പഴയപോലെ തന്നോട് മിണ്ടാതെ, തന്റെ ഒപ്പം കളിക്കാതെ എപ്പോഴും മൊബൈലിൽ സംസാരിച്ചു..

ഉണ്ണിയുടെ ആമി
(രചന: ശ്യാം കല്ലുകുഴിയിൽ)

“ന്റെ ഉണ്ണി നി ഇങ്ങനെ നോക്കി ഇരിക്കാതെ ആ അക്ഷരങ്ങൾ ഒന്ന് എഴുതിക്കേ….”

ഉണ്ണിയെ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് അവന്റെ അമ്മ മീര…

“എന്നെ അമ്മ പഠിപ്പിക്കണ്ടാ…”

ഒന്നാം ക്ലാസ്സിലേക്ക് ആകുന്നേയുള്ളൂ എങ്കിലും വല്യ വർത്തമാനം ആണ് ഉണ്ണിയുടെ വായിൽ നിന്ന് വീഴുന്നത്…

“നിന്നെ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ,,, എന്റെ കയ്യിൽ നിന്ന് അടി വാങ്ങാൻ നിൽക്കാതെ ഇരുന്ന് എഴുതുണ്ണി…”

മീര കയ്യിൽ ഇരുന്ന വടി ഉണ്ണിയെ കാണിച്ചു കൊണ്ട് അൽപ്പം ശബ്ദത്തിൽ പറഞ്ഞു. താനിതൊക്കെ എത്ര കണ്ടേക്കുന്നു എന്ന ഭാവത്തിൽ ഉണ്ണി മുൻപിൽ ഇരുന്ന ബുക്കിൽ പോലും നോക്കാതെ കയ്യും കെട്ടിയിരുന്നു…

“എന്താ ഇവിടെ അമ്മയും മോനും കൂടി ഒരു ബഹളം…” അത് ചോദിച്ചു കൊണ്ടാണ് അയൽവക്കത്തെ സുബൈദയുടെ മകൾ ആമിന അവിടേക്ക് വന്നത്…

“ന്റെ ആമിനാ ഈ ചെറുക്കൻ ഒരു വക പഠിക്കുന്നില്ലന്നേ… ഇതിനെ എങ്ങനെ പഠിപ്പിച്ചെടുക്കുമോ ആവൊ….”

മീര തലയിൽ കൈ വച്ചു പറയുമ്പോഴും ഉണ്ണിക്ക് ഒരു അനക്കവും ഇല്ലായിരുന്നു…

“എന്താ ഉണ്ണി നി അമ്മ പറഞ്ഞിട്ട് അനുസരിക്കാതെ….” ആമിന ഉണ്ണിയുടെ അടുക്കലേക്ക് വന്നിരുന്നു..

“ന്നെ ആമി പഠിപ്പിച്ചാൽ മതി എന്നാൽ ഞാൻ പഠിച്ചോളാം..” അത് പറഞ്ഞവൻ ആമിനയുടെ അരികിലേക്ക് ചേർന്ന് ഇരുന്നു. പണ്ടെപ്പോഴോ ഉണ്ണിയുടെ വായിൽ കുടുങ്ങിയ പേരാണ് ആമി പിന്നെയെപ്പോഴും ആമിനയെ ഉണ്ണി ആമി എന്നാണ് വിളിക്കുക..

“അതെന്താ ഞാൻ പഠിപ്പിക്കാല്ലോ…”

ആമിന ഉണ്ണിയുടെ മുൻപിൽ ഇരുന്ന ബുക്ക് എടുത്ത് അക്ഷരങ്ങൾ എഴുതി ഉണ്ണിക്ക് നേരെ നീട്ടി…

“ഞാൻ ഇവിടെ ഇരുന്ന് പഠിക്കില്ല, മ്മക്ക് ആമിയുടെ വീട്ടിൽ പോയി ഇരുന്ന് പഠിക്കാം…”

അത് പറഞ്ഞുണ്ണി ബുക്ക് മടക്കി കക്ഷത്തേക്ക് വച്ച് പേനയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി അവന്റെ കുഞ്ഞു ചെരുപ്പ് തിരഞ്ഞു, ആമിന ചിരിച്ചു കൊണ്ട് മീരയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഉണ്ണിയുടെ പ്രവർത്തികൾ കണ്ട് ചിരി അടക്കി ഇരിക്കുകയാണ് മീരയും…

“വാ ആമി…” മുറ്റത്തേക്ക് ഇറങ്ങി ഉണ്ണി ആമിനയെ വിളിച്ചു…

“ഓഹ് നിനക്ക് നിന്റെ ആമിയെ കിട്ടിയപ്പോൾ ഞാൻ വേണ്ടല്ലേ…” മീര അൽപ്പം പരിഭവം കലർന്ന സ്വരത്തിൽ ആണ് ഉണ്ണിയോട് പറഞ്ഞത്…

“അതിനു ഞാൻ പഠിക്കാൻ പോകുവല്ലേ, പഠിച്ചിട്ട് ഇങ്ങ് വരുമല്ലോ…”

വല്യ ആളിനെ പോലെ അതും പറഞ്ഞ് ഉണ്ണി ആമിനയുടെ വീട്ടിലേക്ക് നടന്നു. കക്ഷത്ത് ബുക്കും വച്ച് ഒരു കയ്യും വീശി നടക്കുന്ന ഉണ്ണിയെ നോക്കി ചിരിച്ചുകൊണ്ട് അമിനയും മീരയും അൽപ്പനേരം നിന്നുപോയി…

“അവിടെ നില്ലടാ ചെക്കാ ഞാനും വരുന്നു…”

അത് പറഞ്ഞ് ഉണ്ണിയുടെ കൂടെയെത്താൻ അമിന രണ്ട് ചുവട് മുന്നോട്ട് ഓടി, അവനൊപ്പം എത്തി ആമിന ഉണ്ണിയുടെ ഒരു കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു…

“ദേ നല്ല കുട്ടിയായി ഇവിടെ ഇരുന്നു എല്ലാം എഴുതിക്കോ അപ്പൊഴേക്കും ഞാൻ കുളിച്ചു വരാം…”

അത് പറയുമ്പോൾ ഉണ്ണി എഴുതാം എന്ന അർത്ഥത്തിൽ ആമിനയെ നോക്കി തലകുലുക്കി, ആമിന ഉണ്ണിയുടെ കവിളിൽ മെല്ലെ തലോടി കുളിക്കാനായി പോയി…

ഉമ്മറത്തെ നീളൻ തിണ്ണയിൽ ഇരുന്ന് ബുക്കിൽ എഴുതാൻ തുടങ്ങുമ്പോൾ ഉള്ളിൽ നിന്ന് എന്തോ പലഹാരം ഉണ്ടാക്കുന്നതിന്റെ മണം ഉണ്ണിയുടെ മൂക്കിൽ അടിച്ചു തുടങ്ങി.

ഉണ്ണി വീണ്ടും ബുക്ക് മടക്കി തിണ്ണയിൽ വച്ചിട്ട് അടുക്കളയിലേക്ക് നടന്നു. ഉണ്ണി അടുക്കളയിൽ ചെല്ലുമ്പോൾ സുബൈദ ഉണ്ണിയപ്പം ഉണ്ടാക്കുന്ന തിരക്കിലാണ്…

“ആഹാ ആരിത് ഉണ്ണി കുട്ടനോ, മോൻ എപ്പോൾ എത്തി. വാ ഉണ്ണിയപ്പം കഴിക്കാം…”

അത് പറഞ്ഞ് അവർ ഒരു ചൂട് ഉണ്ണിയപ്പം ഒരു പാത്രത്തിലേക്ക് ചെറിയ കക്ഷണങ്ങളാക്കി ഇട്ടുകൊണ്ട് ഉണ്ണിക്ക് നേരെ നീട്ടി, അവൻ ചിരിച്ചുകൊണ്ട് അതും വാങ്ങി അടുക്കളയിലെ തറയിൽ ഭിത്തിയും ചാരി ഇരുന്നു. ചൂടുള്ള ഉണ്ണിയപ്പകക്ഷണങ്ങൾ ഊത്തി തണുപ്പിച്ചുകൊണ്ട് തിന്നാൻ തുടങ്ങി..

അവിടെ വന്നാൽ സുബൈദുമ്മയുടെ കയ്യിൽ നിന്ന് ഇങ്ങനെ ചൂടൻ പലഹാരങ്ങൾ കിട്ടുമെന്ന് അവനറിയാം അത് കൊണ്ട് തന്നെയാണ് അവിടേക്ക് പോകാൻ അവന് ഉത്സാഹവും കൂടുന്നത്…

“ആഹാ നല്ല ആളാണ്, നി എല്ലാം എഴുതിയിട്ടാണോ ഇവിടെ വന്നിരുന്ന് തിന്നുന്നത്…”

ആമിന കുളിച്ചു കഴിഞ്ഞു വന്നപ്പോഴും ഉണ്ണി ഉണ്ണിയപ്പം തട്ടുന്ന തിരക്കിൽ ആയിരുന്നു…

“വാ..വാ..ബാക്കി എഴുതി കഴിഞ്ഞിട്ട് കഴിക്കാം….”

അത് പറഞ്ഞ് ആമിന ഉണ്ണിയേയും കൂട്ടി വീണ്ടും ഉമ്മറത്തേക്ക് നടന്നു. തിണ്ണയിൽ ഇരുന്ന് ബുക്ക് തുറന്ന് ഉണ്ണിയുടെ കയ്യിൽ കൊടുത്തിട്ട് അവനരികിൽ തന്നെ അമിനയും ഇരുന്നു…

“ആമിക്ക് നല്ല മണം ആണാലോ…”

എഴുതുന്നതിന്റെ ഇടയിൽ ഉണ്ണി അമിനയുടെ അടുത്തേക്ക് മുഖം ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു…

“ആഹാ…നി എന്റെ മണം പിടിക്കാതെ ഇരുന്ന് എഴുത് ചെക്കാ…”

ആമിന അത് പറയുമ്പോൾ ഉണ്ണിയുടെ മുഖത്തിൽ അൽപ്പം ദുഃഖം നിഴലിച്ചത് ആമിന ശ്രദ്ധിച്ചിരുന്നു. ആമിന ഒന്ന് കൂടി ഉണ്ണിയുടെ അരികിലേക്ക് ചേർന്ന് ഇരുന്ന് കൊണ്ട് വീണ്ടും അക്ഷരങ്ങൾ ഓരോന്നായി പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു…

ദിവസങ്ങൾ പിന്നെയും കടന്നുപോയി, കളിയും, ചിരിയും, പഠിപ്പുമൊക്കെ ആയി ഉണ്ണി എപ്പോഴും ആമിനയുടെ കൂടെയായി നടത്തം. അവൾക്കും നല്ല കൂട്ടായിരുന്നു ഉണ്ണി…

പതിവുപോലെ ഒരു വൈകുന്നേരം ബുക്കും കക്ഷത്ത് വച്ച്‌ പേനയും കടിച്ചു കൊണ്ട് ഉണ്ണി ആമിനയുടെ വീട്ടിലേക്ക് നടന്നു. അവിടേക്ക് ചെല്ലുമ്പോൾ ഉമ്മറത്ത് മൂന്ന് നാല് ആൾക്കാർ ഇരിക്കുന്നത് കണ്ടപ്പോൾ ഉണ്ണിയുടെ നടത്തം മെല്ലേയായി,

പതിവില്ലാതെ അവിടെ പുതിയ ആൾക്കാരെ കണ്ടപ്പോൾ ഉണ്ണി മടിച്ച് മടിച്ച് മുറ്റത്ത് തന്നെ നിന്നു…

“കയറിവാടാ ഉണ്ണിക്കുട്ടാ…”

സുബൈദുമ്മ ഉണ്ണിയെ വിളിച്ചപ്പോൾ അവൻ ഉമ്മറത്ത് ഇരിക്കുന്ന എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് വീട്ടിലേക്ക് കയറി…

“ഇത് അടുത്ത വീട്ടിലെ കുട്ടിയാ, ഇവിടെ വന്നിരിക്കുമ്പോൾ മോള് അക്ഷരങ്ങളൊക്കെ എഴുതി പഠിപ്പിക്കും….”

അകത്തേക്ക് കയറി സുബൈദയുടെ ആരിൽ നിന്ന ഉണ്ണിയുടെ മുടിയിൽ തഴുകികൊണ്ട് അവർ ഉമ്മറത്ത് ഇരുന്നവരോടായി പറഞ്ഞു…

അല്പം കഴിഞ്ഞപ്പോഴേക്കും ഉള്ളിൽ നിന്ന് കുളിച്ചു സുന്ദരിയായ ആമിന ഒരു പാത്രത്തിൽ ചായ ഗ്ളാസുകളുമായി ഉമ്മറത്ത് ഇരിക്കുന്നവരുടെ മുൻപിൽ എത്തുകയും,

അവർ ചായ ഗ്ലാസ് എടുത്ത് കഴിഞ്ഞിട്ട് തലയിൽ നിന്ന് വീണ ഷാൾ വീണ്ടും തലയിലേക്ക് ഇട്ടുകൊണ്ട് ആമിന അൽപ്പം മാറി ഭിത്തിയും ചാരി നിൽക്കുന്നതും ഉണ്ണി കണ്ടു.

അവിടെ നടക്കുന്നത് ഒന്നും അവന് മനസ്സിലാകാത്തത് കൊണ്ട് നേരെ അടുക്കളയിലേക്ക് നടന്ന് അവിടെ കിടന്ന ചെറിയ സ്റ്റൂളിന്മേൽ കയറി താടിക്ക് കയ്യും കൊടുത്ത് മുറ്റത്ത് എന്തൊക്കെയോ കൊത്തി തിന്ന് നടക്കുന്ന കോഴികളേയും നോക്കി ഇരുന്നു…

“വാ ചെക്കാ നമുക്ക് പഠിക്കാം…”

ആമിന വന്ന് വിളിച്ചപ്പോഴാണ് ഉമ്മറത്ത് വന്നവരൊക്കെ പോയെന്ന് ഉണ്ണി അറിയുന്നത്. ആമിനയ്ക് ഒപ്പം ഉമ്മറത്തേക്ക് നടന്ന് തിണ്ണയിൽ ഇരിക്കുമ്പോഴും ഉണ്ണിയുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ വന്ന് പൊയ്ക്കൊണ്ടേ ഇരുന്നു….

“ആരാ ആമി നേരത്തെ വന്നത്..”

ആമിന ഉണ്ണിയുടെ ബുക്കിൽ അക്ഷരങ്ങൾ എഴുതുമ്പോഴാണ് മനസ്സിൽ ഉണ്ടായിരുന്ന സംശയം ഉണ്ണി അമിനയോട് ചോദിക്കുന്നത്. അവന്റെ ചോദ്യങ്ങൾക്ക് ആമിന മറുപടി കൊടുക്കതേ ചിരിച്ചപ്പോൾ സത്യത്തിൽ ഉണ്ണിക്ക് ദേഷ്യമാണ് വന്നത്…

“നിന്റെ ആമിയെ കെട്ടിച്ചു വിടാൻ പോകുകയ ചെക്കാ, ഇനിയിപ്പോ നി ആരുടെ അടുത്ത് പോയി പഠിക്കും…”

സുബൈദുമ്മ അത് പറയുമ്പോൾ ഉണ്ണിയുടെ മനസ്സിൽ വീണ്ടും നൂറ് ചോദ്യങ്ങൾ ഉയർന്നെങ്കിലും ഉണ്ണി ഒന്നും മിണ്ടാതെ ബുക്കിൽ നോക്കിയിരുന്നു…

“അമ്മാ…. എന്നാ എന്നെ കെട്ടിച്ചു വിടുന്നത്…” ആമിനയുടെ വീട്ടിൽ നിന്ന് വന്നയുടനെ ഉണ്ണി അമ്മയുടെ അരികിലെത്തി ചോദിച്ചു…

“അതെന്താ എന്റെ മോന് കെട്ടാൻ കൊതിയായോ…” ഉണ്ണിയുടെ ചോദ്യം കേട്ട് വായിച്ചുകൊണ്ടിരുന്ന ബുക്ക്‌ മടക്കി വച്ചുകൊണ്ട് മീര ചോദിച്ചു…

“ആമിയെ കെട്ടിച്ചു വിടാൻ പോകുന്നു എന്ന് സുബൈദുമ്മ പറഞ്ഞല്ലോ എന്നെയും കെട്ടിച്ചു വിടണം…”

“അച്ചോടാ അതായിരുന്നോ കാര്യം,ആമി വല്യ പെണ്ണ് ആയില്ലേ ഉണ്ണിയും പഠിച്ച് വല്യ കുട്ടി ആകുമ്പോൾ അമ്മ കെട്ടിച്ചു വിടാമെ…”

ഉണ്ണിയുടെ നിഷ്‌കളങ്കമായ ചോദ്യം കേട്ട് ചിരി അടക്കി പിടിച്ചുകൊണ്ടാണ് മീര അത് പറഞ്ഞത്. അമ്മയുടെ മറുപടി അവനിൽ വീണ്ടും സംശയങ്ങൾ ഉണ്ടാക്കിയെങ്കിലും മറുത്ത് ഒന്നും ചോദിക്കാതെ ഉണ്ണി മറ്റെന്തോ ചിന്തകളിൽ മുഴുകി…

പിന്നീടുള്ള ദിവസങ്ങളിൽ തന്നെ പഠിപ്പിക്കാൻ ഇരിക്കുമ്പോഴും ആമിയുടെ ശ്രദ്ധ കയ്യിൽ ഇരിക്കുന്ന പുതിയ മൊബൈലിലേക്ക് പോകുന്നതും, ഇടയ്ക് അതിൽ നോക്കുമ്പോൾ മുഖത്ത് ചിരി മിന്നി മായുന്നതും ഉണ്ണി ശ്രദ്ധിച്ചു.

പഴയപോലെ തന്നോട് മിണ്ടാതെ, തന്റെ ഒപ്പം കളിക്കാതെ എപ്പോഴും മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ആമിയെ കാണുമ്പോൾ അവന്റെ ഉള്ളിലും എവിടെയോ ഒരു ഒറ്റപ്പെടൽ തോന്നി തുടങ്ങി…

“നാളെ മുതൽ ഉണ്ണി ആമിയുടെ അടുത്ത് പഠിക്കാൻ പോകണ്ട അമ്മ പറഞ്ഞുതരാം കേട്ടോ….”

ആമിനയുടെ വിവാഹം അടുത്തു അവിടെ ഓരോ തിരക്ക് ആയത് കൊണ്ടാണ് മീര അത് പറഞ്ഞത്, അത് കേൾക്കുമ്പോൾ ഉണ്ണി എതിർക്കുമെന്നും, വശിപിടിക്കും എന്ന് കരുതിയ മീരയെ ഞെട്ടിച്ചു കൊണ്ട് ഉണ്ണി ഒന്ന് തലകുലുക്കുക മാത്രമാണ് ചെയ്തത്…

“നിന്റെ ആമി കൊച്ചിന്റെ കല്യാണം ആയിട്ട് നി എന്താടാ ഇങ്ങനെ വിഷമിച്ചു നടക്കുന്നത്…”

കല്യാണ തലേന്ന് ആ വീട്ടിൽ ഓരോന്നിനായി ഓടി നടക്കുമ്പോൾ വിഷമിച്ചു നിൽക്കുന്ന ഉണ്ണിയോട് അതും പറഞ്ഞ് സുബൈദ മറ്റെന്തോ തിരക്കിലേക്ക് വീണ്ടും ഓടിപ്പോയി.

ഉണ്ണി അതൊന്നും ശ്രദ്ധിക്കാതെ തനിച്ചായി പോയതിന്റെ വിഷമത്തിൽ ആ തിരക്കുള്ള വീട്ടിൽ അവിടെയും ഇവിടെയും നടന്ന് കൊണ്ടേയിരുന്നു…

കല്യാണം കഴിഞ്ഞ് അമിനയും ചെക്കനും ഇറങ്ങാം നേരം സുബൈദയെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ ഉണ്ണിയുടെ കണ്ണും നിറഞ്ഞു,

കാറിലേക്ക് കയറും മുന്നേ ആമിന ഉണ്ണിയുടെ അടുക്കൽ വന്ന് അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് തിരിഞ്ഞു നടക്കുമ്പോൾ ഉണ്ണിയും കരഞ്ഞു, ബാല്യത്തിലെ കളി കൂട്ടുകാരിയെ നഷ്ടമായ ആ നിഷ്കളങ്കമായ കരച്ചിൽ കണ്ട് നിന്നവരിലും സങ്കടം പരത്തി…

പതിയെ പതിയെ ഉണ്ണിയുടെ വിഷമം തീർന്ന് പഴയപോലെ കളിയും ചിരിയുമായി വീടിനെ തകർക്കുന്ന സമയത്തണ് ആമിന വീണ്ടും അവളുടെ വീട്ടിൽ വരുന്നത്.

ഇവിടുന്ന് പോയതിലും ഒരുപാട് ക്ഷീണിച്ച്, കരഞ്ഞുകലങ്ങിയ കണ്ണുമായി വന്ന ആമിനയെ എല്ലാവരും സഹതപോത്തോടെ നോക്കുമ്പോൾ ഉണ്ണിയുടെ മനസ്സിൽ വീണ്ടും കളിക്കാൻ ആളായല്ലോ എന്ന സന്തോഷം ആയിരുന്നു…

അതികമൊന്നും പുറത്ത് ഇറങ്ങാതെ, ആരോടും മിണ്ടാതെ മുറിയിൽ ഇരിക്കുന്ന ആമിനയുടെ അടുക്കലേക്ക് ഉണ്ണി കളിച്ചുകൊണ്ട് ചെല്ലുമ്പോഴൊക്കെ ഒന്നോ രണ്ടോ വാക്കുകളിൽ സംസാരം നിർത്തി ആമിന വെറുതെ കട്ടിലിൽ കയറി കിടക്കും…

പിന്നെയൊരു ദിവസം സുബൈദ ഏതോ ബന്ധു വീട്ടിൽ പോകുമ്പോൾ ആമിനയ്ക്ക് ഒരു കൂട്ടിനായി ഉണ്ണിയെ നിർത്തിയത്. സന്ധ്യ കഴിഞ്ഞ് നക്ഷത്രങ്ങളെയും നോക്കി മുറ്റത്തെ തിണ്ണയിൽ ഇരിക്കുന്ന ആമിയെ പറ്റി ചേർന്ന് ഉണ്ണിയും ഇരുന്നു…

“ഉണ്ണി ആ നക്ഷത്രങ്ങളെ കണ്ടോ..” ആകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട് ആമി ചോദിച്ചു. ഉണ്ണി തല കുലുക്കി മൂളിക്കൊണ്ട് ആകാശത്തേക്ക് നോക്കി ഇരുന്നു..

“നമ്മുടെ പ്രീയപ്പെട്ടവർ മരിച്ചു കഴിഞ്ഞ് അതുപോലെ ആകാശത്ത് നമ്മളെയും നോക്കി ഇരിക്കും,…”

ആമി താടിക്ക് കയ്യും കൊടുത്ത് ആകാശത്ത് നോക്കി ഇരുന്ന് പറയുമ്പോൾ അവളെ പോലെ ഉണ്ണിയും താടിക്ക് കയ്യും കൊടുത്ത് ആകാശം നോക്കി ഇരുന്നു..

“ഉണ്ണിയുടെ ആമിയും അതുപോലെ ഒരു ദിവസം ആകാശത്ത് ഉണ്ണിയേയും നോക്കി ഇരിക്കും….”

നീണ്ട മൗനങ്ങൾക് ശേഷം ആമി അത് പറയുമ്പോൾ അവളുടെ ശബ്ദം അൽപ്പം ഇടറിയിരുന്നു…

“എന്നാ ഞാനും വരും ആമിക്കൊപ്പം ആകാശത്തേക്ക്….”

ആമിയുടെ മുഖത്തേക്ക് നോക്കി ഉണ്ണി പറയുമ്പോൾ ആമി അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു..

“ഇല്ലുണ്ണി ആമി തനിച്ചാണ് പോകുക, ഉണ്ണി അമ്മ പറയുന്നത് ഒക്കെ അനുസരിച്ച് നല്ല കുട്ടിയായി, നല്ലത് പോലെ പഠിച്ച് നല്ല മനുഷ്യനായി ജീവിക്കണം കേട്ടോ….” അത് പറഞ്ഞ് ആമി ഉണ്ണിയുടെ മുഖത്തേക്ക് നോക്കുമ്പോൾ ശരിയെന്ന് രീതിയിൽ അവൻ തലയാട്ടി ഇരുന്നു…

“ഉണ്ണി വല്യ കുട്ടി ആകുമ്പോൾ, നമ്മുടെ ചുറ്റും ഉള്ളവരെ മനസ്സിലാക്കാനും, അവരുടെ വിഷമങ്ങൾ അറിയാനും, അവർക്ക് ആശ്വാസം പകരനുമൊക്കെ ശ്രമിക്കണം കേട്ടോ, ആരെയും ദ്രോഹിക്കാതെ എല്ലാവരെയും സ്നേഹിക്കണം…”

ആമി അത് പറയുമ്പോഴും ഉണ്ണി തലയാട്ടി ഇരുന്നു…

“നിനക്ക് ഇത് എന്തേലും മനസ്സിലായിട്ട് ആണോ ചെക്കാ ഇരുന്ന് തലയാട്ടുന്നത്…” ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആമി ചിരിവരുത്തി ചോദിച്ചപ്പോഴും ഉണ്ണി തലയാട്ടുക മാത്രമേ ചെയ്തുള്ളൂ….

“എപ്പഴാ ആമി അവിടേക്ക് പോകുക…” ഉണ്ണി നിഷ്കളങ്കമായി ചോദിച്ചപ്പോൾ ആമി ഒന്നുകൂടെ ഉണ്ണിയെ ചേർത്ത് പിടിച്ചു….

“അതെന്താ ചെക്കാ എന്നെ പറഞ്ഞുവിടാൻ നിനക്ക് അത്ര ധൃതി ആയോ..”

അത് പറഞ്ഞവൾ ഉണ്ണിയുടെ നെറ്റിയിൽ ഉമ്മ നൽകി ഉണ്ണിയുടെ മുടിയിൽ തഴുകി ഇരുന്നു…

പിന്നെയും കുറച്ച് കഴിഞ്ഞാണ് സുബൈദ വീട്ടിൽ എത്തിയത്, അതിന് ശേഷമാണ് ഉണ്ണി വീട്ടിലേക്ക് തിരികെ പോയത്. പിറ്റേന്ന് മീര വിളിച്ചുണർത്തുമ്പോൾ ആണ് ഉണ്ണി കണ്ണ് തുറക്കുന്നത്….

“ഒന്ന് വേഗം എഴുന്നേൽക്ക് ഉണ്ണി…”

ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ കണ്ണുകൾ തിരുമി കൊണ്ട് കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു…

“ഒന്ന് വന്നേയുണ്ണി…”

മീര വീണ്ടും ഉണ്ണിയെ പിടിച്ച് എഴുന്നേല്പിച്ച്, മുഖവും വായും കഴുകിപ്പിച്ച്, ആമിനയുടെ വീട്ടിലേക്ക് നടന്നു, ഒന്നും മനസ്സിലാകാതെ, ഉറക്കച്ചവയോടെ അമ്മയുടെ കയ്യും പിടിച്ച് ആമിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ അവിടെ കൂട്ടം കൂടി നിൽക്കുന്നവരുടെ മുഖത്തേക്ക് ഉണ്ണി മാറി മാറി നോക്കി നടന്നു.

ആമിയുടെ വീട്ടിലേക്ക് എത്തുമ്പോഴേക്കും ചന്ദനത്തിരിയുടെ മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു…

ഉമ്മറത്ത് തറയിൽ കിടത്തിയിരിക്കുന്ന വെള്ള പുതച്ച ആമിയെ കണ്ടപ്പോൾ ഉണ്ണിക്ക് പ്രത്യേകിച്ച്‌ ഒന്നും തോന്നിയിരുന്നില്ല,

ഉണ്ണിയെ കണ്ടപ്പോൾ ആമിയുടെ അടുക്കൽ ഇരുന്ന് കരയുന്ന സുബൈദുമ്മയുടെ കരച്ചിൽ കൂടുന്നതും തളർന്ന് അടുത്തിരുന്ന സ്ത്രീയുടെ ചുമലിൽ വീഴുന്നതും കണ്ടപ്പോൾ ഉണ്ണിക്ക് സങ്കടമായി…

മീര ഉണ്ണിയേയും കൂട്ടി സുബൈദയുടെ അരികിൽ ചെന്നിരുന്നു, അവിടിരിക്കുമ്പോഴും ഉണ്ണിയുടെ കണ്ണുകൾ അവിടെ കത്തിച്ചു വച്ചിരിക്കുന്ന ചന്ദനത്തിരികളുടെ ഒഴിഞ്ഞ കവറിൽ ആയിരുന്നു,

കയ്യെത്തി കവറിൽ പിടിക്കുമ്പോൾ മീര കണ്ണുകൊണ്ട് ഉണ്ണിയെ ശാസ്വിച്ച് കൊണ്ട് അവനെ മടിയിൽ പിടിച്ചിരുത്തി…

വൈകുന്നേരത്തോടെ ആമിയുടെ ചലനമറ്റ ശരീരം ആരൊക്കെയോ ചേർന്ന് പള്ളിയിലേക്കെടുക്കുമ്പോൾ അവളുടെ മുഖം ഒന്ന് കൂടി ഉണ്ണി നോക്കിനിന്നിരുന്നു…

” വാ ഉണ്ണി എന്തേലും കഴിക്ക്…”

എല്ലാം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു,

കഴിഞ്ഞ ദിവസം അരച്ചു വച്ചിരുന്ന ദോശ മാവ് എടുത്ത് ദോശ ചുട്ടു കൊണ്ട് ഉമ്മറത്ത് ഇരിക്കുന്ന ഉണ്ണിയുടെ അടുക്കൽ ചെന്നു മീര. ഉണ്ണി അപ്പോൾ താടിക്ക് കയ്യും കൊടുത്ത് ആകാശത്തേക്ക് നോക്കിയിരിക്കുക ആയിരുന്നു….

“എന്താ മോനെ ഇങ്ങനെ നോക്കി ഇരിക്കുന്നത്…” അവന്റെയടുക്കൽ ചെന്നിരുന്ന് മീര ചോദിച്ചു…

” ആമി അവിടെ എത്തിയോ എന്ന് നോക്കിയതാ…” ആകാശത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ഉണ്ണി പറഞ്ഞു…

“ആരാ പറഞ്ഞത് ഉണ്ണി ആമി അവിടെ ഉണ്ടെന്ന്….”

“ഇന്നലെ ആമി എന്നോട് പറഞ്ഞല്ലോ വേഗം ആകാശത്തേക്ക് പോകും, അവിടെ ചെന്ന് ഉണ്ണിയെ നോക്കി ഇരിക്കും എന്നൊക്കെ, ആമി അവിടെ എത്തിക്കാണുമോ അമ്മാ….”

ഉണ്ണി നിഷ്കളങ്കമായി പറഞ്ഞുകൊണ്ട് ആകാശത്തേക്ക് കണ്ണും നാട്ടിരുന്നു….

“അവിടെ എത്തും മോനെ, മോൻ ഇത് കഴിക്ക്, അല്ലേ ആമിക്ക് വിഷമം ആകും…..”

കയ്യിൽ ഇരുന്ന പാത്രത്തിൽ നിന്ന് ദോശ നുള്ളി എടുത്ത് ഉണ്ണിയുടെ വായിലേക്ക് വച്ചുകൊടുക്കുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

ഉണ്ണി താടിക്ക് കയ്യും കൊടുത്ത് ആകാശത്ത് നോക്കി ഇരിക്കുമ്പോൾ, ഒരു നക്ഷത്രം അവനെ നോക്കി ആകാശത്ത്‌ മിന്നി തിളങ്ങി നിന്നിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *