മറ്റുള്ളവരുടെ മുൻപിൽ മാത്രമാണ് ഞങ്ങൾ ഭാര്യ ഭർത്താക്കൻമാർ, അല്ലാതെ ഞങ്ങൾക്കിടയിൽ..

ആതിര
(രചന: സൗമ്യ സാബു)

വീട് മുഴുവൻ മുഴങ്ങുന്ന ഒരു നിലവിളി കേട്ട്  ശാരദാമ്മ ഉറക്കം ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു.

“ഈശ്വരാ ന്റെ മോള്” അവർ മകന്റെയും മരുമകളുടെയും മുറി ലക്ഷ്യമാക്കി ഓടി. അകത്തു നിന്നും കിരണിന്റെ ശബ്ദം ഉയർന്നു കേൾക്കാം. ഒപ്പം കവിളിൽ ആഞ്ഞടിക്കുന്ന ശബ്ദം

എന്താടി നിനക്ക്? നീയെന്താ പെണ്ണല്ലേ?  എനിക്കിന്നറിയണം. ഇന്ന് ശരിയാകും നാളെയാകും എന്ന് കരുതി ഒന്നൊന്നര മാസമായി ക്ഷമിക്കുന്നു.  ഇനി പറ്റില്ല.

നിനക്ക് മറ്റു വല്ല ബന്ധവും ഉണ്ടേൽ അതൊന്നു തുറന്നു പറ. വെറുതെ പൊട്ടൻ കളിക്കാൻ എന്നെ കിട്ടില്ല..

കരച്ചിൽ അല്ലാതെ ആതിരയുടെ സൗണ്ട് ഒന്നും കേൾക്കുന്നില്ല.

മോനെ, കിരണേ, വാതിൽ തുറക്ക്.. ശാരദാമ്മ കതകിൽ തട്ടി വിളിച്ചു. ഒരു മിനിറ്റത്തെ  നിശബ്ദതയ്ക്കു ശേഷം വാതിൽ തുറക്കപ്പെട്ടു. കനത്ത മുഖത്തോടെ കിരൺ പുറത്തേക്ക് വന്നു.

എന്താടാ?  വലിയ നിലവിളി കേട്ടല്ലോ , എന്ത് പറ്റി??

“എനിക്കിവളെ വേണ്ട ” അത്ര തന്നെ.. കൊടുങ്കാറ്റ് പോലെ അവൻ പുറത്തേക്കു വന്നു. നിമിഷങ്ങൾക്കകം ബുള്ളറ്റ് സ്റ്റാർട്ട്‌ ആയി വെടിയുണ്ട കണക്കെ പാഞ്ഞു പോയി

അകത്തു ഒരു ബെഡ്ഷീറ്റ് വാരിപ്പുതച്ചു ആതിര കട്ടിലിന്റെ മൂലയ്ക്കു തല കാൽമുട്ടുകളിൽ താങ്ങിയിരുപ്പുണ്ട്. ഇടയ്ക്കിടെ ഉള്ള ഏങ്ങലടിയിൽ  അവളുടെ ശരീരം വിറ പൂണ്ടു.

“മോളെ” എന്താ ഇവിടെ നടക്കുന്നെ?  കരച്ചിൽ കൂടിയത് അല്ലാതെ അവളൊന്നും മിണ്ടിയില്ല. ശാരദാമ്മ ബലമായി മുഖം പിടിച്ചുയർത്തി.

അടി ഏറ്റു കവിൾത്തടം കരുവാളിച്ചിട്ടുണ്ട്. ചുണ്ട് ഒരു വശം ചതഞ്ഞ്  ചോര ചത്തു കിടക്കുന്നു. ഒരു കരച്ചിലോടെ  അവൾ അവരുടെ മേലേക്ക് ചാഞ്ഞു.

“എനിക്ക് പറ്റാഞ്ഞിട്ടാമ്മേ”, അത്ര മാത്രമേ അവൾ പറഞ്ഞുള്ളൂ..  അവർ അവളെ അലിവോടെ ചേർത്ത് പിടിച്ചു.

“സീ കിരൺ, നിങ്ങൾ വിചാരിക്കുന്നതു പോലെ ആതിരയ്ക്കു മറ്റു ബന്ധങ്ങൾ ഒന്നും തന്നെയില്ല. നിങ്ങളോട് സ്നേഹക്കുറവും ഇല്ല”.

പിന്നെന്താണ് ഡോക്ടർ അവളിങ്ങനെ?   മറ്റുള്ളവരുടെ മുൻപിൽ മാത്രമാണ് ഞങ്ങൾ ഭാര്യ ഭർത്താക്കൻമാർ. അല്ലാതെ ഞങ്ങൾക്കിടയിൽ ഇതുവരെ…

ഒന്ന് തൊടുമ്പോഴെ അവൾക്ക് വിറയൽ ആണ്. വല്ലാത്ത പേടി പോലെ..

അതേ, അത്  തന്നെയാണ് ആ കുട്ടിയുടെ പ്രശ്നവും. ശാരീരികബന്ധം വേദനാജനകമായ എന്തോ ഒന്ന് എന്നാണ് ആതിരയുടെ വിചാരം.

വേദന എടുക്കും എന്ന പേടി കാരണം ശരീരം അനുകൂലമായി പ്രവർത്തിക്കില്ല. ആ പേടി  അതെങ്ങനെയോ മനസ്സിൽ ഉറച്ചു പോയി.

“വജൈനിസ്മസ്സ്”എന്ന അവസ്ഥ ആണിത്.  ഭയം നിമിത്തം ജനനേന്ദ്രിയത്തിനു ചുറ്റും ഉള്ള മസ്സിലുകൾ ടൈറ്റ് ആയി നില കൊള്ളുന്നതു മൂലം ശാരീരികബന്ധം വേദനാജനകം ആയിത്തീരാം.

കുട്ടിക്കാലത്ത് ഉണ്ടായ എന്തെങ്കിലും ലൈംഗികഉപദ്രവങ്ങളോ, സിനിമയിൽ കണ്ടതോ സീരിയലോ അങ്ങനെ എന്ത് വേണമെങ്കിലും ആവാം കാരണം.

ആ കുട്ടിയോട്  സംസാരിച്ചതിൽ നിന്നും എനിക്ക് മനസ്സിലായതു അമ്മയില്ലാതെ വളർന്നതിന്റെ ഒരു പ്രശ്നം ഉണ്ട് എന്നാണ്.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ് നല്ലത് പോലെ ഉണ്ട്.  കുട്ടിയുടെ അച്ഛൻ ചെറുപ്പം മുതലേ പൊതിഞ്ഞു പിടിച്ച് വളർത്തി, വിദ്യാഭ്യാസം മുഴുവനും പെൺകുട്ടികൾ മാത്രം ഉള്ള സ്കൂളിലും കോളേജിലും.

അദ്ദേഹത്തെ കുറ്റം പറയാനും പറ്റില്ല. സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയാകും അങ്ങനെ ചെയ്യിച്ചതു. അമ്മയില്ലാതെ വളരുന്ന മകൾ ഒരിക്കലും വഴി തെറ്റരുത് എന്ന് ആഗ്രഹമാകാം.

അത് പക്ഷേ വിപരീതമായാണ് അവളെ ബാധിച്ചതു. അച്ഛനോട് പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും ചോദ്യങ്ങൾക്കും പൊടിപ്പും തൊങ്ങലും  വെച്ച കൂട്ടുകാരുടെ വിശദീകരണങ്ങൾ അവൾക്ക് ഉത്തരങ്ങൾ ആയി.

അങ്ങനെ ഉള്ള ഏതോ സംസാരത്തിൽ നിന്നും മനസ്സിൽ കയറികൂടിയതാണ് ഈ ചിന്തയും പേടിയും.  അതിനൊപ്പം പണ്ട് കണ്ട സിനിമയിലെ ബലാൽസംഘ സീനിനും  നല്ല പങ്കുണ്ട്.

ഇനി എന്താ ഡോക്ടർ ചെയ്യേണ്ടത്?  ഞാൻ അവളെ തെറ്റിധരിച്ചു പോയി ഉള്ളിൽ കുറ്റബോധം നിറഞ്ഞു കിരൺ തല താഴ്ത്തി.

ഇന്നത്തെ ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, ഇത്തരം കാര്യങ്ങളിൽ പലരും അജ്ഞരാണ്. അവിടെയാണ് കിരണിന്റെ അമ്മയുടെ പ്രസക്തി. അമ്മമാർക്ക് മാത്രം പെട്ടെന്ന് മനസ്സിലാകുന്ന ചില കാര്യങ്ങൾ ഉണ്ട്.

താൻ ചിന്തിച്ചതു പോലെ അമ്മയും അവളെ വേണ്ടെന്നു വെച്ചിരുന്നു എങ്കിലോ? ജീവിതം തുടക്കത്തിലേ കൈവിട്ട് പോയേനെ..പകരം എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി അമ്മ അവളെ എന്റെ അടുക്കൽ കൊണ്ട് വരികയാണ് ചെയ്തതു.

ഇനി പേടിക്കണ്ട,  കൗൺസിലിങ്ങും ബിഹേവിയറൽ തെറാപ്പിയും  കൊണ്ട് ശരിയാക്കാവുന്നതെ ഉള്ളൂ, പിന്നെ താനാണ്  അവൾക്കുള്ള മരുന്ന്.

അവളുടെ മനസ്സറിയാൻ ശ്രമിക്കുക, ഒരുപാട് സംസാരിക്കുക, അതിലുപരി  സമയം കൊടുക്കുക. ശരീരത്തിനു മുൻപേ മനസ്സാണ് റെഡി ആവേണ്ടതു. അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ ഉണ്ടായാൽ ശരീരം സ്വയം തയ്യാറായിക്കോളും.

പിന്നെ ഒരു കാര്യം കൂടി, താൻ അധികം  സ്ലീവാച്ചൻ കളിക്കാൻ നിൽക്കണ്ട. അതും ഒരു പ്രശ്നമാണ്.. ഡോക്ടർ ചിരിയോടെ പറഞ്ഞ് നിർത്തി.

കിരൺ ഒന്ന് ചമ്മിയെങ്കിലും നന്ദി പറഞ്ഞ് പുറത്തിറങ്ങി. അവിടെ അമ്മയോടൊപ്പം ആതിര ഉണ്ടായിരുന്നു.

“ഞാൻ ഒന്ന് ഡോക്ടറെ കണ്ട് വരട്ടെ”   ശാരദാമ്മ അവിടെ നിന്നു മാറി.

കിരൺ ആതിരയെ ചേർത്ത് പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“സോറി ട്ടോ ” ഞാൻ മനസ്സിലാക്കണമായിരുന്നു. അതിനു പകരം.. . ഛേ.

“എനിക്ക് ഏട്ടനോട് ഒരു സ്നേഹക്കുറവും ഇല്ല.  എനിക്കൊരിത്തിരി സമയം തന്നാൽ മതി. ഡോക്ടർ പറഞ്ഞപ്പോൾ ആണ് എന്റെ പ്രശ്നം മനസ്സിലായത്”.

സമയം ഇനി എത്ര വേണേലും തരാം.. പക്ഷേ ഇതേപോലെ നിലവിളിച്ചു ആളെ കൂട്ടാതിരുന്നാൽ മതി.  ഒരു കള്ളച്ചിരിയോടെ അവളെ നോക്കി അവൻ മീശ പിരിച്ചു.

ഒരുപാട് വേദനിച്ചോടി??  അടി കൊണ്ട കവിളിൽ പതുക്കെ അവൻ വിരലോടിച്ചു..

“ഹ്മ്മ് ” വേദനിച്ചു, ന്റെ മനസ്സ്

“പോട്ടെ, ഇനി മനസ്സ് നോവാതെ നോക്കാം “

“അതേ, ഇതൊരു ആശുപത്രി ആണ് ”  പിന്നിൽ നിന്നും ഡോക്ടർ വിളിച്ചു പറഞ്ഞു. ചിരിച്ചു കൊണ്ട് അദ്ദേഹം അടുത്തേക്ക് വന്നു.

” കൗൺസിലിംഗ് ഡേറ്റ് ഓർമ്മ ഉണ്ടല്ലോ?  അന്നിങ്ങു വന്നേക്കണം ഓക്കേ.

ഓക്കേ ഡോക്ടർ, പോയി വരാം. അവരുടെ കാർ മറയുന്നത് നോക്കി ഡോക്ടർ ചിരിയോടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *