മരിയാ ഈ രണ്ടു വർഷത്തിനിടക്ക് നിനക്ക് എന്നോട് ഒരിക്കൽ പോലും അല്പം പോലും ഇഷ്ടം..

മൗന ശലഭങ്ങൾ
(രചന: Treesa George)

മരിയാ ഈ രണ്ടു വർഷത്തിനിടക്ക് നിനക്ക് എന്നോട് ഒരിക്കൽ പോലും അല്പം പോലും ഇഷ്ടം തോന്നിട്ട് ഇല്ലേ

എന്റെ കണ്ണുകളിലോട്ടു ഉറ്റു നോക്കി എന്റെ മറുപടിക്ക് ആയി കാത്തു നിൽക്കുന്ന ഉത്തർസിങ് ന്റെ കണ്ണുകളിൽ നോക്കി ഉള്ളിലെ പതർച്ച പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു.

ഇല്ല. ഒരിക്കലും ഇല്ല. നിന്നെ എന്റെ നല്ല ഫ്രണ്ട് ആയിട്ട് മാത്രമേ ഞാൻ എപ്പോഴും കണ്ടിട്ടൊള്ളു.

അല്ലെങ്കിലും പണ്ടേ ഞാൻ ഉള്ളിൽ ഒരു കടൽ ഇരമ്പിയാലും അത് പുറമെ പ്രകടിപ്പിക്കാതെ സംസാരിക്കാൻ മിടുക്കി ആയിരുന്നു.

ഇടറിയ സ്വരത്തിൽ അവൻ ചോദിച്ചു. അത്‌ എന്താ മരിയാ.

എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ തന്നെ അതിനുള്ള മറുപടിയും പറഞ്ഞു.

എനിക്ക് അറിയാം. നിനക്ക് നിന്റെ മാതാപിതാക്കളെയും നിന്റെ നാടിനെയും വിട്ട് ഒരിക്കലും ഒരു അന്യ നാട്ടുകാരനെ സ്നേഹിക്കാൻ പറ്റില്ല എന്ന്.

പക്ഷെ മരിയാ എന്റെ സ്നേഹം ഞാൻ ഈ ജന്മം കൊണ്ടു അവസാനിപ്പിച്ചു എന്ന് നീ കരുതേണ്ട.

നീ എന്നെ സ്നേഹിക്കുന്ന അടുത്ത ജന്മതിന് ആയി ഞാൻ കാത്തിരിക്കും. അന്ന് നമുക്കിടയിൽ ഈ ജാതിയോ മതമോ ദേശമോ ഭാഷയോ ഒന്നും തടസം ആയിരിക്കില്ല.

അതിന് വേണ്ടി ഞാൻ എന്നും ഭഗവാനോട് പ്രാത്ഥിക്കും. നീന്റെ ദേശത്തു നിന്റെ വിശ്വാസത്തിൽ ഞാൻ പിറക്കണേ എന്ന്. അന്ന് നിന്നിൽ നിന്ന് എന്നെ അകറ്റുന്ന ഒന്നും ഉണ്ടാകല്ലേ എന്ന്.

ഇത്രെയും അവൻ ഇടറിയ ശബ്‌ദത്തിൽ പറഞ്ഞു നിർത്തിയിട്ട് വീണ്ടും അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തു നോക്കി ചോദിച്ചു.

ഞാൻ നിന്റെ മാതാപിതാക്കള്ളോട് സംസാരിക്കട്ടെ മരിയാ.

അതിന് എനിക്ക് നിന്നെ ഇഷ്‌ടം അല്ലല്ലോ. എനിക്ക് ഇഷ്‌ടം ആണേൽ അല്ലേ മാതാപിതാക്കളോട് സംസാരിക്കേണ്ട ആവിശ്യം ഉള്ളു.

പിന്നീട് അവൻ ഒന്നും പറഞ്ഞില്ല. നാളെ നിന്റെ ഫ്‌ളൈറ്റിന്റെ സമയം എപ്പോൾ ആണെന്ന് മാത്രം ചോദിച്ചു അവൻ തിരിഞ്ഞു നടന്നു.

അവന്റെ പുറകെ പോയി എനിക്ക് ഉറക്കെ വിളിച്ചു പറയണം ഉണ്ടായിരുന്നു. ഉത്തർ എന്ന് ഞാൻ വിളിക്കുന്ന ഉത്തർസിങ് നിന്നോട് എനിക്ക് തീരാത്ത പ്രണയം ആണെന്ന്.

പക്ഷെ സ്നേഹത്തിന്റെ ചില നേർത്ത നൂല് ഏഴകൾ കൊണ്ടു എന്റെ നാവും ഹൃദയവും ബന്ധിചിരിക്കുകയാണ്.

എന്നെ വിശ്വാസിച്ചു എന്നെ ജോലിക്ക് അയച്ച എന്റെ മാതാപിതാക്കളെ എനിക്ക് വഞ്ചിക്കാൻ വയ്യ.

എന്നോട് ഉള്ള സ്നേഹത്തെ പ്രതി അവർ ഒരുപക്ഷെ എന്റെ ഇഷ്‌ടത്തിനു സമ്മതം മൂളിയേക്കാം. പക്ഷെ അത്‌ ഒരിക്കലും പൂർണ്ണ മനസോടെ ആവില്ല. എനിക്ക് എന്നും അച്ഛന്റെ രാജകുമാരി ആയാൽ മതി ആയിരുന്നു.

രണ്ട് വർഷം മുമ്പത്തെ ഒരു ഒറീസയിലെ ഒരു മഞ്ഞു കാലത്ത് ആണ് ആദ്യം ആയി ഉത്തരസിങ്ങിനെ കാണുന്നത്.

നാട്ടിലെ കോളേജിൽ നിന്ന് കോളേജ് പഠനം കഴിഞ്ഞു ക്യാമ്പസ് പ്ലസ്മെന്റിനിലൂടെ കിട്ടിയ ആദ്യ ജോലിയുടെ ട്രെയിനിങ് ഒറീസയിൽ വെച്ചു ആയിരുന്നു. അറിയാത്ത നാട്. അറിയാത്ത ജീവിത രീതി.

എല്ലാം എനിക്കു പുതിയത് ആയിരുന്നു. ഹിന്ദി വായിക്കാനും എഴുതാനും അറിയാൻ അല്ലാതെ സംസാരിക്കാൻ അറിയില്ലായിരുന്നു.

30 പേരുടെ ട്രെയിനിങ് ബാച്ച്. അതിൽ മലയാളി ആയി ഞാൻ മാത്രം. ബാക്കി ഉള്ളവർ അധികവും നോർത്തിൽ നിന്ന് ആയിരുന്നു. ആ ക്ലാസിലേക്ക് ആണ് വെള്ളാരം കണ്ണുകളും ആയി അവൻ വന്നത്.

വന്നപ്പോൾ തന്നെ പെണ്ണുകുട്ടികളുടെ ശ്രദ്ധ മൊത്തം അവനിൽ ആയിരുന്നു. അന്നത്തെ ക്ലാസ്സിന്റെ ഇടക്ക് ഉള്ള ഇടവേളയിൽ ആണ് അവനോടു ആദ്യം ആയി സംസാരിക്കുന്നത്.

ജീവിതത്തിൽ ആദ്യം ആയി കാണുന്ന ചായ ഉണ്ടാക്കുന്ന മെഷിന്റെ അടുത്ത് ഇത് എങ്ങനെയാ പ്രവർത്തിപ്പിക്കുക എന്ന് ആലോചിച്ചു നിന്ന എന്റെ

അടുത്തോട്ടു ചെറുപുഞ്ചിരിയോടെ വന്നു മരിയ്ക്കു ചായയോ കോഫിയോ ഇഷ്‌ടം എന്ന് ചോദിച്ചു ഒരു കപ്പ്‌ ചായ തന്ന് തുടങ്ങിയ പരിചയം.

പിന്നീട് ഇംഗ്ലീഷ് അറിയതില്ലാത്ത കാന്റീൻ കാരന്റെ അടുത്ത് ഫുഡ്‌ എങ്ങനെ ഓർഡർ ചെയ്യും എന്ന് ഓർത്ത് നിന്നപ്പോൾ രക്ഷകനെ പോലെ വന്നു ഫുഡ്‌ ഓർഡർ ചെയിതു തന്നവൻ.

ഇനി എന്ത് ആവിശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി എന്ന് ഒരു സഹോദരനെ പോലെ പറഞ്ഞവൻ.

എനിക്കു നാട്ടിൽ അമ്മ ഉണ്ടാക്കുന്ന അച്ചപ്പം മിസ്സ്‌ ചെയുന്നു എന്ന് പറഞ്ഞപ്പോൾ ഒരിക്കൽ ഒരു കൂട് നിറയെ വീടിന്റെ അടുത്ത് ഉള്ള കടയിൽ ഇത് കണ്ടപ്പോൾ

നിനക്ക് ഇഷ്‌ടം ആണല്ലോ എന്ന് ഓർത്തു മേടിച്ചതാ എന്ന് പറഞ്ഞു അച്ചപ്പം മേടിച്ച് കൊണ്ടേ തന്നവൻ.

ചില ക്ലാസ്സുകളിൽ ഒന്നും മനസിലാകാതെ ഇരിക്കുമ്പോൾ ഒരു നല്ല അധ്യാപകനെ പോലെ ക്ഷമയോടെ പാഠഭാഗങ്ങൾ പറഞ്ഞു തന്നവൻ. അങ്ങനെ എന്റെ എല്ലാ നല്ല ഓർമകളുടെയും ഭാഗം ആയവൻ.

ആ അവൻ ആണ് ഒരു ഇപ്പോൾ മുറിഞ്ഞ മനസും ആയി തിരിഞ്ഞു നടന്നു പോയത്. ഇനി അവനെ ഈ ജന്മം കാണാതെ ഇരിക്കട്ടെ. അപ്പോൾ ആ ഒരു പ്രാത്ഥന മാത്രമേ ഉണ്ടായിരുന്നൊള്ളു.

എന്റെ പ്രാത്ഥന പോലെ കാലം ആർക്ക്‌ വേണ്ടിയും കാത്തു നിൽക്കാതെ മുന്നോട്ടു പോയി. നീണ്ട 20 വർഷങ്ങൾ. ഇതിനിടയിൽ ഞാൻ കല്യാണം കഴിച്ചു.

രണ്ട് കുട്ടികൾ ആയി. അവൻ എവിടെ ആണേലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.

ആ വിശ്വാസം ഇന്ന് ഡൽഹി ബ്രാഞ്ചിൽ നിന്ന് ഞങ്ങളുടെ ബ്രാഞ്ചിലേക്ക് ഒരു മാസത്തെ ട്രെയിങ്ങിനു ആയി വന്ന പുനത്തിനെ കാണുന്നത് വരെ മാത്രമേ ഉണ്ടായിരുന്നോള്ളൂ.

അവർ ഇങ്ങോട്ട് വന്നു മരിയാ അല്ലേ എന്ന് ചോദിച്ചപ്പോൾ ഞാൻ ആദ്യം ഒന്ന് അമ്പരന്നു. ടീമിൽ ഉള്ള ആര് എലും പറഞ്ഞു എന്റെ പേര് അറിഞ്ഞത് ആവും എന്ന് ഓർത്തു.

പിന്നീട് ഉച്ചക്കത്തെ ലഞ്ച് ബ്രേക്കിനു എനിക്കു മരിയയോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവർ എന്നോട് എന്താ സംസാരിക്കാൻ ഉള്ളത് എന്ന ആകാംഷ ആയിരുന്നു.

അവർ പെട്ടെന്ന് ഉത്തർസിങ് നെ ഓർമ്മ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ പെട്ടെന്ന് എനിക്കു മറുപടി ഒന്നും കിട്ടിയില്ല.

അത്‌ കണ്ടിട്ട് ആവാം അവർ ഇംഗിഷ്യിൽ എന്നോട് പറഞ്ഞു തുടങ്ങി. മോൾ അവനെ മറന്ന് പോയിരിക്കാം.

പക്ഷെ അവന്റെ ഓർമയിൽ മോൾ എന്നും ജീവിച്ചിരിന്നു. എനിക്ക് എങ്ങനെ ഇത് അറിയാം എന്ന് ആവും മോൾ ആലോചിക്കുന്നത്.

ഉത്തർ സിങ് എന്റെ ഏറ്റവും ഇളയ അനിയൻ ആണ്. അവന്റെ കൈയിൽ ഉള്ള നിങ്ങളുടെ ബാച്ചിന്റെ ഗ്രൂപ്പ്‌ ഫോട്ടോയിൽ മോളെ കണ്ടു കണ്ട് എനിക്ക് അറിയാം.

മരിയ്ക്കു അറിയുമോ?നിന്നെ എന്റെ ഉത്തർനു എന്ത് ഇഷ്‌ടം ആയിരുന്നു എന്നോ. മോൾക്ക്‌ ഓർമ്മ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.

മോൾക്ക്‌ ഒരിക്കൽ അച്ചപ്പം ഇഷ്‌ടം ആണെന്ന് പറഞ്ഞപ്പോൾ അവൻ അന്ന് അവിടെ ഉള്ള എല്ലാ കടകളിലും കേറി അച്ചപ്പം കിട്ടുമോ എന്ന് അനോക്ഷിച്ചു.

ഒടുവിൽ ഒരിടത്തും നിന്നും കിട്ടാതെ വന്നപ്പോൾ ഏതോ ബുക്ക്‌ സ്റ്റാളിൽ നിന്നും അച്ചപ്പം ഉണ്ടാക്കുന്ന റെസിപ്പി അവൻ തപ്പി പിടിച്ച് പല പ്രാവിശ്യം ഉണ്ടാക്കി നോക്കി ആണ് മോൾക്ക്‌ കൊണ്ടേ തന്നത്.

മോളോട് പ്രണയം പറയുമ്പോൾ ഭാഷ നിങ്ങൾക്ക് ഇടയിൽ ഒരു തടസ്സം ആവരുത് എന്ന് പറഞ്ഞു അവൻ മലയാളം പഠിക്കുന്നുണ്ടായിരുന്നു.

ഞാൻ എനിക്കു ഇത് ഒന്നും അറിയില്ലായിരുന്നു.

അവർ പറഞ്ഞു. പണ്ടേ ലോകത്തിലെ ഏറ്റവും വല്യ വിഢികൾ ആരാണെന്നു മോൾക്ക്‌ അറിയാമോ. അത് വൺ സൈഡ് ആയി പ്രണയിക്കുന്നവർ ആണ്.

അവരുടെ പ്രണയം അവർ പ്രണിയിക്കുന്ന ആൾ പലപ്പോഴും അറിയുന്നില്ല. പലപ്പോഴും ഏതോ ഒരു സ്വപ്ന ലോകത്ത് ആണ് അവർ ജീവിക്കുന്നത്.

മറ്റോ ആർക്കോ അവരുടെ പ്രണയിനി സമ്മാനിക്കുന്ന പുഞ്ചിരി തനിക്ക് ആണെന്ന് തെറ്റിദ്ധരിച്ചു,മറ്റു ആരെയോ അവർ കാത്തു നിന്നത് തന്നെ ആണെന്ന് ഓർത്തു അങ്ങനെ അങ്ങനെ ഒരു മായാലോകത്തു ആണ് അവർ ജീവിക്കുന്നത്.

അത്‌ പോലെ ഒരു വിഢി ആയിരുന്നു അവനും. കുറേ ആളുകൾ ഒക്കെ ആ മായാലോകത്തു നിന്നും പുറത്ത് കടക്കും.

പക്ഷെ എന്തോ അവന് ഒരിക്കലും അതിൽ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ എത്ര ഒക്കെ പറഞ്ഞിട്ടും അവൻ ഒരിക്കലും കല്യാണം കഴിക്കാൻ തയാർ അറിയില്ല.

മോൾക്ക്‌ അറിയുമോ രണ്ട് വർഷം മുമ്പത്തെ ഒരു ജൂലൈ 3 നു അവൻ മരിക്കുമ്പോൾ അവന് വെറും നാല്പത് വയസ് മാത്രമേ ഉണ്ടായിരുന്നോള്ളൂ.

ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു. അവൻ മനസ്സിൽ പറയാതെ കൂട്ടി വെച്ച വിഷമങ്ങൾ അവനെ ഒരു രോഗിയാക്കി.

ഉത്തർ മരിച്ചോ. ആ അറിവ് എനിക്ക് ഒരു ഷോക്ക് ആയിരുന്നു. എന്റെ 20 വർഷത്തെ വിശ്വാസത്തിൽ മേല് വന്ന് പതിച്ച വിള്ളൻ ആയിരുന്നു.

മോള് ഇതൊന്നു മനസ്സിൽ വെച്ചു വിഷമിക്കണ്ട. രണ്ട് പെണ്ണ് കുഞ്ഞുങ്ങളുടെ അമ്മ ആയ എനിക്കു അന്ന് മോള് എടുത്ത തീരുമാനം ഇന്ന് മനസിലാകും എന്ന് പറഞ്ഞു

എന്റെ തോളത്തു തട്ടി എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അവർ നടന്ന് അകന്നു.

അവരോടു എനിക്കു ഒരുപാട് ചോദിക്കാനും പറയാനും ഉണ്ടായിരുന്നു.

20 വർഷത്തിനു ശേഷം എന്തിന് വന്ന് എന്റെ ഓർമകളെ തട്ടി ഉണർത്തി എന്റെ മനസമാധാനം കളഞ്ഞു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു .

ഉത്തർ എന്നെ പ്രണിയിച്ച പോലെ ഞാനും ഉത്തർനെ സ്നേഹിച്ചിരുന്നു എന്ന് പറയണം എന്നുണ്ടായിരുന്നു .

ഉത്തർനെ പിരിഞ്ഞ ശേഷം നായകനും നായികയും പിരിയുന്ന ഒരു പ്രണയ കഥ പോലും കാണാൻ ശക്തി ഇല്ലാതെ ദുർബലം ആയി പോയി എന്റെ മനസിനെ പറ്റി അവരോടു പറയണം എന്നുണ്ടായിരുന്നു . അങ്ങനെ ഒരുപാട്.

പക്ഷെ ഇപ്പോൾ ഒന്ന് മാത്രം എനിക്ക് അറിയാം. മറ്റു ആരെക്കാളും ഉത്തർ നു എന്നെ ഇപ്പോൾ മനസിലാകാൻ പറ്റും. മരിച്ചവർക്ക് നമ്മുടെ മനസ് അറിയാം എന്ന് ആണല്ലോ.

ഉത്തർ ഈ ജന്മം എനിക്ക് നീ ആഗ്രഹിച്ച പോലെ ഒരു ജീവിതം തരാൻ പറ്റിയില്ല. പക്ഷെ അടുത്ത ജന്മം നിന്റെ പ്രാത്ഥന പോലെ ഞാൻ കാത്തിരിക്കും. അന്ന് മറ്റൊന്നിനും വേണ്ടി നിന്നെ ഞാൻ ഉപേക്ഷിക്കില്ല…

Leave a Reply

Your email address will not be published. Required fields are marked *