അഞ്ചാം മാസം കുഞ്ഞിനെയും കൊണ്ട് തിരികെ ഭർത്താവിൻ്റെ വീട്ടിലെത്തുമ്പോൾ എനിക്ക്..

(രചന: Uthara Harishankar)

ഞാനൊരു “രണ്ടാം” കെട്ടുകാരനെ ഭർത്താവായി സ്വീകരിക്കാൻ ഉദ്ദേശിച്ചാൽ?

എന്താണ് അമ്മയുടെ അഭിപ്രായം?

രണ്ടാം കെട്ടുകാരനോ, രഹസ്യ കാമുകി ഉള്ളവനോ ആരും ആയ് കൊള്ളട്ടെ മനസ്സാക്ഷി ഉണ്ടായാൽ മതീട്ടോ

മനസാക്ഷിയോ???

മ്മ്, ഇവള് ജീവിക്കുന്നത് എനിക്കും കൂടി വേണ്ടിയാണ് എന്ന ചിന്ത വേണം, എൻ്റെയും കൂടെ നേട്ടത്തിനും വിജയത്തിനും ആണെന്ന തിരിച്ചറിവ്

വായനയുടെ രസചരട് മുറിച്ചു കൊണ്ടാ തടിച്ച സ്ത്രീ എൻ്റെ സീറ്റിലിരുന്നു

ആകെ രസക്കേടായി, ട്രൈയിനിൽ അരികിലെ സീറ്റിൽ ആരുമില്ലാതെ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി, ഫോണിൽ “പുത്തഞ്ചേരി” യുടെ ഗാനവും, പ്രിയ എഴുത്തുകളും വായിച്ച് രസിക്കുന്ന എൻ്റെ ലോകത്തേക്ക് വന്നയാ തടിച്ചിയെ അവജ്ഞയോടെ നോക്കി

അവരുടെ ഫോൺ റിംഗ് ചെയ്തു, എതോ അമ്പലത്തില് വച്ച റെക്കോഡ് പോലെ

“അണിവാകചാർത്തിൽ ഞാൻ ഉണർന്നൂ കണ്ണാ…….”

നിങ്ങള് കൂടുതലൊന്നും പറയേണ്ട, എൻ്റെ വയറ്റിലുള്ളത് ആരുടെ കുട്ടിയാണെന്ന് നിശ്ചയമുണ്ടോ?

മറുപുറത്ത് എന്തോ പറയുന്നുണ്ട്, അവരുടെ മുഖം മിന്നിമറയുന്നുണ്ട്,

ആർദ്രത

സ്നേഹം

പൊടുന്നെ രോക്ഷാകുലയായി അവര് അലറി,

എൻ്റെ വയറ്റിലുള്ളതിൻ്റെ “തന്ത” തന്നെ എൻ്റെ പ്രസവം നോക്കിയാൽ മതി

അവര് കാൾ കട്ടാക്കി

ഞാൻ ജനലോരത്തേക്ക് ഒന്നൂടെ ചേർന്നിരുന്നു

അവരുടെ കഴുത്തിലേക്കുള്ള പാളി നോട്ടം കണ്ടിട്ടാകും അവര് തന്നെ സാരിക്കുള്ളിൽ നിന്നും ‘താലിമാല’ വലിച്ച് പുറത്തിട്ടു. രണ്ട് നിമിഷം മിഴികൾ കൊരുത്തു, തുളുമ്പി വീഴുന്നത് പോലെ മടിച്ച് മടിച്ച് പരസ്പരം പുഞ്ചിരിച്ചു

ചുറ്റുമൊന്ന് കണ്ണോടിച്ച് അവര് മെല്ലെ പറഞ്ഞു

ൻ്റെ “കെട്ടിയോനാണ്”

മോൾടെ പേരെന്താണ്

“രുദ്ര”

ചേച്ചീടെയോ?

“ജാനകി”

രുദ്രകുട്ടീ, അവരൊരു പ്രത്യേക താളത്തിൽ വിളിച്ചു

ഒരു മാത്ര ആ തടിച്ചിയെനിക്ക് ചേച്ചിയായി, എങ്കിലുമൊരു വിള്ളൽ എനിക്കനുഭവപ്പെട്ടു. അവരുടെ മിഴികൾ കുഴിഞ്ഞ് ആലസ്യത്താൽ കൂമ്പി നിന്നു

എന്നിരുന്നാലും എണ്ണ കിനിഞ്ഞിറങ്ങിയ ഇരുണ്ട മുഖത്തിന് ഒരു പ്രത്യേക ചന്തം, വിർപ്പിൽ കുതിർന്ന പടർന്ന സിന്ദൂരം അവർക്കൊരു പ്രത്യേക അഴകായിട്ട് തോന്നി,

നാളെ കുട്ടിയും ഒരു ഭാര്യ ആകുമല്ലോ അതു കൊണ്ടാണ് ചേച്ചി പറയുന്നത്

ആകാംക്ഷയുടെ ഉണർവിൽ ഫോണും, ഹെഡ്സെറ്റും ബാഗിലേക്കിട്ട്, അവരുടെ മിഴികളിൽ നോക്കി

ദയനീയമായി ചോദിച്ചു, എന്താ ചേച്ചീ…

മോൾക്കറിയുമോ ബാധ്യത തീർക്കാനല്ല കടമ നിർവഹിച്ചാണ് എൻ്റെ കല്ല്യാണം നടത്തിയത്… അഞ്ചാറ് ലക്ഷം രൂപയായി ആകെ ചിലവ്,

ഒരു ഡോക്ട്ടർ ആകണമെന്നായിരുന്നു എൻ്റെ മോഹം അന്ന് പൈസ ഇല്ല, നീ ഏതേലും ഡിഗ്രി എടുത്താൽ മതീന്ന് പറഞ്ഞവർ തന്നെ ഇന്നിത്രയും പണം ഒപ്പിച്ചതു കണ്ട് ഞാൻ അതിശയിച്ചു

ഡിഗ്രിയുടെ റിസൾട്ട് വരും മുന്നേ ൻ്റെ കെട്ട് കഴിഞ്ഞു, വേണേൽ പി. ജി ചെയ്യാം ഇനി ജോലിയാണ് താൽപര്യമെങ്കിൽ അങ്ങനെ

ജാനുവേച്ചിയുടെ മുഖത്തപ്പോൾ പ്രതീക്ഷയുടെ മിന്നൽ തെളിഞ്ഞിരുന്നു, പിന്നെയത് വിഷാദമായി മാറി മിഴികൾ വിളറി

റിസൾട്ട് വന്നത് ഒപ്പമായിരുന്നു, ഇരട്ടി മധുരം. ഫസ്റ്റ് ക്ലാസ് വിത്ത് ഡിസ്റ്റിങ്ങ്ഷനിൽ ഡിഗ്രി പാസ്സായി .

കൂടെ പ്രെഗ്നൻസി റിപ്പോർട്ട്‌മ്മ്, എന്നിലൊരു വസന്തം വേരിട്ടിരിക്കുന്നു…

മിന്നി മറയുന്ന രുചി കൂട്ടുകൾ, മരുന്നിൻ്റെ ഗന്ധം, പ്രിയപ്പെട്ടവരുടെ സാമിപ്യം, അമ്മയാകുന്നതിൻ്റെ ആഹ്ളാദം, അതിൽ മുങ്ങിപ്പോയപ്പോൾ പഠനത്തേക്കുറിച്ചോ കരിയറിനെക്കുറിച്ചോ ചിന്തിച്ചില്ല…

ഏത് പെണ്ണിനും അങ്ങനെ ആകാൻ കഴിയൂ, ഞാനന്ന് മെലിഞ്ഞൊരു പെണ്ണായിരുന്നു ഇപ്പോൾ കണ്ടില്ലേ???

അനുസരണ കെട്ട മിഴികൾ അവരുടെ വളവളാന്ന്, കട്ട കട്ടയായി ചാടി കിടക്കുന്ന വയറിൽ പതിഞ്ഞു, മിഴികൾ ചുളിഞ്ഞു, നെഞ്ചൊന്ന് കനത്തു

രുദ്രക്കുട്ടിക്ക് മുഷിപ്പ് തോനുന്നുണ്ടോ??

ഇല്ല ചേച്ചി പറയൂ, ഞാൻ മിഴികൾ അവരിലൂന്നി ഒന്നൂടെ തെളിഞ്ഞിരുന്നു

ഏഴാം മാസം എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവാൻ വന്നു, ഒരു പത്ത് മുപ്പത് കൂട്ടം പലഹാരങ്ങളുമായി കയറി വന്ന വീട്ടുകാരോടൊപ്പം ഇട്ടു മാറാനുള്ള അഞ്ചാറ് തുണികളുമായി,

“അടുക്കള കാണലിന്” ന്റെ വീട്ടിനു നൽകിയ അലമാരയിലും, ഫ്രിജിലുമായി നിറഞ്ഞ പലഹാരപ്പൊതി എൻ്റെയുള്ളിൽ ഒരു നോവാക്കി വിഴുങ്ങി.

എന്റെ സ്വന്തം വീട്ടിലേക്ക്, അല്ല കെട്ടിയിറങ്ങി വീട്ടലേക്ക് പത്താം മാസം കയറി ചെന്നു. അവരൊന്നു നൊമ്പരപെട്ടു…

സുഖകരമായി പ്രസവവും നടന്നു, കുഞ്ഞിൻ്റെ ഇരുപ്പത്തിയെട്ടിന് നാല് നാൾ മുന്നേയാണ് ഉമ്മറത്തു നിന്ന് അടക്കിപ്പിടച്ച സംസാരം

അവിടുന്നും ഇവിടുന്നും ഒക്കെയായി ഒപ്പിച്ച ഒരു ലക്ഷം രൂപയും തീർന്നു, ഇനി മറ്റന്നാൾ വീണ്ടും ചിലവല്ലേ?

നമ്മള് മോശം ആവരുത്, ഒരു ചെറിയ പന്തൽ, അടുപ്പക്കാരെല്ലാം വേണ്ട പക്ഷേ ഉറ്റവരെ മാത്രം ആക്കിയാലും എങ്ങനെയും ഒരു ഇരുപ്ത്തിയഞ്ച് മുപ്പത് ആള് വരും

സദ്യ, അലങ്കാരം…. ഇനിയും വേണം പൈസ.

കുഞ്ഞിൻ്റെ കരച്ചിലിൽ മുറിക്കകത്തേക്ക് പോയി

“ഈ മൂന്ന് മാസം കൊണ്ട് ഒരു ലക്ഷം രൂപയോ????”, ഞാനൊന്നു അത്ഭുദപ്പെട്ടു

അല്ല രുദ്ര അവരുടെ സ്വരത്തിനൊരു അപരിചിതത്വം

മൂന്ന് ആഴ്ച്ചയിലെ ചിലവ്

കാറിൻ്റെ കൂലി,

ഹോസ്പിറ്റൽ ബില്ല്

പിന്നെ കാണാൻ വരുന്നവർക്ക് ഒക്കെ വച്ച് വിളമ്പേണ്ടേ കുട്ടി???

മ്മ്, ഞാനൊന്ന് സംശയിച്ച് നോക്കി

ന്തേ ഒരു വിശ്വാസമില്ലായ്ക???

ഹേയ് ഞാനൊന്നു മെല്ലെ തലയാട്ടി, ഞാനുമപ്പോൾ കഴിഞ്ഞ ആഴ്ച്ച കാലൊടിഞ്ഞ സുഹൃത്തിൻ്റെ ഹോസ്പ്പിറ്റൽ ബില്ലിൽ കുരുങ്ങി കിടക്കുകയായിരുന്നു

അഞ്ചാം മാസം കുഞ്ഞിനെയും കൊണ്ട് തിരികെ ഭർത്താവിൻ്റെ വീട്ടിലെത്തുമ്പോൾ, എനിക്ക് കടക്കാൻ ആ വാതിൽ മതിയാകുമോ എന്ന് ഒരു വേള ശങ്കിച്ചു

ശരിക്കും നനഞ്ഞിടം കുഴിക്കുവല്ലേ ചെയ്യുന്നത്, പിന്നെയും വീട്ടിൽ നിന്നും ആവശ്യങ്ങൾ തേടുന്നത് തെറ്റെന്ന് തോന്നി.

അന്ന് ഞാനുറപ്പിച്ചതാണ്, ഇനി ഞാൻ്റെ വീട്ടിലേക്കില്ലെന്ന്, മുത്തയാൾക്ക് മൂന്ന് വയസ്സായി, ഇത് രണ്ടാമത്തേതാ അവര് മെല്ലെ വയറിൽ കൈ വച്ചു പറഞ്ഞു,

കണ്ണുകളിൽ മാതൃത്വത്തിൻ്റെ വാത്സല്യം

ഞാനുമൊന്ന് പുഞ്ചിരിച്ചു, പെട്ടന്ന് ബോധം വന്നത് പോലെ ആവേശത്തോടെ ചോദിച്ചു

അപ്പോൾ പിന്നെ ചേച്ചിക്ക് അച്ഛനേയും അമ്മയേയും കാണണമെന്ന് തോന്നിയില്ലേ??

ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ ഞാൻ ചോദിച്ചു

അവരുടെ മിഴികൾ നിറഞ്ഞൊഴുകി, വിറയാർന്ന ശബ്ദം ട്രൈയിനിൻ്റെ ചക്രമുരസുന്ന ഒച്ച പോലെ തോന്നി

മ്മ്, പക്ഷേ……

അവര് പാതിയിൽ നിർത്തി നഖം കിള്ളി

ന്തേ???

മോൾക്കറിയുമോ..???എൻ്റെ അമ്മ കാൽ വഴുതിയൊന്ന് വീണു പ്ലാസ്റ്ററിട്ട് ഒന്നരയാഴ്ച്ച കിടന്നു

ഒരു നാൾ പരിചയമുള്ള വ്യക്തിയെപ്പോലെ ഞാനൊന്ന് അമ്മയെ കണ്ടിങ്ങ് പോന്നു

എത്ര തവണ ഞാനാ കാലമാടനോട് കെഞ്ചി കെഞ്ചി ചോദിച്ചതാണെന്നോ, രണ്ടൂസം അമ്മയ്ക്ക് കൂട്ട് നിൽക്കട്ടെയെന്ന്

അപ്പോഴയാൾക്ക്

“നിൻ്റെ” കൊച്ചിനെ എന്ത് ചെയ്യും?

പിന്നെ എന്റെ പൊന്നിന്റെ താരാട്ട് പാടിയില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല, ഉരുള ഉരുട്ടി യില്ലെങ്കിൽ കഴിക്കില്ല, കള്ള…

എൻ്റെ മുഖഭാവം മാറിയപ്പോൾ അവരു നിശബ്ദയായി. ചേച്ചിയോട് ദേഷ്യം തോന്നരുത്, ഇത്രയുമൊന്നും തോന്നില്ലായിരുന്നു..

അങ്ങേരുടെ തള്ളക്ക് വയ്യാതെ വന്നപ്പോൾ

“നമ്മുടെ” കുട്ടിയെ ഞാൻ നോക്കി കൊള്ളാം എന്നായി

എല്ലാം സ്വയം ചെയ്യാറുമായി..

പെറ്റമ്മയെ തഴഞ്ഞ് ഞാൻ അമ്മായിയമ്മയെ നോക്കി.. ഇടയ്ക്ക് അമ്പലത്തിൽ വച്ച് അവരെയൊക്കെ കാണും…

അല്ലെങ്കിൽ ഗുരുവായൂർക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് ഞാൻ വീട്ടിൽ പോയി വരും…വീട്ടിൽ പോയതാണെന്ന് അറിഞ്ഞാൽ പിന്നെ അങ്ങേർക്ക് അവിടുന്ന് പൈസ ഒന്നും തന്നില്ലേടീ പൊന്നെ ന്ന് മധുരമായി ചോദിക്കും,

ആ വിനയം കാണുമ്പോളാണെനിക്ക് തരിച്ച് കയറുന്നത്

യ്യോ മാവേലിക്കര എത്തിയോ??

ഞാനിറങ്ങട്ടെ ട്ടോ …… ഒരാളോട് മനസ്സ് തുറന്നപ്പോൾ എന്തെന്നില്ലാത്ത ഒരിത്

എൻ്റെ മറുപടി കാക്കാതെ അവര് വാതിലിലേക്ക് ഓടി, പ്ലാറ്റ്ഫോമിലെ ഒഴുക്കിൽ അലിഞ്ഞ് ചേർന്നു

ചിലരങ്ങനെയാണ് നിനക്കാതെ നമ്മളിലേക്ക് പെയ്തിറങ്ങും, നോവുന്ന ഒരു ഓർമ്മ അവശേഷിപ്പിച്ച് അപ്രതീക്ഷരാകും

ആ തടിച്ചിയെ, അല്ല ജാനുവേച്ചിയെ ഒന്നു ഇറുകെപ്പുണർന്ന് സാരമില്ല എല്ലാം ശെരിയാകും ചേച്ചീന്ന് പറയണമെന്ന് ഉണ്ടായിരുന്നു,

എന്തിനെന്ന് ചോദിച്ചാൽ വെറുതേ….

പക്ഷേ അതിനു മുന്നേ ഹൃദയഭാരം എന്നെ ഏൽപ്പിച്ച് ജാനുവേച്ചി സമൃദ്ധമായി കടന്നു കളഞ്ഞു.

അവരെ കണ്ട് മുട്ടിയ നിമിഷം വായിച്ചു തുടങ്ങിയ വരി വീണ്ടും ഉള്ളിലേക്ക് കടന്നു വന്നു

“മനസാക്ഷിയോ???

മ്മ്, ഇവള് ജീവിക്കുന്നത് എനിക്കും കൂടി വേണ്ടിയാണ് എന്ന ചിന്ത വേണം, എൻ്റെയും കൂടെ നേട്ടത്തിനും വിജയത്തിനും ആണെന്ന തിരിച്ചറിവ്”

Leave a Reply

Your email address will not be published. Required fields are marked *