പാവമാണ് കെട്ടിക്കൊണ്ടു വരുന്ന പെണ്ണും അമ്മേയെ ഇതുപോലെ നോക്കിയാ മതിയാരുന്നു..

(രചന: Sreejith Raveendran)

ഡാ വിനു.. എണീറ്റ് പോയി പാല് വാങ്ങി വാടാ…

അടുക്കളയിൽ നിന്നും അമ്മേടെ ശബ്ദം..

ഇത്ര പെട്ടെന്നു നേരം വെളുത്തോ..

അതെങ്ങനാ കുടുംബത്തിനൊരു ഉപകാരവുമില്ല.. നാട്ടുകാരെ സേവിക്കാനല്ലേ സമയമുള്ളൂ.. ഈ നാട്ടില് ഇലക്ട്രിഷ്യൻ വേറെ ഇല്ലെന്നു തോന്നും നാട്ടുകാരുടെ വിളി കേട്ടാൽ..

‘അമ്മ വിടാൻ ഭാവമില്ല..

അസൂയ…വെറും അസൂയ…അടുക്കള വാതിൽക്കൽ നിന്നു ഞാൻ പറഞ്ഞു…

എണീറ്റോ രാജകുമാരൻ..

ഉവ്വ്.. രാവിലെ മകനെ ഉപദേശിച്ചു സമയം കളയാതെ മകന് കഴിക്കാൻ വല്ലതും ഉണ്ടാക്കിവെക്കു തെക്കേവീട്ടിൽ ഭാനുമതിയമ്മേ….

കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു അമ്മയ്ക്ക്..

പോയി പല്ലു തേക്കടാ ചെറുക്കാ….

രാവിലെ സ്നേഹിക്കാൻ വന്ന എന്നെ പറഞ്ഞാ മതി.. പല്ലും തേച്ചു നിന്നാൽ സൊസൈറ്റികാരൻ അടച്ചവന്റെ വഴിക്കു പോവും..പാലിന്റെ പാത്രം എന്ത്യേ…

ദേ അപ്പറെ ഇരിപ്പുണ്ട്..

പാത്രവുമെടുത്തു സൈക്കിളിൽ പോവുമ്പോ മനസ്സിൽ അമ്മേടെ മുഖം ആയിരുന്നു.. അച്ഛൻ മരിച്ചതിൽ പിന്നെ കുടുംബഭാരം എന്‍റെ ചുമലിലായി.. പക്ഷെ അതൊന്നും അമ്മയെ അറിയിച്ചിട്ടില്ല..

പാവമാണ്…. കെട്ടിക്കൊണ്ടു വരുന്ന പെണ്ണും അമ്മേയെ ഇതുപോലെ നോക്കിയാ മതിയാരുന്നു….

ഗ്രാമം ആണ് ഞങ്ങളുടേത്…റോഡ് ടാർ ഇട്ടിട്ടില്ല…റോഡിന്റെ ഒരു സൈഡിൽ നെൽ വയലാണ്..

രാവിലെ ജോസേട്ടൻ മരുന്നു അടിക്കാൻ പാടത്തു ഇറങ്ങിട്ടുണ്ട്.. ഇന്നലെ ഞായറാഴ്ച കൂടലിന്റെ ഭാഗമായി കലുങ്കിൽ ഇരുന്നു ബിയർ അടിച്ചത് മൂപ്പര് കണ്ടതാണ്.. അമ്മേടെ ചെവിയിൽ അതെത്തുന്നതിനു മുമ്പ് ഒന്നു സോപ്പ് ഇട്ടേക്കാം..

അച്ചായോ….പാടത്തെന്നാ പരിപാടി.. മരുന്നടി ആണോ…

അല്ലടാ ക്രിക്കറ്റ് കളിക്കുവാ….

പുല്ല്…വേണ്ടാർന്നു…

ജോസേട്ടൻ കലിപ്പിലാണ്…രാവിലെ മേരിച്ചേടത്തി ഉടക്കി കാണും.. ചുറ്റും നോക്കി..ഭാഗ്യം ആരും കണ്ടില്ല.. ഒന്നും സംഭവിക്കാത്തപോലെ ഞാൻ സൈക്കിൾ മുമ്പോട്ടെടുത്തു..

പെട്ടന്നാണ് ഇപ്പറത്തെ ഇടവഴിയിൽ നിന്നും ഒരു പട്ടുപാവാടക്കാരി സൈക്കിളുമായി വട്ടം ചാടിയത്.. സൈക്കിൾ തമ്മിൽ ഇടിച്ചു.. ഞാനങ്ങോട്ടും അവളിങ്ങോട്ടും വീണു..

ഇവിടെ നോക്കിയാടീ വരുന്നത്..

ദേഷ്യം കൊണ്ട് ഇത്രേം പറഞ്ഞു ഞാനവളുടെ മുഖത്തേക്കു നോക്കി.. ആ ഉണ്ടക്കണ്ണുകളിലുടക്കിയ എന്റെ കണ്ണുകളെ പിൻവലിക്കാൻ ഞാൻ കുറച്ച് പാടുപെട്ടു..

താനാരെ വായിനോക്കിയാടോ സൈക്കിൾ ചവിട്ടുന്നെ…

ആഹാ എന്‍റെ വട്ടം ചാടിയിട്ടു എന്‍റെ നെഞ്ചത്തോട്ടു കേറുന്നോ.. നീ കൊള്ളാല്ലോടീ..

ദേ എടി പോടീന്നു വിളിച്ചാലുണ്ടല്ലോ..

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

എന്നതാടാ അവിടെ..

ജോസേട്ടനാണ്…

ഒന്നുല്ല അച്ചായോ…ഒരു കുറുമ്പിപ്പൂച്ച വട്ടം ചാടിയതാ.. ഇതും പറഞ്ഞു ഞാൻ ഒരു ചിരിയോടെ അവളെ നോക്കി..

ദേഷ്യം വന്നു വീർത്ത മുഖത്തോടെ അവളെന്നോട് പറഞ്ഞു..

കാണിച്ചു തരാം ഞാൻ…

സൈക്കിൾ ചവിട്ടി അവൾ പോണതും നോക്കി നിന്നു ഞാൻ മനസ്സിൽ പറഞ്ഞു.. ഈ കാന്താരി കൊള്ളാലോ.. പിന്നീട് പലയിടത്തും വെച്ചവളെ കണ്ടു.. പേരും വീടും കണ്ടു പിടിച്ചു..

അവൾ ഭാമ…ടൗണിൽ ഡിഗ്രിക് പടിക്കുകയാരുന്നു.. വെറുതെ അല്ല ഞാൻ കാണാത്തതു.. ശ്ശെടാ.. എന്നാലും സാധാരണ ഒന്നും കണ്ണിൽ പെടാതെ പോകാറുള്ളതല്ല…ഇതെങ്ങനെ…

ഒരിക്കൽ കാവിൽ വെച്ചു കണ്ടപ്പോൾ അവളോടൊരു സോറി പറഞ്ഞു..അത് സാരമില്ല എന്നും പറഞ്ഞു അവൾ ചിരിച്ചപ്പോൾ മനസിലൊരാശ്വാസം തോന്നി..

അങ്ങനിരിക്കെ ഒരിക്കൽ കവലയിൽ ചെന്നപ്പോ നാരായണേട്ടൻ പറഞ്ഞു..

എടാ വിനു..നീ ആ പുത്തേടത്തെ സുഭദ്രേടെ വീട് വരെ ഒന്ന് ചെന്നെ…. അവിടെന്തോ ഫാൻ കേടാണെന്നു പറഞ്ഞു..

മോനെ…മനസ്സിൽ ലഡു പൊട്ടി.. ഭാമേടെ വീട്..

വീടിനു മുമ്പിൽ ചെന്ന് വിളിക്കാൻ തുടങ്ങി..

ഭാ…..അല്ലേൽ വേണ്ട… സുഭദ്രാമ്മേ….

ആ വിനു.. കേറി വാടാ..

ഇവിടെ ആർക്കാ സുഭദ്രാമ്മേ ഒരു അനുസരണക്കേട്..

അതാ ഭാമേടെ മുറിലെ ഫാനിനാടാ… കുറെ നാൾ ഉപയോഗിക്കാതെ കിടന്നതല്ലേ… അതാവും.. നീ ഒന്നു നോക്ക് ഞാൻ ചായ എടുക്കാം… ഭാമേ..നീ അവനെ ആ ഫാൻ കാണിച്ചു കൊടുക്ക്…

ഒരു സ്റ്റൂളിൽ കയറി നിന്നു ഫാൻ അഴിച്ചു.. ഭാമ താഴെ നില്പുണ്ടാരുന്നു…

ഇത് ചെറിയൊരു ലൂസ് കണക്ഷൻ ആണ്..അ സ്വിച്ച് ഓഫല്ലേ….

അതെ..

പിന്നെ എന്തൊക്കെയുണ്ട് വിശേഷം…

പ്രത്യേകിച്ചൊന്നൂല്ലാ…

അന്ന് സൈക്കിൾ ഇടിച്ചു വീണപ്പോ വല്ലോം പറ്റിയിരുന്നോ…

ഇപ്പഴേലും ചോദിച്ചാലോ.. ഇല്ല…

അതേയ്… അമ്മ അടുക്കളേൽ തന്നെ അല്ലേ…

അതേ.. എന്തേയ്..

എനിക്കൊരു കാര്യം പറയാനുണ്ടാരുന്നു.. എനിക്ക് തന്നെ……

പറഞ്ഞു മുഴുവനാക്കാൻ പറ്റിയില്ല… വയറിൽ കേറിപിടിച്ച എനിക്ക് ഷോക്ക് അടിച്ചു.. ഞാൻ നിന്നു വിറച്ചു.. ഭാമ ആദ്യം ഒന്നു പേടിച്ചെങ്കിലും പിന്നീട് ആത്മസംയമനം വീണ്ടെടുത്ത്.. സൈഡിൽ ചാരി വെച്ചിരുന്ന ഒരു വടിയെടുത്തു അവളുടെ സകല ആരോഗ്യവും എടുത്തു അടിച്ചു..

എന്റമ്മേ.. ഞാൻ തെറിച്ചു വീണു.. ശബ്ദം കേട്ടു സുഭദ്രാമ്മ ഓടി വന്നു…

നടുവും തിരുമ്മി ഞാനെണീറ്റിരുന്നു….

നിന്നോട് സ്വിച്ച് ഓഫ് ആണോന്നു ചോദിച്ചതല്ലേ ഞാൻ..

അത്..കുറച്ചു നാളായില്ലേ.. അതിനപ്പുറത്തേതു ഓഫ് ആയിരുന്നു… ഞാനോർത്തു അതായിരിക്കും എന്ന്.. വല്ലതും പറ്റിയോ..

ഷോക്കടിച്ചത് കുഴപ്പല്യ……നീ അടിച്ചത്…. ന്റമ്മോ.. ഇങ്ങനൊക്കെ അടിക്കാമോ… നീ അന്നത്തെ വീഴ്ചയ്ക്ക് പകരം വീട്ടിയതാണോ എന്നു എനിക്ക് ബലമായ സംശയം ഉണ്ട്.. ചിരിച്ചു കൊണ്ട് ഞാനെണീറ്റു.. അവളുടെ മുഖത്തും ഒരു കള്ളച്ചിരി ഞാൻ കണ്ടു..

ചായകുടിച്ചു പോകാൻ ഇറങ്ങിയപ്പോൾ അവള് ചോദിച്ചു..

അതേ മാഷെ..കണക്ഷൻ ഓക്കേ അല്ലേ… വർക്ക് ആകുമോ..

കണക്ഷൻ ഓക്കേയായി.. വർക്ക് ആകുമായിരിക്കും…ശ്രമിക്കാം.. കള്ളച്ചിരിയോടെ ഞാനിത് പറഞ്ഞു നിർത്തിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി….

വിനുവേട്ടാ… മുറ്റത്തു പല്ലുതേച്ചോണ്ട് നിക്കുന്ന എന്നെ ഭാമ വിളിച്ചു..

നീ വെളുപ്പാൻകാലത്തു തുടങ്ങിയതാണല്ലോ ഈ മുറ്റമടി.. കഴിഞ്ഞില്ലേ..

അതല്ല മനുഷ്യാ…ആ ശാരദേടത്തി എത്ര ദിവസമായി ആ ഫാൻ നന്നാക്കാൻ വിളിക്കുന്നു…ഇന്നലേം കൂടെ എന്നോട് പറഞ്ഞു.. ഒന്ന് പോയി നോക്കിക്കൂടെ..

പിന്നേ….അവരുടെ ഒരു ഫാൻ…ഇവിടെ ഒരെണ്ണം നന്നാക്കിയതാ ഞാനിപ്പഴും അനുഭവിക്കുന്നേ..

പറഞ്ഞു തീർന്നതും അവളുടെ ചൂലിന്റെ കടഭാഗം എന്‍റെ പിൻവശത്തു പതിച്ചതും ഒരുപോലെ ആയിരുന്നു…

എന്നാടാ കെട്ടിയോനെ നീ പറഞ്ഞത്…

അയ്യോ…ഒന്നുല്ല.. രാവിലെ കിട്ടാനുള്ളത് കിട്ടി ബോധിച്ചു…എന്നാ പിന്നെ ഞാൻ കുളിച്ചേച്ചു അവിടം വരെ ഒന്നു പോയേച്ചും വരാം..

പിൻവശം തിരുമ്മിക്കൊണ്ട് കുളിമുറിയിലേക്ക് നടന്നു.. അവിടെ ചെന്നു തിരിഞ്ഞു നോക്കിയപ്പോ അവളെന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *