പോകുന്ന പോക്ക് കണ്ടാൽ തോന്നും വല്ല മണിമാളികയിൽ നിന്നും ഇറങ്ങി പോകുവാണെന്നു..

(രചന: ഞാൻ ആമി)

“പോകുന്ന പോക്ക് കണ്ടാൽ തോന്നും വല്ല മണിമാളികയിൽ നിന്നും ഇറങ്ങി പോകുവാണെന്നു….

ഈ കൂനാച്ചി പുരയിൽ ജീവിക്കുന്നവളാണെന്നു അവൾക്കൊരു ഭാവവും ഇല്ല “

എന്ന് കൂടി നിന്ന ചിലരിൽ ഒരാൾ പറഞ്ഞപ്പോൾ അത് ആരെന്നു പോലും നോക്കാതെ ഞാൻ നടന്നു.

“ഇവൾക്കൊക്കെ എന്ത് പണി ആണോ ആവോ “എന്ന് അവരിൽ ഒരാൾ പറഞ്ഞതും ഞാൻ നടത്തം നിർത്തി തിരികെ നടന്നു. അവർ നിന്ന കൂട്ടത്തിലേക്കു ചെന്നു.

“ഇപ്പോൾ പറഞ്ഞത് ആരാണ്? “ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും പലരും മിണ്ടാതെ അവിടെ നിന്നും മാറി.

“ഞാനാണ് പറഞ്ഞത്…. നീ എന്തോ ചെയ്യും “എന്റെ നാട്ടിൽ എല്ലാവരും പഴിക്കുന്ന അവന്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി. അമ്മ ഓടി വന്നു എന്റെ കൈയിൽ പിടിച്ചു.

“മോളെ “

“അമ്മ അങ്ങോട്ട് മാറി നിൽക്ക്…. സ്വന്തം വീട്ടിലെ പെണ്ണുങ്ങൾക്ക്‌ വിലകൊടുക്കാത്ത ഇവനെ പോലെ ഉള്ളവർ മാത്രമെ ഈ നെറികെട്ട വാക്ക് പറയൂ… “

എന്ന് ഞാൻ പറഞ്ഞതും അവിടെ നിന്നിരുന്ന പലരും അവിടെ നിന്നും മടങ്ങി. എന്റെ മനസ്സിൽ ഒരുപാട് വേദന ഉണ്ടായിരുന്നു.

“ഈ കൂനാച്ചി പുരയിൽ നിന്നും ഇറങ്ങി ഇങ്ങനെ പോകുന്നെ അന്തസായി ജോലി ചെയ്തു കിട്ടുന്ന കാശ് കൊണ്ടു അന്നം കഴിക്കാൻ ആണ്….

അല്ലാതെ ഒരു ജോലിക്കും പോകാതെ ഇങ്ങനെ നിന്നു മറ്റുള്ളവരെ പഴി പറയാൻ നീ കാണിക്കുന്ന ഈ നേരം പോയി വല്ലവന്റെയും പറമ്പ് കിളച്ചെങ്കിലും സ്വന്തം വീട്ടുകാർക്ക് ഒരു നേരത്തെ അന്നം കൊടുക്കടാ…. “

എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ ശബ്ദം അല്പ്പം പൊങ്ങി.

ചുറ്റുപാടും ഒന്നും ഞാൻ നോക്കിയില്ല. അവൻ അവിടെ അവിടെയായി നിന്നവരെ ഒന്ന് നോക്കി വേഗം നടന്നു നീങ്ങി.

“ആമി…. “

അമ്മ സങ്കടത്തോടെ എന്നെ വിളിച്ചു.

“നമ്മൾ പേടിക്കുമ്പോൾ ആണമ്മേ നമ്മളെ പറയാൻ ആളുകൾ കൂടുന്നത്…. നമ്മുടെ രക്ഷകർ നമ്മൾ തന്നെയാണ് മറ്റാരും അല്ല “

എന്ന് പറഞ്ഞു ഞാൻ വേഗം ജോലി സ്ഥലത്തേക്ക് നടന്നു. അധ്വാനിച്ചു ഒരു നേരം ഭക്ഷണം കഴിച്ചാൽ അതൊരു അന്തസ്സാണ്.

Leave a Reply

Your email address will not be published. Required fields are marked *