പ്രവാസി
(രചന: സൗമ്യ സാബു)
വീട് നിറയെ ബഹളമയം ആണെങ്കിലും അതിലൊന്നും അവൻ ശ്രദ്ധിച്ചതേ ഇല്ല. അളിയന്മാർ കമ്പനിക്കു വിളിച്ചെങ്കിലും സന്തോഷത്തോടെ നിരസിച്ചു .
അമ്മ വന്ന് എന്തൊക്കെയോ സാധനങ്ങൾ കൂടി വെയ്ക്കട്ടെ എന്നൊക്കെ ചോദിക്കുന്നുണ്ട് . പക്ഷെ എല്ലാത്തിനും മൂളി വിടുന്നതല്ലാതെ എന്താണെന്ന് കേൾക്കുന്നില്ല .
നെഞ്ചിനുള്ളിൽ ഒരു തരം പട പടപ്പാണ്. അവളൊന്നു അടുത്ത് വന്നിരുന്നുവെങ്കിൽ
വേണ്ട ,,മുഖത്തേക്ക് ഒന്ന് നോക്കിയാലെങ്കിലും മതി .
ഇന്നീ ഒരു പകലിന്റെ പകുതിയും രാത്രിയും കൂടിയേ ഉള്ളൂ ,അത് കഴിഞ്ഞാൽ വീണ്ടും …യാന്ത്രികതയുടെ ലോകത്തേക്ക് …
രാവിലെ മുതൽ അവൾ കൊണ്ട് പിടിച്ച പണിയിലാണ്. മുഖത്തോടു മുഖം നോക്കുന്നതേ ഇല്ല.
അടുക്കി വെച്ച തുണികൾ തന്നെ വീണ്ടും അടുക്കുന്നു, ഒരാവശ്യവും ഇല്ലെങ്കിലും മുറികളൊക്കെ തൂത്തു മിനുക്കുന്നു .
എങ്ങും ഇരിക്കുന്നില്ല ,ആരോടും മിണ്ടുന്നില്ല, ചിലപ്പോൾ കരഞ്ഞു പോയെങ്കിലോ ?ആരേം കാണിക്കാതെ ഉള്ളിലടക്കുകയാണ് ,തന്നെ പോലും അറിയിക്കാതെ ,
ഇന്നു മാത്രമെന്താ ഇങ്ങനെ ?സമയത്തിന് കൂടുതൽ വേഗത ആർജ്ജിച്ചതു പോലെ ,
പകൽ കഴിഞ്ഞതറിഞ്ഞില്ല…
അവളെ പുണർന്നു കിടക്കവേ അവനറിഞ്ഞു, നെഞ്ചിലൊരു നീരനക്കം ,
അതേ ,,ഒരു പകല് മുഴുവൻ അടക്കി വെച്ചതൊക്കെ അണ പൊട്ടുകയാണ് , കരയരുത് എന്നവൻ പറഞ്ഞില്ല…
പകരം അവളെ ഒന്നുകൂടെ നെഞ്ചോടമർത്തി പിടിച്ചു .ഇപ്പൊ പരസ്പരം അറിയാനാവുന്നുണ്ട് രണ്ടു ഹൃദയങ്ങളുടേം മിടിപ്പ് .
പുതുമോടി മാറിയിട്ടില്ല, അതിനു മുന്നേ രണ്ടു മാസം പറന്നു പോയി.. അറബിയുടെ കൈയും കാലും പിടിച്ചു ഒന്നര മാസത്തെ ലീവ് രണ്ടു മാസമാക്കി നീട്ടിയെടുത്തതാണ്. രണ്ടു മാസം പോയതോ ,രണ്ടു ദിവസം പോലെ ,
ഇനി ഇതുപോലെ എന്നാണ് ?ഒന്നൊന്നര വർഷം … ഓർക്കുന്തോറും രണ്ടു ഹൃദയങ്ങളും പൊള്ളി പിടഞ്ഞു .
ലക്ഷ്മി …
ഊം…
എന്തിനാ കരയുന്നെ ? ഒന്നര വർഷം പെട്ടെന്ന് പോകും ,പെട്ടെന്ന് തന്നെ ഞാനിങ്ങു വരില്ലേ ?
കരയരുത് , നമുക്കീ രാത്രി കരഞ്ഞു തീർക്കണോ? നോക്ക് ,,താടി തുമ്പു മെല്ലെ പിടിച്ചുയർത്തി ,
ഞാനിറങ്ങുമ്പോ നീ കരയാൻ പാടില്ല ,നിന്റെ നിറഞ്ഞ കണ്ണുകൾ കണ്ടു പോകാൻ വയ്യെനിക്ക് .
ഊം… അവൾ ഒന്ന് മൂളിയത് മാത്രമേ ഉള്ളൂ ,
അച്ഛനും അമ്മയും ഇല്ലാത്ത പെൺകുട്ടിക്ക് ജീവിതം കൊടുത്തപ്പോൾ പ്രതീക്ഷിച്ചിരുന്നില്ല ,ഇത്രയധികം അവൾ തന്നെ സ്നേഹിക്കുമെന്നു ,
രണ്ടു മാസം കൊണ്ട് ഒരു ജീവിതം കൊണ്ട് തരാവുന്ന സ്നേഹം തന്നു കഴിഞ്ഞു അവൾ . നാളെ മുതൽ ഒറ്റയ്ക്കാവും പാവം.
പെട്ടെന്നൊരു കാറ്റിൽ ശിഖരങ്ങൾ ഒടിഞ്ഞു വീണ മരം പോലെ ,ഇനി ആരൊക്കെ കൂടെ ഉണ്ടെന്നു പറഞ്ഞാലും… പ്രാണൻ കൊടുത്തു സ്നേഹിക്കുന്ന ആൾ കൂടെ ഇല്ലാതെ …..
വിനുവേട്ടാ… തേങ്ങലിൽ ചാലിച്ച ഒരു വിളി ,
ഊം ???
പോകണമെന്ന് നിർബന്ധമാണോ ??ഇവിടെ കിട്ടുന്നത് പോരെ നമ്മുക്ക് ??
ജീവിക്കാനുള്ള മോഹമാണ് . അതവനറിയാം ,ആ അറിവാണ് പല പ്രവാസികളെയും പ്രതിസന്ധിയിൽ ആക്കുന്നത് .
നോക്ക് ലക്ഷ്മി , ഇത് വൈശാഖിനുള്ള വീടല്ലേ ?എത്ര കാലം വേണമെങ്കിലും നമുക്കിവിടെ…
താമസിക്കാം ,പക്ഷെ നമ്മൾ എല്ലാം അറിഞ്ഞു ചെയ്യേണ്ടവർ അല്ലെ ?
അവന്റെ വിവാഹം കഴിയുന്നതോടെ നമ്മുക്ക് മാറി താമസിക്കേണ്ടി വരും . ഇതൊരു ചെറിയ വീടുമല്ലേ ?എല്ലാർക്കൂടി പറ്റില്ല..
സ്വന്തമായി ഒരു വീടുണ്ടാക്കാൻ ഉള്ളത് ,അത്ര മാത്രം മതി , അതുകഴിഞ്ഞു ഞാൻ വരും. നമ്മളൊരുമിച്ചു സ്വപ്നം കണ്ട ജീവിതത്തിനായി , നമ്മുടെ കുഞ്ഞുങ്ങളുമൊന്നിച്ച് ,നമ്മുടെ വീട്ടിൽ ..
അതു വരെ കാത്തിരിക്കില്ലേ നീ ?? ഒരു കണ്ണീർതുള്ളി അവന്റെ നെഞ്ചിൽ വീണു ചിതറി ,
എനിക്ക് കാത്തിരിക്കാൻ വേറെ ആരാ വിനുവേട്ടാ ഉള്ളത് ? ഏട്ടന്റെ സ്വപ്‌നങ്ങൾ ഒക്കെ എന്റേം കൂടിയാ ,എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം ഞാൻ .
ചെറുതെങ്കിലും ഒരാശ്വാസം തോന്നി അവനു, ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല , ഈ രാത്രി തീരാതിരുന്നുവെങ്കിൽ.. രണ്ടാളുടെയും മനം ഒരുപോലെ മന്ത്രിച്ചു…