത്തു പിടിച്ച് ഇവിടെ കൊണ്ടെത്തിച്ചും വീട്ടുക്കാർ വരുന്നതു അവരിൽ പലരുടെയും കൂടെ നിന്ന് മരുന്നും മറ്റും കൊണ്ടുകൊടുക്കുന്ന ഹരിയേട്ടനെ പല തവണ കാണാനിടയായീ..

പക്ഷേ ഹരിയേട്ടൻ എന്റെ ജീവിതത്തിലും വലിയൊരു അനുഗ്രഹമാകുമെന്ന് അന്നൊന്നും കരുതിയിരുന്നില്ല..”

“വരുൺ എന്താ പറഞ്ഞു വരുന്നേ എനിക്ക് ഒന്നും പിടി കിട്ടിയില്ല..”

“പറയട്ടെ ഹരിയേട്ടാ.. രണ്ടു മാസം മുൻപ് ബാംഗ്ലൂരിൽ ഫ്രണ്ടിന്റെ വിവാഹത്തിനു പോയി തിരികെ വന്ന് വീട്ടീൽ പോകാൻ എന്നെയും കാത്തു

ബസ്സ്സ്റ്റാന്റിൽ നിൽക്കായിരുന്ന എന്റെ അനിയത്തിയുടെ അടുത്ത് ചിലർ ചുറ്റിപറ്റി നിൽക്കുന്നതു കണ്ട ഹരിയേട്ടൻ അവളെ സുരക്ഷിതമായി ഇവിടെ എന്റെ അടുത്തെത്തിച്ചൂ..

അന്ന് വണ്ടി കേടായീട്ട് ഹോസ്പിറ്റൽ നിന്ന് ഇറങ്ങാൻ വൈകിയ എന്റെ അടുത്ത് വന്ന് അനിയത്തിയെ ഒറ്റക്ക് ബസ്സ്സ്റ്റാന്റിൽ നിർത്തിയ എന്റെ ഉത്തരവാദിത്ത്വ കുറവിന് ഏറെ ദേഷ്യപ്പെട്ടാണ് ഹരിയേട്ടൻ ഇറങ്ങി പോയത്..

അന്നും എനിക്കറിയില്ലായിരുന്നൂ ഉണ്ണ്യോളുടെ ഏട്ടനാണെന്ന്.. അറിഞ്ഞിരുന്നേൽ അന്നേ നിങ്ങളുടെ വീട്ടിലേക്ക് ആലോചനയുമായി ഞാൻ വന്നേന്നേ..”

കുറച്ചു സമയത്തെ മൗനത്തിനു ശേഷം വരുൺ ഹരിയുടെ അടുത്തേക്ക് വന്നൂ.. ഹരിയുടെ കൈകളിൽ തന്റെ കൈ ചേർത്തു വെച്ച് തുടർന്നൂ ..

“ഹരിയേട്ടൻ നോക്കുന്നതിനൊപ്പം എത്തിയില്ലെങ്കിലും ഉണ്ണ്യോളെ ജീവിതാവസാനം വരെ ഞാൻ സംരക്ഷിക്കുമെന്ന ഉറപ്പുണ്ടേൽ എനിക്ക് വിവാഹം കഴിച്ച് തന്നൂടെ”

ഹരിയുടെ കണ്ണിൽ നിന്നും തുളുമ്പാൻ വെമ്പി നിൽക്കുന്ന കണ്ണീരിൽ ഉണ്ടായിരുന്നൂ വരുൺ ആഗ്രഹിച്ച സമ്മതം..

വരുൺ ഉണ്ണ്യോളോട് പറഞ്ഞൂ..

“ചെയ്യുന്ന ജോലിയല്ല ഒരാളെ അളക്കാനുള്ള മാനദണ്ഡമെന്ന് ഞാൻ പഠിച്ചത് നിന്റെ ഏട്ടനിലൂടെയാണ്..

ഒരിക്കൽ എല്ലാവരുടെയും മുന്നിൽ മറച്ചുവെക്കാനാഗ്രഹിച്ച ഹരിയേട്ടന്റെ തൊഴിലും ഹരിയേട്ടനെന്ന വ്യക്തിയുമാണ് നിന്നെ എന്റെ ജീവിതത്തിലേക്കു കൊണ്ടു വരാൻ എന്നെ ഏറെ പ്രേരിപ്പിച്ച കാര്യം..

ഹരിയേട്ടന്റെ അനിയത്തിക്ക് ആ ഏട്ടന്റെ നന്മയുടെ അംശം കുറച്ചെങ്കിലും ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്..

എന്റെ അളിയൻ ഓ ട്ടോ ഡ്രൈവറാണെന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ..ഇന്നു മുതൽ നിനക്കും അങ്ങനെയാവണം..കേട്ടലല്ലോ ഉണ്ണ്യോളെ..”

“ഹരിയേട്ടാ ഞാൻ ഇറങ്ങാണ്.. ഉടനെ വീട്ടുക്കാരുമായി അങ്ങോട്ടേക്കു വരാം”

എല്ലാവരോടുമൊന്ന് പുഞ്ചിരിച്ച് വരുൺ മുറി വിട്ടു പുറത്തേക്കു പോയീ.

ദേവൂ ഹരിയുടെ കൈകൾ തന്റെ കൈകളിലേക്കു ചേർത്തു വെച്ചു അവന്റെ കണ്ണുകളിൽ നോക്കി അതിലുണ്ടായിരുന്നൂ അവൾക്കവനോടു പറയാനുണ്ടായിരുന്നെല്ലാം..

Leave a Reply

Your email address will not be published. Required fields are marked *