കുഞ്ഞിന് ദീനമാ ആശുപത്രിയിലാ കുറച്ചു കാശ് വേണമായിരുന്നു, വിറയാർന്ന ശബ്ദത്തിൽ..

(രചന: Nitya Dilshe)

കത്തുന്ന വെയിലിൽ  നഗരത്തിന്റെ  തിരക്കുകൾ  വകവെക്കാതെ  അവൾ  നടന്നു …വിയർപ്പ്   അവളുടെ  ശരീരത്തെ  നനച്ചുകൊണ്ടിരുന്നു …

നെറ്റിയിലൂടെ കഴുത്തിലേക്കൊഴുകിയ വിയർപ്പുതുള്ളികൾ അവൾ നരച്ച സാരിത്തുമ്പു കൊണ്ടു  അമർത്തിത്തുടച്ചു ..

പത്മ ലോഡ്ജ് എന്ന് കണ്ടതും കാലു  കൂച്ചു വിലങ്ങിട്ടത്‌പോലെ  നിന്നു …ഒരു  നിമിഷം.. അകത്തേക്ക്  കയറണോ  വേണ്ടയോ…

അവളൊന്നു  ശങ്കിച്ചു ..ആശുപത്രിയിൽ  കിടക്കുന്ന കുഞ്ഞിന്റെ  മുഖം  ഓർത്തതും  അറിയാതൊരു  ധൈര്യം  മനസ്സിൽ  വന്നു  നിറഞ്ഞു …

ലോഡ്ജിനു  മുന്നിൽ  കണ്ട  പയ്യനോട്  അയാളുടെ  പേര്  ചോദിച്ചതും  അവനൊന്നു  ചൂഴ്ന്നു  നോക്കി ..പിന്നെയൊരു  വഷളൻ  ചിരിയോടെ  ചൂളമടിച്ചു മുകളിലേക്ക്  കണ്ണ്  കാണിച്ചു …

മുന്നിലേക്ക്  നടന്നതും  ‘വലതു  വശത്തെ  ആദ്യത്തെ  മുറി’ എന്നവൻ  വിളിച്ചു പറയുന്നുണ്ടായിരുന്നു …ഓരോ  പടികൾ  മുന്നിലേക്ക് കയറുംന്തോറും സ്വരുക്കൂട്ടിയ  ധൈര്യം  പിന്നിലേക്ക്  വലിയുന്നതുപോലെ  തോന്നി ..

വലതു വശത്തെ  മുറി  അടച്ചിട്ടിരിക്കുകയായിരുന്നു… ശ്വാസം  ഉള്ളിലേക്കാഞ്ഞെടുത്തുകൊണ്ടു പതിയെ  വാതിലിൽ  തട്ടി …അല്പം  കഴിഞ്ഞതും  വാതിൽ  തുറക്കപ്പെട്ടു …

കറുത്തിരുണ്ട  കുറുകിയ  ശരീരത്തോടുകൂടിയ  അയാൾ അവളെയൊന്നു  അടിമുടി സൂക്ഷിച്ചു  നോക്കി …അവളൊന്നു  പരുങ്ങി … “എനിക്ക് …” വിക്കലോടെ  പറഞ്ഞു  തുടങ്ങിയപ്പോഴേക്കും  തൊണ്ട  വരണ്ടിരുന്നു ..,

അയാൾ  അകത്തേക്ക്  കയറാൻ ആംഗ്യം കാണിച്ചു… മടിച്ചു  മടിച്ചകത്തേക്കു  കയറി ..അയാൾ  അവിടെയുള്ള  കസേരയിൽ  ഇരുന്നു ..

“എനിക്ക്  കുറച്ചു  കാശു  വേണമായിരുന്നു….”. ഉയർന്ന നെഞ്ചിടിപ്പിനെ അടക്കി  അവൾ  പറഞ്ഞൊപ്പിച്ചു …

“നീയാ  ചേരിയിലെ  അല്ലെ …ചത്തുപോയ  സുനിയുടെ  കെട്ടിയോൾ …അല്ലിയോ ??”

അയാൾ അവളെ കണ്ണുകൊണ്ടുഴിഞ്ഞു.. ഉള്ളിലൊരു വേദന വന്നെങ്കിലും  അതെ എന്നവൾ  തലയനക്കി …

“നിന്നെ  ഞാൻ  നോട്ടമിട്ടതാ ..ഇത്രപെട്ടെന്ന്  മുന്നിൽ  കിട്ടുമെന്നു  വിചാരിച്ചില്ല …”

അയാളുടെ  ആർത്തിപൂണ്ട  കണ്ണുകൾ  ശരീരത്തിൽ  ഓടി  നടക്കുന്നത്  കണ്ടു.. സാരിത്തുമ്പു  പിന്നിലേക്ക്  ഒന്നുകൂടി അമർത്തി  വലിച്ചു.. ശരീരം  ചുരുക്കി പിടിച്ചു തലകുനിച്ചു   നിന്നു …

“കുഞ്ഞിന്  ദീനമാ ..ആശുപത്രിയിലാ ..കുറച്ചു  കാശ്  വേണമായിരുന്നു …” വിറയാർന്ന  ശബ്ദത്തിൽ  പറഞ്ഞൊപ്പിച്ചു …

“ഈട്  നൽകാൻ എന്തെങ്കിലുമുണ്ടോ ??” അയാൾ അയാളുടെ  രോമങ്ങൾ  തിങ്ങി നിറഞ്ഞ തുടയിൽ  ഉഴിഞ്ഞു കൊണ്ട് ചോദിച്ചു … ഇല്ലെന്നവൾ  തലയനക്കി…

“പിന്നെ  ??””അയാൾ  കസേരയിൽ  നിന്നെഴുന്നേറ്റു.. അവൾ  ഭയന്ന്  ഒരടി  പിറകിലേക്ക്  വച്ചു… അയാൾ  തല  ചൊറിഞ്ഞു  അവൾക്കു  ചുറ്റും  നടന്നു ..പെട്ടെന്ന് സാരിക്കിടയിലൂടെ  കൈയ്യിട്ടു വയറിലൊന്നമർത്തി …

അവളൊന്നു  പിടഞ്ഞു …  തനിക്കു  കടം  തരാൻ  ആരുമില്ലെന്നുള്ള  തിരിച്ചറിവിൽ നിസ്സഹായതയോടെ  കണ്ണുകൾ  ഇറുക്കിയടച്ചു ….

“എന്ത്  ഉറപ്പിലാണ് ഞാൻ  നിനക്ക്  പണം  തരേണ്ടത് ??” ചെവിക്കരുകിൽ  അയാളുടെ  ശബ്ദം  വന്നു ..ഒപ്പം  പാൻ മസാലയും  കള്ളും  കൂടിച്ചേർന്ന  മടുപ്പിക്കുന്ന ഗന്ധം ..അവൾക്കു  ഛർദിക്കാൻ  വന്നു …

“”ഞാൻ  പണിയെടുത്തു എങ്ങിനെയെങ്കിലും  വീട്ടും …” അത്  പറയുമ്പോൾ പതിഞ്ഞതെങ്കിലും വാക്കുകൾ  ഉറച്ചതായിരുന്നു ….

“അത്  പോരല്ലോ  മോളെ ..ഇവിടെ  നിന്ന്  പണം  കിട്ടണമെങ്കിൽ  ഈട്  വേണം ..ഉണ്ടോ  പൊന്നോ  പൊടിയോ  എന്തെങ്കിലും …” അയാൾ  അവളുടെ  കവിളിൽ  തലോടി …

അവൾ  അയാളുടെ  കാൽച്ചുവട്ടിൽ  ഇരുന്നു …
“”സഹായിക്കണം ..മറ്റെവിടെയും  പോകാൻ  ഇടമില്ല ..

എന്റെ  കുഞ്ഞു..എനിക്കവൻ  മാത്രേ ഉള്ളൂ.. ദയവുണ്ടാവണം ..”” അവൾ  കരഞ്ഞു കൊണ്ട്  പറഞ്ഞു …കണ്ണുനീർ അയാളുടെ പാദങ്ങളിൽ  വീണു ചിതറി …

അയാൾ  അവളുടെ  മുടിക്കുത്തിൽ  പിടിച്ചെഴുന്നേൽനേല്പിച്ചു…

“”ഇതൊക്കെ  ഞാൻ എന്നും കാണുന്നതാ.. കരഞ്ഞാൽ  കാശുണ്ടാവില്ല  മോളെ…”” അയാൾ  വികൃതമായി ചിരിച്ചു…

“പിന്നെ  എന്ത്  വേണം ..??”” ഇത്തവണ  മൂർച്ചയേറിയതായിരുന്നു വാക്കുകൾ…

“”തൽക്കാലം  നിന്നെ  മതി ഈടായി ..മുൻപ് നിന്നെ  കണ്ടപ്പോൾ  ഒന്ന്  കൊതിച്ചതാ..” അയാൾ അവളെ  ചേർത്തുപിടിച്ചു …അവൾ  കണ്ണുകൾ  ഇറുക്കിയടച്ചു  വിധേയയായി  നിന്നു ..

പെട്ടെന്നയാൾ  അവളെ  വിട്ടു .. “ബലപ്രയോഗം  എനിക്കിഷ്ടമല്ല  മോളെ ..ഇഷ്ടത്തോടെ  വാ..””

“”എന്റെ  കുഞ്ഞു ആശുപത്രിയിലാ..അപ്പോൾ  എനിക്ക് ..അവൻ അങ്ങനെ  കിടക്കുമ്പോൾ.. കാശ്  പെട്ടെന്നടക്കാൻ  പറഞ്ഞു …” അവൾ  ഒന്ന്  തേങ്ങി ..

അയാൾ  ദേഷ്യത്തോടെ  കസേരയിൽ  ചവിട്ടി .. അവളൊന്നു  ഞെട്ടി ..നീളമുള്ള  ട്രൗസറിന്റെ  പോക്കറ്റിൽ  നിന്ന്  അയാൾ കുറച്ചു രൂപ  മേശപ്പുറത്തിട്ടു ..

“”കൊണ്ട് പോടീ  ആവശ്യമുള്ളത് ..പിന്നെ  ആശുപത്രി  വിട്ടാൽ എന്റെ മുന്നിലെത്തണം ..

ഉടുതുണിയില്ലാതെ ഇവിടെ നിൽക്കണം ..രക്ഷപ്പെട്ടു പോകാമെന്നു  വിചാരിക്കേണ്ട ..ചേരിക്കാരോട്  ചോദിച്ചാൽ എന്നെപ്പറ്റി പറയും .

ഇങ്ങോട്ടെത്തിയില്ലെങ്കിൽ ഞാനങ്ങോട്ടു വരും ..അവരുടെ  മുന്നിലാവും പിന്നെ അങ്ങനെ നിൽക്കേണ്ടി വരിക …”” അയാളുടെ  കണ്ണിൽ ക്രൂരഭാവവും. ചുണ്ടിൽ വഷളൻ ചിരിയുമായിരുന്നു .

ലോഡ്ജിൽ  നിന്നിറങ്ങിയിട്ടും ശരീരത്തിന്റെ വിറയൽ മാറിയിരുന്നില്ല ..കാലുകൾക്കൊക്കെ വല്ലാത്തൊരു തളർച്ചപോലെ ..തൊണ്ട വറ്റിവരണ്ടിരിക്കുന്നു …അടുത്ത് കണ്ട കടയിലേക്ക് നടന്നു ..

“” കുറച്ചു  വെള്ളം  “”ദുർബലമായ  ശബ്ദത്തിൽ പറഞ്ഞു ആ  പടിയിലിരുന്നു …കടക്കാരൻ ഒരു കുപ്പി വെള്ളം നീട്ടി ..

“”പന്ത്രണ്ട്  രൂപ “” ദാഹജലത്തിനും കാശ് കൊടുക്കണമെന്ന് അപ്പോഴാണവൾ ഓർത്തത് ..കൈയ്യിലെ പിഞ്ഞിയ പേഴ്സിൽ നിന്നും മുഷിഞ്ഞ നോട്ടവൾ  എടുത്തു നീട്ടി …

കുറച്ചു മാറി തലയിൽ പൂവും ചുണ്ടിൽ ചുവന്ന ചായവും തേച്ചൊരുവൾ ഒരാളുമായി തട്ടിക്കയറുന്നുണ്ടായിരുന്നു …

വഴിയിലൂടെ പോകുന്നവർ അവളെ  നോക്കി അശ്ലീലം പറഞ്ഞു ചിരിക്കുന്നത് കേട്ടു ..ഒരു നിമിഷം ആ പെണ്ണ് താൻ തന്നെയാണെന്നവൾക്കു തോന്നി ..

രണ്ടു ദിവസം മാറിനിന്നപ്പോഴേക്കും വീട് ചിതലെടുത്തു തുടങ്ങിയിരുന്നു..മോനെ കട്ടിയുള്ള പുതപ്പിൽ  കിടത്തി വീട് വൃത്തിയാക്കി..

അരിക്കലത്തിൽ  നോക്കിയപ്പോൾ ഒരുപിടി കഷ്ടിയുണ്ട് ..ദേവുമ്മയോടു ചോദിച്ചാൽ അവർ തരും ..

വേണ്ട.. വായ്പ കുറെ വാങ്ങിയിട്ടുണ്ട് ..ഉള്ള അരി കഴുകി അടുപ്പത്തിട്ടു ..ചുട്ടുപൊള്ളുന്ന കനലിൽ  തേങ്ങയും മുളകും ചുട്ടെടുത്തു.അല്പം പുളിയും  കൂട്ടി ഒരു ചമ്മന്തി അരച്ചു..

കഞ്ഞിയിലെ വറ്റുകൾ  കോരിയെടുത്തു ചമ്മന്തി കൂട്ടി മോന് കൊടുത്തു ..നാളെ പപ്പടം കൂട്ടി ചോറ് തരുമോ എന്നവൻ ചോദിച്ചപ്പോൾ ഉവ്വെന്നവൾ തലയാട്ടി ..

കുളി കഴിഞ്ഞു ബാക്കിയുള്ള കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കുടിച്ചു .. മോനെ ദേവുമ്മയെ ഏൽപ്പിച്ചു പുറത്തേക്കിറങ്ങി ..

പത്മ ലോഡ്ജ് കണ്ടതും നടത്തത്തിന്റെ  വേഗത കുറഞ്ഞു ..അടുത്ത് കണ്ട ബസ്‌സ്റ്റോപ്പിന്റെ ഷെഡിലേക്കിരുന്നു ..കുറച്ചു ദിവസമായി തെറ്റിത്തുടങ്ങിയ മനസ്സിന്റെ താളത്തെ ശാന്തമാക്കാൻ ശ്രമിച്ചു..

എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല.. ആളുകൾ ഒറ്റക്കും കൂട്ടമായും പരിഭ്രാന്തിയോടെ ലോഡ്ജിലേക്ക് പോകുന്നത് കണ്ടാണ് എഴുന്നേറ്റത് ..കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു  ..

“”ആ പലിശക്കാരനെ ആരോ കുത്തി..ആള് തീർന്നെന്നാ കേൾക്കുന്നേ  “” കരയണോ ചിരിക്കണോ ..ആദ്യമായാണ് ഒരാളുടെ മരണത്തിൽ സന്തോഷം തോന്നുന്നത് ..

അവൾ ധൃതിയിൽ വീട്ടിലേക്കു നടന്നു ..നാളെ കുഞ്ഞിന് പപ്പടം കൂട്ടി ചോറ് കൊടുക്കണം.. ദേവുമ്മ പറഞ്ഞ വാർപ്പ് പണിക്കു പോണം .. കൂലി കൂടുതൽ കിട്ടുമത്രേ  ..

Leave a Reply

Your email address will not be published. Required fields are marked *